നിക്കോളാസ് എന്ന യുവാവിന്റെ അനുഭവ സാക്ഷ്യം
ഇത് നാമെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമാണ്. കത്തോലിക്കരായ നമുക്ക് പരിശുദ്ധവും ആരാദ്ധ്യവുമായ എന്തിനെയും പരിഹാസ്യമായി അനുകരിക്കുന്നവനാണ് സാത്താൻ. ലോകത്തിലെ പ്രാർഥനകളിൽ ഏറ്റവും പരിശുദ്ധമായതാണ് പരിശുദ്ധ കുർബാന. ഏറ്റം ആരാധ്യമായ ഈ കൂദാശയെ അങ്ങേയറ്റം അവഹേളിച്ചുകൊണ്ട് അവന്റെ അനുയായികൾ കറുത്ത കുര്ബാന നടത്തുന്നു. തിരുവോസ്തിയിലെ ക്രിസ്തുസാന്നിദ്ധ്യത്തെ സ്നേഹം കൊണ്ടു തിരിച്ചറിയുന്നതിനു പകരം, വെറുപ്പു കൊണ്ടു തിരിച്ചറിയുന്നു!
ഫാ.ആൻഡ്രൂ ട്രാപ് പറയുന്നു: വളരെക്കാലം സഭയിൽ നിന്നകന്നു ജീവിച്ചശേഷം, തിരിച്ച് സഭയിലേക്കു വന്നിട്ടുള്ള യുവജനങ്ങൾക്കായി എന്റെ ഇടവകയിൽ ആഴ്ച തോറും ഒരു പ്രാർഥനാ യോഗം നടത്തുന്നുണ്ട്. യുവാക്കളോരോരുത്തരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചകൂട്ടത്തിൽ, നിക്കോളാസ് എന്നു പേരായ ഒരു യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് അക്ഷരാർഥത്തിൽ ഞാൻ ഞെട്ടി !!
അവൻ വർഷങ്ങളോളം സാത്താൻ സേവക്കാരുടെ ഒരു ഗ്രൂപ്പിൽ അംഗമായിരുന്നു! ആ കാലമത്രയും അവൻ ദുസ്സഹമായ മാനസിക സംഘർഷത്തിലും നിരാശയിലുമായിരുന്നു കഴിഞ്ഞിരുന്നത്. താനകപ്പെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് പുറത്തുകടക്കാൻ അവൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. നിരാശ മൂത്ത അവൻ ആത്മഹത്യയെപ്പറ്റി ചിന്തിക്കാൻ തുടങ്ങി ..
നിക്കോളാസിന്റെ അമ്മ അതീവഭക്തയായ ഒരു സ്ത്രീയായിരുന്നു. അവരുടെ തീക്ഷ്ണമായ പ്രാർഥനയാൽ അവൻ ആ പൈശാചികസംഘത്തിൽ നിന്ന് ഒടുവിൽ മുക്തി നേടി, ക്രിസ്തുവിനോടൊത്തു ജീവിക്കാൻ തുടങ്ങി. അങ്ങനെയാണ് എന്റെ ഇടവകയിലെ പ്രാർഥനാ ഗ്രൂപ്പിലെ അംഗമായതും മീറ്റിങ്ങുകളിൽ സംബന്ധിക്കാൻ തുടങ്ങിയതും.
നിക്കോളാസിന്റെ തുറന്ന വെളിപ്പെടുത്തൽ കേട്ട് ഞാൻ ഞെട്ടിത്തരിച്ചുപോയി! സാത്താൻ സേവക്കാരുമായി ബന്ധമുണ്ടായിരുന്ന ആരെയും അന്നുവരെ ഞാൻ കണ്ടുമുട്ടിയിരുന്നില്ല. ഇക്കൂട്ടരെപ്പറ്റി പറഞ്ഞുകേൾക്കുന്നതൊക്കെ സത്യമാണോ എന്നറിയാൻ എനിക്കാഗ്രഹം തോന്നി. ഞാൻ അവനോടു ചോദിച്ചു: "എങ്ങിനെയാണ് നിങ്ങൾ സാത്താനെ ആരാധിച്ചിരുന്നത്?"
" "കത്തോലിക്കാ സഭയുടെ ഏറ്റം ആരാധ്യകൂദാശയായ ദിവ്യബലിയുടെ പരിഹാസ്യ രൂപമായ 'കറുത്ത കുർബാനകൾ' (black mass) നടത്തിക്കൊണ്ട് .."
പ്രൊട്ടസ്റ്റന്റുകാരുടെയോ മറ്റു മതക്കാരുടെയോ ആരാധനാരീതികളോ പ്രാർഥനാരീതികളോ ഇപ്രകാരം ഹാസ്യമായി അനുകരിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ ഇല്ല എന്നവൻ മറുപടി നല്കി. കത്തോലിക്കാ ദേവാലയങ്ങളിൽ നിന്ന് വാഴ്ത്തിയ തിരുവോസ്തികൾ ഇക്കൂട്ടർ മോഷ്ടിക്കാറുണ്ട് എന്നു കേൾക്കുന്നതു സത്യമാണോ എന്നു ചോദിച്ചതിന് സത്യമാണ് എന്നായിരുന്നു മറുപടി. 'കറുത്ത കുർബാന'യുടെ ആഘോഷവേളയിൽ ഈ തിരുവോസ്തികളുടെ മേൽ തുപ്പുകയും ചവിട്ടുകയും ഏറ്റം നിന്ദ്യമായ വിധത്തിൽ അവഹേളിക്കുകയും ചെയ്യുമെന്നും അവൻ പറഞ്ഞു.
