വി.അപ്രേം എഴുതുന്നു: "കളിമണ്ണ് കട്ടിയാകുന്നതുവരെ കുശവൻ പാത്രത്തെ തീയിൽ ചുടുന്നു. അതിന് അല്പ്പം ചൂടേ ഏൽക്കാവൂ എന്നയാൾ കരുതുന്നില്ല. അപ്പോൾ കളിമണ്ണ് മതിയാംവിധം കട്ടിയാകയില്ല. അതുപോലെ ആവശ്യത്തിലേറെ ചൂട് കൊടുക്കുന്നില്ല. കാരണം, അങ്ങനെ ചെയ്താൽ മണ്ണ് വെണ്ണീറാകും. ദൈവം പ്രവർത്തിക്കുന്നതും അപ്രകാരം തന്നെ. നമ്മെ കൂടുതൽ വിശുദ്ധീകരിക്കാൻ ആവശ്യമായിരിക്കുന്നിടത്തോളം മാത്രമേ അവിടുന്ന് ദുരിതങ്ങളുടെ അഗ്നിക്ക് നമ്മെ വിധേയരാക്കുന്നുള്ളൂ. തീയിൽ നാം ദഹിച്ചുപോകാൻ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല. നമുക്ക് ഏറ്റം നിസ്സാരമായിത്തോന്നാവുന്ന വിശദാംശംവരെ, യാതൊന്നും ദൈവപരിപാലനയുടെ പരിധിയിൽനിന്നും വിട്ടുനിൽക്കുന്നില്ല.
പിതാവിന് മാരകരോഗം പിടിപെട്ടപ്പോൾ വി.കൊച്ചുത്രേസ്യാ സഹോദരി സെലിന് എഴുതി; "ഈശോ നമുക്ക് കുരിശു സമ്മാനിക്കുന്നു. യഥാർഥത്തിൽ ഭാരമേറിയ കുരിശുതന്നെ.. നമുക്ക് എന്തൊരനുഗ്രഹം!! ഇത്ര വലിയൊരു ദുഃഖം നമുക്ക് നൽകണമെങ്കിൽ അവിടുന്ന് നമ്മെ എത്രമേൽ സ്നേഹിക്കുന്നുണ്ടാകും? സത്യത്തിൽ അസൂയാജനകമല്ലേ നമ്മുടെ അവസ്ഥ?"
30 വർഷക്കാലം രോഗിണിയായിക്കഴിഞ്ഞ വി.ലുഡ് വിൻ, ഒരു ദർശനത്തിൽ തനിക്കായി സ്വർഗ്ഗത്തിൽ തയാറാക്കപ്പെടുന്ന ഒരു കിരീടം കാണുകയുണ്ടായി. അത് വളരെ മനോഹരമായിരുന്നെങ്കിലും മുഴുമിക്കപ്പെട്ടിരുന്നില്ല. അത് പൂർത്തിയാക്കണമെന്നവൾ കർത്താവിനോട് അഭ്യർഥിച്ചു. അപ്പോൾ ക്രൂരരായ കുറെ പടയാളികൾ പ്രവേശിച്ച് അവളെ പ്രഹരിക്കുകയും ദുഷിക്കുകയും ചെയ്തു. കുറേക്കഴിഞ്ഞ് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട്, ആ പടയാളികളുടെ പെരുമാറ്റം മൂലം സ്വർഗ്ഗത്തിലെ അവളുടെ കിരീടം പൂർത്തീകരിക്കപ്പെട്ടിരിക്കുവെന്ന് പറഞ്ഞു..
(By Fr.Chacko Bernad)