ജാലകം നിത്യജീവൻ: 2014

nithyajeevan

nithyajeevan

Wednesday, October 22, 2014

ഗുഡലുപ്പേ മാതാവ്

         പരിശുദ്ധ കന്യകാമാതാവിന്റെ ദർശനമുണ്ടായതായി തിരുസഭ അംഗീകരിച്ചിട്ടുള്ള തീർഥാടനകേന്ദ്രങ്ങളിൽ പ്രസിദ്ധമായതാണ് മെക്സിക്കോ സിറ്റിയിലെ ഗുഡലുപ്പേ  മാതാവിന്റെ ബസിലിക്ക.  വർഷംതോറും 10കോടിയിൽപ്പരം തീർഥാടകരാണ് ഇവിടെയെത്തുന്നത്.  ലോകത്തിലെ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഏറ്റവും പ്രസിദ്ധവും കത്തോലിക്കാ ദേവാലയങ്ങളിൽ  വത്തിക്കാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നതും ഈ ദേവാലയത്തിലാണ്.


      1474 ൽ മെക്സിക്കോയിൽ ജനിച്ച  ഒരു  ഗോത്രവർഗ്ഗക്കാരനായിരുന്നു  ജുവാൻ ഡിയാഗോ. ഏതാണ്ട് 50 വയസ്സപ്പോൾ, ഫ്രാൻസിസ്കൻ മിഷനറിമാരിൽ നിന്ന് മാമോദീസാ സ്വീകരിച്ച്  ജുവാനും കുടുംബവും  ക്രിസ്ത്യാനികളായി.   
                        1531 ഡിസംബർ  മാസം ഒന്പതാം തീയതി... ജുവാൻ പതിവുപോലെ രണ്ടര മൈൽ അകലെയുള്ള പള്ളിയിലേക്ക് പരിശുദ്ധ കുർബാനയ്ക്കായി പോവുകയായിരുന്നു. തെപ്പിയാക് മലയുടെ താഴ്‌വാരത്തെത്തിയപ്പോൾ അതിമധുരമായ സംഗീതം അയാളുടെ കാതുകളിലേക്ക് ഒഴുകിയെത്തി; ഒപ്പം, 'മലമുകളിലേക്ക് വരിക' എന്നുപറയുന്ന ഒരു സ്ത്രീസ്വരവും അയാൾ  കേട്ടു.  മലമുകളിലെത്തിയ അയാൾ കണ്ടത് അതിമനോഹരിയായ ഒരു സ്ത്രീരൂപത്തെയാണ്. ആ രൂപം അയാളോടുപറഞ്ഞു; "ഞാൻ പരിശുദ്ധ കന്യകാമറിയമാണ്. ഈ മലയുടെ താഴ്‌വാരത്ത് ഒരു ദേവാലയം പണിത് എനിക്കായി പ്രതിഷ്ഠിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നതായി നീ നിന്റെ ബിഷപ്പിനോടു പറയുക."
                   ജുവാൻ ഒട്ടും താമസിയാതെ ബിഷപ്പിനെ ചെന്നു കണ്ട് ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. ബിഷപ്പ് സ്നേഹത്തോടെ ജുവാനെ സ്വീകരിച്ചെങ്കിലും അയാൾ  പറഞ്ഞ കാര്യമൊന്നും വിശ്വസിച്ചില്ല. ജുവാൻ നിരാശനായി തിരിയെ മലമുകളിൽ ചെന്ന് ആ രൂപത്തെ വിവരം ധരിപ്പിച്ചു.  വീണ്ടും ഈ ദൗത്യവുമായി  ബിഷപ്പിനെ സമീപിക്കുവാൻ ആ രൂപം ആവശ്യപ്പെട്ടതനുസരിച്ച്  ജുവാൻ രണ്ടാം തവണയും ബിഷപ്പിന്റെയടുക്കൽപ്പോയി.  ഇത്തവണ ബിഷപ്പ്, ജുവാൻ പറയുന്ന കാര്യങ്ങൾ സത്യമാണെന്നുള്ളതിന് തെളിവ് നല്കുവാനാവശ്യപ്പെട്ടു. ഭയവും ആശയക്കുഴപ്പവും മൂലം നഷ്ടധൈര്യനായിത്തീർന്ന ജുവാൻ, രണ്ടുമൂന്നു ദിവസത്തേക്ക് തെപ്പിയാക് മലയുടെ അടുത്തേക്കുപോലും പോയില്ല.      ഡിസംബർ പന്ത്രണ്ടാം തീയതി ആസന്നമരണനായി കിടന്നിരുന്ന തന്റെ ഒരു ബന്ധുവിന് അന്ത്യകൂദാശ നല്കാൻ പുരോഹിതനെ അന്വേഷിച്ച്,  തെപ്പിയാക് മല ഒഴിവാക്കി ഒരു കുറുക്കുവഴിയിലൂടെപ്പോയ  ജുവാന്റെ മുൻപിൽ വീണ്ടും പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടു.  ബിഷപ്പ് തെളിവ് ആവശ്യപ്പെടുന്നുവെന്ന് ജുവാൻ പറഞ്ഞപ്പോൾ, ചുറ്റും കാണുന്ന റോസാപ്പൂക്കൾ ശേഖരിച്ച് ബിഷപ്പിനു തെളിവായി കൊണ്ടുക്കൊടുക്കുവാൻ പരിശുദ്ധ കന്യക ആവശ്യപ്പെട്ടു.   അത് പൂക്കളുടെ കാലമല്ലായിരുന്നുവെന്നു തന്നെയല്ല, ഊഷരവും വിജനവുമായ ആ മലയിൽ  റോസാപ്പൂക്കൾ കാണുക എന്നത് ഒരത്ഭുതം തന്നെയായിരുന്നു! ജുവാനാകട്ടെ, ആ അത്ഭുതപുഷ്പങ്ങൾ തന്റെ വിലകുറഞ്ഞ അങ്കിയിൽ ശേഖരിച്ച് അരമനയിൽച്ചെന്ന് ബിഷപ്പിനെക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.  പുഷ്പങ്ങൾ ബിഷപ്പിനെയും ഒപ്പമുണ്ടായിരുന്നവരെയും കാണിക്കാനായി ജുവാൻ തന്റെ അങ്കി വിടർത്തിയപ്പോൾ അതിവിശിഷ്ടമായ സുഗന്ധം പരത്തിക്കൊണ്ട് റോസാപ്പൂക്കൾ തറയിൽ വീണു; 


അതോടൊപ്പം ജുവാന്റെ പരുക്കൻ മേലങ്കിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ അതിമനോഹരമായ ഒരു ചിത്രവും കാണപ്പെട്ടു!! അവിശ്വാസിയായ തന്റെ തെറ്റിനു മാപ്പുചോദിച്ചുകൊണ്ട്‌ ബിഷപ്പ് മുട്ടിന്മേൽ വീണു... മാതാവിന്റെ ചിത്രമുള്ള ആ വസ്ത്രം ബിഷപ്പ് സക്രാരിയുടെ അടുത്തായി പ്രതിഷ്ടിക്കുകയും ദൈവം നല്കിയ ഈ പ്രത്യേക അനുഗ്രഹത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു.  രണ്ടാഴ്ചയ്ക്കകം ചെറിയ ഒരു ചാപ്പൽ ദൈവമാതാവ് ജുവാന് പ്രത്യക്ഷപ്പെട്ട ആ സ്ഥലത്ത് ഉയർന്നു.. പില്ക്കാലത്ത് 
ഗുഡലുപ്പേ മാതാവ് എന്നപേരിൽ പ്രസിദ്ധമായ ആ അത്ഭുതചിത്രം അവിടെ പ്രതിഷ്ടിതമായി..  

St.John Diego
                   മരണ ശയ്യയിലായിരുന്ന ജുവാന്റെ ബന്ധുവിന് പൂർണ്ണസൗഖ്യം ലഭിക്കുമെന്ന് മൂന്നാമത്തെ ദർശനവേളയിൽ പരിശുദ്ധമാതാവ് പറഞ്ഞിരുന്നു. ബിഷപ്പിനെക്കണ്ട്  വീട്ടിൽ   മടങ്ങിയെത്തിയ ജുവാൻ, പൂർണ്ണാരോഗ്യവാനായിരിക്കുന്ന  തന്റെ ബന്ധുവിനെയാണ്  കണ്ടത്. കന്യകാമാതാവ് തന്റെ അടുക്കൽ വന്നിരുന്നുവെന്നും തന്നെ സുഖപ്പെടുത്തിയെന്നും ഗുഡലുപ്പേ മാതാവ് എന്നപേരിൽ തന്റെ ബഹുമാനാർഥം ഒരു ദേവാലയം ഇവിടെ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നതായി തന്നെ അറിയിച്ചുവെന്നും ബന്ധു പറഞ്ഞു. 
 
The Original Picture on the original fabric

               ദർശനവിവരം പെട്ടെന്ന് കാട്ടുതീ പോലെ പടർന്നു. അതോടെ ആളുകൾ അവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി.  അതേത്തുടർന്ന്  എണ്ണിയാലൊടുങ്ങാത്ത അത്ഭുതങ്ങളുടെയും രോഗസൌഖ്യങ്ങളുടെയും പ്രവാഹമായി.. അന്നത്തെ ചെറിയ ചാപ്പൽ ഇന്നുകാണുന്ന ബസിലിക്കയായി  ഉയർന്നു..
          അത്ഭുതങ്ങളും രോഗ സൗഖ്യങ്ങളും ഇന്നും തുടരുന്നു. "അവൻ പറയുന്നതു ചെയ്യുക " എന്നാഹ്വാനം ചെയ്തുകൊണ്ട് ഇന്നും പരിശുദ്ധ അമ്മ പതിനായിരങ്ങളെ തന്റെ മകനിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു..

Thursday, October 2, 2014

കാവൽ മാലാഖമാരുടെ തിരുനാൾ

October 2 -  കാവൽ മാലാഖമാരുടെ തിരുനാൾ 


                    ഇന്ന് കാവൽ മാലാഖമാരുടെ തിരുനാൾ

“He fights for us and asks no thanks, but hides his silent victories and continues to gaze upon God.” 

                                     -Father Faber

Monday, September 29, 2014

മുഖ്യദൂതന്മാരുടെ തിരുനാൾ.

ഇന്ന് മുഖ്യദൂതന്മാരായ വി.മിഖായേൽ, വി.ഗബ്രിയേൽ, വി.റപ്പായേൽ എന്നിവരുടെ തിരുനാൾ.


Sunday, September 14, 2014

കുരിശെന്ന കോട്ട

സെപ്തംബർ 14 - ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ 


            ഒരു വൈദികന്റെ അനുഭവം കേൾക്കുക;  പലപ്പോഴായി ആത്മഹത്യയ്ക്ക്     ശ്രമിച്ചിട്ടുള്ള   ഒരു     പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം      സന്ദര്‍ശിക്കാനിടയായി.    അച്ചന്‍      ആ പെണ്‍കുട്ടിക്കുവേണ്ടി      പ്രാര്‍ത്ഥിച്ചപ്പോള്‍       അവള്‍ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാ ര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞതിപ്രകാരമാണ്:

''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

                      പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.
                                 വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.

മോഷ്ടിക്കാന്‍ പോകുന്നവന്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാന്‍ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാല്‍ അര്‍ത്ഥശൂന്യമാകും എല്ലാം.

പ്രാര്‍ത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.

(ശ്രീ.ബെന്നി പുന്നത്തറയുടെ മനുഷ്യപുത്രന്റെ അടയാളം എന്ന ഗ്രന്ഥത്തിൽ നിന്ന്)

