ജാലകം നിത്യജീവൻ: 2013

nithyajeevan

nithyajeevan

Thursday, December 12, 2013

ക്രിസ്മസ് രാത്രിയിൽ അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നു..


ഒരു പുരോഹിതൻ്റെ അനുഭവം    


വിശുദ്ധനും പണ്ഡിതനുമായ ഒരു വൈദികൻ, തന്റെ ആദ്യ ഇടവകയുടെ ചുമതലയിൽ ഇരിക്കുമ്പോഴാണ് തീർത്തും  അസാധാരണമായ ഈ സംഭവത്തിനു സാക്ഷിയായത്.   

ഒരു ക്രിസ്മസ് രാത്രിയിൽ പാതിരാക്കുർബാനയ്ക്കു ശേഷം അദ്ദേഹം തന്നെ പള്ളിയെല്ലാം പൂട്ടി ഉറങ്ങാനായി പോയി.  പിറ്റേന്നു രാവിലെ ഏഴര മണിയോടെ  തൻ്റെ വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി അദ്ദേഹം തനിച്ചു പള്ളിയിലെത്തി,  സാക്രിസ്റ്റിയിലേക്കു തുറക്കുന്ന സൈഡു വാതിൽ  തുറന്ന് പള്ളിയിലെ എല്ലാ ലൈറ്റുകളുമിട്ടു. അനന്തരം, പള്ളിക്കകത്തേക്കു പ്രവേശിച്ച അദ്ദേഹം, അക്ഷരാർഥത്തിൽ മരവിച്ചു നിന്നുപോയി.. വില കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച അപരിചിതരായ ഒരു കൂട്ടം ആളുകൾ, പള്ളിയിലെ ബെഞ്ചുകളിൽ നിശബ്ദരായിരുന്നു പ്രാർഥിക്കുന്നു!  വേറൊരു ചെറിയ ഗണം ആളുകൾ,  പള്ളിക്കകത്ത് ഒരുക്കിയിരുന്ന  പുൽക്കൂടിനു മുൻപിൽ നിശബ്ദരായി ധ്യാനിച്ചുകൊണ്ടു നിൽക്കുന്നു!!

 പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നുണർന്ന  വൈദികൻ, ഉച്ചത്തിൽ അവർ ആരാണെന്നും എങ്ങിനെയാണവർ പള്ളിക്കുള്ളിൽ കടന്നതെന്നും ചോദിച്ചു.  ആരും ശബ്ദിച്ചില്ല.  അവരുടെ അടുത്തേക്കു ചെന്ന് വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ആ കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു; " ക്രിസ്മസ് രാത്രിയിൽ അസാധാരണമായ കാര്യങ്ങൾ  സംഭവിക്കുന്നു...." വീണ്ടും കടുത്ത  നിശബ്ദത..  
   പള്ളിയിലെ പ്രധാന വാതിലും മറ്റു വാതിലുകളും    പരിശോധിച്ച  വൈദികൻ,അവയെല്ലാം പൂട്ടിയ നിലയിൽത്തന്നെയാണെന്നു  കണ്ടു.. വിസ്മയത്തോടെ, എന്നാൽ ഇതെങ്ങനെ സംഭവിച്ചുവെന്നു കണ്ടുപിടിക്കണമെന്ന ദൃഡനിശ്ചയത്തോടെ അവരുടെ അടുത്തേക്കു നടക്കാനൊരുങ്ങിയ അദ്ദേഹം, വീണ്ടും തരിച്ചു നിന്നു !!  ബെഞ്ചുകളെല്ലാം  ഒഴിഞ്ഞിരുന്നു!! ആളുകളെല്ലാം അപ്രത്യക്ഷരായിരുന്നു !!

ഇക്കാര്യം വളരെനാൾ അദ്ദേഹം മനസ്സിൽ  കൊണ്ടുനടന്നു ... ഒടുവിൽ, ആരോടെങ്കിലും ഇതു പങ്കുവെക്കാതെ വയ്യ എന്നായപ്പോൾ, താൻ  ഗുരുവിനെപ്പോലെ ആദരിക്കുന്ന മറ്റൊരു വൈദികനോട്  ഇക്കാര്യം പറഞ്ഞു ;  വിശദീകരണവും ആരാഞ്ഞു .  അദ്ദേഹം മറുപടി പറഞ്ഞു; "അവർ മറ്റാരുമല്ല,  മരണമടഞ്ഞ, ശുദ്ധീകരണസ്ഥലത്തെ  തങ്ങളുടെ ശുദ്ധീകരണം ദേവാലയത്തിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ആത്മാക്കളാണ്..."

"എന്തിനു ദേവാലയത്തിൽ പരിഹാരമനുഷ്ടിക്കണം?"

"നാം എവിടെ  വെച്ചാണോ പാപം  ചെയ്തത്  അവിടെ വെച്ചുതന്നെ പരിഹാരമനുഷ്ടിക്കുക എന്നത് നീതിയാണല്ലോ .   ദേവാലയത്തിൽ കണ്ട ആ ആളുകൾ  പരിപൂർണ്ണ നിശബ്ദരായാണ് പ്രാർഥിച്ചുകൊണ്ടിരുന്നത്.  എന്തായിരിക്കാം കാരണം?  നമുക്കറിയാം,  ദേവാലയത്തിനുള്ളിൽ,  പരമ പരിശുദ്ധമായ ദിവ്യകാരുണ്യത്തിനു മുൻപിൽ ആളുകൾ എത്ര അനാദരവോടെയാണ്  പെരുമാറുന്നതെന്ന് ...  ബലിയർപ്പണം നടന്നുകൊണ്ടിരിക്കുമ്പോൾപ്പോലും  ചിരിച്ചും സംസാരിച്ചും  സമയം ചെലവഴിക്കുന്ന എത്രയോ ആളുകളെ നാം കാണുന്നു ?  സക്രാരിയിലെ  ഈശോയുടെ   പരിശുദ്ധസാന്നിധ്യം  തീർത്തും  അവഗണിച്ച്  ദേവാലത്തെ ഒരു ചന്തസ്ഥലമാക്കി മാറ്റുന്നവരാണ് അധികവും.."  

