ജാലകം നിത്യജീവൻ: ദൈവമുണ്ടോ? രസകരമായ ഒരു സംവാദം

nithyajeevan

nithyajeevan

Saturday, February 8, 2014

ദൈവമുണ്ടോ? രസകരമായ ഒരു സംവാദം

           നിരീശ്വരവാദിയായ ഒരു പ്രൊഫസ്സർ, തന്റെ ക്ളാസ്സിൽ വിദ്യാർഥികളോട് ദൈവത്തെപ്പറ്റി  സംസാരിക്കുകയായിരുന്നു.  ശാസ്ത്രീയമായി  ചിന്തിച്ചാൽ ദൈവത്തിന് അസ്തിത്വമില്ല എന്ന്  നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നദ്ദേഹം സമർഥിച്ചു. തന്റെ വാദം തെളിയിക്കാനായി ദൈവവിശ്വാസിയായ ഒരു വിദ്യാർഥിയെ എഴുന്നേൽപ്പിച്ചു നിർത്തി അവനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി:
പ്രൊ: "അപ്പോൾ നീ ദൈവത്തിൽ വിശ്വസിക്കുന്നു,അല്ലേ ? 
വി: "പൂർണ്ണമായും, സർ.."
പ്രൊ:"ആട്ടെ, നിന്റെ ഈ ദൈവം നല്ലവനാണോ?
"തീർച്ചയായും നല്ലവനാണ് .."
പ്രൊ: "ദൈവം സർവശക്തനാണോ?"
"അതെ.."
പ്രൊ: "എന്റെ സഹോദരൻ കാൻസർരോഗബാധിതനായി മരണമടഞ്ഞു.. തന്നെ സുഖപ്പെടുത്തണമേ എന്ന അവന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന ദൈവം കേട്ടില്ല. മനുഷ്യരിലധികംപേരും കഷ്ടതയനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ ഉത്സുകരാണ്; എന്നാൽ, ദൈവം അങ്ങിനെയല്ല. എന്നിട്ട് നീ പറയുന്നു ദൈവം നല്ലവനാണെന്ന്, അല്ലെ?
(വിദ്യാർഥി മൌനം)
പ്രൊ: "നിനക്ക് ഉത്തരമില്ല, അല്ലേ ? ശരി, നമുക്ക് ഇനിയും നോക്കാം.. ദൈവം നല്ലവനാണോ?"
"അതെ.."
പ്രൊ: "സാത്താൻ നല്ലവനാണോ?"
"അല്ല.."
പ്രൊ: "സാത്താൻ എവിടെനിന്നാണ് വന്നത്?"
"അത് ... ദൈവത്തിൽ നിന്ന് .."
പ്രൊ: "ശരിയാണ്.. ആകട്ടെ, ഈ ലോകത്തിൽ തിന്മയുണ്ടോ?"
"ഉണ്ട് .."
പ്രൊ: "തിന്മ എല്ലായിടത്തുമുണ്ട്; എല്ലാത്തിന്റെയും സൃഷ്ടാവ് ദൈവമാണെന്നും നീ പറയുന്നു; അല്ലേ "
"അതേ.."
പ്രൊ: "അപ്പോൾ ആരാണ് തിന്മ സൃഷ്ടിച്ചത് ?"
(വിദ്യാർഥി മൌനം)
പ്രൊ: "ഈ ലോകത്തിൽ ദുഃഖങ്ങളുണ്ട്‌, ദുരിതങ്ങളുണ്ട്, രോഗങ്ങളുണ്ട്, അധാർമ്മികതയുണ്ട്, വെറുപ്പും വിദ്വേഷവുമുണ്ട് .. ഭയാനകമായ ഈ കാര്യങ്ങളെല്ലാം ലോകത്തിലുണ്ട്,ഇല്ലേ ?"
"ഉണ്ട് .."
പ്രൊ: "ആരാണ് അവയെല്ലാം സൃഷ്ടിച്ചത് ?"
(വിദ്യാർഥി വീണ്ടും മൌനം)
പ്രൊ: "നിങ്ങൾക്ക് അഞ്ച് ഇന്ദ്രിയങ്ങൾ ഉണ്ടെന്നും അവ ഉപയോഗിച്ച് നിങ്ങൾക്കു ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിരീക്ഷിക്കണമെന്നും വിലയിരുത്തണമെന്നും സയൻസ് (ശാസ്ത്രം) നിങ്ങളെ പഠിപ്പിക്കുന്നു. ആകട്ടെ, എന്നോടു പറയൂ, നീ ദൈവത്തെ കണ്ടിട്ടുണ്ടോ ?"
"ഇല്ല സർ.." 
പ്രൊ: "നീ ദൈവത്തെ കേട്ടിട്ടുണ്ടോ?"
"ഇല്ല സർ.." 
