വെറോനിക്ക ഈശോയെ ആശ്വസിപ്പിക്കുന്നു
ഈശോ പറയുന്നു: "നീതിയായിട്ടുള്ള പ്രാർത്ഥനയെ ദൈവം ഒരിക്കലും തള്ളിക്കളയുകയില്ല. അവനിൽ പ്രത്യാശ വയ്ക്കുന്ന മക്കളെ അവൻ ആശ്വസിപ്പിക്കുന്നു. എന്റെ പീഡാനുഭവവേളയിൽ എന്റെ അമ്മയ്ക്ക് വേറോനിക്കായുടെ തൂവാല വഴി കിട്ടിയ ആശ്വാസം അതിനു തെളിവാണ്. മൃതനായ എന്റെ മുഖം പാവം അമ്മയുടെ കണ്ണുകളിൽ പതിഞ്ഞു. അതിനെ ചെറുത്തു നിൽക്കാൻ അവൾക്കു കഴിഞ്ഞില്ല. പീഡനങ്ങൾ കൊണ്ടു വൃദ്ധനായി, നീരുവന്നു വീർത്ത്, അടഞ്ഞ കണ്ണുകളോടെ, അവളെ നോക്കാൻ കഴിയാത്ത, അവളെ നോക്കി പുഞ്ചിരി തൂകുവാൻ കഴിയാത്ത, കോടിപ്പോയ അധരങ്ങളല്ല അവൾ കാണുന്നത്; ജീവിച്ചിരിക്കുന്ന ഈശോയുടെ മുഖമാണ് ആ തൂവാലയിൽ അവൾ കാണുന്നത്. മുറിവുകളേറ്റതും ദുഃഖമുള്ളതുമായ മുഖം; എങ്കിലും ഇപ്പോഴും ജീവനുള്ള മുഖം. ഇതിൽ അവന്റെ കണ്ണുകൾ അമ്മയെ നോക്കുകയാണ്. അവന്റെ പുഞ്ചിരി അവളെ അഭിവാദ്യം ചെയ്യുന്നു.
ഓ! നിങ്ങളുടെ ദുഃഖത്തിൽ നിങ്ങൾ ഈശോയെ അന്വേഷിക്കുക. അവൻ എപ്പോഴും വരും."