ജാലകം നിത്യജീവൻ: കുരിശെന്ന കോട്ട

nithyajeevan

nithyajeevan

Sunday, September 14, 2014

കുരിശെന്ന കോട്ട

സെപ്തംബർ 14 - ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ 


            ഒരു വൈദികന്റെ അനുഭവം കേൾക്കുക;  പലപ്പോഴായി ആത്മഹത്യയ്ക്ക്     ശ്രമിച്ചിട്ടുള്ള   ഒരു     പെണ്‍കുട്ടിയുടെ ഭവനം അദ്ദേഹം      സന്ദര്‍ശിക്കാനിടയായി.    അച്ചന്‍      ആ പെണ്‍കുട്ടിക്കുവേണ്ടി      പ്രാര്‍ത്ഥിച്ചപ്പോള്‍       അവള്‍ പറഞ്ഞതിങ്ങനെയാണ്: രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും. അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാ ര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെ യ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞതിപ്രകാരമാണ്:

''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി!

                      പക്ഷേ, എന്തുകൊണ്ട് നമ്മുടെ വെഞ്ചരിപ്പുകള്‍ പലപ്പോഴും ഫലദായകമാകുന്നില്ല? ഒന്നാമത്തെ കാരണം വിശ്വാസത്തിന്റെ കുറവാണ്. രണ്ടാമത്തെ പ്രശ്‌നം ശരിയായ ഒരുക്കം കൂടാതെയുള്ള വെഞ്ചരിപ്പാണ്. വെഞ്ചരിപ്പിന്റെ ഒരു തലം വിശുദ്ധീകരണമാണ്. വീട്ടിലെ മുറികളൊക്കെ വെഞ്ചരിച്ചാലും വീട്ടില്‍ താമസിക്കുന്നവരുടെ ഹൃദയം വെഞ്ചരിക്കപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനം? വീടും സ്ഥാപനങ്ങളും വെഞ്ചരിക്കുമ്പോള്‍ അതിനുമുമ്പായി കുടുംബങ്ങളും സ്ഥാപനത്തിലെ അംഗങ്ങളും അനുതപിച്ച് പാപങ്ങളുപേക്ഷിക്കണം. അനുരഞ്ജനമില്ലാതെയും പാപങ്ങളുപേക്ഷിക്കാതെയും വെഞ്ചരിപ്പ് നടത്തുമ്പോള്‍ അതിന്റെ ഫലദായകത്വം അപൂര്‍ണമാകും.
                                 വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതുപോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.

മോഷ്ടിക്കാന്‍ പോകുന്നവന്‍ പിടിക്കപ്പെടാതിരിക്കുന്നതിനുവേണ്ടി കുരിശുവരച്ച് സംരക്ഷണം തേടുന്നതുപോലെ പരിഹാസ്യമാണ് ദൈവഹിതത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലം പുരോഹിതനെ വിളിച്ചു വെഞ്ചരിപ്പിക്കുന്നത്. ജപമാലയും ക്രൂശിതരൂപങ്ങളുമെല്ലാം വെഞ്ചരിച്ച് ഉപയോഗിക്കുമ്പോഴും സ്വന്തം ജീവിതത്തെ വിശുദ്ധീകരിക്കപ്പെടാന്‍ ക്രിസ്തുവിനു വിട്ടുകൊടുക്കാതിരുന്നാല്‍ അര്‍ത്ഥശൂന്യമാകും എല്ലാം.

പ്രാര്‍ത്ഥന
രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.
''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.

(ശ്രീ.ബെന്നി പുന്നത്തറയുടെ മനുഷ്യപുത്രന്റെ അടയാളം എന്ന ഗ്രന്ഥത്തിൽ നിന്ന്)