Friday, September 12, 2014

നന്മ നിറഞ്ഞ മറിയമേ സ്വസ്തി


                                          പ്രൊട്ടസ്റ്റന്റുകാരായ മാതാപിതാക്കളുടെ ആറു വയസ്സുകാരനായ മകന് അവന്റെ കത്തോലിക്കനായ കൂട്ടുകാരൻ നന്മ നിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാർത്ഥന പതിവായി ചൊല്ലുന്നതു കേട്ട് ആ പ്രാർത്ഥനയോട് വലിയ ഇഷ്ടം തോന്നി. ആ പ്രാർത്ഥന എഴുതിയെടുത്ത് പഠിച്ച് അവനും  ദിവസവും അതു ചൊല്ലാൻ  തുടങ്ങി. ഒരു ദിവസം, അവന്റെ അമ്മയെ അതു ചൊല്ലിക്കേൾപ്പിച്ചിട്ട് അവൻ പറഞ്ഞു: "എന്തുനല്ല പ്രാർത്ഥന, അല്ലെ അമ്മേ?" അമ്മ ക്രുദ്ധയായി അവനോടു ചോദിച്ചു; "ഈ പാപ്പാമതക്കാരുടെ (കത്തോലിക്കരുടെ) പ്രാർത്ഥന നീയെങ്ങിനെ പഠിച്ചു ? പാപ്പാമതക്കാർ അന്ധവിശ്വാസികളും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമാണ്. യേശുവിന്റെ അമ്മ മേരി അവർക്കു ദൈവമാണ്.  എന്നാലോ, അവൾ മറ്റെല്ലാ സ്ത്രീകളെയും പോലെ  ഒരുവൾ മാത്രം.. നീ മേലിൽ ഈ പ്രാർത്ഥന ചൊല്ലരുത്. ബൈബിൾ വായിക്കണം. നാം എങ്ങിനെയാണ്  ജീവിക്കേണ്ടതെന്ന്  ബൈബിൾ പറഞ്ഞുതരും.."
                                  അന്നുമുതൽ കുട്ടി "നന്മ നിറഞ്ഞ മറിയമേ" പ്രാർത്ഥന നിർത്തി. അവൻ ബൈബിൾ വായിക്കാൻ തുടങ്ങി. നാളുകൾ കഴിഞ്ഞു; ബൈബിൾ വായന സുവിശേഷങ്ങളിൽ എത്തിയപ്പോൾ ദൈവദൂതൻ മേരിയെ അഭിവാദനം ചെയ്യുന്നതും മംഗളവാർത്ത അറിയിക്കുന്നതുമായ ഭാഗവും  തുടർന്ന് എലിസബത്തിന്റെ അഭിവാദനവും കണ്ടു.  വലിയ സന്തോഷത്തോടെ, അവനോടി അമ്മയുടെ അടുക്കൽ ചെന്നു പറഞ്ഞു: "അമ്മേ, ആ പ്രാർത്ഥന ബൈബിളിൽ ഉണ്ട്; പിന്നെന്തുകൊണ്ടാണ് അത് അന്ധവിശ്വാസികളുടെ പ്രാർഥനയാണെന്ന് അമ്മ പറയുന്നത്?  തൃപ്തികരമായ ഉത്തരമൊന്നും പറയാനില്ലായിരുന്ന അവന്റെ അമ്മ വീണ്ടും അവനെ ശകാരിക്കുകയാണ് ചെയ്തത്. അവൻ അമ്മയോട് വാദിക്കാൻ നില്ക്കാതെ വീണ്ടും "നന്മ നിറഞ്ഞ മറിയമേ" പ്രാർത്ഥന രഹസ്യമായി ചൊല്ലാനാരംഭിച്ചു.  യേശുവിന്റെ അമ്മയെ ആ പ്രാർത്ഥന ചൊല്ലി അഭിവാദനം ചെയ്യുമ്പോൾ അവന് വലുതായ സന്തോഷം അനുഭവപ്പെട്ടു.
                                          അവനു 14 വയസ്സുള്ളപ്പോൾ അവന്റെ വീട്ടിലെ ഒരു സായാഹ്ന ചർച്ചാവേളയിൽ, മറ്റു കുടുംബാംഗങ്ങളെല്ലാം മറിയത്തെ നിന്ദിച്ചു സംസാരിച്ചപ്പോൾ അവനതു കേട്ടുനില്ക്കാനായില്ല. "മേരി എല്ലാവരെയുംപോലെ ഒരു സാധാരണ സ്ത്രീയല്ല.  ദൈവദൂതൻ അവളെ "നന്മ നിറഞ്ഞവളേ" എന്നാണു വിളിച്ചത്;" അവൻ പറഞ്ഞു. "അവൾ യേശുവിന്റെ അമ്മയാണ്; അതുകൊണ്ടുതന്നെ ദൈവത്തിന്റെ അമ്മയുമാണ്. സൃഷ്ടികളിൽ അവളെക്കാൾ ഉന്നതയായി ആരുംതന്നെയില്ല.         സകല തലമുറകളും അവളെ "ഭാഗ്യവതി" എന്നു പ്രകീർത്തിക്കുമെന്നാണ് ബൈബിൾ പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ മേരിയെ നിന്ദിക്കുന്നത്‌? നിങ്ങളുടെ അരൂപി സത്യത്തിന്റെയൊ സുവിശേഷത്തിന്റെയോ അല്ല; മറ്റെന്തിന്റെയോ ഒക്കെയാണ് .." അവൻ പറഞ്ഞുനിർത്തി.
                    അവന്റെ തുറന്നടിച്ച ഈ സംസാരം കേട്ട് അവരെല്ലാവരും സ്തബ്ധരായിപ്പോയി. അവന്റെ അമ്മ ഉച്ചത്തിൽ നിലവിളിച്ചു: "ഓ, എന്റെ ഈ മകൻ പാപ്പാമതക്കാരനായിപ്പോകുമെന്നാണ് എനിക്കു തോന്നുന്നത്.." വളരെക്കഴിയുന്നതിനുമുൻപ് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. ആ കുട്ടി പ്രൊട്ടസ്റ്റന്റ് മതത്തെയും കത്തോലിക്കാമതത്തെയും പറ്റി ഗൗരവമായി  പഠിക്കുകയും കത്തോലിക്കാമതമാണ് യഥാർഥത്തിൽ ക്രിസ്തു സ്ഥാപിച്ച മതമെന്നു കണ്ടെത്തി അതിനെ ആശ്ലേഷിക്കുകയും ചെയ്തു.

Monday, July 28, 2014

വി.അൽഫോൻസാ

ജൂലയ് 28

ഇന്ന് ഭാരതസഭയുടെ അഭിമാനമായ വി.അൽഫോൻസാമ്മയുടെ തിരുനാൾ.
    ഭരണങ്ങാനത്തിന്റെ സഹനസുമമായ വി.അൽഫോൻസാമ്മ, തന്റെ   36    വർഷത്തെ    ഹൃസ്വമായ   ജീവിതകാലയളവിൽ അനുഭവിച്ചു   തീർത്ത    സഹനങ്ങളുടെ     അളവ്, അവളുടെ മണവാളനായ    ഈശോ     മാത്രമാണ്     അറിഞ്ഞത്.    ആ സഹനങ്ങളുടെ സുഗന്ധം അതിവേഗം അവളുടെ ജന്മനാട്ടിലും പിന്നാലെ  ലോകം മുഴുവനും പരന്നു..  ഇന്നവൾ വി.അൽഫോൻസായാണ്. ഭാരതസഭയിലെ ആദ്യത്തെ വിശുദ്ധ..


St.Alphonsa, Pray for us..

Monday, May 26, 2014

ഭക്ഷണം മരുന്നു പോലെ

(സഭാപിതാക്കന്മാരിൽ അഗ്രഗണ്യനും അതുല്യവാഗ്മിയും അഗാധപണ്ഡിതനുമായ വി.അഗസ്റ്റിന്റെ ആത്മകഥ ദൈവത്തോടുള്ള ഒരു സംഭാഷണമാണ്.  അതിൽ നിന്ന്:-)            


               "...ഓരോ ദിവസവും എനിക്കു വേണ്ടുവോളം അനുഭവപ്പെടുന്ന മറ്റൊരു ദുരിതമുണ്ട്; ഉദരത്തോടൊപ്പം ഭക്ഷണത്തെയും നീ നശിപ്പിച്ചു കളയുന്ന കാലം വരെ, ശരീരത്തിന് ഓരോ ദിവസവുമുണ്ടാകുന്ന തേച്ചിലും നാശനഷ്ടങ്ങളും ഭക്ഷണം കൊണ്ട് അന്നന്നു ഞങ്ങൾ പരിഹരിക്കേണ്ടിയിരിക്കുന്നു. എന്നിലുള്ള ശൂന്യതയെ അത്ഭുതാവഹമായ സമ്പൂർണ്ണത കൊണ്ട് ഒരുകാലത്ത് നീ സംഹരിക്കും. എന്റെ നശ്വരതയെ നീ അനശ്വരത കൊണ്ട് ആവരണം ചെയ്യും  എന്നാൽ, അതുവരെ, ഭക്ഷണം കഴിക്കുക ഒരാവശ്യമാണ്. ഈ മാധുര്യത്തിന്, അഥവാ സന്തോഷത്തിന് ഞാൻ അടിമയായിത്തീരാതിരിക്കാൻ വേണ്ടി ദിവസം പ്രതി ഉപവസിച്ചുകൊണ്ട് അതിനോടു ഞാൻ സമരം ചെയ്യുന്നു. ശരീരത്തെ വീണ്ടും വീണ്ടും ഞാനിങ്ങനെ കീഴ്പെടുത്തുന്നുണ്ടെങ്കിലും, ഉപവസിക്കുമ്പോഴുണ്ടാകുന്ന ക്ലേശത്തെ, ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്നസന്തോഷം വിപാടനം ചെയ്യുന്നു. വിശപ്പും ദാഹവും ഒരുതരം വേദനയാണ്. കഠിനമായ ജ്വരമെന്നപോലെ, അത് മനുഷ്യനെ ദഹിപ്പിക്കുകയും മൃതിപ്പെടുത്തുകയും ചെയ്യുന്നു. ഈ രോഗത്തിന് ഒരൗഷഷധമേയുള്ളൂ - ഭക്ഷണം. അത് കടലിലും കരയിലും ആകാശത്തിലുമുള്ള വിഭവങ്ങളിൽ നിന്ന് സമൃദ്ധമായി ലഭിക്കുന്നുണ്ട്.അതുപയോഗിച്ചാണ് ഈ രോഗത്തിന് ശമനം വരുത്തുന്നത്. നിർഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തെ ഞങ്ങൾ സന്തോഷമെന്നു വിളിക്കുകയും ചെയ്യുന്നു..
               ആകയാൽ, ഭക്ഷണം മരുന്നു പോലെ കഴിക്കുവാൻ ശ്രദ്ധിക്കണമെന്ന് നീ ഉപദേശിക്കുന്നു.  പക്ഷെ, വിശപ്പിന്റെ വേദനയിൽ നിന്ന് നിറവിന്റെ സംതൃപ്തിയിലേയ്ക്കുണ്ടാകുന്ന ഈ പരിവർത്തനത്തിൽത്തന്നെ, സന്തോഷത്തോടുള്ള ആസക്തി എന്നൊരു അപകടം പതിയിരിപ്പുണ്ട്. സംതൃപ്തിയിലേയ്ക്കുള്ള ഈ മാർഗ്ഗം തന്നെ സന്തോഷകരമാണ്. ഉദ്ദിഷ്ടലക്‌ഷ്യം പ്രാപിക്കുവാൻ മറ്റു മാർഗ്ഗമൊന്നുമില്ലതാനും. തിന്നുന്നതും കുടിക്കുന്നതും ആരോഗ്യത്തെ ലക്ഷ്യമാക്കി ആയിരിക്കണമെങ്കിലും അപകടകാരിയായ ഒരു സന്തോഷം കൂടി അതിൽ അടങ്ങിയിട്ടുണ്ട്. ഈ സന്തോഷം മിക്കപ്പോഴും ലക്ഷ്യത്തെ അതിലംഘിക്കുവാൻ വെമ്പൽ കൊള്ളുന്നു. തന്മൂലം ആരോഗ്യത്തിന്റെ പേരിൽ  ചെയ്യുന്ന പ്രവൃത്തി, വാസ്തവത്തിൽ സന്തോഷത്തിലായിരിക്കാം ചെന്നുചേരുന്നത്. ആരോഗ്യത്തെക്കാൾ ഞാനാഗ്രഹിക്കുന്നതും സന്തോഷത്തെയായിരിക്കാം. ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ട ഭക്ഷണം ഒരേ അളവിൽ ആയിരിക്കയില്ല. ആരോഗ്യത്തിനു മതിയാകുന്നത് സന്തോഷത്തിനു തീരെ കുറവായിരിക്കും. തന്നിമിത്തം, ഭക്ഷിക്കുവാൻ ഒരുവൻ ആഗ്രഹിക്കുന്നത് ആരോഗ്യ സംരക്ഷണമെന്ന ആവശ്യം മൂലമാണോ ഭക്ഷണസുഖത്തോടുള്ള കൊതി മൂലമാണോ എന്നു പലപ്പോഴും തീരുമാനിക്കുവാൻ വയ്യ..ഈ അനിശ്ചിതത്വം ദുർഭഗമായ ആത്മാവിന് സന്തോഷകരമത്രേ.  ആരോഗ്യ സംരക്ഷണത്തിന്റെ മറയിൽ, ഭക്ഷണസുഖം ആസ്വദിക്കാനും സ്വന്തം ഇഷ്ടത്തെ സാധൂകരിക്കാനും അതുമൂലം ആത്മാവിനു സാധിക്കുന്നു. ഇതുപോലുള്ള പ്രലോഭനങ്ങളോടാണ് ഓരോ ദിവസവും എനിക്ക് പൊരുതേണ്ടി വരുന്നത്. ഇതിലാണ് നിന്റെ വലതുകരത്തിന്റെ സഹായം ഞാൻ അഭ്യർഥിക്കുന്നത്...
                                                             ...നല്ല പിതാവേ,  ശുദ്ധിയുള്ളവർക്ക് എല്ലാ സാധനങ്ങളും  ശുദ്ധമാണെന്നും വെറുപ്പോടെ ഭക്ഷിക്കുന്നവർക്കാണ് അത് അശുദ്ധമാകുന്നതെന്നും നീ പഠിപ്പിക്കുന്നു. മാംസഭക്ഷണം നമ്മെ ഈശ്വരപ്രീതിക്കു പാത്രമാക്കുന്നില്ലെന്നും ഭക്ഷിക്കാത്തവൻ ഭക്ഷിക്കുന്നവനെയാകട്ടെ, ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെയാകട്ടെ, നിന്ദിക്കരുതെന്നും നീ കൽപ്പിക്കുന്നു. എന്റെ ദൈവമേ, ഇതെല്ലാം ഉപദേശിച്ചുതന്നതിന് നിനക്കു ഞാൻ നന്ദി പറയുന്നു.  നിന്നെ ഞാൻ വാഴ്ത്തുന്നു. എല്ലാ പ്രലോഭനങ്ങളിൽ നിന്നും നീയെന്നെ മോചിപ്പിക്കേണമേ! ജഡമോഹങ്ങളുടെ  അശുദ്ധിയെയല്ലാതെ മാംസഭക്ഷണത്തിന്റെ  അശുദ്ധിയെ ഞാൻ ഭയപ്പെടുന്നില്ല. എനിക്കറിയാം, ഭക്ഷ്യയോഗ്യമായ എല്ലാത്തരം മാംസവും ഭക്ഷിക്കുവാൻ നോഹയ്ക്ക് അനുവാദമുണ്ടായിരുന്നു; ഏലിയാ മത്സ്യം ഭക്ഷിച്ചു; വൈരാഗ്യശീലനായ യോഹന്നാൻ, ജീവനുള്ള വെട്ടുക്കിളികളെ ഭക്ഷിച്ചിട്ടും അശുദ്ധനായില്ല. അതേസമയം, മരക്കറിയിൽ  കൊതി തോന്നിയ ഏസാവ് വഞ്ചിതനായി. ഒരു കവിൾ  പച്ചവെള്ളത്തിനു കൊതിച്ച ദാവീദ് കുറ്റക്കാരനായിത്തീർന്നു.. 
                     ഇത്തരം പരീക്ഷണങ്ങളുടെ നടുവിൽപ്പെട്ടിരിക്കുന്ന ഞാൻ, അശനപാനങ്ങളോടുള്ള അത്യാർത്തിക്കെതിരായി ഓരോ ദിവസവും പോരാടുന്നു. ഈ ആർത്തി, വേശ്യാസംഗമത്തോടു തോന്നുന്ന ആസക്തി പോലെയല്ല. വേശ്യയുടെ സഹവാസത്തെ ഞൊടിയിട കൊണ്ട് മുറിച്ചുമാറ്റാനും എന്നെന്നേയ്ക്കുമായി പരിത്യജിക്കുവാനും എനിക്കു സാധിച്ചു. പക്ഷെ, ഭക്ഷണപ്രിയത്തിന്റെ സ്വഭാവം മറ്റൊന്നാണ്. തീരെ അയച്ചുവിടുകയോ വല്ലാതെ വരിഞ്ഞുമുറുക്കുകയോ ചെയ്യാതെ, എന്റെ തൊണ്ടയുടെ കടിഞ്ഞാണ്‍ ഞാൻ മിതമായി എല്ലാ സമയത്തും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഓ കർത്താവേ, ഈ വിഷയത്തിൽ അത്യാവശ്യത്തിന്റെ പരിധി അല്പം  പോലും ലംഘിക്കാത്തവർ ആരെങ്കിലുമുണ്ടോ ? ഉണ്ടെങ്കിൽ അയാളൊരു മഹാത്മാവു തന്നെയാണ്. അയാൾ  നിന്റെ തിരുനാമം മഹത്വപ്പെടുത്തട്ടെ! ഞാനോ, അങ്ങനെയല്ല; ഞാനൊരു പാപിയാണ്. എന്നാൽ, നിന്റെ നാമം ഞാനും മഹത്വപ്പെടുത്തുന്നു. എന്തെന്നാൽ, ലോകത്തെ ജയിച്ചടക്കിയവനാണ്  എന്റെ പാപങ്ങൾക്കുവേണ്ടി നിന്റെ മുൻപിൽ മാദ്ധ്യസ്ഥം വഹിക്കുന്നത്..."

