ഈശോ യൂദാസിനു മറുപടി നൽകുന്നു: "ശരി, ഞാൻ നിന്നെ വെറുക്കുന്നുണ്ടോ? എനിക്ക് എന്റെ കാലുകൊണ്ട് നിന്നെ പ്രഹരിക്കാം; നിന്റെമേൽ ചവിട്ടിക്കൊണ്ട് കൃമി എന്നു നിന്നെ വിളിക്കാം; എനിക്കു നിന്നെ ശപിക്കാം; നീ പുലഭ്യം പറയാനിടയാക്കിയ ആ ശക്തിയിൽ നിന്ന് നിന്നെ മോചിപ്പിച്ചതുപോലെ തന്നെ നിന്നെ ശപിക്കാതിരുന്നത് എന്റെ ബലഹീനതയാണെന്ന് നീ വിചാരിച്ചു. ഓ! അത് ബലഹീനതയല്ലായിരുന്നു.. അങ്ങനെ ചെയ്യാതിരുന്നത് ഞാൻ രക്ഷകനായതു കൊണ്ടാണ്. രക്ഷകന് ശപിക്കാൻ സാധിക്കയില്ല. അവന് രക്ഷിക്കാൻ കഴിയും. അവൻ രക്ഷിക്കാനാഗ്രഹിക്കുന്നു... നീ പറഞ്ഞു, "ഞാനാണ് ശക്തി; നിന്നെ വെറുക്കുന്ന ശക്തി; നിന്നെ തോൽപ്പിക്കുന്ന ശക്തി" എന്ന്. എന്നാൽ എന്റെ ശക്തി വിരോധമല്ല; അത് സ്നേഹമാണ്.. സ്നേഹം വെറുക്കുന്നില്ല; ഒരിക്കലും ശപിക്കുന്നില്ല. ഒരിക്കലും...
ഞാൻ നിന്നെ വെറുക്കുന്നുവെന്ന് നീ കൂവിപ്പറഞ്ഞു. നീ എനിക്കെതിരേ പ്രയോഗിച്ച ആരോപണം, ഏകവും ത്രിത്വവുമായ ദൈവത്തിനെതിരേയാണ് നീ പ്രയോഗിച്ചത്. നിന്നെ സ്നേഹം നിമിത്തം സൃഷ്ടിച്ച ദൈവപിതാവിനെതിരെ, സ്നേഹത്താൽ നിന്നെ രക്ഷിക്കുന്നതിന് മനുഷ്യരൂപം ധരിച്ച ദൈവപുത്രനെതിരേ, നിന്നിൽ നല്ല ആഗ്രഹങ്ങൾ ഉണ്ടാകുന്നതിന് അനേകം പ്രാവശ്യം സ്നേഹം നിമിത്തം സംസാരിച്ച ദൈവാരൂപിക്കെതിരെ... എന്നിട്ട് നീ... എന്നിട്ട് നീ... എന്നെക്കാണുകയും കേൾക്കുകയും ചെയ്തിട്ട്, നന്മയിലേക്ക് സ്വമനസ്സാലെ വന്നതിനുശേഷം, അതു മാത്രമാണ് യഥാർത്ഥ മഹത്വത്തിലേക്കുള്ള വഴിയെന്നു നിന്റെ ബുദ്ധി കൊണ്ടു മനസ്സിലാക്കിയ ശേഷം, നീ ആ നന്മയെ തിരസ്ക്കരിച്ചു; എന്നിട്ട്, സ്വമനസ്സാലെ നിന്നെത്തന്നെ തിന്മയ്ക്ക് സമർപ്പിച്ചു. നിന്റെ സ്വതന്ത്രമനസ്സു കൊണ്ട്, നീ കൂടുതൽ കൂടുതലായി എന്റെ കൈ - നിന്റെ നേർക്കു് നീട്ടിയിരുന്ന എന്റെ കൈ - തിന്മയുടെ ചുഴിയിൽ നിന്ന് നിന്നെ പിടിച്ചു കയറ്റാൻ നീട്ടിയിരുന്ന എന്റെ കൈ - നീ കൂടുതൽ കൂടുതൽ ധിക്കാരത്തോടെ നിരസിച്ചെങ്കിൽ, നിനക്ക് എന്നോടോ, ഞാൻ ആരിൽ നിന്നു വരുന്നോ അവനോടോ പറയാൻ കഴിയുമോ, ഞങ്ങൾ നിന്നെ വെറുക്കുകയായിരുന്നുവെന്ന്?