"എന്തുകൊണ്ടാണ് അവർ അപ്രത്യക്ഷരായത് ?" 

"അവർ അപ്രത്യക്ഷരായതല്ല, കാഴ്ചയിൽ നിന്നു മറഞ്ഞതാണ്.. അവർ ഇപ്പോഴും ദേവാലയത്തിൽത്തന്നെയുണ്ട്;   പരിശുദ്ധ കുർബാന  എന്നത്  ഒരു പരിഹാസവിഷയമല്ല.  ജീവിതകാലത്ത് നാം ചെയ്യുന്ന ഓരോ വാക്കിനും പ്രവൃത്തിക്കും മരണശേഷം നാം വില കൊടുക്കേണ്ടി വരും.    ജീവിച്ചിരുന്നപ്പോൾ പരിശുദ്ധ കുർബാനയോടു  കാട്ടിയ അനാദരവിനും നിന്ദയ്ക്കും പരിഹാരമായി ഇപ്പോൾ അവർ നിശബ്ദരായി ആരാധനയർപ്പിക്കുന്നു.." 

"ഈ പരിഹാരം എത്ര കാലത്തേക്ക് ?"

"അത്  ദൈവനിശ്ചയം പോലെ .."

" എന്തുകൊണ്ടാണ് ഞാൻ മാത്രം ഈ കാഴ്ച കാണുവാനിടയായത്‌?

"താങ്കളും താങ്കൾ വഴി മറ്റുള്ളവരും, ഇപ്രകാരം  ദേവാലയങ്ങളിൽ  പരിഹാരം അനുഷ്ടിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ആത്മാക്കൾക്കു വേണ്ടി  പ്രാർഥിക്കുവാനായി.."

"എന്തുകൊണ്ടാണ് അവർ വില കുറഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞിരുന്നത് ?"

      "ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന അവരുടെ ആഡംബര ഭ്രമത്തിനും അഹങ്കാരത്തിനുമൊക്കെ  പരിഹാരം ചെയ്യുകയാണവർ..  നാം കാണുന്നതല്ലേ,  മാന്യമായി  വസ്ത്രധാരണം ചെയ്യാത്ത  എത്രയോ ആളുകളാണ്, പ്രത്യേകിച്ചും സ്ത്രീകൾ,  പരിശുദ്ധ കുർബാന സ്വീകരണത്തിനായി അണയുന്നത് ?  വൈദികർ ഇതിനെതിരെ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കയോ ചെയ്യാം; എന്നാൽ, ഒരു ദിവസം, ദൈവതിരുമുൻപിൽ  ഇതിന് കണക്കു കൊടുത്തേ തീരൂ ..  താങ്കൾ കണ്ട ദരിദ്ര വസ്ത്രധാരികളുടെ വസ്ത്രധാരണരീതിക്ക് മറ്റൊരു വിശദീകരണം നല്കാനില്ല..."

                                             ഗുരുനാഥനായ വൈദികൻ ഉപസംഹരിച്ചു:   "പരിശുദ്ധ കുർബാനയിൽ എഴുന്നെള്ളിയിരിക്കുന്ന ഈശോനാഥന്  അർഹമായതും നാം അർപ്പിക്കേണ്ടതുമായ  ആരാധനാവണക്കങ്ങൾ അർപ്പിക്കുവാൻ നമുക്ക് കഴിയില്ല;  പക്ഷെ, അതിനുള്ള എളിയ പരിശ്രമങ്ങളെങ്കിലും  നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം.. ദിവ്യനാഥൻ അവയിൽ  പ്രീതനാവുകയും നമ്മെ അതിധാരാളമായി അനുഗ്രഹിക്കുകയും ചെയ്യുമെന്നത് തീർച്ചയാണ് .."

