ഒന്നാംസ്ഥലം - ഈശോ മരണത്തിനു വിധിക്കപ്പെടുന്നു
ഈശോ പറയുന്നു: "പീലാത്തോസുമായുള്ള എന്റെ കൂടിക്കാഴ്ചയെപ്പറ്റി നിങ്ങൾ ധ്യാനിക്കുക. മിക്കവാറും എല്ലായ്പ്പോഴും തന്നെ സന്നിഹിതനായിരുന്ന ജോൺ (അപ്പസ്തോലൻ) ശരിക്കുള്ള സാക്ഷിയും കൃത്യമായി ലേഖനം ചെയ്തവനുമാണ്. കയ്യാഫാസിന്റെ വീട്ടിൽ നിന്ന് എന്നെ എങ്ങനെയാണ് പ്രത്തോറിയത്തിലേക്ക് കൊണ്ടുപോയതെന്ന് സുവിശേഷത്തിൽ അവൻ പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെയും അവൻ കൃത്യമായി പറയുന്നു; 'അവർ - യഹൂദർ - അകത്തേക്കു പ്രവേശിച്ചില്ല; അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാണ് അവർ അങ്ങനെ ചെയ്തത്.' കപടഭക്തരായതിനാൽ, ഒരു വിജാതീയന്റെ വീട്ടിലെ പൊടിയിൽ ചവിട്ടിയാൽ അശുദ്ധരാകുമെന്ന് അവർ കരുതി. എന്നാൽ നിർദ്ദോഷിയായ ഒരുവനെ കൊല്ലുന്നത് പാപമായി അവർക്കു തോന്നിയില്ല. തങ്ങൾ നിറവേറ്റിയ പാതകത്തിൽ സംതൃപ്തരായി അവർ പെസഹാഭക്ഷണം കൂടുതലായി ആസ്വദിക്കയായിരുന്നു.
ഇക്കാലത്തുപോലും അവർക്ക് ധാരാളം അനുയായികളുണ്ട്. ആന്തരികമായി പാപംചെയ്ത്, ബാഹ്യമായി മതത്തെ ബഹുമാനിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നു എന്നെല്ലാം നടിക്കുന്നവർ അവരെപ്പോലെയാണ്. ചടങ്ങ്, ചടങ്ങ്; പക്ഷേ യഥാർത്ഥമായ ജീവിതമില്ല; മതമില്ല. ഇങ്ങനെയുള്ളവരെ അറപ്പോടും നിന്ദയോടും കൂടെ ഞാൻ കാണുന്നു."