നിനക്കു തിന്മ വരാൻ ഞാൻ ആഗ്രഹിച്ചെന്ന് നീ എന്നെ കുറ്റപ്പെടുത്തി... രോഗമുള്ള ഒരു കുട്ടി അവന്റെ വൈദ്യനെയും അമ്മയെയും കുറ്റപ്പെടുത്തും; അവർ കയ്പുള്ള മരുന്നു കൊടുക്കുന്നതിനാലും അവൻ ആവശ്യപ്പെടുന്ന സാധനങ്ങൾ കൊടുക്കാതിരിക്കുന്നതിനാലുമാണ് അങ്ങനെ ചെയ്യുന്നത്. എന്നാലത് അവന്റെ നന്മയ്ക്കുവേണ്ടിയാണ്. ഞാൻ നിനക്കു വേണ്ടി ചെയ്തിട്ടുള്ളതെല്ലാം നീ മനസ്സിലാക്കാത്ത വിധത്തിൽ സാത്താൻ നിന്നെ അത്ര അന്ധനും ഭ്രാന്തനുമാക്കിയിരിക്കയാണോ? നിന്റെ ഗുരു, നിന്റെ രക്ഷകൻ, നിന്റെ സ്നേഹിതൻ നിന്നെ സുഖപ്പെടുത്താൻ ചെയ്തതെല്ലാം ദുർമ്മനസ്സു കൊണ്ടാണെന്നും അതെല്ലാം നിന്റെ നാശത്തിനായി ആണെന്നും നിനക്ക് ചിന്തിക്കുവാൻ കഴിയുന്നോ? ഞാൻ നിന്നെ എന്നോടടുപ്പിച്ചു നിർത്തി; ഞാൻ നിന്റെ കൈയിൽ നിന്ന് പണം മാറ്റിക്കളഞ്ഞു... നിന്നെ ഭ്രാന്തു പിടിപ്പിക്കുന്ന ആ നാണയങ്ങളിൽ നീ തൊടുന്നത് ഞാൻ തടഞ്ഞു. എന്നാൽ നിനക്കറിഞ്ഞുകൂടേ, നിനക്കു തോന്നുന്നില്ലേ, അതു ചില മാന്ത്രിക പാനീയങ്ങൾ പോലെ പ്രവർത്തിക്കുന്നു എന്ന്? ശമിപ്പിക്കുവാൻ കഴിയാത്ത ദാഹം അതുളവാക്കും... രക്തം വളരെ ചൂടാക്കും... തൽഫലമായി ആൾ മരണത്തിലവസാനിക്കും എന്ന്? നീ... എനിക്കു നിന്റെ ചിന്ത മനസ്സിലാകുന്നുണ്ട്... നീ എന്നെ കുറ്റപ്പെടുത്തുകയാണ്.. പിന്നെ എന്തിനാണ് കുറെയധികനാൾ പണം കൈകാര്യം ചെയ്യാൻ ഞാൻ നിന്നെ ഏൽപ്പിച്ചതെന്ന്... എന്തുകൊണ്ടാണെന്നോ? നേരത്തെതന്നെ പണം നിന്നെ തൊടീക്കാതിരുന്നെങ്കിൽ, നീ നിന്നെത്തന്നെ വിൽക്കുമായിരുന്നു; വളരെ മുമ്പേ തന്നെ മോഷ്ടിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും നീ നിന്നെത്തന്നെ വിറ്റു; കാരണം, വിൽക്കാൻ വേറൊന്നും നിനക്കില്ലായിരുന്നു... സ്വർണ്ണമാണ് നിന്റെ നാശം... സ്വർണ്ണം നിമിത്തം നീ ജഡികാസക്തനും വഞ്ചകനുമായി.."