Tuesday, September 24, 2013

ജീവിതലക്ഷ്യം

                   ഈശോ പറയുന്നു:   "എനിക്കു വളരെ സന്തോഷം തരാൻ നീ കുറച്ചു മാത്രം ചെയ്താൽ മതി. നിനക്ക്  ദൈവത്തെക്കുറിച്ച് കൂടുതൽ പൂർണ്ണമായ  അറിവുണ്ടായിരുന്നെങ്കിൽ ഇതു മനസ്സിലാകുമായിരുന്നു.  മനുഷ്യന്റെ ഗുണങ്ങൾ വച്ചാണ് നീ മിക്കപ്പോഴും ദൈവത്തെ വിധിക്കുന്നത്. നീ ഒന്നുമല്ലെന്നും എന്റെ ദാനങ്ങൾക്ക് അയോഗ്യയാണെന്നും ഓർക്കുക. ഈ വർഷം ഞാൻ  നിനക്കു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിന്റെ ഹൃദയം സ്നേഹം കൊണ്ടു നിറയട്ടെ...  എന്റെ പരിശുദ്ധിയോടടുത്തു വരാനുള്ള ആഗ്രഹം കൊണ്ടു നിറയട്ടെ... നിന്റെ ആഗ്രഹങ്ങൾ എന്നെ പ്രസാദിപ്പിക്കുന്നു.   നിന്റെതന്നെ പരിശ്രമം കൊണ്ട് അവ നേടിയെടുക്കാമെന്ന് ശരണപ്പെടരുത്. മറിച്ച്, നിന്നെ സഹായിക്കാൻ എന്നോടു പറയുക. ആദ്ധ്യാത്മികതലത്തിൽ നിന്റെ ഇഷ്ടത്തെ മാറ്റിവയ്ക്കുക;  നീ സത്യത്തിന്റെ വേഗതയേറിയ വഴിയിലായിരിക്കും.  ഞാൻ  ദൈവമായിരുന്നിട്ടും എന്നെ അയച്ച എന്റെ പിതാവിന്റെ ഇഷ്ടം മാത്രമേ ഞാൻ  ചെയ്തുള്ളൂ.   തീർച്ചയായും അതൊരു രഹസ്യമാണ്. എന്നാൽ അതു വിശ്വസിക്കുക. എന്റെ ഹിതത്തിനെതിരായുള്ള നിന്റെ ഇഷ്ടങ്ങളിൽ നിന്ന് ഓടിയകലുമ്പോൾ സന്തോഷിക്കുവാൻ നീ പതിയെപ്പതിയെ പഠിക്കും. നീ പരിപൂർണ്ണയാകാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ ഭവനത്തിൽ വസിക്കും. നിന്റെ ഈ ഭൂമിയിലെ ജീവിതം അതിനുവേണ്ടി മാത്രമാണ്..
                    എന്റെ വിശ്വസ്തരായവരെ ഞാനെപ്പോഴും വിശ്വസ്തതയോടെ കൂടെ നടത്തുകയും എനിക്കായി സഹിക്കാനാഗ്രഹിക്കുന്നവർക്ക് ശക്തിയും സമാശ്വാസവും നൽകുകയും ചെയ്യുന്നു. അവർ എനിക്കായി സഹിക്കുന്നവ, ഞാൻ  അവർക്കു മുമ്പേ സഹിച്ചു; കാരണം, എന്റെ സ്നേഹിതരുടെ സഹനങ്ങളിൽ ഞാനും സഹിക്കുന്നു.  നിനക്കു പ്രിയപ്പെട്ട ഒരാൾ സഹിക്കുന്നതു കാണുമ്പോൾ നിനക്കും വേദനിക്കില്ലേ? എല്ലാ സ്നേഹിതരിലും വച്ച് ഏറ്റം ആർദ്രഹൃദയനായവൻ ഞാനല്ലേ? ഓ, എന്നെ വിശ്വസിക്കുക; കാരണം അതാണു സത്യം. എന്നെ കൂടുതലായി സ്നേഹിക്കാൻ അതു നിന്നെ ശക്തിപ്പെടുത്തും. ഓരോ ദിവസവും ഇത്തിരി കൂടി - അങ്ങനെ സാവധാനം,  നിന്റെ ആത്മാവിനെ ഭാരപ്പെടുത്താതെ...  വിശുദ്ധമായ ആഗ്രഹങ്ങൾ കൂടെക്കൂടെ പുലർത്തുക.  ഹൃദയത്തിന്റെ ഒരു ചെറിയ ഉയർത്തൽ, വാത്സല്യം നിറഞ്ഞ ഒരു നോട്ടം, സന്തോഷപൂർണ്ണമായ വിശ്വസ്തത, എളിമയുടെ ഒരു മൗനം, എന്നെപ്രതി ഒരു കാരുണ്യപ്രവൃത്തി... ഒരിക്കലും എനിക്കു   നന്ദി പറയാതിരിക്കരുത്..."

- Our Lord to  Gabrielle Bossis  (From 'He and I')

Monday, September 16, 2013

വേദനിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക

(പ്രമുഖ മിസ്റ്റിക്കായ വാസുല റിഡൻ തന്റെ അനുഭവം വിവരിക്കുന്നു)

