ജാലകം നിത്യജീവൻ: സാന്മാർഗിക പുണ്യങ്ങൾ

nithyajeevan

nithyajeevan

Thursday, January 23, 2014

സാന്മാർഗിക പുണ്യങ്ങൾ

(വി. ജോണ്‍ മരിയ വിയാനിയുടെ പ്രസംഗത്തിൽനിന്ന്)


വിവേകം 

ദൈവത്തിന് ഏറ്റം ഇഷ്ടമുള്ളത് ഏതെന്നും നമ്മുടെ ആത്മരക്ഷയ്ക്ക് ഏറ്റം ഉപകരിക്കുന്നത്‌ ഏതെന്നും വിവേകം നമുക്കു കാണിച്ചു തരുന്നു. ഏറ്റവും പൂർണ്ണമായതിനെ നാം തെരെഞ്ഞെടുക്കണം. നാം സ്നേഹിക്കുന്ന ഒരാൾക്കു വേണ്ടിയും നമ്മെ ദ്രോഹിച്ച വേറൊരാൾക്കുവേണ്ടിയും ഓരോ സത് കൃത്യം നാം ചെയ്യേണ്ടതുണ്ടെന്നു കരുതുക. ആദ്യം നാം ഏതാണ് തെരെഞ്ഞെടുക്കേണ്ടത്? നമ്മെ ദ്രോഹിച്ച ആൾക്കുവേണ്ടിയുള്ളത്.
                       സ്വാഭാവികമായി നാം ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യുന്നതിൽ നിന്നും വലിയ നന്മയൊന്നും കിട്ടാനില്ല. ഒരിക്കൽ ഒരു മാന്യവനിത വി.അത്തനേഷ്യസിന്റെ പക്കൽ ചെന്ന് അദ്ദേഹം സംരക്ഷിച്ചു പോരുന്ന നിർദ്ധനരുടെ കൂട്ടത്തിൽ  നിന്ന് ഒരു വിധവയെ തനിക്കു കൂട്ടായി നൽകണമെന്ന് അപേക്ഷിച്ചു. അദ്ദേഹം അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തു. എന്നാൽ, ഈ വിധവ വളരെ നല്ലവളായിരുന്നു. വീട്ടിലെ എല്ലാ ജോലികളും അവൾ തന്നെ ചെയ്തിരുന്നു. ഒന്നിനും യജമാനത്തിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല. സ്വർഗത്തിൽ പോകണമെങ്കിൽ പ്രയാസമുള്ള പ്രവൃത്തികൾ ചെയ്യണമെന്നറിഞ്ഞിരുന്ന ആ സ്ത്രീ തനിക്ക് അത്രയും നന്മയുള്ള ഒരു കൂട്ടുകാരിയെ നൽകിയതിന് വിശുദ്ധനെ കുറ്റപ്പെടുത്തി. അപ്പോൾ വിശുദ്ധൻ തന്റെ സംരക്ഷണയിൽ ഉണ്ടായിരുന്നതിൽ ഏറ്റവും ദുശ്ശീലയായ ഒരുവളെ അയച്ചുകൊടുത്തു.  അവൾ, പെട്ടെന്നു കോപിക്കുന്നവളും ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവളുമായിരുന്നു. ഈ മാന്യ സ്ത്രീ ചെയ്തതുപോലെയാണ് നാമും ചെയ്യേണ്ടത്.നമ്മുടെ സഹായങ്ങളെ വിലമതിക്കുകയും അവയ്ക്കു തക്ക പ്രതിനന്ദി കാണിക്കുകയും ചെയ്യുന്നവർക്കു നന്മ ചെയ്തതുകൊണ്ട് നമുക്കു വലിയ നേട്ടമൊന്നും കിട്ടാനില്ല.

             മറ്റുള്ളവർ തങ്ങളെ വേണ്ടപോലെ ശുശ്രൂഷിക്കുന്നില്ല എന്നു കരുതുന്നവർ കുറച്ചൊന്നുമല്ല. തങ്ങൾക്ക് എല്ലാറ്റിനും അവകാശമുണ്ടെന്നാണ് അവരുടെ വിചാരം.  അവർ എപ്പോഴും അതൃപ്തരായി കാണപ്പെടുന്നു. തന്നിമിത്തം, പ്രതിനന്ദി കാണിക്കുവാൻ അവർ തുനിയുന്നില്ല. ഇത്തരക്കാർക്കാണ് നാം കൂടുതൽ സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കേണ്ടത്. നമ്മുടെ എല്ലാ പ്രവൃത്തികളിലും നാം വിവേകമുള്ളവരായിരിക്കണം. നമ്മുടെ ഇഷ്ടമല്ല, നല്ലവനായ ദൈവത്തിന്റെ ഇഷ്ടമാണ് നാം ചെയ്യേണ്ടത്.
                      ഒരു കുർബാന ചൊല്ലിക്കുവാൻ നിങ്ങൾ കുറെ പണം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നു കരുതുക. അപ്പോൾ ആഹാരത്തിനു വകയില്ലാതെ ഒരു കുടുംബം കഷ്ടപ്പെടുന്നതായി അറിയുന്നുവെന്നും വിചാരിക്കുക. ആ പണം ആ കുടുംബത്തിനു കൊടുക്കുന്നതാണ് ദൈവത്തിനു കൂടുതൽ ഇഷ്ടം. എന്തുകൊണ്ടെന്നാൽ, ആ പണം കൊടുക്കാതിരുന്നതു നിമിത്തം കുർബാന മുടങ്ങുകയില്ല. ആ പട്ടിണിപ്പാവങ്ങളാകട്ടെ, ആ സഹായം ലഭിക്കുന്നില്ലെങ്കിൽ ഒരുപക്ഷെ മരണമടഞ്ഞേക്കും. ഒരു ദിവസം മുഴുവൻ പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നു സങ്കൽപ്പിക്കുക. എന്നാൽ, ദാരിദ്ര്യം മൂലം അത്യധികമായ കഷ്ടതയനുഭവിക്കുന്ന പാവങ്ങൾക്കു വേണ്ടി ആ സമയം വിനിയോഗിക്കുന്നുവെങ്കിൽ അതായിരിക്കും ദൈവത്തെ കൂടുതൽ പ്രസാദിപ്പിക്കുന്നത്.