Friday, May 23, 2014

സഹനത്തിന്റെ ദൈർഘ്യം

വി.അപ്രേം എഴുതുന്നു: "കളിമണ്ണ് കട്ടിയാകുന്നതുവരെ കുശവൻ പാത്രത്തെ തീയിൽ  ചുടുന്നു.   അതിന് അല്പ്പം ചൂടേ ഏൽക്കാവൂ എന്നയാൾ കരുതുന്നില്ല. അപ്പോൾ കളിമണ്ണ് മതിയാംവിധം കട്ടിയാകയില്ല. അതുപോലെ ആവശ്യത്തിലേറെ ചൂട് കൊടുക്കുന്നില്ല. കാരണം, അങ്ങനെ ചെയ്താൽ മണ്ണ് വെണ്ണീറാകും. ദൈവം പ്രവർത്തിക്കുന്നതും അപ്രകാരം തന്നെ. നമ്മെ കൂടുതൽ വിശുദ്ധീകരിക്കാൻ ആവശ്യമായിരിക്കുന്നിടത്തോളം   മാത്രമേ അവിടുന്ന് ദുരിതങ്ങളുടെ അഗ്നിക്ക് നമ്മെ വിധേയരാക്കുന്നുള്ളൂ. തീയിൽ  നാം ദഹിച്ചുപോകാൻ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല. നമുക്ക് ഏറ്റം  നിസ്സാരമായിത്തോന്നാവുന്ന വിശദാംശംവരെ, യാതൊന്നും ദൈവപരിപാലനയുടെ പരിധിയിൽനിന്നും വിട്ടുനിൽക്കുന്നില്ല.
                         

 പിതാവിന് മാരകരോഗം പിടിപെട്ടപ്പോൾ വി.കൊച്ചുത്രേസ്യാ സഹോദരി സെലിന് എഴുതി; "ഈശോ നമുക്ക് കുരിശു സമ്മാനിക്കുന്നു. യഥാർഥത്തിൽ ഭാരമേറിയ കുരിശുതന്നെ.. നമുക്ക് എന്തൊരനുഗ്രഹം!! ഇത്ര വലിയൊരു ദുഃഖം നമുക്ക് നൽകണമെങ്കിൽ അവിടുന്ന് നമ്മെ എത്രമേൽ സ്നേഹിക്കുന്നുണ്ടാകും? സത്യത്തിൽ അസൂയാജനകമല്ലേ നമ്മുടെ അവസ്ഥ?"   

                30 വർഷക്കാലം രോഗിണിയായിക്കഴിഞ്ഞ വി.ലുഡ് വിൻ, ഒരു ദർശനത്തിൽ തനിക്കായി സ്വർഗ്ഗത്തിൽ തയാറാക്കപ്പെടുന്ന ഒരു കിരീടം കാണുകയുണ്ടായി. അത് വളരെ മനോഹരമായിരുന്നെങ്കിലും മുഴുമിക്കപ്പെട്ടിരുന്നില്ല. അത് പൂർത്തിയാക്കണമെന്നവൾ കർത്താവിനോട് അഭ്യർഥിച്ചു. അപ്പോൾ ക്രൂരരായ കുറെ പടയാളികൾ പ്രവേശിച്ച് അവളെ പ്രഹരിക്കുകയും ദുഷിക്കുകയും ചെയ്തു. കുറേക്കഴിഞ്ഞ് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട്, ആ പടയാളികളുടെ പെരുമാറ്റം മൂലം സ്വർഗ്ഗത്തിലെ അവളുടെ കിരീടം പൂർത്തീകരിക്കപ്പെട്ടിരിക്കുവെന്ന് പറഞ്ഞു..


(By Fr.Chacko Bernad)

Tuesday, May 20, 2014

സഹനത്തെ എങ്ങിനെ അഭിമുഖീകരിക്കണം ?

അതാത്  ദിവസത്തേക്ക് ജീവിക്കുക 

                     "ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി" (മത്താ.6:34) ദൈവം നമുക്കയയ്ക്കുന്ന ദുഃഖങ്ങളെ ഓരോ നിമിഷവും ഓരോ ദിവസവും ശാന്തമായി സഹിക്കണമെന്ന് നമ്മെ പഠിപ്പിക്കാൻ വേണ്ടിയാണ് ഈശോ ഇങ്ങനെ പറഞ്ഞത്. ഇന്നലത്തെ സഹനങ്ങളെപ്പറ്റി ചിന്തിക്കാതെ, നാളെ എന്തു സംഭവിക്കുമെന്നു പര്യാകുലരാകാതെ ഓരോ ദിവസത്തെയും ക്ലേശങ്ങളെ അന്നന്ന് നാം അഭിമുഖീകരിക്കണം. നമുക്ക് നന്മയ്ക്കായുള്ള ഒരു മാർഗ്ഗമായി പരിണമിക്കാത്ത ഒരു പരീക്ഷണവും ദൈവപരിപാലന അനുവദിക്കില്ലെന്നു ഗ്രഹിച്ചുകൊണ്ട് അനുദിനമുള്ള സഹനങ്ങളെ നാം നിസ്സംഗതയോടെ, പരാതി കൂടാതെ നേരിടണം. ജീവിതം കാഴ്ച വെയ്ക്കുന്ന പരീക്ഷണങ്ങളും വേദനകളും സ്വീകരിക്കാൻ ഓരോ ദിവസവും നാം തയ്യാറായിരിക്കണം. നാളത്തെ ഭാരങ്ങളോടൊപ്പം ഇന്നലത്തെതും കൂട്ടി ചേർത്ത് ഇന്നു വഹിക്കുന്നപക്ഷം ഏറ്റം ബലവാന്മാർക്കു പോലും കാലിടറും. ഭൂതകാലത്തിലേക്കും ഭാവിയിലേക്കും തുറക്കുന്ന മനസ്സിന്റെ കവാടങ്ങൾ നാം അടച്ചുകളയണം.  

ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി 
                           ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനുവേണ്ടി സഹിക്കുമ്പോൾ മാത്രമേ, സഹനത്തിന് സ്വഭാവാതീതമായ മൂല്യമുള്ളൂ. സഹനത്തെ വിശുദ്ധീകരിക്കുന്നത് യേശുവാണ്. അവിടുത്തോട്‌ ബന്ധപ്പെടുന്നില്ലെങ്കിൽ അത് നിഷ്പ്രയോജനമത്രേ. എന്നാൽ, അവിടുത്തോടുള്ള സ്നേഹത്തെപ്രതി സ്വീകരിക്കപ്പെടുമ്പോൾ, അത് ആത്മാക്കളെ വിശുദ്ധീകരിക്കാനും രക്ഷിക്കാനും ഉതകുന്ന വിലയേറിയ നാണയമായിത്തീരുന്നു.

വിനീതമായ പ്രാർത്ഥനയിലൂടെ 
                               സഹനങ്ങളെ ദൈവസ്നേഹത്തെപ്രതി സ്വീകരിക്കാൻ നമുക്ക് കഴിയണമെന്നാണ് ക്രിസ്തുവിന്റെ പീഡാസഹനം സമൂർത്തരൂപത്തിൽ നമ്മെ പഠിപ്പിക്കുന്നത്‌. ദൈവം സ്വപുത്രനെ കുരിശിലെ ഭീകരമരണത്തിന് വിധേയനാക്കി. കുരിശിലൂടെ നാം രക്ഷിക്കപ്പെടുകയും ചെയ്തു. ഒരു ശരാശരി സന്യാസിയോ വൈദികനോ ക്രിസ്തുവിന്റെ പീഡകളുടെ സവിശേഷ പ്രാധാന്യം ഗ്രഹിച്ചെന്നു വരില്ല. കുരിശിന് പരിഹാരബലിയെന്ന നിലയില്ലുള്ള ദൈവശാസ്ത്രപരമായ മൂല്യം ഗ്രഹിച്ചതുകൊണ്ടുമായില്ല.  ക്രിസ്തുവിന്റെ കുരിശ് രഹസ്യങ്ങളുടെ രഹസ്യമാണ്. കേവലമായ ഒരു പഠനത്തിലൂടെ അത് ഗ്രഹിക്കാൻ കഴിയില്ല. ആത്മാർത്ഥവും വിനീതവുമായ പ്രാർത്ഥ, മൗനം, ആത്മപരിത്യാഗം എന്നിവയൊക്കെയാണ് അതു മനസ്സിലാക്കാനുള്ള മാർഗ്ഗങ്ങൾ.


(By Fr.Chacko Bernad)

Sunday, May 18, 2014

സഹനം ഒരു അനുഗ്രഹം

                  ദൈവം തിരുമനസ്സാവുകയോ അനുവദിക്കുകയോ ചെയ്യാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. 'എല്ലാം അനുഗ്രഹം തന്നെ' എന്നാണ് വി.കൊച്ചുത്രേസ്യ പറയുന്നത്. ദൈവം ദുരന്തങ്ങൾ അനുവദിക്കുന്നെങ്കിൽ, അത് അവയിൽ  നിന്ന്  മഹത്തായ ഏതോ നന്മ പുറപ്പെടുവിക്കാൻ വേണ്ടിയാണ്. വിഷമതകളുടെ നടുവിലാണ് നമ്മുടെ സുകൃതവും നന്മയും ബലിഷ്ഠമാകുന്നത്. സഹനം ഒരു ചൂണ്ടുപലകയാണ്. ആത്മാവിന്റെ ആരോഗ്യത്തിന് കൂടുതൽ ഉപകരിക്കുന്നതേതെന്ന്, ചിന്താക്കുഴപ്പം പിടിച്ച നമ്മുടെ മനസ്സിന് അത് സൂചന നല്കുന്നു. പരീക്ഷകളിൽ നാം ചഞ്ചലചിത്തരായി അടി പതറുന്നെങ്കിൽ അതു നമ്മുടെ വിശ്വാസരാഹിത്യത്തെയാണ് കാണിക്കുന്നത്. എല്ലാം നമുക്ക് എതിരായിരിക്കുമ്പോഴും ഒരു കാര്യം ഉറപ്പിക്കാം; നാം ആദ്യം ദൈവത്തെ പരിത്യജിക്കാത്തപക്ഷം ഒരിക്കലും നമ്മെ അവിടുന്ന് കൈവിടുകയില്ല. പരാതികൾ ഉയർത്തിക്കൊണ്ട് നിരാശയിൽ നിപതിക്കുന്നതിനു പകരം, പരീക്ഷണഘട്ടങ്ങളിൽ നാം നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുകയാണു വേണ്ടത്. ക്രിസ്തുവിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ചു നമുക്കും, നമുക്ക് അവിടുത്തോടുള്ള സ്നേഹത്തെക്കുറിച്ച് ക്രിസ്തുവിനും ഉറപ്പുള്ളപ്പോഴാണ് തന്റെ സഹനങ്ങളിൽ ഓഹരിക്കാരാകാൻ അവിടുന്ന് ആവശ്യപ്പെടുന്നത്.
                 ഭൌമിക മഹത്വം മാത്രം സ്വപ്നം കാണുന്നവർക്ക് സഹനത്തിന്റെ രഹസ്യം ഗ്രഹിക്കുക പ്രയാസകരമത്രേ. ക്രൂശിതനായ ക്രിസ്തു "യഹൂദന്മാർക്ക് ഇടർച്ചയും പുറജാതികൾക്കു ഭോഷത്തവുമാണ്" എന്ന് (കോറി . 1:23) വി.പൗലോസ്‌ പറയുന്നു. തന്റെ പീഡാനുഭവത്തെപ്പറ്റി ആദ്യം സൂചിപ്പിച്ചപ്പോൾ, അതിനെതിരേ ശബ്ദമുയർത്തിയ പത്രോസിനോട് ഈശോ പറഞ്ഞു: "സാത്താനെ, എന്റെ മുൻപിൽ നിന്ന് പോകൂ... നീ നമുഷ്യൻ ചിന്തിക്കുന്നതുപോലെയാണ് ചിന്തിക്കുന്നത്; ദൈവം ചിന്തിക്കുന്നതുപോലെയല്ല.."(മത്താ. 16:23)  കുരിശിന്റെ മൂല്യം ഗ്രഹിക്കാനുതകുന്ന പ്രകാശം മനുഷ്യനേത്രങ്ങൾക്കില്ല. സഹനത്തിന്റെ രഹസ്യത്തെ അഭിമുഖീകരിക്കുമ്പോൾ നാം ഏറെക്കുറെ അന്ധരാണ്. നമുക്ക് ഒരു പുതിയ പ്രകാശം ആവശ്യമുണ്ട് - പരിശുദ്ധാത്മാവിന്റെ പ്രകാശം...! നല്ലയാളുകൾക്കുണ്ടാകുന്ന സഹനങ്ങളെക്കുറിച്ച് ലോകം പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. ക്രൂശിതനായ യേശുവിനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ തടയാൻ വേണ്ടി, സുഖോന്മുഖമായ നമ്മുടെ ആന്തരിക പ്രവണതകൾ അസംഖ്യം മാർഗങ്ങളിലൂടെ ശ്രമം നടത്താം.. സഹനത്തിന്റെ മൂല്യത്തെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കാനായി നാം നിരന്തരം പ്രാർഥിക്കണം.