04-08-1987

                     മൂന്നു ദിവസം മുമ്പ് ടിവിയിൽ രണ്ടു കുട്ടികൾ  ഭൂഗർഭത്തിൽ കുടുങ്ങി മരിച്ച സംഭവം ഞാൻ കാണാനിടയായി.  ആ കുട്ടികളോടും അവരുടെ മാതാപിതാക്കളോടും എനിക്കു സഹതാപം തോന്നി. മാതാപിതാക്കൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു. അടുത്ത ദിവസം, കാനഡായിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങളും ജനങ്ങളുടെ ദുരിതവും ടിവിയിൽ കണ്ടു...   അവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. എനിക്കവരോട് അനുകമ്പ തോന്നി. എന്നാലും ഈ ദുരന്തം എനിക്കനുഭവപ്പെട്ടിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വേദന തോന്നിയുമില്ല. പൊടുന്നനവേ, ദൈവം തന്റെ രശ്മി എന്നിലേക്കു കടത്തിവിട്ടു... അത് ന്റെ നെഞ്ചു തുളച്ച് പുറംവരെയെത്തി, എന്നെ ദഹിപ്പിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു അത്. ഓടിപ്പോയി വെള്ളം കുടിക്കണമെന്നു തോന്നി...  കുറച്ചു കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ, ഈ രണ്ടു സംഭവങ്ങളും ഞാൻ എത്രമാത്രം ആഴമായി സ്വയം അനുഭവിക്കേണ്ടിയിരുന്നുവെന്ന് ദൈവം കാണിച്ചുതന്നു. 
                              സ്വപ്നത്തിൽ, എന്റെ മകൻ മരിച്ചതായി ഞാൻ കാണുന്നു... സങ്കടം കൊണ്ട് ഞാൻ എണീറ്റപ്പോൾ, ഇതേ വേദന തന്നെ മക്കൾ നഷ്ടപ്പെട്ടവരോടും കാണിക്കണം എന്ന് ദൈവം അരുളിച്ചെയ്തു. ഞാൻ ആ മാതാപിതാക്കൾക്കുവേണ്ടി വേദനയോടെ പ്രാർത്ഥിച്ചു. എന്നിട്ടു ഞാൻ വീണ്ടും കിടന്നു. അടുത്തതായി, ഒരു ചുഴലിക്കാറ്റിൽ ഞാനകപ്പെടുന്നതായും മരണഭീതി എന്നിൽ ഉളവാകുന്നതായും ഞാൻ കണ്ടു... ദൈവം എന്നെ വീണ്ടും ഉണർത്തി,  കാനഡായിൽ  ചുഴലിക്കാറ്റിന്റെ ദുരന്തം  അനുഭവിക്കുന്നവർക്കുവേണ്ടി വേദനയോടെ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ ആ ദുരന്തത്തിലകപ്പെട്ടാലെന്നപോലെ അവർക്കുവേണ്ടി പ്രാർത്ഥിച്ചു..

ഈശോ പറയുന്നു:   "മറ്റുള്ളവരുടെ കഷ്ടപ്പാടുകളുമായി താദാത്മ്യം പ്രാപിക്കാൻ സ്നേഹം നിന്നെ പരിശീലിപ്പിക്കും. അവരുടെ വേദനകളും കഷ്ടപ്പാടുകളും നിന്റേതെന്നപോലെ നിനക്ക് അനുഭവപ്പെടും. കഷ്ടപ്പാടുകൾ നീ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ, അവരുടെ  വേദന നിന്റേതെന്നപോലെ അനുഭവിക്കാനുള്ള കൃപാവരം ഞാൻ നിനക്കു നൽകും.  ഇപ്രകാരം അവരുടെ വേദനകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ അനുഭവങ്ങളെ വ്യക്തമായി മനസ്സിലാക്കാനും നിനക്കു സാധിക്കും. ഞാൻ നൽകുന്ന ഈ ഉൾക്കാഴ്ച മൂലം,  കഷ്ടപ്പെടുന്നവരെ നീ വളരെയേറെ സഹായിക്കും. അവർ കഷ്ടപ്പെടുമ്പോൾ നീയും ഒപ്പം കഷ്ടപ്പെടുക. അവരുടെ കഷ്ടതകൾ നീ പങ്കുവയ്ക്കുക...."


(From 'The True Life in God' by Vassula Ryden)

Saturday, September 14, 2013

വിശുദ്ധ കുരിശിന്റെ തിരുനാൾ


സെപ്തംബർ 14 -  ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ 



"ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് കുരിശ്. യേശുവിനു വേണ്ടി സഹിക്കുക എന്നതിനേക്കാൾ കൂടുതൽ മഹത്തരമായി, മധുരതരമായി മറ്റൊന്നുമില്ല."                                
                                                                                   വി.ലൂയി ഡി മോൺട്ഫോർട്ട്

Friday, September 13, 2013

സ്വർഗ്ഗരാജ്യം നേടുവിൻ

ഈശോ പറയുന്നു: 

   "ഞാൻ  ഗൗരവമായി പറയുന്നു, കലക്കവെള്ളത്തിന് വീണ്ടും ശുദ്ധജലമായി മാറുവാൻ   കഴിയും. സൂര്യപ്രകാശം അതിനു  ചൂടു നല്‍കി ആവിയാക്കി ആകാശത്തിലേക്കുയർത്തിയ ശേഷം ഭൂമിയ്ക്ക് ഉപകാരമുള്ള മഴയോ മഞ്ഞോ അത് താഴേക്കു വീഴുന്നു. യാതൊരഴുക്കും അതിലില്ല. അത് സൂര്യപ്രകാശമേറ്റതായിരിക്കണം. അതുപോലെ വലിയ പ്രകാശത്തെ സമീപിക്കുന്ന ആത്മാക്കളും ശുദ്ധീകരിക്കപ്പെട്ട് അവരുടെ സ്രഷ്ടാവിലേക്ക് ഉയരും. ഈ ആത്മാക്കൾ വലിയ പ്രകാശമാകുന്ന ദൈവത്തോടു വിളിച്ചു പറയുന്നു; "ഞാൻ  പാപം ചെയ്തുപോയി; ഞാൻ   അഴുക്കാണ്; എങ്കിലും ഓ! പ്രകാശമേ, ഞാൻ    നിനക്കായി കേഴുന്നു."   മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഭയം നീക്കിക്കളയുവിന്‍ൻ. ജീവൻ   വാങ്ങാനുള്ള പണമായി നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിക്കൊണ്ടാണതു സാധിക്കേണ്ടത്. ഒരു അഴുക്കു നിറഞ്ഞ വസ്ത്രമെന്ന പോലെ നിങ്ങളുടെ പഴയ ജീവിതം ഉരിഞ്ഞുമാറ്റുവിൻ. നന്മകളാകുന്ന പുതിയ വസ്ത്രം ധരിക്കുവിൻ. ഞാൻ  ദൈവത്തിന്റെ വചനമാകുന്നു. അവന്റെ നാമത്തിൽ ഞാൻ   പറയുകയാണ്; അവനിൽ   വിശ്വസിക്കുന്നവർ, സന്മനസ്സുള്ളവർ, പഴയ ജീവിതത്തെക്കുറിച്ച് പശ്ചാത്തപിക്കുന്നവർ, ഭാവിയിലേക്ക് നല്ല തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളവർ, അവർ   ഹെബ്രായരോ പുറജാതിക്കാരോ ആകട്ടെ, ആരായാലും ദൈവമക്കളായിത്തീരും. സ്വർഗ്ഗരാജ്യം അവര്‍ നേടുകയും ചെയ്യും."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Thursday, March 28, 2013