"അങ്ങനെ വരട്ടെ; സാമുവൽ പറഞ്ഞതെല്ലാം നീ വിശ്വസിച്ചു. ഞാൻ .... " (ഫരിസേയനും ഈശോയുടെ മുഖ്യശത്രുക്കളിലൊരാളുമായ ഉറിയേലിന്റെ മുൻശിഷ്യനാണ് ഈശോയുടെ ശിഷ്യഗണത്തിലേക്കു പുതുതായി വന്ന സാമുവൽ)
ഈശോ അധികാരത്തിൽ, അസ്ത്രം പായുന്ന പോലെ ഒരു നോട്ടം നോക്കി യൂദാസിനോട് ആജ്ഞാപിച്ചു: "ശാന്തമാവുക."
യൂദാസ് നേരെ പുറകിലേക്കു മറിഞ്ഞു നിലംപതിച്ചു; ഒന്നും ശബ്ദിക്കുന്നില്ല.
കഠിനമായ നിശ്ശബ്ദത.. ഈശോ ബുദ്ധിമുട്ടി തന്റെ മാനുഷികതയെ നിയന്ത്രണത്തിലാക്കി. സാധാരണ സംസാരിക്കുന്ന സ്വരത്തിൽ ഈശോ തുടരുന്നു. കർശനമായി സംസാരിക്കുമ്പോഴും ആ സ്വരം ശാന്തവും നയപരവും സ്വാധീനിക്കുന്നതുമാണ്. പിശാചുക്കൾക്കു മാത്രമേ ആ സ്വരത്തെ എതിർക്കാൻ സാധിക്കൂ.
"നീ എന്താണു ചെയ്യുന്നതെന്നറിയാൻ എനിക്ക് സാമുവലിൽ നിന്നോ മറ്റാരിൽ നിന്നെങ്കിലുമോ വിവരമൊന്നും അറിയേണ്ട. ദൈവത്തിന്റെ പുത്രന് മനുഷ്യരുടെ വാക്കു വേണമെന്നു നീ കരുതുന്നുണ്ടോ? എന്നാൽ നികൃഷ്ടനായവനേ, നിനക്കറിയാമോ നീ ആരുടെ മുൻപിലാണെന്ന്? നീ നിന്നെത്തന്നെ സാത്താനു നൽകി. അവൻ നൽകിയ പ്രലോഭനങ്ങളിലെല്ലാം നീ അവന്റെ പിന്നാലെ പോയി. അവൻ നിന്നെ ബുദ്ധിഹീനനാക്കി. എങ്കിലും ഒരിക്കൽ നീയെന്നെ മനസ്സിലാക്കിയിരുന്നു; ആയിരിക്കുന്നവൻ ഞാനാണെന്നു നീ ഗ്രഹിച്ചിരുന്നു. ഇപ്പോഴും അതിന്റെ വ്യക്തമായ ഓർമ്മ നിന്നിലുണ്ട്. ഞാൻ ദൈവമല്ലെന്നു കരുതാൻ തക്ക വിധത്തിൽ നീ അത്രയ്ക്ക് വികടനായിട്ടില്ല. അവിടെയാണ് നിന്റെ ഏറ്റം വലിയ കുറ്റം കിടക്കുന്നത്. അതിന്റെ തെളിവ് നീ എന്റെ കോപത്തെ ഭയപ്പെടുന്നു എന്നുള്ളതാണ്. നീ ഒരു മനുഷ്യനെതിരെയല്ല പ്രത്യുത, ദൈവത്തിനെതിരെ തന്നെയാണ് പൊരുതുന്നതെന്ന് നിനക്കറിയാം. അതിനാൽ നീ വിറയ്ക്കുന്നു. കായേനായ നീ വിറയ്ക്കുന്നത്, ദൈവം തനിക്കു വേണ്ടിയും നിർദ്ദോഷികളായവർക്കു വേണ്ടിയും പ്രതികാരം ചെയ്യുംഎന്നു നിനക്കറിയാവുന്നതു കൊണ്ടാണ്. കോറാ, ദാഥാൻ, അബീറാം എന്നിവർക്കും അവരുടെ അനുചരന്മാർക്കും സംഭവിച്ചത് നിനക്കും സംഭവിച്ചേക്കാം എന്നു നീ ഭയപ്പെടുന്നു. എന്നിട്ടും നീ എനിക്കെതിരേ പൊരുതുന്നു.. ഞാൻ നിന്നോടു് ഇങ്ങനെയാണ് പറയേണ്ടത്; "ശപിക്കപ്പെട്ടവൻ". പക്ഷേ പിന്നെ ഞാൻ നിനക്കു രക്ഷകനായിരിക്കയില്ല.