(By Fr.Chacko Bernad C.R)

Saturday, May 17, 2014

സഹനം ലാഭകരം

                   
സഹനം അതിൽത്തന്നെ ഒരു തിന്മയാണ്. അതു നമുക്ക് രുചിക്കുന്നതുമല്ല. നാം സഹനത്തെ സ്വാഗതം ചെയ്യുന്നത് അതിനുവേണ്ടിയല്ല; പ്രത്യുത നമ്മുടെ ആദ്ധ്യാത്മികവ്യാധികൾ ശമിപ്പിക്കുവാൻ അതിനുള്ള ശക്തി നിമിത്തമാണ്. ദൈവം നമ്മുടെ ആദിമാതാപിതാക്കൾക്ക് നല്കിയ സ്വഭാവാതീതദാനങ്ങളിലൂടെ അവരെ സഹനത്തിൽ  നിന്നും ഒഴിച്ചുനിർത്തി. ദൈവം ആദിയിൽ  സൗഭാഗ്യം മാത്രമാണ് മനുഷ്യകുലത്തിനു നല്കിയത്. പാപത്തിലൂടെ ആ ദാനങ്ങൾ എന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ദൈവത്തിന്റെ പദ്ധതി നിരസിച്ചപ്പോൾ, മനുഷ്യൻ തനിക്കായി ഭോഗാസക്തിയും സഹനവും തെരെഞ്ഞെടുക്കയാണ് ചെയ്തത്. ദൈവമല്ല, മറിച്ച് പാപമാണ് സങ്കടങ്ങളുടെ കർത്താവ്.  പിന്നീട് മനുഷ്യൻ തന്റെ തെറ്റു തിരുത്താൻ ശ്രമം നടത്തിയപ്പോൾ, കാരുണ്യവാനായ ദൈവം നല്കുന്ന അനുപേക്ഷണീയമായ ഒരു ഔഷധമാണ് സഹനം എന്ന് അവൻ മനസ്സിലാക്കി.
                           അങ്ങനെ സഹനം ഒരു ഉപകരണവും മാർഗവുമാണ്‌.  നാം എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അതിന്റെ പ്രയോജനം ലഭിക്കുക. നാം അനുഭവിക്കേണ്ടിവരുന്ന സഹനം, നമ്മെ സംബന്ധിച്ച് അനുഗ്രഹമോ ശാപമോ എന്നു തീരുമാനിക്കുന്നത് നാം തന്നെയാണ്. നമുക്ക് ആഗ്രഹമുള്ളപക്ഷം സഹനത്തെ ലാഭകരമാക്കാം. ദൈവം സഹനം അനുവദിക്കുന്നു എന്ന വസ്തുത തന്നെ, അത് നന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള സാധ്യതയ്ക്കു തെളിവാണ്. പക്ഷെ, അത് യഥാർഥത്തിൽ കൈകാര്യം ചെയ്യേണ്ടത് നാം തന്നെ.  ഈ വസ്തുതയ്ക്കുള്ള  ഏറ്റം മികച്ച തെളിവ്, നമ്മുടെ കർത്താവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരത്രേ. അവരിലൊരാൾ ദൈവദൂഷണം പറഞ്ഞുകൊണ്ട് ദൈവത്തോട് മറുതലിച്ചു. അപരൻ, തന്റെ വേദനകളെ നീതിപൂർവകമായ ഒരു ശിക്ഷയായി സ്വീകരിക്കുകയും ദൈവത്തോട് പൊറുതി യാചിക്കുകയും ചെയ്തു. തന്മൂലം അവന് പറുദീസാ വാഗ്ദാനം ചെയ്യപ്പെട്ടു. 

(By Fr.Chacko Bernad)

Friday, March 28, 2014

സാർവലൗകിക സ്നേഹം

ഈശോ പറയുന്നു: "സഹോദരങ്ങളോടുള്ള സ്നേഹം മാനുഷിക പരിമിതികളിൽ ഒതുക്കി നിർത്തേണ്ട ഒന്നല്ല; അതിനുപരിയായി അത് വളരണം. അതു പൂർണ്ണമാകുമ്പോൾ ദൈവസിംഹാസനത്തെ അത് സ്പർശിക്കയും ദൈവത്തിന്റെ അനന്തസ്നേഹവും ഔദാര്യവുമായി ഒന്നിക്കയും ചെയ്യും. വിശുദ്ധരുടെ ഐക്യം എന്നു പറയുന്നത് നിരന്തരമായ ഈ പ്രവർത്തനമാണ്. നമ്മുടെ സഹോദങ്ങളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതിന് നിരന്തരമായി, എല്ലാ വിധത്തിലും പ്രവർത്തനനിരതനാണ് ദൈവം. സ്നേഹത്തെ പ്രതി സഹോദരങ്ങൾക്കു വേണ്ടി ചെയ്യുന്ന ത്യാഗപ്രവൃത്തിക്ക് ദൈവതൃക്കണ്ണുകളിൽ വലുതായ മൂല്യമാണുള്ളത്. ഒരു കഷണം കേക്കോ മറ്റെന്തെങ്കിലും ഭക്ഷണമോ സ്നേഹത്തെ പ്രതി ത്യാഗം ചെയ്ത് ഉപേക്ഷിച്ചാൽ, അതുവഴി നാമറിയാതെ വിദൂരതയിൽ പട്ടണി കിടക്കുന്ന ഒരു  സഹോദരന് അത്ഭുതകരമായി ഭക്ഷണം ലഭിച്ചെന്നു വരാം; അല്ലെങ്കിൽ നിരാശയിലും മനഃക്ളേശത്തിലും കഴിയുന്ന ഒരാത്മാവിൽ സമാധാനവും പ്രത്യാശയും ഉളവാക്കാൻ കുഴിഞ്ഞെന്നു വരാം. ത്യാഗത്തിന്റെ അടിസ്ഥാനത്തിൽ കോപത്തിന്റെ ഒരു വാക്ക് ഉച്ചരിക്കാതിരിക്കയാണെങ്കിൽ, വിദൂരസ്ഥനായ ഒരുവന്റെ ഒരു കുറ്റകൃത്യം അതുവഴി തടയപ്പെട്ടേക്കാം. അതുപോലെ സ്നേഹത്തെ പ്രതി ഒരു പഴം പറിക്കാനുള്ള ആഗ്രഹം നിഗ്രഹിക്കുമ്പോൾ, ഒരു  കള്ളനെ മോഷണത്തിൽ നിന്ന് അതു  തടഞ്ഞേക്കാം. സാർവലൗകിക സ്നേഹം  എന്ന ദൈവത്തിന്റെ പദ്ധതിയിൽ ഒന്നും നഷ്ടപ്പെടുന്നില്ല. ഒരു ചെറിയ കുട്ടിയുടെ നിസ്സാരമായ ഭക്ഷണ പരിത്യാഗമോ ഒരു  രക്തസാക്ഷിയുടെ ബലിയോ നഷ്ടപ്പെടുന്നില്ല. പോരാ, ഞാൻ പറയുന്നു, ഒരു   രക്തസാക്ഷിയുടെ ദഹനബലി ആരംഭിക്കുന്നത് അവന്റെ ബാല്യം മുതൽ അവനു ലഭിച്ചിട്ടുള്ള വീരോചിതമായ പരിശീലനത്തിലാണ്. ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും വേണ്ടി ചെയ്യുന്ന ത്യാഗങ്ങളിലൂടെയാണ്..."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Wednesday, March 26, 2014

കുരിശു ചുമന്നവനെ നിൻവഴി തിരയുന്നു ഞങ്ങൾ...

 


                                                                                                                                                                      കുരിശു ചുമന്നവനെ നിൻവഴി തിരയുന്നു ഞങ്ങൾ...
കരുണ നിറഞ്ഞവനെ നിൻ കഴൽ തിരയുന്നു ഞങ്ങൾ...

Wednesday, March 5, 2014

ക്ഷാരബുധൻ

ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക

(പരിശുദ്ധഅമ്മ ഫാ.സ്റ്റെഫാനോ  ഗോബി വഴി  നൽകുന്ന നോമ്പുകാലസന്ദേശം)


                          "പ്രിയസുതരെ, തിരുസഭ ഈ നോമ്പുകാലത്ത്  നിങ്ങൾക്കു നൽകുന്ന മാനസാന്തരത്തിനായുള്ള ക്ഷണം സ്വീകരിക്കുക.
                                            ഈ സമയത്ത് നിങ്ങളുടെ സ്വർഗ്ഗീയമാതാവ് നിങ്ങളിൽനിന്ന് പ്രായശ്ചിത്തത്തിന്റെയും മാനസാന്തരത്തിന്റെയും പ്രവൃത്തികൾ ആവശ്യപ്പെടുന്നു.  നിങ്ങളുടെ പ്രാർത്ഥനകൾ  അർപ്പിക്കേണ്ടത്, എപ്പോഴും ഫലപ്രദമായ ആന്തരിക സ്വയനിഗ്രഹത്തോടുകൂടിയായിരിക്കണം.
                  നിങ്ങളുടെമേലും നിങ്ങളുടെ വഴങ്ങാത്ത ദുർവികാരങ്ങളുടെമേലും ആധിപത്യം നേടുന്നതിന്   നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക.
                        കണ്ണുകൾ മനസ്സിന്റെ യഥാർത്ഥ ദർപ്പണമായിരിക്കട്ടെ! സ്വീകരിക്കാനും തിരസ്കരിക്കാനും വേണ്ടി അവയെ തുറക്കുകയും അടക്കുകയും ചെയ്യുക. പുണ്യത്തിന്റെയും കൃപാവരത്തിന്റെയും പ്രകാശത്തെ സ്വീകരിക്കാനായി കണ്ണുകളെ തുറക്കുക.  തിന്മയ്ക്കും പാപകരമായ പ്രവണതകൾക്കുമെതിരെ അവയെ അടച്ചുകളയുക.
                            നന്മയുടേയും സത്യത്തിന്റെയും സ്നേഹത്തിന്റെയും ഭാവങ്ങൾക്കു രൂപം കൊടുക്കുവാൻ നാവു സ്വതന്ത്രമാക്കുക. 
                           സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ചിന്തകൾക്കുവേണ്ടി മാത്രം മനസ്സു തുറക്കുക.വിധി കൽപ്പിക്കലും വിമർശനവും മൂലം മനസ്സ് അശുദ്ധമാകാതിരിക്കട്ടെ! 
                               സ്വാർഥതയോടും സൃഷ്ടികളോടും നിങ്ങൾ ജീവിക്കുന്ന ലോകത്തോടുമുള്ള ഹൃദയപക്ഷങ്ങൾക്ക്‌, ഹൃദയം അടച്ചുകളയുക. ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും പൂർണ്ണിമയ്ക്ക് ഹൃദയം തുറന്നുകൊടുക്കുക.
               നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അപകടത്തിലാക്കാൻ ഒരുക്കി വെച്ചിരിക്കുന്നതും നിങ്ങൾ ഓടി അകലേണ്ടതുമായ  കെണികളിൽ നിന്ന് പലായനം ചെയ്യുക.
          പരിശുദ്ധിയിലും നിശബ്ദതയിലും വിശ്വസ്തതയിലും അനുദിനം എന്നെ അനുഗമിക്കുക. യേശു നടന്ന അതേ വഴിയിലൂടെയാണ് ഞാൻ നിങ്ങളെ നയിക്കുന്നത്.                     
      അനുദിനം കുരിശു വഹിച്ചുകൊണ്ടും പെസഹായുടെ പരിപൂർത്തിയിലേക്ക് യേശുവിനെ അനുധാവനം ചെയ്തുകൊണ്ടും നിങ്ങൾ യാത്ര ചെയ്യേണ്ട കാൽവരിയിലേക്കുള്ള വഴി ഇതത്രേ.."

Sunday, March 2, 2014

പ്രാർത്ഥനയുടെ ശക്തി

ഈശോ പറയുന്നു:   


                  "ഈ ലോകത്തിലെ തിന്മയുടെ എല്ലാ സാമ്രാജ്യങ്ങളെയും തട്ടിത്തരിപ്പണമാക്കാൻ നിങ്ങളുടെ പ്രാർത്ഥനകൾക്കു കഴിയും.  തിന്മയെ പാടെ ഉന്മൂലനം ചെയ്യുന്നതിനും എന്റെ മക്കളോടൊപ്പം ഈ ഭൂമിയെ മുഴുവനും വെട്ടിവിഴുങ്ങുവാൻ ഒരുമ്പെട്ടുനിൽക്കുന്ന ആ പത്തു കൊമ്പുകളെയും (ദൈവത്തിന്റെ പത്തു കൽപ്പനകൾക്കെതിരെയുള്ള ദൈവദൂഷണങ്ങൾ) തച്ചുടയ്ക്കുന്നതിനും ആ പ്രാർത്ഥനകൾക്കു കഴിയും. ദുഷ്ടശക്തികൾ വളരെ കരുത്തുള്ളവയാണെങ്കിൽത്തന്നെയും നിങ്ങളുടെ പ്രാർത്ഥനകൾക്ക് അവയെ അതിജീവിക്കാൻ  കഴിയും. നിങ്ങളുടെ സുഗന്ധധൂളികൾക്ക് (ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥനകൾക്ക്) ഈ ലോകത്തെ ശുദ്ധീകരിക്കാൻ കഴിയും. ഞാനിതാ നിങ്ങളോടു പറയുന്നു; നിങ്ങളെത്തന്നെ  വിശ്രമരഹിതരായി പ്രാർഥനാനിരതരായിക്കാൻ അനുവദിക്കുക. അല്ലാത്തപക്ഷം       നിങ്ങൾ പ്രലോഭിതരായിപ്പോകും. പൂർവാധികം ജാഗരൂകരായിരിക്കുക. ഞാൻ നിങ്ങളെ കൈവെടിയുകയില്ല. ഞാൻ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കും.." 