ഞാൻ വീണ്ടും ചോദിച്ചു: "സാത്താൻ സേവയിൽ തഴക്കം വന്നവർക്ക് വാഴ്ത്തിയ തിരുവോസ്തികൾ, മറ്റുള്ളവയിൽനിന്ന് തിരിച്ചറിയാമെന്നു പറയുന്നതും സത്യമാണോ? ഉദാഹരണത്തിന് പ്രൊട്ടസ്റ്റന്റുകാർ അവരുടെ പ്രാർഥനാ കർമ്മങ്ങൾക്കുപയോഗിക്കുന്ന അപ്പമോ കൂദാശ ചെയ്യപ്പെടാത്ത ഓസ്തിയോ വാഴ്ത്തിയ തിരുവോസ്തികൾക്കൊപ്പം വെച്ചാൽ ഏതിലാണ് യേശുക്രിസ്തുവിന്റെ സാന്നിധ്യമുള്ളതെന്ന് ഇവർക്കു തിരിച്ചറിയാൻ പറ്റുമോ?"
"പറ്റും .. എനിക്കതറിയാമായിരുന്നു.."
"എങ്ങനെ?"
എന്നെ ഒന്നുനോക്കിയശേഷം നിക്കോളാസ് പറഞ്ഞ മറുപടി എന്റെ ഓർമയിൽനിന്ന് ഒരു കാലത്തും മാഞ്ഞുപോവില്ല. "മുഖ്യമായും എന്റെയുള്ളിൽ കത്തിജ്ജ്വലിക്കുന്ന വെറുപ്പു നിമിത്തം.."
ഇതുകേട്ട് തലയ്ക്കടി കിട്ടിയവനെപ്പോലെ ഞാൻ മരവിച്ചു നിന്നു. പല വിശുദ്ധന്മാർക്കും തിരുവോസ്തിയിലെ ഈശോയുടെ പരിശുദ്ധ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഈ സിദ്ധിയുള്ളതായി എനിക്കറിയാം. കൂദാശ ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഓസ്തികൾ ഒരുമിച്ചു വെച്ചാൽ, യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉള്ള തിരുവോസ്തി ഏതെന്നു പറയുവാൻ അവർക്കു കഴിയും. പക്ഷെ, അത് യേശുക്രിസ്തുവുമായുള്ള അതീവദൃഡമായ ഐക്യത്തിൽ നിന്നുളവാകുന്ന ഒരു സിദ്ധിയാണ്. എന്നാൽ, നേരെമറിച്ച് നിക്കൊളാസോ ? സാത്താനെ ആരാധിച്ചതിന്റെ ഫലമായി അവന്റെയുള്ളിൽ രൂപപ്പെട്ട ക്രിസ്തുവിനോടുള്ള അതികഠിനമായ വെറുപ്പിനാൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അവൻ തിരിച്ചറിയുന്നു!!
ഇത് നാമെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമാണ്. കത്തോലിക്കരായ നമുക്ക് പരിശുദ്ധവും ആരാദ്ധ്യവുമായ എന്തിനെയും പരിഹാസ്യമായി അനുകരിക്കുന്നവനാണ് സാത്താൻ. ലോകത്തിലെ പ്രാർഥനകളിൽ ഏറ്റവും പരിശുദ്ധമായതാണ് പരിശുദ്ധ കുർബാന. ഏറ്റം ആരാധ്യമായ ഈ കൂദാശയെ അങ്ങേയറ്റം അവഹേളിച്ചുകൊണ്ട് അവന്റെ അനുയായികൾ കറുത്ത കുര്ബാന നടത്തുന്നു. തിരുവോസ്തിയിലെ ക്രിസ്തുസാന്നിദ്ധ്യത്തെ സ്നേഹം കൊണ്ടു തിരിച്ചറിയുന്നതിനു പകരം, വെറുപ്പു കൊണ്ടു തിരിച്ചറിയുന്നു!
നിക്കോളാസിന്റെ ഈ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണെങ്കിലും മറ്റൊരു വിധത്തിൽ അതു നമുക്ക് പ്രത്യാശയും ശക്തിയും പകർന്നുതരുന്നു. സാത്താൻ വാസ്തവത്തിൽ ഉണ്ട്; അവൻ ശക്തനുമാണ്. എന്നാൽ, അവനെക്കാൾ അനേകായിരം മടങ്ങ് ശക്തനാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്തു. അവിടുത്തെ കൃപയാലും പ്രിയപ്പെട്ടവരുടെയോ വിശ്വാസികളായ മറ്റുള്ളവരുടെയോ പ്രാർത്ഥനയാലും ഏറ്റം നികൃഷ്ഠനായ പാപിയെപ്പോലും ക്രിസ്തുവിന്റെ സ്നേഹത്തിലേക്കു തിരിച്ചുകൊണ്ടു വരാനാകും.