ഞാൻ നിന്നെ തിരസ്ക്കരിക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്. അതു നേടാൻ നീ സകലതും ചെയ്യുന്നു എന്നാണ് പറയുന്നത്. ഇപ്രകാരമുള്ള കാരണങ്ങളൊന്നും നിന്റെ പ്രവൃത്തിയെ ന്യായീകരിക്കയില്ല. കാരണം, എന്നിൽ നിന്ന് അകന്നു പോകുന്നതിന് പാപം ചെയ്യണമെന്നില്ല; നിനക്കതു ചെയ്യാം... ഞാനിതാ പറയുന്നു; നോബിലെ സംഭവം (യൂദാസിന്റെ ദുഃസ്വഭാവം വെളിവായ മറ്റൊരു സംഭവമാണ് ഈശോ പരാമർശിക്കുന്നത്) മുതൽ ഞാനതു പറയുന്നുണ്ടായിരുന്നു... ഒരു പ്രഭാതത്തിൽ, കളവു പറഞ്ഞുകൊണ്ട്, ജഡികാസക്തനായി, കാമാസക്തി പൂണ്ട കുരങ്ങിൻകൂട്ടത്തിൽ ചേർന്നതു പോലെ നീ തിരിയെ വന്നപ്പോൾ, എനിക്ക് എന്നോടുതന്നെ എത്ര യുദ്ധം ചെയ്യേണ്ടതായി വന്നു!! നിന്നെ എന്റെ ചെരിപ്പിന്റെ കൂർത്ത അറ്റംകൊണ്ട് ചീഞ്ഞ കീറത്തുണിയെന്നപോലെ തോണ്ടി ദൂരെയെറിയാൻ തോന്നി... എന്റെ അരൂപിയ്ക്കു മാത്രമല്ല, എന്റെ കുടലിനു പോലും അറപ്പും ഓക്കാനവും വരുത്തുന്ന സ്ഥിതിയിലായിരുന്നു നീ... ഇതെല്ലാം എന്നെ എങ്ങനെ ബാധിക്കുന്നു എന്നു നീ ചിന്തിക്കുന്നുണ്ടോ? സത്യമായ മനുഷ്യന് മനുഷ്യസഹജമായ പ്രതികരണങ്ങളെല്ലാമുണ്ട്. സത്യദൈവമായ എനിക്ക് ദൈവികമായ പ്രതികരണങ്ങളുമുണ്ട്. നിന്നെ ഞാൻ കാണുന്നത് കാമാസക്തനായി, കള്ളം പറഞ്ഞ മോഷ്ടാവായി, വഞ്ചകനായി, കൊലയാളിയായിട്ടാണ്... നീ എന്റെ കൂടെയായിരിക്കുന്നതിൽ, നിന്നോടു സഹവസിക്കുന്ന കാര്യത്തിൽ എനിക്കെത്ര ബുദ്ധിമുട്ടാണു നീ വരുത്തുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ? ഇപ്പോൾ ഞാൻ ചെയ്യുന്നതു പോലെ, എന്നെത്തന്നെ നിയന്ത്രിക്കുന്നത് എത്ര ബുദ്ധിമുട്ടുളവാക്കുന്നു എന്നു