നിങ്ങളുടെ പെസഹാ

1989 മാർച്ച് 23  പെസഹാ വ്യാഴാഴ്ചദിനത്തിൽ,  പരിശുദ്ധ അമ്മ  MMP (Marian Movement for Priests) സ്ഥാപകനായ ഫാദർ സ്റ്റെഫാനോ ഗോബി വഴി വൈദികർക്കു നൽകിയ സന്ദേശം:
                 

             എന്റെ വത്സലസുതരേ,  ഇന്നേദിവസം നിങ്ങളുടെ പെസഹാ ആകുന്നു. ജറുസലേമിലെ പ്രാർത്ഥനായോഗത്തിൽ നടത്തിയ അന്തിമ അത്താഴവിരുന്നിന്റെയും പൗരോഹിത്യസ്ഥാപനത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിവസമാണിന്ന്. ഇതു നിങ്ങളുടെ തിരുനാളാണ്.  തന്റെ അത്യുന്നതവും സനാതനവുമായ പൗരോഹിത്യവുമായി വ്യക്തിഗതമായി നിങ്ങളെ ബന്ധപ്പെടുത്തിയ, നിങ്ങളുടെ സഹോദരനായ യേശുവുമായി ഗാഢമായ ഐക്യത്തിൽ ജീവിക്കുക. അവിടുത്തെപ്രതി സ്നേഹത്തിൽ ജീവിക്കുവിൻ. അവിടുത്തെ പുരോഹിതന്മാരും മക്കളുമായ നിങ്ങൾ വഴി യേശു ഓരോ ദിവസവും നമ്മുടെയിടയിൽ വരുന്നു.
              ഇന്ന് പരിശുദ്ധ കുർബാന, തിരുപ്പട്ടം എന്നീ കൂദാശകളുടെ സ്ഥാപന ദിവസമാണെന്ന കാര്യം ഓർക്കുക. ദൈവത്തിന്റെ കാരുണ്യത്തിന്റെ പദ്ധതിയിൽ പന്ത്രണ്ട് അപ്പസ്തോലന്മാരോടൊപ്പം പ്രിയമക്കളെ, നിങ്ങളും സന്നിഹിതരായിരുന്നു. വൈദികരുടെ ഏറ്റവും വലിയ ദിവസമാകുന്നു ഇന്ന്. നിങ്ങൾ വൈദികപട്ടം സ്വീകരിച്ച ദിനത്തിൽ എടുത്ത വാഗ്ദാനം പുതുക്കുവാൻ നിങ്ങളുടെ അധികാരിയായ മെത്രാനു ചുറ്റും കൂടിയിരിക്കയാണ്.  നിങ്ങളുടെ വിശ്വസ്തയുടെ വാഗ്ദാനം പുതുക്കുവാൻ ഞാൻ നിങ്ങളെ എല്ലാവരേയും ഇന്നു ക്ഷണിക്കുകയാണ്. 
              ഞാൻ വൈദികരുടെ മാതാവാണ്. നിങ്ങളുടെ പൗരോഹിത്യത്തിന്റെ സ്നേഹരഹസ്യം മുഴുവനായി മനസ്സിലാക്കുന്നതിനായി ഞാനിതാ നിങ്ങളെ നയിക്കുന്നു. നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ചുമതലകൾ, പ്രത്യേകിച്ച് ബ്രഹ്മചര്യം,  വിശ്വസ്തയോടെ പാലിക്കാൻ നിങ്ങളുടെ സഹായത്തിനെത്തുകയും ആ വലിയ ദാനം നിങ്ങൾക്കു നൽകിയ എന്റെ തിരുക്കുമാരൻ ഈശോയോടുള്ള പ്രതിനന്ദി കാട്ടുന്നതിനായി നിങ്ങൾ നടക്കേണ്ടുന്ന വഴികൾ ഞാൻ കാണിച്ചുതരികയും ചെയ്യുന്നതാണ്.
                നിങ്ങൾ കണ്ടിട്ടുള്ളതാണല്ലോ, കൊച്ചുകുഞ്ഞുങ്ങൾ അവരുടെ മാതാവിനാൽ നയിക്കപ്പെടാൻ അനുവദിക്കുന്നതും  അവളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതും, എല്ലാം അവളിൽ നിന്നുതന്നെ പ്രതീക്ഷിക്കുന്നതും..  നിങ്ങളും അപ്രകാരം എല്ലാം എന്നോടൊത്ത്  ചെയ്യാൻ ശീലിക്കുക. നിങ്ങൾ എഴുന്നേൽക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ, സമയാസമയങ്ങളിൽ കാനോനനമസ്കാരം ചൊല്ലുമ്പോൾ,  പ്രേഷിതപ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ, എല്ലാം എന്നോടൊത്ത്  ചെയ്യുക.
                             നിങ്ങൾ പള്ളി മോടിയാക്കുമ്പോഴും എന്തെങ്കിലും നൂതനകൃത്യം   ചെയ്യാൻ  ആഗ്രഹിക്കുമ്പോഴും  അത്   എന്നോടുള്ള നിങ്ങളുടെ   പുത്രസഹജമായ   ആത്മവിശ്വാസ   അരൂപിയിലും നിരന്തരമായ        ആശ്രയബോധത്തോടും     കൂടെ       ചെയ്യുക. അപ്പോൾ   ഒന്നും  നിങ്ങളുടെ   ഹൃദയസമാധാനത്തിനു   ഭംഗം വരുത്തുകയില്ല.        എന്റെ    ശത്രുവായവൻ        നിങ്ങളെ സമീപിക്കുമ്പോൾ,     ഭേദിക്കാനാവാത്ത  പടച്ചട്ടയാൽ നിങ്ങൾ  ആവരണം   ചെയ്യപ്പെട്ടിരിക്കുന്നതും മാറ്റപ്പെടാനാവാത്ത ഒരു സമാധാനത്തിൽ മുഴുകിയിരിക്കുന്നതുമായി കാണുന്നതാണ്."

