ജാലകം നിത്യജീവൻ: സ്വർഗ്ഗവും നരകവും ഉണ്ടോ? ഫാ.ജോസിന്റെ അനുഭവസാക്ഷ്യം

nithyajeevan

nithyajeevan

Wednesday, January 29, 2014

സ്വർഗ്ഗവും നരകവും ഉണ്ടോ? ഫാ.ജോസിന്റെ അനുഭവസാക്ഷ്യം

 ഫാ.ജോസിന്റെ അനുഭവസാക്ഷ്യം തുടരുന്നു: 

           ഈശോ എന്നോടു പറഞ്ഞു: "നിന്നെ ഞാൻ ഭൂമിയിലേക്കു തിരിച്ചയയ്ക്കാനാഗ്രഹിക്കുന്നു. നിന്റെ ഈ രണ്ടാം ജന്മത്തിൽ നീ എന്റെ സമാധാനത്തിന്റെ ഉപകരണവും മനുഷ്യർക്കു സൗഖ്യവുമായിത്തീരും. ഒരു വിദേശ രാജ്യത്തു പോയി നീ വിദേശഭാഷ സംസാരിക്കും. എന്റെ കൃപ മൂലം ഇതെല്ലാം നിനക്കു സാധ്യമാകും.  അപ്പോൾ പരിശുദ്ധമാതാവ് എന്നോടു പറഞ്ഞു: "അവിടുന്ന് പറയുന്നതുപോലെ ചെയ്ക.  നിന്റെ ശുശ്രൂഷയിൽ ഞാൻ നിന്നെ സഹായിക്കും."
                    തുടർന്ന് എന്റെ കാവൽമാലാഖയോടൊപ്പം ഞാൻ ഭൂമിയിലേക്കു മടങ്ങി വന്നു.  ആ സമയത്ത് എന്റെ മൃതദേഹം ആശുപത്രിയിലായിരുന്നു.  ഡോക്ടർമാർ പരിശോധനക്കു ശേഷം ഞാൻ  മരിച്ചതായി പ്രഖ്യാപിച്ചു!  മരണകാരണം രക്തസ്രാവവും...  എന്റെ കുടുംബാംഗങ്ങളൊക്കെയും വളരെ ദൂരെയായിരുന്നതിനാൽ മൃതദേഹം മോർച്ചറിയിലേക്കു മാറ്റുവാൻ തീരുമാനമായി. അവിടേക്ക് ശരീരം മാറ്റുന്നതിനിടയിൽ എന്റെ ആത്മാവ് മടങ്ങിയെത്തി ശരീരത്തിൽ പ്രവേശിച്ചു. പെട്ടെന്ന് അതികഠിനമായ വേദന എനിക്കനുഭവപ്പെടാൻ തുടങ്ങി..ശരീരത്തിലുള്ള മുറിവുകളും അസ്ഥികൾക്കു സംഭവിച്ച ഒടിവുകളുമായിരുന്നു വേദനയ്ക്ക് കാരണം. ഞാൻ കരഞ്ഞു നിലവിളിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരം മോർച്ചറിയിലേക്കു കൊണ്ടുപോയിരുന്നവർ ഭയപ്പെട്ട് കരഞ്ഞുകൊണ്ടോടിപ്പോയി. അതിലൊരാൾ ഡോക്ടറെ സമീപിച്ച് മൃതദേഹം കരഞ്ഞുനിലവിളിക്കുന്നതായി അറിയിച്ചു. ഡോക്ടർ ഉടൻതന്നെ വന്ന്‌ എന്നെ പരിശോധിച്ചപ്പോൾ എനിക്കു ജീവനുള്ളതായിക്കണ്ടു !! ഇത് ഒരത്ഭുതമാണെന്നും അച്ചൻ ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞ് എന്നെ ആശുപത്രിയിലേക്കു മാറ്റി.
                   അവിടെ വെച്ച് എനിക്കു രക്തം നൽകുകയും എന്നെ പല ശസ്ത്രക്രിയകൾക്കും വിധേയനാക്കുകയും ചെയ്തു.   എന്റെ കീഴ്ത്താടിയുടെ എല്ല്, വാരിയെല്ലുകൾ, കൈയുടെ കുഴ, വലത്തുകാൽ, ഇടുപ്പെല്ല് ഇവയെല്ലാം ഒടിഞ്ഞിരുന്നു... രണ്ടുമാസത്തിനു ശേഷം ഞാൻ ആശുപത്രി വിട്ടു. ഇനിയൊരിക്കലും എനിക്കു നടക്കാൻ കഴിയില്ലെന്ന് അവിടുത്തെ അസ്ഥിരോഗവിദഗ്ദ്ധൻ വിധിയെഴുതി. എന്റെ ജീവൻ  തിരിച്ചു നല്കി ഈ ലോകത്തിലേക്ക് എന്നെ മടക്കി അയച്ച ദൈവം,  എന്നെ സുഖപ്പെടുത്തുമെന്ന് ഞാൻ മറുപടി നല്കി. 
               വീട്ടിലേക്കു മടങ്ങിയ ഞാൻ, ഒരത്ഭുതം സംഭവിക്കാൻ എല്ലാവരുമൊത്തു പ്രാർത്ഥന തുടങ്ങി. ഒരു മാസം കഴിഞ്ഞിട്ടും എനിക്കു നടക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഇടുപ്പിന്റെ ഭാഗത്ത് ശക്തിയായ വേദന അനുഭവപ്പെട്ടു.. അൽപസമയം കഴിഞ്ഞപ്പോൾ വേദന മാറി. തുടർന്ന് ഒരു സ്വരം ഞാൻ കേട്ടു:  "നിനക്കു സൌഖ്യം ലഭിച്ചിരിക്കുന്നു; എഴുന്നേറ്റു നടക്കുക."  സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും അനുഭവം എന്റെ ശരീരത്തിൽ ഞാനനുഭവിച്ചു. പെട്ടെന്ന് ഞാൻ എഴുന്നേറ്റുനടന്നു!!  ഈ അത്ഭുതരോഗസൗഖ്യത്തിന്  ദൈവത്തിനു ഞാൻ നന്ദിയർപ്പിച്ചു..
                            ഈ വിവരം ഞാനെന്റെ ഡോക്ടറെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ദൈവമാണ് സത്യദൈവം. ഞാൻ ആ ദൈവത്തെ അംഗീകരിക്കുന്നു.." ഹിന്ദുമതവിശ്വാസിയായ ആ ഡോക്ടർ, കത്തോലിക്കാസഭയെപ്പറ്റി പഠിപ്പിക്കുവാൻ എന്നോടാവശ്യപ്പെട്ടു. പഠനത്തിനു ശേഷം മാമോദീസ സ്വീകരിച്ച് അദ്ദേഹം  കത്തോലിക്കാസഭയിൽ അംഗമായി. 