(From True Life in God by Vassula Ryden)


Wednesday, February 12, 2014

പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത

ഈശോ പുനരുഥാനത്തിനു ശേഷം   അപ്പസ്തോലന്മാർക്കു  നൽകുന്ന പ്രബോധനം: 
                  

 "എന്റെ സ്നേഹിതരേ, പുരോഹിതർ  എന്നുള്ള നിലയില്‍ നിങ്ങള്‍ക്കുള്ള ശ്രേഷ്ഠത നിങ്ങള്‍  പരിഗണിക്കുവിൻ. 
                                                 വിധിക്കുവാനും പാപപ്പൊറുതി 
നല്‍കുവാനുമുള്ള   അധികാരം   പൂര്‍ണ്ണമായും    എന്റെ കരങ്ങളിലാണ്.      കാരണം,    പിതാവ്    അത്   എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.    എന്നാലത്   ഭയാനകമായ   ഒരു വിധിയായിരിക്കും. കാരണം, അതു സംഭവിക്കുന്നത് മനുഷ്യന് ഭൂമിയില്‍  എത്രനാള്‍  പരിഹാരം ചെയ്താലും പാപപ്പൊറുതി ലഭിക്കാന്‍    സാദ്ധ്യമല്ലാതാകുമ്പോഴായിരിക്കും.   ഓരോ മനുഷ്യനും അവന്റെ അരൂപിയില്‍  എന്റെ പക്കല്‍  വരും. അതു സംഭവിക്കുന്നത്‌  പദാര്‍ത്ഥപരമായ അവന്റെ മരണത്തില്‍  അവന്‍  ശരീരം വിട്ടുപിരിയുമ്പോഴാണ്. ഉപയോഗശൂന്യമായ ശരീരം.......   അപ്പോള്‍ ആദ്യത്തെ വിധി ഞാന്‍  നടത്തും. പിന്നീട്‌ മനുഷ്യവംശം   വീണ്ടും   മാംസം   ധരിച്ചു വരും. ദൈവകല്‍പ്പനയാല്‍  രണ്ടായി വിഭജിക്കപ്പെടുന്നതിനായി വീണ്ടും വരും.    ചെമ്മരിയാട്ടിന്‍കുട്ടികള്‍   അവരുടെ ഇടയനോടുകൂടിയും   കാട്ടാടുമുട്ടന്മാര്‍    അവരുടെ പീഡകനോടു കൂടിയും ചേര്‍ക്കപ്പെടും. എന്നാല്‍ മാമോദീസാ കഴിഞ്ഞ് അവര്‍ക്കു പാപപ്പൊറുതി നല്‍കുവാന്‍  ആരുമില്ലെങ്കില്‍  എത്രപേര്‍  അവരുടെ ഇടയനോടുകൂടിയുണ്ടായിരിക്കും?
                   അതുകൊണ്ടാണ് ഞാന്‍   പുരോഹിതരെ സൃഷ്ടിക്കുന്നത്. എന്റെ രക്തത്താൽ രക്ഷിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന്.... എന്റെ രക്തം രക്ഷിക്കുന്നു... എന്നാല്‍  മനുഷ്യന്‍  മരണത്തിലേക്കുള്ള വീഴ്ച തുടരുന്നു. വീണ്ടും മരണത്തിലേക്കു നിപതിക്കുന്നു... അവരെ തുടര്‍ച്ചയായി കഴുകിക്കൊണ്ടിരിക്കണം...ഏഴ് എഴുപതു പ്രാവശ്യം അതു ചെയ്യാന്‍  അധികാരമുള്ളവരാല്‍  അതു  നിര്‍വ്വഹിക്കപ്പെടണം. നിങ്ങളും നിങ്ങളുടെ പിന്‍ഗാമികളും അതു ചെയ്യണം. അതുകൊണ്ട് നിങ്ങളെ നിങ്ങളുടെ  സകല പാപങ്ങളില്‍  നിന്നും ഞാന്‍   മോചിക്കുന്നു. 
                                  എന്റെ നാമത്തില്‍  വിധിക്കുകയും പാപം മോചിക്കുകയും ചെയ്യുക എന്നത് വലിയ ശുശ്രൂഷയാണ്. നിങ്ങള്‍  അപ്പവും വീഞ്ഞും സമര്‍പ്പിച്ചു് അവ എന്റെ ശരീരവും രക്തവുമായി    മാറ്റുമ്പോള്‍,     സ്വഭാവാതീതമായ, അതിശ്രേഷ്ഠമായ ഒരു കര്‍മ്മമാണ് നിങ്ങള്‍   ചെയ്യുന്നത്. അതു  യോഗ്യതയോടുകൂടി നിര്‍വ്വഹിക്കണമെങ്കില്‍  നിങ്ങള്‍   പരിശുദ്ധരായിരിക്കണം.   കാരണം   നിങ്ങള്‍  പരിശുദ്ധനായവനെ സ്പര്‍ശിക്കയാണു ചെയ്യുന്നത്. ദൈവത്തിന്റെ മാംസത്താല്‍  നിങ്ങള്‍   നിങ്ങളെത്തന്നെ   പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. നിങ്ങള്‍   നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും അവയവങ്ങളിലും നാവിലും പരിശുദ്ധിയുള്ളവരായിരിക്കണം.   പരിശുദ്ധകുര്‍ബ്ബാനയെ  നിങ്ങള്‍   സ്നേഹിക്കണം. ഈ സ്വര്‍ഗ്ഗീയ സ്നേഹത്തോടു  കൂടി അശുദ്ധമായ യാതൊരു സ്നേഹവും കൂട്ടിക്കുഴയ്ക്കുവാന്‍  പാടുള്ളതല്ല.   അങ്ങനെ   ചെയ്യുന്നത് ദൈവനിന്ദയായിരിക്കും. നിങ്ങള്‍  ഈ സ്നേഹത്തിന്റെ രഹസ്യം വിശ്വസിക്കുകയും മനസ്സിലാക്കുകയും വേണം. ചിന്തയിലെ അശുദ്ധി വിശ്വാസത്തെ കൊല്ലുന്നു..." 

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്) 

Saturday, February 8, 2014

ദൈവമുണ്ടോ? രസകരമായ ഒരു സംവാദം

           നിരീശ്വരവാദിയായ ഒരു പ്രൊഫസ്സർ, തന്റെ ക്ളാസ്സിൽ വിദ്യാർഥികളോട് ദൈവത്തെപ്പറ്റി  സംസാരിക്കുകയായിരുന്നു.  ശാസ്ത്രീയമായി  ചിന്തിച്ചാൽ ദൈവത്തിന് അസ്തിത്വമില്ല എന്ന്  നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നദ്ദേഹം സമർഥിച്ചു. തന്റെ വാദം തെളിയിക്കാനായി ദൈവവിശ്വാസിയായ ഒരു വിദ്യാർഥിയെ എഴുന്നേൽപ്പിച്ചു നിർത്തി അവനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി:
പ്രൊ: "അപ്പോൾ നീ ദൈവത്തിൽ വിശ്വസിക്കുന്നു,അല്ലേ ? 
വി: "പൂർണ്ണമായും, സർ.."
പ്രൊ:"ആട്ടെ, നിന്റെ ഈ ദൈവം നല്ലവനാണോ?
"തീർച്ചയായും നല്ലവനാണ് .."
പ്രൊ: "ദൈവം സർവശക്തനാണോ?"
"അതെ.."
പ്രൊ: "എന്റെ സഹോദരൻ കാൻസർരോഗബാധിതനായി മരണമടഞ്ഞു.. തന്നെ സുഖപ്പെടുത്തണമേ എന്ന അവന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന ദൈവം കേട്ടില്ല. മനുഷ്യരിലധികംപേരും കഷ്ടതയനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ ഉത്സുകരാണ്; എന്നാൽ, ദൈവം അങ്ങിനെയല്ല. എന്നിട്ട് നീ പറയുന്നു ദൈവം നല്ലവനാണെന്ന്, അല്ലെ?
(വിദ്യാർഥി മൌനം)
പ്രൊ: "നിനക്ക് ഉത്തരമില്ല, അല്ലേ ? ശരി, നമുക്ക് ഇനിയും നോക്കാം.. ദൈവം നല്ലവനാണോ?"
"അതെ.."
പ്രൊ: "സാത്താൻ നല്ലവനാണോ?"
"അല്ല.."
പ്രൊ: "സാത്താൻ എവിടെനിന്നാണ് വന്നത്?"
"അത് ... ദൈവത്തിൽ നിന്ന് .."
പ്രൊ: "ശരിയാണ്.. ആകട്ടെ, ഈ ലോകത്തിൽ തിന്മയുണ്ടോ?"
"ഉണ്ട് .."
പ്രൊ: "തിന്മ എല്ലായിടത്തുമുണ്ട്; എല്ലാത്തിന്റെയും സൃഷ്ടാവ് ദൈവമാണെന്നും നീ പറയുന്നു; അല്ലേ "
"അതേ.."
പ്രൊ: "അപ്പോൾ ആരാണ് തിന്മ സൃഷ്ടിച്ചത് ?"
(വിദ്യാർഥി മൌനം)
പ്രൊ: "ഈ ലോകത്തിൽ ദുഃഖങ്ങളുണ്ട്‌, ദുരിതങ്ങളുണ്ട്, രോഗങ്ങളുണ്ട്, അധാർമ്മികതയുണ്ട്, വെറുപ്പും വിദ്വേഷവുമുണ്ട് .. ഭയാനകമായ ഈ കാര്യങ്ങളെല്ലാം ലോകത്തിലുണ്ട്,ഇല്ലേ ?"
"ഉണ്ട് .."
പ്രൊ: "ആരാണ് അവയെല്ലാം സൃഷ്ടിച്ചത് ?"
(വിദ്യാർഥി വീണ്ടും മൌനം)
പ്രൊ: "നിങ്ങൾക്ക് അഞ്ച് ഇന്ദ്രിയങ്ങൾ ഉണ്ടെന്നും അവ ഉപയോഗിച്ച് നിങ്ങൾക്കു ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിരീക്ഷിക്കണമെന്നും വിലയിരുത്തണമെന്നും സയൻസ് (ശാസ്ത്രം) നിങ്ങളെ പഠിപ്പിക്കുന്നു. ആകട്ടെ, എന്നോടു പറയൂ, നീ ദൈവത്തെ കണ്ടിട്ടുണ്ടോ ?"
"ഇല്ല സർ.." 
പ്രൊ: "നീ ദൈവത്തെ കേട്ടിട്ടുണ്ടോ?"
"ഇല്ല സർ.." 
പ്രൊ: "എപ്പോഴെങ്കിലും നീ ദൈവത്തെ സ്പർശിക്കുകയോ മണത്തറിയുകയോ രുചിക്കുകയൊ, അല്ലെങ്കിൽ ഇന്ദ്രിയപരമായ എന്തെങ്കിലും അനുഭവം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടോ ?"
"ഇല്ല സർ .."
പ്രൊ: "എന്നിട്ടും നീ ദൈവത്തിൽ വിശ്വസിക്കുന്നു!!"
"അതെ സർ .."
പ്രൊ:"സയൻസിന്റെ പ്രഖ്യാപിത തത്വങ്ങളനുസരിച്ച്‌, ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാനാവാത്തതും ശാസ്ത്രീയമായി അസ്തിത്വം  തെളിയിക്കുവാൻ പറ്റാത്തതുമായ ഈ ദൈവം എന്നൊന്ന് ഇല്ല..  നീ എന്തുപറയുന്നു?"
"എനിക്കൊന്നും പറയാനില്ല. ഞാൻ വിശ്വസിക്കുക മാത്രം ചെയ്യുന്നു."
പ്രൊ: "വിശ്വാസം.. അതെ, അവിടെയാണ് കുഴപ്പം .. ശാസ്ത്രവുമായി പൊരുത്തപ്പെടാതെ വരുന്നതവിടെയാണ്.."
പ്രൊഫസ്സറുടെ ചോദ്യംചെയ്യൽ കഴിഞ്ഞപ്പോൾ വിദ്യാർഥി ചോദിച്ചു: "സർ, ഞാനൊന്നു ചോദിക്കട്ടെ; ചൂട് (താപം) എന്നൊരു കാര്യമുണ്ടോ ?"
പ്രൊ: "ഉണ്ടല്ലോ.."
"തണുപ്പ് എന്നൊരു കാര്യമുണ്ടോ ?"
പ്രൊ: "അതുമുണ്ട് .."
"ഇല്ല സർ, സാറിനു തെറ്റി.."
ഈ സമയം ക്ളാസ്സു മുഴുവൻ നിശ്ശബ്ദമായി. വിദ്യാർഥി തുടർന്നു: "സർ, ചൂട് എന്നൊരു കാര്യം ഉണ്ട്; പല  തരത്തിൽ നമുക്കതിനെ അളക്കാം. ചെറിയ ചൂട്, വലിയ ചൂട്, കൊടും ചൂട്, ചൂടില്ലാത്ത അവസ്ഥ ഇങ്ങനെയെല്ലാം പറയാം. എന്നാൽ, തണുപ്പ് എന്നൊരു കാര്യമില്ല. ചൂടില്ലാത്ത ഒരവസ്ഥയ്ക്ക് പറയുന്ന പേരു മാത്രമാണ് തണുപ്പ് .. തണുപ്പിനെ നമുക്ക് അളക്കാൻ സാധിക്കുമോ? ഇല്ല.  ചൂട് ഊർജ്ജമാണ്; ചൂടിന്റെ അഭാവം മാത്രമാണ് തണുപ്പ്; അതിന്റെ വിപരീതമല്ല.."
ക്ളാസ് പരിപൂർണ്ണ നിശബ്ദമായി. 
വി. "സർ, ഇരുട്ട് എന്നൊരു കാര്യമുണ്ടോ?"
പ്രൊ: "പിന്നെ രാത്രി എന്നത് എന്താണ്? 
"സാറിനു വീണ്ടും തെറ്റി; ഇരുട്ട് എന്നൊന്നില്ല.വെളിച്ചത്തിന്റെ  അഭാവം മാത്രമാണ് ഇരുട്ട്.  ചെറിയ വെളിച്ചം, വലിയ വെളിച്ചം, സാധാരണ വെളിച്ചം, ശക്തിയേറിയ വെളിച്ചം ഇതൊക്കെയാകാം; തുടർച്ചയായി വെളിച്ചം ഒട്ടും തന്നെ ഇല്ലാതാകുന്ന അവസ്ഥ  മാത്രമാണ് ഇരുട്ട്. ശരിയല്ലേ ?" 
പ്രൊ: "അപ്പോൾ നീ എന്താണ് പറഞ്ഞുവരുന്നത്?"
"ഇത്രമാത്രം സർ.. സർ മുൻപുപറഞ്ഞ, ദൈവത്തിന് അസ്തിത്വമില്ല എന്നുള്ള ആ സിദ്ധാന്തം തെറ്റാണ്.."
പ്രൊ: "തെറ്റാണെന്നോ ? എങ്കിൽ തെളിയിക്കൂ .."
"സർ, താങ്കളുടെ വാദങ്ങൾ  തെറ്റാണ്. ജീവനും പിന്നെ മരണവുമുണ്ടെന്നും   ഇവ രണ്ടും രണ്ടു വ്യത്യസ്തകാര്യങ്ങളാണെന്നും താങ്കൾ പറയുന്നു. സർ,  മരണം എന്നുപറയുന്നത് ജീവനില്ലാത്ത അവസ്ഥയ്ക്കാണ്.. മരണത്തിന് ഭൗതികമായ അസ്തിത്വം ഉണ്ടാവുക സാധ്യമല്ല.    ദൈവം   നല്ലവനോ ദുഷ്ടനോ എന്നു  താങ്കൾ ചോദിക്കുന്നത്, ദൈവത്തെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാടുതന്നെ തെറ്റായതുകൊണ്ടാണ്.  നമുക്ക് അളക്കാനും അസ്തിത്വം തെളിയിക്കാനും  പറ്റുന്ന,  ഭൗതികമായ എന്തോ ഒരു വസ്തുവാണ് ദൈവം എന്നാണ് താങ്കൾ ചിന്തിക്കുന്നത്. സർ, മനുഷ്യന്റെ ചിന്ത എന്നുള്ളത് എന്താണെന്നുപൊലും വിശദീകരിക്കാൻ സയൻസിനു കഴിഞ്ഞിട്ടില്ല.  ഇലക്ട്രിസിറ്റിയും മാഗ്നറ്റിസവും   സയൻസിന്റെ കണ്ടുപിടുത്തങ്ങളാണ്. നിരവധി മേഖലകളിൽ നാമവ  പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ആരെങ്കിലും അവയെ കണ്ടിട്ടുണ്ടോ? പോട്ടെ, ഏതെങ്കിലും ഒന്നിനെപ്പറ്റിയെങ്കിലും പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ടോ?  അതുപോകട്ടെ സർ, താങ്കളുടെ വിദ്യാർഥികളെ താങ്കൾ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നില്ലേ ? അവരുടെ പൂർവികർ കുരങ്ങന്മാരായിരുന്നു എന്നല്ലേ താങ്കൾ അവരെ പഠിപ്പിക്കുന്നത്?"
പ്രൊ: "അതെ."
"താങ്കൾ പഠിപ്പിക്കുന്ന ഈ "പരിണാമം"  താങ്കളുടെ സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുണ്ടോ?"
വാദത്തിന്റെ ഗതി മനസ്സിലായ പ്രൊഫസ്സർ  പുഞ്ചിരിക്കുന്നു.
"താങ്കളെന്നല്ല ആരും തന്നെ, പരിണാമസിദ്ധാന്തത്തിൽ പറയുന്ന, കുരങ്ങിൽ നിന്നു മനുഷ്യനിലേക്കുള്ള  പരിണാമം നേരിൽ കണ്ടിട്ടില്ല. ആരുമത് തെളിയിച്ചിട്ടില്ല .. അപ്പോൾപ്പിന്നെ,  താങ്കൾ താങ്കളുടെ അഭിപ്രായം മാത്രമല്ലേ  പഠിപ്പിക്കുന്നത്? അങ്ങനെ വരുമ്പോൾ താങ്കൾ ഒരു സയന്റിസ്റ്റ് അല്ല,  ഒരു പ്രസംഗകൻ മാത്രമല്ലേ?
ക്ളാസ്സിൽ കൂട്ടച്ചിരി ഉയർന്നു ..
വിദ്യാർഥി തന്റെ വാദം തുടർന്നു;
"ഈ ക്ളാസ്സിൽ ആരെങ്കിലും നമ്മുടെ പ്രൊഫസ്സറുടെ തലച്ചോറ് കണ്ടിട്ടുണ്ടോ?
ക്ളാസ്സിൽ വീണ്ടും കൂട്ടച്ചിരി ..
"ആരെങ്കിലും അദ്ദേഹത്തിൻറെ തലച്ചോറിനെ കേൾക്കുകയോ സ്പർശിക്കുകയോ മണക്കുകയോ ചെയ്തിട്ടുണ്ടോ?  ഇല്ല; ആരും ഉണ്ടെന്നു തോന്നുന്നില്ല. അതിനാൽ, സയന്സിന്റെ പ്രഖ്യാപിതതത്വങ്ങളനുസരിച്ച്‌ നമ്മുടെ പ്രൊഫസ്സർക്ക് തലച്ചോറില്ല!!  സർ, അങ്ങയോടുള്ള ആദരവോടുകൂടിത്തന്നെ ഞാൻ ചോദിക്കുന്നു:  (തലച്ചോറില്ലാത്ത) താങ്കൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും?"
          അൽപസമയം വിദ്യാർഥിയെ നോക്കിനിന്നശേഷം  പ്രൊഫസ്സർ  പറഞ്ഞു: "അത്.....അത് .. കുഞ്ഞേ, നിങ്ങൾക്കെന്നെ വിശ്വാസത്തിലെടുക്കേണ്ടിവരുമെന്ന് എനിക്കു തോന്നുന്നു.."
"അതുതന്നെ സർ,  വിശ്വാസം!!  അതുതന്നെയാണ് ദൈവത്തെയും മനുഷ്യനെയും യോജിപ്പിക്കുന്ന കണ്ണി.. അതാണ്‌ ഈ പ്രപഞ്ചത്തിലുള്ള സകലത്തെയും സജീവമാക്കുന്നത്..."

