ജാലകം നിത്യജീവൻ: സഹനത്തെ എങ്ങിനെ അഭിമുഖീകരിക്കണം ?

nithyajeevan

nithyajeevan

Tuesday, May 20, 2014

സഹനത്തെ എങ്ങിനെ അഭിമുഖീകരിക്കണം ?

അതാത്  ദിവസത്തേക്ക് ജീവിക്കുക 

                     "ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി" (മത്താ.6:34) ദൈവം നമുക്കയയ്ക്കുന്ന ദുഃഖങ്ങളെ ഓരോ നിമിഷവും ഓരോ ദിവസവും ശാന്തമായി സഹിക്കണമെന്ന് നമ്മെ പഠിപ്പിക്കാൻ വേണ്ടിയാണ് ഈശോ ഇങ്ങനെ പറഞ്ഞത്. ഇന്നലത്തെ സഹനങ്ങളെപ്പറ്റി ചിന്തിക്കാതെ, നാളെ എന്തു സംഭവിക്കുമെന്നു പര്യാകുലരാകാതെ ഓരോ ദിവസത്തെയും ക്ലേശങ്ങളെ അന്നന്ന് നാം അഭിമുഖീകരിക്കണം. നമുക്ക് നന്മയ്ക്കായുള്ള ഒരു മാർഗ്ഗമായി പരിണമിക്കാത്ത ഒരു പരീക്ഷണവും ദൈവപരിപാലന അനുവദിക്കില്ലെന്നു ഗ്രഹിച്ചുകൊണ്ട് അനുദിനമുള്ള സഹനങ്ങളെ നാം നിസ്സംഗതയോടെ, പരാതി കൂടാതെ നേരിടണം. ജീവിതം കാഴ്ച വെയ്ക്കുന്ന പരീക്ഷണങ്ങളും വേദനകളും സ്വീകരിക്കാൻ ഓരോ ദിവസവും നാം തയ്യാറായിരിക്കണം. നാളത്തെ ഭാരങ്ങളോടൊപ്പം ഇന്നലത്തെതും കൂട്ടി ചേർത്ത് ഇന്നു വഹിക്കുന്നപക്ഷം ഏറ്റം ബലവാന്മാർക്കു പോലും കാലിടറും. ഭൂതകാലത്തിലേക്കും ഭാവിയിലേക്കും തുറക്കുന്ന മനസ്സിന്റെ കവാടങ്ങൾ നാം അടച്ചുകളയണം.  

ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി 
                           ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനുവേണ്ടി സഹിക്കുമ്പോൾ മാത്രമേ, സഹനത്തിന് സ്വഭാവാതീതമായ മൂല്യമുള്ളൂ. സഹനത്തെ വിശുദ്ധീകരിക്കുന്നത് യേശുവാണ്. അവിടുത്തോട്‌ ബന്ധപ്പെടുന്നില്ലെങ്കിൽ അത് നിഷ്പ്രയോജനമത്രേ. എന്നാൽ, അവിടുത്തോടുള്ള സ്നേഹത്തെപ്രതി സ്വീകരിക്കപ്പെടുമ്പോൾ, അത് ആത്മാക്കളെ വിശുദ്ധീകരിക്കാനും രക്ഷിക്കാനും ഉതകുന്ന വിലയേറിയ നാണയമായിത്തീരുന്നു.

വിനീതമായ പ്രാർത്ഥനയിലൂടെ 
                               സഹനങ്ങളെ ദൈവസ്നേഹത്തെപ്രതി സ്വീകരിക്കാൻ നമുക്ക് കഴിയണമെന്നാണ് ക്രിസ്തുവിന്റെ പീഡാസഹനം സമൂർത്തരൂപത്തിൽ നമ്മെ പഠിപ്പിക്കുന്നത്‌. ദൈവം സ്വപുത്രനെ കുരിശിലെ ഭീകരമരണത്തിന് വിധേയനാക്കി. കുരിശിലൂടെ നാം രക്ഷിക്കപ്പെടുകയും ചെയ്തു. ഒരു ശരാശരി സന്യാസിയോ വൈദികനോ ക്രിസ്തുവിന്റെ പീഡകളുടെ സവിശേഷ പ്രാധാന്യം ഗ്രഹിച്ചെന്നു വരില്ല. കുരിശിന് പരിഹാരബലിയെന്ന നിലയില്ലുള്ള ദൈവശാസ്ത്രപരമായ മൂല്യം ഗ്രഹിച്ചതുകൊണ്ടുമായില്ല.  ക്രിസ്തുവിന്റെ കുരിശ് രഹസ്യങ്ങളുടെ രഹസ്യമാണ്. കേവലമായ ഒരു പഠനത്തിലൂടെ അത് ഗ്രഹിക്കാൻ കഴിയില്ല. ആത്മാർത്ഥവും വിനീതവുമായ പ്രാർത്ഥ, മൗനം, ആത്മപരിത്യാഗം എന്നിവയൊക്കെയാണ് അതു മനസ്സിലാക്കാനുള്ള മാർഗ്ഗങ്ങൾ.


(By Fr.Chacko Bernad)