Tuesday, March 26, 2013

ദിവ്യകാരുണ്യത്തിന്റെ മാതാവ്

പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി വൈദികർക്കു നൽകിയ സന്ദേശം : 
                     
             "എന്റെ വത്സലമക്കളേ, എന്റെ പുത്രനോട് നിങ്ങൾ കാണിക്കുന്ന സ്നേഹപ്രകടനങ്ങൾക്ക് നിങ്ങൾക്കെല്ലാം വളരെ നന്ദി. അവിടുന്ന് നിങ്ങളെ നോക്കി ആഹ്ളാദത്തോടുകൂടി പുഞ്ചിരിക്കുകയും ആർദ്രചിത്തനായി നിങ്ങളെ  വീക്ഷിക്കുകയും ചെയ്യുന്നു.
                 പരിശുദ്ധ  ദിവ്യകാരുണ്യത്തിന്റെ  മാതാവാണു ഞാൻ. മനുഷ്യാവതാരസമയത്ത് ഞാൻ പ്രത്യുത്തരിച്ച 'അതെ' എന്ന വാക്കിലൂടെയാണ് ഞാൻ അപ്രകാരമായിത്തീർന്നത്. ഞാൻ ദൈവമാതാവാണ്; കാരണം, എന്റെ പുത്രൻ യേശു സത്യമായും ദൈവപുത്രനാണ്.     പിതാവിന്റെ   വചനം   എന്റെ ഉദരത്തിലാകുവാൻ ഞാൻ വഴിയൊരുക്കി. അങ്ങനെ പരിശുദ്ധ  ത്രിത്വത്തിലെ രണ്ടാമനും നിത്യനായ പിതാവിന്റെ പുത്രനുമായ യേശു നിങ്ങളുടെ സഹോദരനായി.
                                                  മനുഷ്യപ്രകൃതി സ്വീകരിച്ചതിലൂടെ   വീണ്ടെടുപ്പിന്റെ   പദ്ധതി  നിറവേറ്റാൻ ക്രിസ്തുവിനു സാധിച്ചു. തിരുവവതാരത്തിന്റെ മാതാവായതു പോലെ     വീണ്ടെടുപ്പിന്റെ  കൂടെ         മാതാവാണു       ഞാൻ.    
                          മനുഷ്യാവതാരത്തിന്റെ           പ്രഥമനിമിഷം  തുടങ്ങി                വീണ്ടെടുപ്പാരംഭിക്കുകയും                                       മാനുഷിക വ്യക്തിത്വത്തിനുടമയായിരുന്നതിനാൽ കുരിശുമരണത്തിന്റെ അവസാന നിമിഷം വരെ അതു നീളുകയും ചെയ്തു. പക്ഷേ, ദൈവമെന്ന നിലയിൽ സാധിക്കാത്തത് - സഹിക്കുവാനും കഷ്ടതകളനുഭവിക്കുവാനും മരിക്കുവാനും സ്വപിതാവിനു തന്നെത്തന്നെ ഒരു പരിഹാരബലിയായി അർപ്പിക്കുവാനും - മനുഷ്യാവതാരത്തിലൂടെ അവിടുത്തേക്കു സാധിച്ചു.
                 സ്നേഹിക്കുകയും അദ്ധ്വാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന യേശുവിനെ നിങ്ങൾ  ശ്രദ്ധിക്കൂ..  നിത്യപുരോഹിതനായ  ക്രിസ്തുവിന്റെ അമ്മ കൂടിയാണു ഞാനെന്നുള്ള അവബോധം നിങ്ങളിൽ ഉണർത്തുവാനായിരുന്നു മനുഷ്യാവതാരം മുതൽ കുരിശുമരണം വരെ അവിടുന്നു നടത്തിയ നിരന്തരമായ വൈദികവൃത്തി.
                 അതുകൊണ്ട് പരിശുദ്ധ  ദിവ്യകാരുണ്യത്തിന്റെ  യഥാർത്ഥ മാതാവു കൂടിയാണു ഞാൻ.  അൾത്താരയിൽ സംഭവിക്കുന്ന രഹസ്യാത്മകമായ ഈ യാഥാർത്ഥ്യത്തിനായി, വീണ്ടും ഒരിക്കൽക്കൂടി അവനെ ജനിപ്പിക്കുവാൻ എനിക്കാവില്ല.  ഈ ദൗത്യം എന്റെ വത്സലമക്കളേ, നിങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.  നിങ്ങളുടെ ഈ പ്രവൃത്തിയും അമ്മയ്ക്കടുത്ത എന്റെ കടമയോടു സദൃശമാണ്. കാരണം, ബലിയർപ്പണ സമയത്ത് കൂദാശാവചനങ്ങൾ ഉച്ചരിക്കുന്നതിലൂടെ  നിങ്ങളും എന്റെ പുത്രനു ജന്മം നൽകുകയാണ്.. നിങ്ങളുടെ പൗരോഹിത്യ കർമ്മത്തിലൂടെ കൂദാശാവചനങ്ങൾ ഉച്ചരിക്കുന്ന ആ നിമിഷം  മുതൽ യേശു അവിടെ സന്നിഹിതനാണ്. നിങ്ങളുടെ മാനുഷികമായ 'അതെ'യിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തിയേറിയ പ്രവർത്തനം വഴിയായി അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ മാംസരക്തങ്ങളായി രൂപാന്തരപ്പെടുന്നു. അങ്ങനെ നിങ്ങൾക്കിടയിൽ യഥാർത്ഥമായും അവൻ വസിക്കുന്നതിന് ഈ പ്രവൃത്തിയിലൂടെ നിങ്ങൾ  കാരണഭൂതരാകുന്നു...