                   ഈശോ നല്കിയ സന്ദേശമനുസരിച്ച്    1986 നവംബർ പത്താംതീയതി, ഞാനൊരു മിഷനറി വൈദികനായി അമേരിക്കയിലെത്തി. അവിടുത്തെ ബോയിസ് രൂപതയിലും ഈദോഹയിൽ 1987 മുതൽ 1989 വരെയും തുടർന്ന് 1989 മുതൽ 1992 വരെ ഫ്ളോറിഡയിലും  പിന്നീട് സെന്റ് അഗസ്റ്റിൻസ് രൂപതയിലും  സേവനം ചെയ്തു.  ഇപ്പോൾ, മാക്ലെന്നിലുള്ള സെന്റ്‌ മേരി മദർ ഓഫ് മേഴ്സി കാത്തലിക് ചർച്ചിൽ വികാരിയായി സേവനം അനുഷ്ടിക്കുന്നു. ഈ പള്ളിയിൽ എല്ലാ മാസാദ്യ ശനിയാഴ്ചകളിലും ദൈവകാരുണ്യസൗഖ്യശുശ്രൂഷകൾ നടത്തുന്നു. കൂടാതെ, കുടുംബശാപങ്ങളെ സൗഖ്യമാക്കുന്ന പ്രത്യേകശുശ്രൂഷ വർഷത്തിൽ പല തവണ നടത്താറുണ്ട്‌. ഇങ്ങനെ പൂർവികരിലൂടെ കടന്നുവരുന്ന പാപശാപങ്ങളുടെ സ്വാധീനത്തിൽ നിന്നും ധാരാളം ആളുകൾക്ക് സൗഖ്യം ലഭിച്ചിട്ടുണ്ട്. 

(2012 ലെ അറ്റ്ലാന്റാ സീറോ മലബാർ കണ്‍വെൻഷനിൽ വെച്ചു നൽകിയ അനുഭവസാക്ഷ്യം)

Web site: http://frmaniyangathealingministry.com