പ്രൊ: "എപ്പോഴെങ്കിലും നീ ദൈവത്തെ സ്പർശിക്കുകയോ മണത്തറിയുകയോ രുചിക്കുകയൊ, അല്ലെങ്കിൽ ഇന്ദ്രിയപരമായ എന്തെങ്കിലും അനുഭവം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടോ ?"
"ഇല്ല സർ .."
പ്രൊ: "എന്നിട്ടും നീ ദൈവത്തിൽ വിശ്വസിക്കുന്നു!!"
"അതെ സർ .."
പ്രൊ:"സയൻസിന്റെ പ്രഖ്യാപിത തത്വങ്ങളനുസരിച്ച്‌, ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാനാവാത്തതും ശാസ്ത്രീയമായി അസ്തിത്വം  തെളിയിക്കുവാൻ പറ്റാത്തതുമായ ഈ ദൈവം എന്നൊന്ന് ഇല്ല..  നീ എന്തുപറയുന്നു?"
"എനിക്കൊന്നും പറയാനില്ല. ഞാൻ വിശ്വസിക്കുക മാത്രം ചെയ്യുന്നു."
പ്രൊ: "വിശ്വാസം.. അതെ, അവിടെയാണ് കുഴപ്പം .. ശാസ്ത്രവുമായി പൊരുത്തപ്പെടാതെ വരുന്നതവിടെയാണ്.."
പ്രൊഫസ്സറുടെ ചോദ്യംചെയ്യൽ കഴിഞ്ഞപ്പോൾ വിദ്യാർഥി ചോദിച്ചു: "സർ, ഞാനൊന്നു ചോദിക്കട്ടെ; ചൂട് (താപം) എന്നൊരു കാര്യമുണ്ടോ ?"
പ്രൊ: "ഉണ്ടല്ലോ.."
"തണുപ്പ് എന്നൊരു കാര്യമുണ്ടോ ?"
പ്രൊ: "അതുമുണ്ട് .."
"ഇല്ല സർ, സാറിനു തെറ്റി.."
ഈ സമയം ക്ളാസ്സു മുഴുവൻ നിശ്ശബ്ദമായി. വിദ്യാർഥി തുടർന്നു: "സർ, ചൂട് എന്നൊരു കാര്യം ഉണ്ട്; പല  തരത്തിൽ നമുക്കതിനെ അളക്കാം. ചെറിയ ചൂട്, വലിയ ചൂട്, കൊടും ചൂട്, ചൂടില്ലാത്ത അവസ്ഥ ഇങ്ങനെയെല്ലാം പറയാം. എന്നാൽ, തണുപ്പ് എന്നൊരു കാര്യമില്ല. ചൂടില്ലാത്ത ഒരവസ്ഥയ്ക്ക് പറയുന്ന പേരു മാത്രമാണ് തണുപ്പ് .. തണുപ്പിനെ നമുക്ക് അളക്കാൻ സാധിക്കുമോ? ഇല്ല.  ചൂട് ഊർജ്ജമാണ്; ചൂടിന്റെ അഭാവം മാത്രമാണ് തണുപ്പ്; അതിന്റെ വിപരീതമല്ല.."
ക്ളാസ് പരിപൂർണ്ണ നിശബ്ദമായി. 
വി. "സർ, ഇരുട്ട് എന്നൊരു കാര്യമുണ്ടോ?"
പ്രൊ: "പിന്നെ രാത്രി എന്നത് എന്താണ്? 
"സാറിനു വീണ്ടും തെറ്റി; ഇരുട്ട് എന്നൊന്നില്ല.വെളിച്ചത്തിന്റെ  അഭാവം മാത്രമാണ് ഇരുട്ട്.  ചെറിയ വെളിച്ചം, വലിയ വെളിച്ചം, സാധാരണ വെളിച്ചം, ശക്തിയേറിയ വെളിച്ചം ഇതൊക്കെയാകാം; തുടർച്ചയായി വെളിച്ചം ഒട്ടും തന്നെ ഇല്ലാതാകുന്ന അവസ്ഥ  മാത്രമാണ് ഇരുട്ട്. ശരിയല്ലേ ?" 
പ്രൊ: "അപ്പോൾ നീ എന്താണ് പറഞ്ഞുവരുന്നത്?"
"ഇത്രമാത്രം സർ.. സർ മുൻപുപറഞ്ഞ, ദൈവത്തിന് അസ്തിത്വമില്ല എന്നുള്ള ആ സിദ്ധാന്തം തെറ്റാണ്.."
പ്രൊ: "തെറ്റാണെന്നോ ? എങ്കിൽ തെളിയിക്കൂ .."
"സർ, താങ്കളുടെ വാദങ്ങൾ  തെറ്റാണ്. ജീവനും പിന്നെ മരണവുമുണ്ടെന്നും   ഇവ രണ്ടും രണ്ടു വ്യത്യസ്തകാര്യങ്ങളാണെന്നും താങ്കൾ പറയുന്നു. സർ,  മരണം എന്നുപറയുന്നത് ജീവനില്ലാത്ത അവസ്ഥയ്ക്കാണ്.. മരണത്തിന് ഭൗതികമായ അസ്തിത്വം ഉണ്ടാവുക സാധ്യമല്ല.    ദൈവം   നല്ലവനോ ദുഷ്ടനോ എന്നു  താങ്കൾ ചോദിക്കുന്നത്, ദൈവത്തെപ്പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാടുതന്നെ തെറ്റായതുകൊണ്ടാണ്.  