നീയറിയുന്നുണ്ടോ? യൂദാസേ, നീയെന്നോട് സംസാരിക്കയില്ലേ? നിനക്ക് നിന്റെ ഗുരുവിനോടു പറയാൻ ഒരു വാക്കു പോലുമില്ലേ? ഒരു പ്രാർത്ഥന പോലും? "എന്നോടു ക്ഷമിക്കണമേ" എന്നു നീ പറയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല. ഞാൻ നിന്നോടു് അനേകം പ്രാവശ്യം ക്ഷമിച്ചതു വ്യർത്ഥമായി. നീ പറഞ്ഞ വാക്കുകൾ നിന്റെ അധരങ്ങളിൽ നിന്നു മാത്രം വന്ന സ്വരമായിരുന്നു.. അത് അനുതപിക്കുന്ന അരൂപിയുടെ ഒരു ചലനമായിരുന്നില്ല. ഞാൻ നിന്നോടു പറയുന്നു, കുറ്റങ്ങളിൽ വച്ച് ഏറ്റം വലിയ കുറ്റം ചെയ്താലും ആ കുറ്റവാളി ദൈവത്തിന്റെ പാദങ്ങളിലേക്ക് സത്യമായ അനുതാപത്തോടെ ഓടിച്ചെന്നാൽ, പരിഹാരം ചെയ്യാൻ പ്രത്യാശയോടെ സ്വയം സമർപ്പിച്ചാൽ, നിരാശയ്ക്കിടം കൊടുക്കാതിരുന്നാൽ, ദൈവം അവനോടു ക്ഷമിക്കും. പരിഹാരപ്രവൃത്തികൾ വഴി കുറ്റവാളി അവന്റെ ആത്മാവിനെ രക്ഷിക്കും. യൂദാസേ, ഞാൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു... നിനക്ക് എന്റെ പരിധിയില്ലാത്ത സ്നേഹത്തോടു ചോദിക്കുവാൻ ഒന്നുമില്ലേ?"
"ഇല്ല; അഥവാ, കൂടിയാൽ ഒരു കാര്യം മാത്രം; ഒന്നും ജോൺ പറയരുതെന്ന് അവനോടു നീ കൽപ്പിക്കണം. ഞാൻ നിങ്ങളുടെയിടയിൽ ഒരു മോശക്കാരനല്ലേ? അപ്പോൾ ഞാൻ എങ്ങനെ പരിഹാരം ചെയ്യുമെന്നാണ് നീ പ്രതീക്ഷിക്കുന്നത്?" വളരെ ധാർഷ്ട്യത്തോടെ യൂദാസ് ചോദിക്കുന്നു.
ഈശോ മറുപടി പറയുന്നു: "നീ അങ്ങനെ പറയുന്നു; ജോൺ ഒന്നും പറയുകയില്ല. എന്നാൽ നീ നിന്റെ നാശത്തെക്കുറിച്ച് ഒന്നും പുറത്താകാത്ത വിധത്തിൽ വർത്തിക്കണം. ആ നാണയങ്ങൾ പെറുക്കിയെടുത്ത് യോവന്നായുടെ സഞ്ചിയിൽ ഇടുക. പണപ്പെട്ടി ഞാൻ അടച്ചുപൂട്ടാൻ ശ്രമിക്കാം; അതു തുറക്കാൻ നീ ഉപയോഗിച്ച ഉപകരണം കൊണ്ടുതന്നെ..."