            ഇത് കഥയല്ല; നടന്ന സംഭവമാണ്. രസികനായ ഈ വിദ്യാർഥി ആരെന്നോ ?പിൽക്കാലത്ത്  വിഖ്യാത ശാസ്ത്രജ്ഞനായിത്തീർന്ന   ആൽബർട്ട് ഐൻസ്റൈൻ! 

Sunday, February 2, 2014

ഉണ്ണിയീശോയുടെ സമർപ്പണത്തിരുനാൾ

ഫെബ്രുവരി 2 - ഇന്ന്  ഉണ്ണിയീശോയുടെ സമർപ്പണത്തിരുനാൾ 




                കന്യകാമാതാവും യൌസേപ്പുപിതാവും ഉണ്ണിയീശോയെയുമായി ജെറുസലേം ദേവാലയത്തിന്റെ  മതിൽക്കെട്ടിനുള്ളിലേക്കു  പ്രവേശിക്കുന്നു. അവർ ആദ്യം പോകുന്നത് കച്ചവടക്കാരുള്ള സ്ഥലത്തേക്കാണ്. പിൽക്കാലത്ത് ഈശോ അടിച്ചോടിക്കുന്നത് ഈ സ്ഥലത്ത് കച്ചവടം നടത്തുന്നവരെയാണ്. ആടുകളെയും പ്രാവുകളെയും വിൽക്കുന്നവരും നാണയമാറ്റക്കാരുമാണ് അവിടെ. ജോസഫ് രണ്ടു വെള്ളപ്രാക്കളെ വാങ്ങുന്നു. 
               പിന്നീടവർ ദേവാലയത്തിന്റെ ഒരു വശത്തുള്ള വാതിൽക്കലേക്കു പോകുന്നു. ഒരു പുരോഹിതൻ അവരുടെ അടുത്തേക്കു വരുന്നു. മേരി പ്രാവുകളെ അദ്ദേഹത്തിന്റെ കൈയിലേക്കു കൊടുക്കുന്നു. പുരോഹിതൻ മേരിയുടെമേൽ വെള്ളം തളിക്കുന്നു. പുരോഹിതൻ ദേവാലയത്തിനകത്തേക്കു പോകുന്നു. മേരി ഒരു നിശ്ചിതസ്ഥാനം വരെ പുരോഹിതനെ അനുഗമിക്കുന്നു. പിന്നെ നില്ക്കുന്നു; ശിശുവിനെ പുരോഹിതന്റെ കൈയിൽ കൊടുക്കുന്നു.  അവിടെ നിന്നും ഏതാനും മീറ്റർ അകലെ വീണ്ടും നടകളും അവയുടെ മുകളിൽ ഒരു അൾത്താരയുമുണ്ട്.  പുരോഹിതൻ, ശിശുവിനെ തന്റെ കരങ്ങളിലെടുത്ത് അൾത്താരയ്ക്കെതിരെ നിന്ന് ദേവാലയഭാഗത്തേക്കുയർത്തിപ്പിടിക്കുന്നു. ഈ സമയം, ഉണ്ണി ഉണർന്ന്,  ഏതാനും ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ നിഷ്കളങ്കവും അത്ഭുതം നിറഞ്ഞതുമായ കണ്ണുകളോടെ പുരോഹിതനെ നോക്കുന്നു. കർമ്മം കഴിഞ്ഞ് പുരോഹിതൻ ശിശുവിനെ അമ്മയുടെ കൈയിൽ കൊടുത്തശേഷം പോകുന്നു.
                                ഇതെല്ലാം നോക്കിനില്ക്കുന്ന ഒരു സംഘം ആളുകളുടെ ഇടയിൽ നിന്നും ഒരു ചെറിയ മനുഷ്യൻ, പ്രായാധിക്യം കൊണ്ട് കൂനുള്ള ഒരാൾ, വടിയുടെ സഹായത്തോടെ നടന്നുവരുന്നു.  അയാൾ, മേരിയുടെ അടുത്തുചെന്ന് കുഞ്ഞിനെ ഒരു നിമിഷത്തേക്കു കൊടുക്കാമോ എന്നു ചോദിക്കുന്നു. മേരി പുഞ്ചിരിതൂകിക്കൊണ്ട് അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നു.
                               ശിമയോൻ ശിശുവിനെ കൈയിലെടുത്തു ചുംബിക്കുന്നു. ഈശോ ശിശുക്കൾക്കു സഹജമായവിധം അയാളെ നോക്കി പുഞ്ചിരിതൂകുന്നു. വൃദ്ധൻ കരയുകയും ചിരിക്കുകയും ചെയ്യുന്നു.. കണ്ണുനീർ, ചിത്രപ്പണിപോലെ ചുളിവുകളുള്ള മുഖത്തു തിളങ്ങുകയും നീളമുള്ള താടിമീശയെ തടവി മുത്തുമണികൾ പോലെ താഴേക്ക് ഒഴുകുകയും ചെയ്യുന്നു..
                                               സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ ശിമയോൻ ഉച്ചരിക്കുന്നു.. ജോസഫ് വിസ്മയിക്കുന്നു.. മേരി ദുഃഖം നിറഞ്ഞ കണ്ണുകളോടെ ശിമയോനെ നോക്കുന്നു.  അവളുടെ പുഞ്ചിരി താനെ വിളറുന്നു .. അവൾക്കറിയാമെങ്കിലും ആ വാക്കുകൾ അവളുടെ ആത്മാവിൽ തുളച്ചുകയറുന്നു.  ആശ്വാസത്തിനായി അവൾ ജോസഫിന്റെ പക്കലേക്കു പോകുന്നു. ശിശുവിനെ നെഞ്ചോടുചേർത്ത് അമർത്തിപ്പിടിച്ചിരിക്കുന്നു.. ദാഹിച്ചുപൊരിയുന്ന ആത്മാവിനെപ്പോലെ ഫനുവേലിന്റെ പുത്രി അന്നയുടെ വാക്കുകൾ സ്വീകരിക്കുന്നു..അന്ന, മേരിയുടെ സഹനങ്ങളെക്കുറിച്ച് യഥാർത്ഥ സഹതാപത്തോടെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു..നിത്യനായ പിതാവ്, ദുഃഖത്തിന്റെ ആ നാഴികയിൽ, സ്വഭാവാതീതമായ ശക്തി നല്കി നിന്നെ സംരക്ഷിച്ച് ആ ദുഃഖം മയപ്പെടുത്തും എന്നുപറയുന്നു.. "സ്ത്രീയേ, തന്റെ ജനത്തിനു രക്ഷകനെ പ്രദാനം ചെയ്തവൻ, നിന്റെ കണ്ണീർ തുടയ്ക്കാൻ ദൈവദൂതനെ അയയ്ക്കുന്നതിന് അശക്തനല്ല.  ഇസ്രായേലിലെ സ്ത്രീകൾക്ക് ദൈവമായ കര്ത്താവിന്റെ സഹായം ഒരിക്കലും ഇല്ലാതെ വന്നിട്ടില്ല. നീയാകട്ടെ, യൂദിത്തിനെയും ജായേലിനെയുംകാൾ എത്രയോ ശ്രേഷ്ഠയാകുന്നു..ഏറ്റം നിർമലമായ ഒരു ഹൃദയം നമ്മുടെ കർത്താവു നിനക്കു തരും..ദുഃഖത്തിന്റെ കൊടുങ്കാറ്റിനെ നീ അതിജീവിക്കും. അങ്ങനെ   സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരിൽ വെച്ച് 
അതിശ്രേഷ്ഠയായ  സ്ത്രീയും അമ്മയും നീആയിത്തീരും.    കുഞ്ഞേ, നിന്റെ      ദൗത്യനിർവഹണസമയത്ത്   എന്നെ   നീ        ഓർക്കണമേ ..."
                                                                                                              (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)                                                  

സാത്താൻ വാസ്തവത്തിൽ ഉണ്ടോ?

നിക്കോളാസ് എന്ന യുവാവിന്റെ  അനുഭവ സാക്ഷ്യം

                         ഫാ.ആൻഡ്രൂ ട്രാപ്  പറയുന്നു: വളരെക്കാലം സഭയിൽ നിന്നകന്നു ജീവിച്ചശേഷം, തിരിച്ച് സഭയിലേക്കു വന്നിട്ടുള്ള   യുവജനങ്ങൾക്കായി  എന്റെ ഇടവകയിൽ  ആഴ്ച തോറും ഒരു  പ്രാർഥനാ യോഗം നടത്തുന്നുണ്ട്. യുവാക്കളോരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചകൂട്ടത്തിൽ,  നിക്കോളാസ് എന്നു പേരായ ഒരു യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് അക്ഷരാർഥത്തിൽ ഞാൻ ഞെട്ടി !!