നമുക്ക് അളക്കാനും അസ്തിത്വം തെളിയിക്കാനും  പറ്റുന്ന,  ഭൗതികമായ എന്തോ ഒരു വസ്തുവാണ് ദൈവം എന്നാണ് താങ്കൾ ചിന്തിക്കുന്നത്. സർ, മനുഷ്യന്റെ ചിന്ത എന്നുള്ളത് എന്താണെന്നുപൊലും വിശദീകരിക്കാൻ സയൻസിനു കഴിഞ്ഞിട്ടില്ല.  ഇലക്ട്രിസിറ്റിയും മാഗ്നറ്റിസവും   സയൻസിന്റെ കണ്ടുപിടുത്തങ്ങളാണ്. നിരവധി മേഖലകളിൽ നാമവ  പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ആരെങ്കിലും അവയെ കണ്ടിട്ടുണ്ടോ? പോട്ടെ, ഏതെങ്കിലും ഒന്നിനെപ്പറ്റിയെങ്കിലും പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ടോ?  അതുപോകട്ടെ സർ, താങ്കളുടെ വിദ്യാർഥികളെ താങ്കൾ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നില്ലേ ? അവരുടെ പൂർവികർ കുരങ്ങന്മാരായിരുന്നു എന്നല്ലേ താങ്കൾ അവരെ പഠിപ്പിക്കുന്നത്?"
പ്രൊ: "അതെ."
"താങ്കൾ പഠിപ്പിക്കുന്ന ഈ "പരിണാമം"  താങ്കളുടെ സ്വന്തം കണ്ണുകൊണ്ട് കണ്ടിട്ടുണ്ടോ?"
വാദത്തിന്റെ ഗതി മനസ്സിലായ പ്രൊഫസ്സർ  പുഞ്ചിരിക്കുന്നു.
"താങ്കളെന്നല്ല ആരും തന്നെ, പരിണാമസിദ്ധാന്തത്തിൽ പറയുന്ന, കുരങ്ങിൽ നിന്നു മനുഷ്യനിലേക്കുള്ള  പരിണാമം നേരിൽ കണ്ടിട്ടില്ല. ആരുമത് തെളിയിച്ചിട്ടില്ല .. അപ്പോൾപ്പിന്നെ,  താങ്കൾ താങ്കളുടെ അഭിപ്രായം മാത്രമല്ലേ  പഠിപ്പിക്കുന്നത്? അങ്ങനെ വരുമ്പോൾ താങ്കൾ ഒരു സയന്റിസ്റ്റ് അല്ല,  ഒരു പ്രസംഗകൻ മാത്രമല്ലേ?
ക്ളാസ്സിൽ കൂട്ടച്ചിരി ഉയർന്നു ..
വിദ്യാർഥി തന്റെ വാദം തുടർന്നു;
"ഈ ക്ളാസ്സിൽ ആരെങ്കിലും നമ്മുടെ പ്രൊഫസ്സറുടെ തലച്ചോറ് കണ്ടിട്ടുണ്ടോ?
ക്ളാസ്സിൽ വീണ്ടും കൂട്ടച്ചിരി ..
"ആരെങ്കിലും അദ്ദേഹത്തിൻറെ തലച്ചോറിനെ കേൾക്കുകയോ സ്പർശിക്കുകയോ മണക്കുകയോ ചെയ്തിട്ടുണ്ടോ?  ഇല്ല; ആരും ഉണ്ടെന്നു തോന്നുന്നില്ല. അതിനാൽ, സയന്സിന്റെ പ്രഖ്യാപിതതത്വങ്ങളനുസരിച്ച്‌ നമ്മുടെ പ്രൊഫസ്സർക്ക് തലച്ചോറില്ല!!  സർ, അങ്ങയോടുള്ള ആദരവോടുകൂടിത്തന്നെ ഞാൻ ചോദിക്കുന്നു:  (തലച്ചോറില്ലാത്ത) താങ്കൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും?"
          അൽപസമയം വിദ്യാർഥിയെ നോക്കിനിന്നശേഷം  പ്രൊഫസ്സർ  പറഞ്ഞു: "അത്.....അത് .. കുഞ്ഞേ, നിങ്ങൾക്കെന്നെ വിശ്വാസത്തിലെടുക്കേണ്ടിവരുമെന്ന് എനിക്കു തോന്നുന്നു.."
"അതുതന്നെ സർ,  വിശ്വാസം!!  അതുതന്നെയാണ് ദൈവത്തെയും മനുഷ്യനെയും യോജിപ്പിക്കുന്ന കണ്ണി.. അതാണ്‌ ഈ പ്രപഞ്ചത്തിലുള്ള സകലത്തെയും സജീവമാക്കുന്നത്..."

            ഇത് കഥയല്ല; നടന്ന സംഭവമാണ്. രസികനായ ഈ വിദ്യാർഥി ആരെന്നോ ?പിൽക്കാലത്ത്  വിഖ്യാത ശാസ്ത്രജ്ഞനായിത്തീർന്ന   ആൽബർട്ട് ഐൻസ്റൈൻ!