യൂദാസ് വളരെ അനിഷ്ടഭാവത്തിൽ നിലത്തു ചിതറിക്കിടന്ന നാണയങ്ങൾ പെറുക്കിയെടുത്ത് യോവന്നായുടെ ഭാരമുള്ള സഞ്ചിയിലേക്കിട്ട് അടച്ചുകൊണ്ടു പറയുന്നു; "അതെല്ലാം ഇതാ സഞ്ചിയിലിട്ടു." അവൻ ഒരു വശത്തേക്കു മാറി.
ഈശോ പെട്ടി പൂട്ടി; ഈശോയുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകുന്നു. യൂദാസിന് അവസാനം അൽപ്പം സുബോധം വന്നു. മുഖം കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ പറയുന്നു; "ഞാൻ ശപിക്കപ്പെട്ടവനാണ്; ഞാൻ ഭൂമിയുടെ അപകീർത്തിയായിപ്പോയി.."
"നീയാണ് നിത്യനായ നിർഭാഗ്യൻ എന്നു നീ വിചാരിക്കുന്നു. എന്നാൽ നിനക്കാഗ്രഹമുണ്ടെങ്കിൽ നിനക്കിനിയും സന്തോഷമുള്ളവനാകാം."
"എന്നോടു് ശപഥം ചെയ്തു പറയണം, ഒരുത്തരോടും ഇതു പറയുകയില്ലെന്ന്... ഞാൻ എന്നെത്തന്നെ രക്ഷിക്കുമെന്ന് ഞാൻ ശപഥം ചെയ്തു പറയുന്നു.." യൂദാസ് അലറിപ്പറയുന്നു.
"ഞാൻ എന്നെത്തന്നെ രക്ഷിക്കുമെന്ന് നീ പറയരുത്. നിനക്ക് നിന്നെത്തന്നെ രക്ഷിക്കാൻ സാധിക്കയില്ല. എനിക്കു മാത്രമേ നിന്നെ രക്ഷിക്കാൻ കഴിയൂ. അൽപ്പം മുമ്പ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ച സാത്താനെ കീഴ്പ്പെടുത്താൻ, പരാജയപ്പെടുത്താൻ എനിക്കു മാത്രമേ കഴിയൂ. എളിമയുടെ ഈ വാക്കുകൾ എന്നോടു നീ പറയൂ .."കർത്താവേ, എന്നെ രക്ഷിക്കണമേ" എന്ന്... നിന്റെമേൽ ഭരണം നടത്തുന്നവനിൽ നിന്ന് ഞാൻ നിന്നെ മോചിപ്പിക്കാം.. നിന്നിൽ നിന്ന് ആ വാക്കുണ്ടാകാൻ ഞാൻ കാത്തിരിക്കയാണെന്ന് നിനക്കറിഞ്ഞുകൂടേ? എന്റെ അമ്മയുടെ ഒരു ചുംബനത്തേക്കാൾ കൂടുതലായി ഇതാണ് ഞാനാഗ്രഹിക്കുന്നത്."
യൂദാസ് കരയുന്നുണ്ട്; എന്നാൽ ആ വാക്കു പറയുന്നില്ല. ഒടുവിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് ഈശോ യൂദാസിനെ പറഞ്ഞുവിടുന്നു. " പോകൂ, ഇവിടെനിന്ന് ഇറങ്ങിപ്പോകൂ... ആരും നിന്നെ കണ്ടുപിടിക്കയില്ല. നാളെ മുതൽ നീയായിരിക്കും പണം സൂക്ഷിക്കുന്നത്. ഈ സമയത്ത് യാതൊന്നുകൊണ്ടും പ്രയോജനമില്ല.." മറുപടി പറയാതെ യൂദാസ് പോകുന്നു... ഈശോ തനിച്ചായി... മേശയ്ക്കരികിലുള്ള ഇരിപ്പിടത്തിലേക്കു വീണ് കൈകൾ മടക്കി മേശയിൽവച്ച് ശിരസ്സു് അതിന്മേൽ താങ്ങി, അനുതാപമില്ലാത്ത യൂദാസിനെയോർത്ത് യാതൊരാശ്വാസവുമില്ലാത്തവനായി ഈശോ കരയുന്നു...