             ഒരമ്മയെന്ന നിലയിൽ  പുത്രനു സമീപെ എപ്പോഴും ഞാനുണ്ട്. യേശു സന്നിഹിതനായിരിക്കുന്ന എല്ലാ സക്രാരികൾക്കും സമീപെ എന്നെയും നിങ്ങൾക്കു കാണാൻ കഴിയും..."

Tuesday, March 19, 2013

വി.യൗസേപ്പിന്റെ തിരുനാൾ

               മാർച്ച് 19 - ഇന്ന് വി.യൗസേപ്പുപിതാവിന്റെ തിരുനാൾ
                     
                      വേദപാരംഗതയായ വി.അമ്മത്രേസ്യ വി.യൗസേപ്പിന്റെ മഹാഭക്തയായിരുന്നു. തന്റെ സ്വയംകൃതചരിതത്തിൽ വിശുദ്ധ എഴുതുന്നു:
                         
                   "യൗവനയുക്തയായ ഞാൻ പക്ഷവാതം പിടിപെട്ടു കിടക്കയാണെന്നും ഭൗമിക ഭിഷഗ്വരന്മാർക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ലെന്നും എനിക്കു മനസ്സിലായപ്പോൾ സ്വർഗ്ഗീയ ഭിഷഗ്വരന്മാരിൽ നിന്നും സൗഖ്യം തേടാൻ ഞാനാഗ്രഹിച്ചു.  സന്തോഷത്തോടെയാണു രോഗത്തിന്റെ കെടുതികൾ ഞാൻ സ്വീകരിച്ചതെങ്കിലും സൗഖ്യം പ്രാപിക്കാൻ ഞാനാഗ്രഹിച്ചിരുന്നു. ആരോഗ്യം പ്രാപിക്കുകയാണെങ്കിൽ ദൈവത്തെ മെച്ചമായി സേവിക്കാമെന്നു ഞാൻ വിചാരിച്ചു. ഇതാണു നമുക്കു പറ്റുന്ന അമളി;  ദൈവത്തിന്റെ കരങ്ങളിൽ നാം നമ്മെ പൂർണ്ണമായി സമർപ്പിക്കയില്ല. നമുക്കു  നല്ലതെന്താണെന്ന് അവിടുത്തേക്കാണല്ലോ ഏറ്റവും നന്നായി അറിയുന്നത്.
                     എനിക്കുവേണ്ടി ദിവ്യബലികളും അംഗീകൃതമായ മറ്റു പ്രാർത്ഥനകളും നടത്താൻ ഞാൻ ഏർപ്പാടു ചെയ്തു. ഭാഗ്യപ്പെട്ട മാർ യൗസേപ്പിനെ എന്റെ മദ്ധ്യസ്ഥനും നാഥനുമായി ഞാൻ തെരഞ്ഞെടുക്കുകയും എന്നെ അദ്ദേഹത്തിന് ഏൽപ്പിക്കുകയും ചെയ്തു. ഈ ദുരദൃഷ്ടത്തിൽ നിന്നും ഇതിനേക്കാൾ പ്രാധാന്യമേറിയതും എന്റെ ആത്മരക്ഷയേയും സൽപ്പേരിനേയും സംബന്ധിക്കുന്നതുമായ മറ്റു സങ്കടങ്ങളിൽ നിന്നും ഈ പിതാവ് എന്നെ രക്ഷിച്ചു. ഞാൻ ചോദിച്ചതിനേക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ അദ്ദേഹം എനിക്കു തന്നു. ഞാൻ അദ്ദേഹത്തോടു ചോദിച്ചിട്ടുള്ള യാതൊന്നും കിട്ടാതിരുന്നതായി ഇന്നും എനിക്കോർമ്മയില്ല. ശാരീരികവും ആത്മീയവുമായ ഏതെല്ലാം വിപത്തുകളിൽ നിന്നാണ്  ആ ഭാഗ്യപ്പെട്ട വിശുദ്ധൻ എന്നെ രക്ഷിച്ചിട്ടുള്ളത്?  ഇതും അദ്ദേഹം വഴി എനിക്കു  ലഭിച്ചിട്ടുള്ള മറ്റനുഗ്രഹങ്ങളും ഓർക്കുമ്പോൾ ഞാൻ ആശ്ചര്യഭരിതയായിപ്പോകുന്നു.  