                    അവൻ വർഷങ്ങളോളം സാത്താൻ സേവക്കാരുടെ ഒരു ഗ്രൂപ്പിൽ അംഗമായിരുന്നു! ആ കാലമത്രയും അവൻ ദുസ്സഹമായ മാനസിക സംഘർഷത്തിലും നിരാശയിലുമായിരുന്നു കഴിഞ്ഞിരുന്നത്. താനകപ്പെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് പുറത്തുകടക്കാൻ അവൻ  ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.  നിരാശ മൂത്ത അവൻ  ആത്മഹത്യയെപ്പറ്റി ചിന്തിക്കാൻ തുടങ്ങി ..  
                                     നിക്കോളാസിന്റെ അമ്മ അതീവഭക്തയായ ഒരു സ്ത്രീയായിരുന്നു.   അവരുടെ തീക്ഷ്ണമായ പ്രാർഥനയാൽ അവൻ ആ പൈശാചികസംഘത്തിൽ നിന്ന് ഒടുവിൽ മുക്തി നേടി,  ക്രിസ്തുവിനോടൊത്തു ജീവിക്കാൻ തുടങ്ങി. അങ്ങനെയാണ് എന്റെ ഇടവകയിലെ പ്രാർഥനാ ഗ്രൂപ്പിലെ അംഗമായതും മീറ്റിങ്ങുകളിൽ സംബന്ധിക്കാൻ തുടങ്ങിയതും.  
                         നിക്കോളാസിന്റെ തുറന്ന വെളിപ്പെടുത്തൽ കേട്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി!    സാത്താൻ സേവക്കാരുമായി ബന്ധമുണ്ടായിരുന്ന ആരെയും അന്നുവരെ ഞാൻ കണ്ടുമുട്ടിയിരുന്നില്ല.  ഇക്കൂട്ടരെപ്പറ്റി  പറഞ്ഞുകേൾക്കുന്നതൊക്കെ സത്യമാണോ എന്നറിയാൻ എനിക്കാഗ്രഹം തോന്നി. ഞാൻ അവനോടു ചോദിച്ചു: "എങ്ങിനെയാണ് നിങ്ങൾ സാത്താനെ ആരാധിച്ചിരുന്നത്?"
"                             "കത്തോലിക്കാ സഭയുടെ ഏറ്റം ആരാധ്യകൂദാശയായ  ദിവ്യബലിയുടെ പരിഹാസ്യ രൂപമായ 'കറുത്ത കുർബാനകൾ' (black mass) നടത്തിക്കൊണ്ട് .."
                          പ്രൊട്ടസ്റ്റന്റുകാരുടെയോ മറ്റു മതക്കാരുടെയോ ആരാധനാരീതികളോ പ്രാർഥനാരീതികളോ ഇപ്രകാരം ഹാസ്യമായി അനുകരിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ ഇല്ല എന്നവൻ മറുപടി നല്കി.  കത്തോലിക്കാ ദേവാലയങ്ങളിൽ നിന്ന് വാഴ്ത്തിയ തിരുവോസ്തികൾ  ഇക്കൂട്ടർ മോഷ്ടിക്കാറുണ്ട് എന്നു കേൾക്കുന്നതു സത്യമാണോ എന്നു ചോദിച്ചതിന് സത്യമാണ് എന്നായിരുന്നു മറുപടി. 'കറുത്ത കുർബാന'യുടെ ആഘോഷവേളയിൽ ഈ തിരുവോസ്തികളുടെ മേൽ തുപ്പുകയും ചവിട്ടുകയും ഏറ്റം നിന്ദ്യമായ വിധത്തിൽ അവഹേളിക്കുകയും ചെയ്യുമെന്നും അവൻ പറഞ്ഞു.  

ഞാൻ വീണ്ടും ചോദിച്ചു: "സാത്താൻ സേവയിൽ തഴക്കം വന്നവർക്ക് വാഴ്ത്തിയ തിരുവോസ്തികൾ, മറ്റുള്ളവയിൽനിന്ന് തിരിച്ചറിയാമെന്നു പറയുന്നതും സത്യമാണോ? ഉദാഹരണത്തിന് പ്രൊട്ടസ്റ്റന്റുകാർ അവരുടെ പ്രാർഥനാ കർമ്മങ്ങൾക്കുപയോഗിക്കുന്ന അപ്പമോ കൂദാശ ചെയ്യപ്പെടാത്ത ഓസ്തിയോ വാഴ്ത്തിയ തിരുവോസ്തികൾക്കൊപ്പം വെച്ചാൽ ഏതിലാണ്  യേശുക്രിസ്തുവിന്റെ സാന്നിധ്യമുള്ളതെന്ന് ഇവർക്കു തിരിച്ചറിയാൻ പറ്റുമോ?"
"പറ്റും ..  എനിക്കതറിയാമായിരുന്നു.."
"എങ്ങനെ?"
  എന്നെ ഒന്നുനോക്കിയശേഷം നിക്കോളാസ് പറഞ്ഞ മറുപടി എന്റെ ഓർമയിൽനിന്ന് ഒരു കാലത്തും മാഞ്ഞുപോവില്ല.   "മുഖ്യമായും എന്റെയുള്ളിൽ  കത്തിജ്ജ്വലിക്കുന്ന വെറുപ്പു നിമിത്തം.."

                             ഇതുകേട്ട് തലയ്ക്കടി കിട്ടിയവനെപ്പോലെ ഞാൻ മരവിച്ചു നിന്നു.  പല വിശുദ്ധന്മാർക്കും തിരുവോസ്തിയിലെ ഈശോയുടെ പരിശുദ്ധ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഈ സിദ്ധിയുള്ളതായി എനിക്കറിയാം. കൂദാശ ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഓസ്തികൾ  ഒരുമിച്ചു വെച്ചാൽ, യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉള്ള തിരുവോസ്തി  ഏതെന്നു പറയുവാൻ അവർക്കു കഴിയും. പക്ഷെ, അത് യേശുക്രിസ്തുവുമായുള്ള അതീവദൃഡമായ ഐക്യത്തിൽ നിന്നുളവാകുന്ന ഒരു സിദ്ധിയാണ്. എന്നാൽ,  നേരെമറിച്ച് നിക്കൊളാസോ ? സാത്താനെ ആരാധിച്ചതിന്റെ ഫലമായി അവന്റെയുള്ളിൽ രൂപപ്പെട്ട ക്രിസ്തുവിനോടുള്ള അതികഠിനമായ വെറുപ്പിനാൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അവൻ തിരിച്ചറിയുന്നു!!
                        
               ഇത് നാമെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട  ഒരു കാര്യമാണ്. കത്തോലിക്കരായ നമുക്ക് പരിശുദ്ധവും ആരാദ്ധ്യവുമായ എന്തിനെയും പരിഹാസ്യമായി അനുകരിക്കുന്നവനാണ് സാത്താൻ.  ലോകത്തിലെ  പ്രാർഥനകളിൽ ഏറ്റവും പരിശുദ്ധമായതാണ് പരിശുദ്ധ കുർബാന. ഏറ്റം ആരാധ്യമായ ഈ കൂദാശയെ അങ്ങേയറ്റം അവഹേളിച്ചുകൊണ്ട് അവന്റെ അനുയായികൾ കറുത്ത കുര്ബാന നടത്തുന്നു.  തിരുവോസ്തിയിലെ ക്രിസ്തുസാന്നിദ്ധ്യത്തെ സ്നേഹം കൊണ്ടു തിരിച്ചറിയുന്നതിനു പകരം, വെറുപ്പു കൊണ്ടു തിരിച്ചറിയുന്നു! 


                              നിക്കോളാസിന്റെ ഈ വെളിപ്പെടുത്തലുകൾ  ഞെട്ടിപ്പിക്കുന്നതാണെങ്കിലും   മറ്റൊരു വിധത്തിൽ അതു നമുക്ക് പ്രത്യാശയും ശക്തിയും പകർന്നുതരുന്നു.  സാത്താൻ വാസ്തവത്തിൽ ഉണ്ട്; അവൻ ശക്തനുമാണ്. എന്നാൽ, അവനെക്കാൾ അനേകായിരം മടങ്ങ്‌ ശക്തനാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്തു.  അവിടുത്തെ കൃപയാലും പ്രിയപ്പെട്ടവരുടെയോ വിശ്വാസികളായ മറ്റുള്ളവരുടെയോ പ്രാർത്ഥനയാലും  ഏറ്റം നികൃഷ്ഠനായ പാപിയെപ്പോലും ക്രിസ്തുവിന്റെ സ്നേഹത്തിലേക്കു തിരിച്ചുകൊണ്ടു വരാനാകും.  

Wednesday, January 29, 2014

സ്വർഗ്ഗവും നരകവും ഉണ്ടോ? ഫാ.ജോസിന്റെ അനുഭവസാക്ഷ്യം

 ഫാ.ജോസിന്റെ അനുഭവസാക്ഷ്യം തുടരുന്നു: 

           ഈശോ എന്നോടു പറഞ്ഞു: "നിന്നെ ഞാൻ ഭൂമിയിലേക്കു തിരിച്ചയയ്ക്കാനാഗ്രഹിക്കുന്നു. നിന്റെ ഈ രണ്ടാം ജന്മത്തിൽ നീ എന്റെ സമാധാനത്തിന്റെ ഉപകരണവും മനുഷ്യർക്കു സൗഖ്യവുമായിത്തീരും. ഒരു വിദേശ രാജ്യത്തു പോയി നീ വിദേശഭാഷ സംസാരിക്കും. എന്റെ കൃപ മൂലം ഇതെല്ലാം നിനക്കു സാധ്യമാകും.  അപ്പോൾ പരിശുദ്ധമാതാവ് എന്നോടു പറഞ്ഞു: "അവിടുന്ന് പറയുന്നതുപോലെ ചെയ്ക.  നിന്റെ ശുശ്രൂഷയിൽ ഞാൻ നിന്നെ സഹായിക്കും."
                    തുടർന്ന് എന്റെ കാവൽമാലാഖയോടൊപ്പം ഞാൻ ഭൂമിയിലേക്കു മടങ്ങി വന്നു.  ആ സമയത്ത് എന്റെ മൃതദേഹം ആശുപത്രിയിലായിരുന്നു.  ഡോക്ടർമാർ പരിശോധനക്കു ശേഷം ഞാൻ  മരിച്ചതായി പ്രഖ്യാപിച്ചു!  മരണകാരണം രക്തസ്രാവവും...  എന്റെ കുടുംബാംഗങ്ങളൊക്കെയും വളരെ ദൂരെയായിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്കു മാറ്റുവാൻ തീരുമാനമായി. അവിടേക്ക് ശരീരം മാറ്റുന്നതിനിടയിൽ എന്റെ ആത്മാവ് മടങ്ങിയെത്തി ശരീരത്തിൽ പ്രവേശിച്ചു. പെട്ടെന്ന് അതികഠിനമായ വേദന എനിക്കനുഭവപ്പെടാൻ തുടങ്ങി..ശരീരത്തിലുള്ള മുറിവുകളും അസ്ഥികൾക്കു സംഭവിച്ച ഒടിവുകളുമായിരുന്നു വേദനയ്ക്ക് കാരണം. ഞാൻ കരഞ്ഞു നിലവിളിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരം മോർച്ചറിയിലേക്കു കൊണ്ടുപോയിരുന്നവർ ഭയപ്പെട്ട് കരഞ്ഞുകൊണ്ടോടിപ്പോയി. അതിലൊരാൾ ഡോക്ടറെ സമീപിച്ച് മൃതദേഹം കരഞ്ഞുനിലവിളിക്കുന്നതായി അറിയിച്ചു. ഡോക്ടർ ഉടൻതന്നെ വന്ന്‌ എന്നെ പരിശോധിച്ചപ്പോൾ എനിക്കു ജീവനുള്ളതായിക്കണ്ടു !! ഇത് ഒരത്ഭുതമാണെന്നും അച്ചൻ ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞ് എന്നെ ആശുപത്രിയിലേക്കു മാറ്റി.
                   അവിടെ വെച്ച് എനിക്കു രക്തം നൽകുകയും എന്നെ പല ശസ്ത്രക്രിയകൾക്കും വിധേയനാക്കുകയും ചെയ്തു.   എന്റെ കീഴ്ത്താടിയുടെ എല്ല്, വാരിയെല്ലുകൾ, കൈയുടെ കുഴ, വലത്തുകാൽ, ഇടുപ്പെല്ല് ഇവയെല്ലാം ഒടിഞ്ഞിരുന്നു... രണ്ടുമാസത്തിനു ശേഷം ഞാൻ ആശുപത്രി വിട്ടു. ഇനിയൊരിക്കലും എനിക്കു നടക്കാൻ കഴിയില്ലെന്ന് അവിടുത്തെ അസ്ഥിരോഗവിദഗ്ദ്ധൻ വിധിയെഴുതി. എന്റെ ജീവൻ  തിരിച്ചു നല്കി ഈ ലോകത്തിലേക്ക് എന്നെ മടക്കി അയച്ച ദൈവം,  എന്നെ സുഖപ്പെടുത്തുമെന്ന് ഞാൻ മറുപടി നല്കി. 
               വീട്ടിലേക്കു മടങ്ങിയ ഞാൻ, ഒരത്ഭുതം സംഭവിക്കാൻ എല്ലാവരുമൊത്തു പ്രാർത്ഥന തുടങ്ങി. ഒരു മാസം കഴിഞ്ഞിട്ടും എനിക്കു നടക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഇടുപ്പിന്റെ ഭാഗത്ത് ശക്തിയായ വേദന അനുഭവപ്പെട്ടു.. അൽപസമയം കഴിഞ്ഞപ്പോൾ വേദന മാറി. തുടർന്ന് ഒരു സ്വരം ഞാൻ കേട്ടു:  "നിനക്കു സൌഖ്യം ലഭിച്ചിരിക്കുന്നു; എഴുന്നേറ്റു നടക്കുക."  സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും അനുഭവം എന്റെ ശരീരത്തിൽ ഞാനനുഭവിച്ചു. പെട്ടെന്ന് ഞാൻ എഴുന്നേറ്റുനടന്നു!!  ഈ അത്ഭുതരോഗസൗഖ്യത്തിന്  ദൈവത്തിനു ഞാൻ നന്ദിയർപ്പിച്ചു..
                            ഈ വിവരം ഞാനെന്റെ ഡോക്ടറെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ദൈവമാണ് സത്യദൈവം. ഞാൻ ആ ദൈവത്തെ അംഗീകരിക്കുന്നു.." ഹിന്ദുമതവിശ്വാസിയായ ആ ഡോക്ടർ, കത്തോലിക്കാസഭയെപ്പറ്റി പഠിപ്പിക്കുവാൻ എന്നോടാവശ്യപ്പെട്ടു. പഠനത്തിനു ശേഷം മാമോദീസ സ്വീകരിച്ച് അദ്ദേഹം  കത്തോലിക്കാസഭയിൽ അംഗമായി. 

