ജാലകം നിത്യജീവൻ: സഹനം ഒരു അനുഗ്രഹം

nithyajeevan

nithyajeevan

Sunday, May 18, 2014

സഹനം ഒരു അനുഗ്രഹം

                  ദൈവം തിരുമനസ്സാവുകയോ അനുവദിക്കുകയോ ചെയ്യാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. 'എല്ലാം അനുഗ്രഹം തന്നെ' എന്നാണ് വി.കൊച്ചുത്രേസ്യ പറയുന്നത്. ദൈവം ദുരന്തങ്ങൾ അനുവദിക്കുന്നെങ്കിൽ, അത് അവയിൽ  നിന്ന്  മഹത്തായ ഏതോ നന്മ പുറപ്പെടുവിക്കാൻ വേണ്ടിയാണ്. വിഷമതകളുടെ നടുവിലാണ് നമ്മുടെ സുകൃതവും നന്മയും ബലിഷ്ഠമാകുന്നത്. സഹനം ഒരു ചൂണ്ടുപലകയാണ്. ആത്മാവിന്റെ ആരോഗ്യത്തിന് കൂടുതൽ ഉപകരിക്കുന്നതേതെന്ന്, ചിന്താക്കുഴപ്പം പിടിച്ച നമ്മുടെ മനസ്സിന് അത് സൂചന നല്കുന്നു. പരീക്ഷകളിൽ നാം ചഞ്ചലചിത്തരായി അടി പതറുന്നെങ്കിൽ അതു നമ്മുടെ വിശ്വാസരാഹിത്യത്തെയാണ് കാണിക്കുന്നത്. എല്ലാം നമുക്ക് എതിരായിരിക്കുമ്പോഴും ഒരു കാര്യം ഉറപ്പിക്കാം; നാം ആദ്യം ദൈവത്തെ പരിത്യജിക്കാത്തപക്ഷം ഒരിക്കലും നമ്മെ അവിടുന്ന് കൈവിടുകയില്ല. പരാതികൾ ഉയർത്തിക്കൊണ്ട് നിരാശയിൽ നിപതിക്കുന്നതിനു പകരം, പരീക്ഷണഘട്ടങ്ങളിൽ നാം നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുകയാണു വേണ്ടത്. ക്രിസ്തുവിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ചു നമുക്കും, നമുക്ക് അവിടുത്തോടുള്ള സ്നേഹത്തെക്കുറിച്ച് ക്രിസ്തുവിനും ഉറപ്പുള്ളപ്പോഴാണ് തന്റെ സഹനങ്ങളിൽ ഓഹരിക്കാരാകാൻ അവിടുന്ന് ആവശ്യപ്പെടുന്നത്.
                 ഭൌമിക മഹത്വം മാത്രം സ്വപ്നം കാണുന്നവർക്ക് സഹനത്തിന്റെ രഹസ്യം ഗ്രഹിക്കുക പ്രയാസകരമത്രേ. ക്രൂശിതനായ ക്രിസ്തു "യഹൂദന്മാർക്ക് ഇടർച്ചയും പുറജാതികൾക്കു ഭോഷത്തവുമാണ്" എന്ന് (കോറി . 1:23) വി.പൗലോസ്‌ പറയുന്നു. തന്റെ പീഡാനുഭവത്തെപ്പറ്റി ആദ്യം സൂചിപ്പിച്ചപ്പോൾ, അതിനെതിരേ ശബ്ദമുയർത്തിയ പത്രോസിനോട് ഈശോ പറഞ്ഞു: "സാത്താനെ, എന്റെ മുൻപിൽ നിന്ന് പോകൂ... നീ നമുഷ്യൻ ചിന്തിക്കുന്നതുപോലെയാണ് ചിന്തിക്കുന്നത്; ദൈവം ചിന്തിക്കുന്നതുപോലെയല്ല.."(മത്താ. 16:23)  കുരിശിന്റെ മൂല്യം ഗ്രഹിക്കാനുതകുന്ന പ്രകാശം മനുഷ്യനേത്രങ്ങൾക്കില്ല. സഹനത്തിന്റെ രഹസ്യത്തെ അഭിമുഖീകരിക്കുമ്പോൾ നാം ഏറെക്കുറെ അന്ധരാണ്. നമുക്ക് ഒരു പുതിയ പ്രകാശം ആവശ്യമുണ്ട് - പരിശുദ്ധാത്മാവിന്റെ പ്രകാശം...! നല്ലയാളുകൾക്കുണ്ടാകുന്ന സഹനങ്ങളെക്കുറിച്ച് ലോകം പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. ക്രൂശിതനായ യേശുവിനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ തടയാൻ വേണ്ടി, സുഖോന്മുഖമായ നമ്മുടെ ആന്തരിക പ്രവണതകൾ അസംഖ്യം മാർഗങ്ങളിലൂടെ ശ്രമം നടത്താം.. സഹനത്തിന്റെ മൂല്യത്തെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കാനായി നാം നിരന്തരം പ്രാർഥിക്കണം.


(By Fr.Chacko Bernad C.R)