ജാലകം നിത്യജീവൻ: സഹനം ലാഭകരം

nithyajeevan

nithyajeevan

Saturday, May 17, 2014

സഹനം ലാഭകരം

                   
സഹനം അതിൽത്തന്നെ ഒരു തിന്മയാണ്. അതു നമുക്ക് രുചിക്കുന്നതുമല്ല. നാം സഹനത്തെ സ്വാഗതം ചെയ്യുന്നത് അതിനുവേണ്ടിയല്ല; പ്രത്യുത നമ്മുടെ ആദ്ധ്യാത്മികവ്യാധികൾ ശമിപ്പിക്കുവാൻ അതിനുള്ള ശക്തി നിമിത്തമാണ്. ദൈവം നമ്മുടെ ആദിമാതാപിതാക്കൾക്ക് നല്കിയ സ്വഭാവാതീതദാനങ്ങളിലൂടെ അവരെ സഹനത്തിൽ  നിന്നും ഒഴിച്ചുനിർത്തി. ദൈവം ആദിയിൽ  സൗഭാഗ്യം മാത്രമാണ് മനുഷ്യകുലത്തിനു നല്കിയത്. പാപത്തിലൂടെ ആ ദാനങ്ങൾ എന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ദൈവത്തിന്റെ പദ്ധതി നിരസിച്ചപ്പോൾ, മനുഷ്യൻ തനിക്കായി ഭോഗാസക്തിയും സഹനവും തെരെഞ്ഞെടുക്കയാണ് ചെയ്തത്. ദൈവമല്ല, മറിച്ച് പാപമാണ് സങ്കടങ്ങളുടെ കർത്താവ്.  പിന്നീട് മനുഷ്യൻ തന്റെ തെറ്റു തിരുത്താൻ ശ്രമം നടത്തിയപ്പോൾ, കാരുണ്യവാനായ ദൈവം നല്കുന്ന അനുപേക്ഷണീയമായ ഒരു ഔഷധമാണ് സഹനം എന്ന് അവൻ മനസ്സിലാക്കി.
                           അങ്ങനെ സഹനം ഒരു ഉപകരണവും മാർഗവുമാണ്‌.  നാം എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അതിന്റെ പ്രയോജനം ലഭിക്കുക. നാം അനുഭവിക്കേണ്ടിവരുന്ന സഹനം, നമ്മെ സംബന്ധിച്ച് അനുഗ്രഹമോ ശാപമോ എന്നു തീരുമാനിക്കുന്നത് നാം തന്നെയാണ്. നമുക്ക് ആഗ്രഹമുള്ളപക്ഷം സഹനത്തെ ലാഭകരമാക്കാം. ദൈവം സഹനം അനുവദിക്കുന്നു എന്ന വസ്തുത തന്നെ, അത് നന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള സാധ്യതയ്ക്കു തെളിവാണ്. പക്ഷെ, അത് യഥാർഥത്തിൽ കൈകാര്യം ചെയ്യേണ്ടത് നാം തന്നെ.  ഈ വസ്തുതയ്ക്കുള്ള  ഏറ്റം മികച്ച തെളിവ്, നമ്മുടെ കർത്താവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരത്രേ. അവരിലൊരാൾ ദൈവദൂഷണം പറഞ്ഞുകൊണ്ട് ദൈവത്തോട് മറുതലിച്ചു. അപരൻ, തന്റെ വേദനകളെ നീതിപൂർവകമായ ഒരു ശിക്ഷയായി സ്വീകരിക്കുകയും ദൈവത്തോട് പൊറുതി യാചിക്കുകയും ചെയ്തു. തന്മൂലം അവന് പറുദീസാ വാഗ്ദാനം ചെയ്യപ്പെട്ടു. 

(By Fr.Chacko Bernad)