                   ഈശോ നല്കിയ സന്ദേശമനുസരിച്ച്    1986 നവംബർ പത്താംതീയതി, ഞാനൊരു മിഷനറി വൈദികനായി അമേരിക്കയിലെത്തി. അവിടുത്തെ ബോയിസ് രൂപതയിലും ഈദോഹയിൽ 1987 മുതൽ 1989 വരെയും തുടർന്ന് 1989 മുതൽ 1992 വരെ ഫ്ളോറിഡയിലും  പിന്നീട് സെന്റ് അഗസ്റ്റിൻസ് രൂപതയിലും  സേവനം ചെയ്തു.  ഇപ്പോൾ, മാക്ലെന്നിലുള്ള സെന്റ്‌ മേരി മദർ ഓഫ് മേഴ്സി കാത്തലിക് ചർച്ചിൽ വികാരിയായി സേവനം അനുഷ്ടിക്കുന്നു. ഈ പള്ളിയിൽ എല്ലാ മാസാദ്യ ശനിയാഴ്ചകളിലും ദൈവകാരുണ്യസൗഖ്യശുശ്രൂഷകൾ നടത്തുന്നു. കൂടാതെ, കുടുംബശാപങ്ങളെ സൗഖ്യമാക്കുന്ന പ്രത്യേകശുശ്രൂഷ വർഷത്തിൽ പല തവണ നടത്താറുണ്ട്‌. ഇങ്ങനെ പൂർവികരിലൂടെ കടന്നുവരുന്ന പാപശാപങ്ങളുടെ സ്വാധീനത്തിൽ നിന്നും ധാരാളം ആളുകൾക്ക് സൗഖ്യം ലഭിച്ചിട്ടുണ്ട്. 

(2012 ലെ അറ്റ്ലാന്റാ സീറോ മലബാർ കണ്‍വെൻഷനിൽ വെച്ചു നൽകിയ അനുഭവസാക്ഷ്യം)

Web site: http://frmaniyangathealingministry.com

സ്വർഗ്ഗവും നരകവും ഉണ്ടോ?

സ്വർഗ്ഗവും നരകവും ഉണ്ടോ?
അവ ഉണ്ടെന്നു തെളിയിക്കുന്ന റവ.ഫാ.ജോസ് മണിയങ്ങാട്ടിന്റെ അനുഭവസാക്ഷ്യം 

Fr.Jose
ഞാൻ 1949 ജൂലയ് 15 ന് മണിയങ്ങാട്ട് ജോസഫിന്റെയും തെരെസായുടെയും മകനായി കേരളത്തിൽ ജനിച്ചു. എനിക്കു 14 വയസ്സുള്ളപ്പോൾ തിരുവല്ലായിലെ സെൻറ് മേരീസ് മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. നാലു വർഷത്തിനു ശേഷം ആലുവായിലെ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ പഠനം തുടർന്നു. ഫിലോസഫിയിലും തിയോളജിയിലും 7 വർഷത്തെ പഠനത്തിനുശേഷം 1975 ജനുവരി ഒന്നാം തീയതി എനിക്കു വൈദിക പട്ടം ലഭിച്ചു. തുടർന്ന് തിരുവല്ലാ രൂപതയിൽ മിഷനറിയായി സേവനം ചെയ്യാൻ തുടങ്ങി. 
                           സുൽത്താൻ ബത്തേരിയിലെ മൈനർ സെമിനാരിയിൽ അദ്ധ്യാപകനായിരിക്കെ, 1978 - ൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ സജീവ അംഗമായി മാറി. ഏറെ കരിസ്മാറ്റിക് ധ്യാനങ്ങളും സമ്മേളനങ്ങളും കേരളത്തിൽ സംഘടിപ്പിക്കുവാൻ കഴിഞ്ഞു. 1985 ഏപ്രിൽ പതിന്നാലാം തീയതി, ദൈവകരുണയുടെ തിരുനാൾ ദിവസം, കേരളത്തിന്റെ വടക്കുഭാഗത്തുള്ള ഒരു ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കാനായി പോകവേ, ഞാനൊരു വലിയ അപകടത്തിൽപ്പെട്ടു.
                മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന എന്നെ,  മദ്യപനായ ഒരാൾ  ഓടിച്ചിരുന്ന ഒരു ജീപ്പ് ഇടിച്ചുവീഴ്ത്തി.  ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയിൽ കിടന്നിരുന്ന എന്നെ, ഏകദേശം 35 മൈൽ അകലെയുള്ള ഒരാശുപത്രിയിൽ എത്തിച്ചു.  ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ, ഞാൻ മരിക്കുകയും എന്റെ ആത്മാവ് എന്റെ ശരീരത്തിനു പുറത്തുവരികയും ചെയ്തു.എന്റെ കാവൽമാലാഖയെ ഞാൻ കണ്ടു.  എന്റെ ശരീരത്തെയും അതിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നവരെയുമൊക്കെ പുറത്തുനിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. അവർ കരയുന്നതും എനിക്കുവേണ്ടി പ്രാർഥിക്കുന്നതുമല്ലാം ഞാൻ കണ്ടു. അപ്പോൾ എന്റെ  കാവൽ മാലാഖ ഇപ്രകാരം പറഞ്ഞു: "ദൈവം നിന്നെ കാണുവാനും നിന്നോടു സംസാരിക്കാനും ആഗ്രഹിക്കുന്നു."  പോകുന്ന വഴിക്ക് നരകവും ശുദ്ധീകരണസ്ഥലവും എന്നെ കാണിച്ചുതരാമെന്നും കാവൽമാലാഖ പറഞ്ഞു. 
                           


ആദ്യം, മാലാഖ എന്നെ നരകം കാണിച്ചു. സാത്താനും പിശാചുക്കളും അത്യധികം ചൂടു വമിക്കുന്ന കെടാത്ത അഗ്നിയും ഇഴഞ്ഞു നടക്കുന്ന പുഴുക്കളും കരയുകയും തമ്മിൽ പോരടിക്കുകയും ചെയ്യുന്ന അനേകം മനുഷ്യരും എല്ലാംകൂടി വളരെ ഭയാനകമായ ഒരു കാഴ്ചയായിരുന്നു അത്. മനുഷ്യരെയെല്ലാം പിശാചുക്കൾ പീഡിപ്പിക്കുന്നുണ്ടായിരുന്നു.    മാരകപാപങ്ങൾ ചെയ്തിട്ട് അനുതപിക്കാത്തതുകൊണ്ടാണ്  ഈ പീഡനങ്ങൾ അവർക്കുണ്ടായതെന്നു മാലാഖ പറഞ്ഞുതന്നു.  ഏഴു തരത്തിലുള്ള പീഡനങ്ങൾ ഉണ്ടെന്നും അവ ഭൂമിയിൽ വെച്ച് മനുഷ്യർ ചെയ്തിട്ടുള്ള മാരകപാപങ്ങൾക്ക്‌ അനുസൃതമായിട്ടായിരിക്കുമെന്നും എനിക്കു മനസ്സിലായി. എനിക്കറിയാവുന്ന പല ആളുകളേയും ഞാനവിടെ കണ്ടു. അവർ ആരൊക്കെയെന്നു വെളിപ്പെടുത്തുവാൻ എനിക്ക് അനുവാദമില്ല. അവിടെ കണ്ട ആത്മാക്കൾ ചെയ്ത മാരകപാപങ്ങൾ പ്രധാനമായും  ഭ്രൂണഹത്യ, സ്വവർഗഭോഗം, വെറുപ്പ്‌,  വിശുദ്ധരായ വ്യക്തികളോടോ പവിത്രമായ വസ്തുക്കളോടോ കാണിച്ചിട്ടുള്ള നിന്ദ, ക്ഷമിക്കാത്ത അവസ്ഥ ഇവയൊക്കെയായിരുന്നു.. അവർ മരിക്കുന്നതിനു മുൻപ് അനുതപിച്ചിരുന്നെങ്കിൽ നരകത്തിൽ പോകാതെ ശുദ്ധീകരണസ്ഥലത്തു പോകുമായിരുന്നു എന്ന് എന്റെ കാവൽമാലാഖ എന്നോടു പറഞ്ഞു. അവിടെ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പലരെയും എനിക്കവിടെ കാണാൻ കഴിഞ്ഞു!! സഭാനേതൃത്വത്തിലിരുന്ന ചിലർ, അവരുടെ തെറ്റായ പഠിപ്പിക്കലുകളും ദുർമാതൃകയും മൂലമാണ് നരകത്തിലെത്തിയത്.
                               
നരകം കാണിച്ചതിനു ശേഷം കാവൽമാലാഖ എന്നെ ശുദ്ധീകരണസ്ഥലത്തേക്ക് നയിച്ചു.  അവിടെയും ഏഴു തരത്തിലുള്ള പീഡനങ്ങളും കെടാത്ത അഗ്നിയും ഞാൻ കണ്ടു. എന്നാൽ, അവിടെയുള്ള ആത്മാക്കൾ തമ്മിൽ പോരടിക്കുന്നില്ല.. അവിടെയുള്ള ആത്മാക്കളുടെ ഏറ്റം വലിയ പീഡനം, അവർ ദൈവസന്നിധിയിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന അവസ്ഥയാണ്.  ജീവിച്ചിരുന്നപ്പോൾ കൊടിയ പാപങ്ങൾ ചെയ്തവരെങ്കിലും മരണസമയത്ത് പശ്ചാത്തപിച്ച് ദൈവവുമായി അനുരഞ്ജനപ്പെട്ടതിനാൽ നരകത്തിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞ പല ആത്മാക്കളേയും ഞാൻ കണ്ടു. അവർ അവിടെ നിരവധി യാതനകൾ അനുഭവിക്കുന്നുവെങ്കിലും ഒരു ദിവസം ദൈവദർശനം ലഭിക്കുമെന്ന പ്രത്യാശയിൽ സമാധാനത്തോടെ എല്ലാം സഹിക്കുന്നു. 
                       ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ആശയവിനിമയം നടത്താൻ എനിക്ക് അനുവാദംനൽകപ്പെട്ടു. അവർക്കുവേണ്ടി പ്രാർഥിക്കണമെന്ന് എന്നോടവർ അപേക്ഷിച്ചു.. കൂടാതെ, ലോകത്തിലുള്ളവരോട് അവർക്കുവേണ്ടി പ്രാർഥിക്കുവാൻ പറയണമെന്നും പറഞ്ഞു.  അവർക്കുവേണ്ടി നാം പ്രാർഥിക്കുമ്പോൾ അവരുടെ സ്വർഗ്ഗപ്രവേശനം ത്വരിതപ്പെടുമെന്നും നമ്മുടെ പ്രാർഥനകൾക്ക് എന്നെന്നും അവർ നമ്മോട് നന്ദിയുള്ളവരായിരിക്കുമെന്നും നിത്യതയിലെത്തുമ്പോൾ അതിന് പ്രതിസമ്മാനം ദൈവത്തിൽ നിന്നു പ്രാപിച്ചുതരുന്നതാണെന്നും അവർ പറഞ്ഞു. 

പിന്നീട്, മാലാഖ എന്നെ കണ്ണഞ്ചിപ്പിക്കുന്ന ഒരു വെളുത്ത തുരങ്കത്തിലൂടെ കൊണ്ടുപോയി. ഈ സമയത്ത് ഞാനനുഭവിച സന്തോഷവും സമാധാനവും ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല! പെട്ടെന്ന് സ്വർഗം തുറന്നു...സ്വർഗീയ സംഗീതം കേൾക്കാൻ തുടങ്ങി... മാലാഖമാരെല്ലാം ദൈവത്തെ പടി സ്തുതിക്കുകയാണ് ... പരിശുദ്ധ കന്യകാമാതാവിനെയും വി. യൌസേപ്പുപിതാവിനെയും മറ്റനേകം വിശുദ്ധരേയും അവിടെ കണ്ടു. അവരെല്ലാം നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. തുടർന്ന് ഈശോ എന്റെ മുൻപിൽ നിൽക്കുന്നതായി  ഞാൻ കണ്ടു !!ഈശോ എന്നോടു പറഞ്ഞു: "നിന്നെ ഞാൻ ഭൂമിയിലേക്കു തിരിച്ചയയ്ക്കാനാഗ്രഹിക്കുന്നു. നിന്റെ ഈ രണ്ടാം ജന്മത്തിൽ നീ എന്റെ സമാധാനത്തിന്റെ ഉപകരണവും മനുഷ്യർക്കു സൗഖ്യവുമായിത്തീരും. ഒരു വിദേശ രാജ്യത്തു പോയി നീ വിദേശഭാഷ സംസാരിക്കും. എന്റെ കൃപ മൂലം ഇതെല്ലാം നിനക്കു സാധ്യമാകും.  അപ്പോൾ പരിശുദ്ധമാതാവ് എന്നോടു പറഞ്ഞു: "അവിടുന്ന് പറയുന്നതുപോലെ ചെയ്ക.  നിന്റെ ശുശ്രൂഷയിൽ ഞാൻ നിന്നെ സഹായിക്കും."
                            തുടർന്ന് എന്റെ കാവൽമാലാഖയോടൊപ്പം ഞാൻ ഭൂമിയിലേക്കു മടങ്ങി വന്നു.  

Father Jose 
email: frmaniyangathealingministry@hotmail.com

Website:http://frmaniyangathealingministry.com