മറ്റു വിശുദ്ധന്മാർക്ക് ചില ആവശ്യങ്ങളിൽ നമ്മെ സഹായിക്കാനുള്ള അനുഗ്രഹമാണു നൽകിയിരിക്കുന്നത്. ഈ വിശുദ്ധനാകട്ടെ, നമ്മുടെ എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കാനുള്ള അനുഗ്രഹം നൽകപ്പെട്ടിരിക്കുന്നു. അങ്ങനെ ഭൂമിയിൽ അവിടുന്ന് അദ്ദേഹത്തിനു കീഴ്പ്പെട്ടിരുന്നുവെന്നത് വ്യക്തമാക്കുന്നു. അദ്ദേഹം അവിടുത്തേ വളർത്തുപിതാവായിരുന്നുവല്ലോ. പിതാവ് എന്നു വിളിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആജ്ഞാപിക്കാം. സ്വർഗ്ഗത്തിലും അദ്ദേഹം ചോദിക്കുന്നതെല്ലാം അവിടുന്ന് ചെയ്തുകൊടുക്കുന്നു. ഈ സത്യം മനസ്സിലാക്കി അദ്ദേഹത്തോടുള്ള ഭക്തി പ്രദർശിപ്പിക്കുന്നവർ ഇന്നു വളരെയേറെയുണ്ട്.
                               പ്രാർത്ഥിക്കുന്നവർക്ക് വി.യൗസേപ്പിനോട് പ്രത്യേക സ്നേഹമുണ്ടായിരിക്കേണ്ടതാണ്. ഉണ്ണീശോയോടുകൂടെ മാലാഖമാരുടെ രാജ്ഞി പീഡകളനുഭവിച്ചിരുന്ന സമയത്ത് യൗസേപ്പുപിതാവ് അവർക്കു ചെയ്ത സേവനങ്ങളെപ്രതി അദ്ദേഹത്തിനു കൃതജ്ഞത പ്രദർശിപ്പിക്കാതെ ദൈവജനനിയെപ്പറ്റി ചിന്തിക്കുവാൻ എങ്ങനെ കഴിയുമെന്ന് എനിക്കറിഞ്ഞുകൂടാ. എങ്ങനെ പ്രാർത്ഥിക്കണമെന്നു പഠിപ്പിക്കുവാൻ ഗുരുവിനെ ലഭിച്ചിട്ടില്ലാത്തവർ ഈ മഹാവിശുദ്ധനെ ഗുരുവായി സ്വീകരിക്കട്ടെ; എങ്കിൽ അവർക്കു വഴി തെറ്റിപ്പോകയില്ല."

Monday, March 18, 2013

പുണ്യവാനായ യൗസേപ്പ്


         പുണ്യവാനായ യൗസേപ്പിന്
             എണ്ണമില്ലാ ഗുണങ്ങൾ; ദിവ്യ -
         ഉണ്ണിയെ കൈകളിൽ വച്ചുകൊണ്ടീടുക
               ഗണ്യമാം പുണ്യമല്ലോ..
 
തെല്ലുനേരങ്ങളല്ല എത്രയോ
   കൊല്ലങ്ങളോളമങ്ങ്
തിരുവല്ലഭനെ നിജ കൈകളിൽ വച്ചതു
                  ചില്ലറ ഭാഗ്യമാണോ...             
            
ശത്രുക്കളെ ഭയന്നു് ദിവ്യനാം
    പുത്രനെ രക്ഷിക്കുവാൻ 
            നിനക്കെത്രയോ സങ്കടം സംഭവിച്ചു അവ
        അത്രയും നീ സഹിച്ചു..
          
            വേല ചെയ്തു ലഭിച്ച അൽപ്പമാം
              കൂലി കൊണ്ടല്ലയോ നീ
            ദിവ്യബാലനേയും മറിയത്തിനെയും പരി-
              പാലനം ചെയ്തു പോന്നു...

                അപ്പനെന്നു വിളിക്കാനങ്ങ്
                      എപ്പോഴും  രക്ഷകൻ താൻ..
                          നിനക്കിപ്പദം കിട്ടിയല്ലോ പിതാവേ
                     ഇതിന്നപ്പുറമെന്തു വേണ്ടൂ...

                ഇത്തരം ഭാഗ്യമേറ്റ,  മർത്ത്യരി-
                 ലുത്തമനായ താതാ
                 മമ ചിത്തമെല്ലാം തെളിഞ്ഞു
ത്തമയാകുവാൻ
                 സത്വരം കാത്തിടണേ..

Sunday, March 17, 2013

സ്നേഹത്തിന്റെ ആഘോഷങ്ങൾ

ഈശോ പറയുന്നു:  "ശരിയായ പശ്ചാത്താപത്തോടുകൂടെ  നിന്റെ ഉപേക്ഷകളെക്കുറിച്ച്   നീ  എന്നോടു പറയുമ്പോൾ എപ്പോഴും ഞാൻ ക്ഷമിക്കും.   ശകാരിക്കാൻ   വേണ്ടി, പരാജയങ്ങളും തെറ്റുകളും മാത്രം അന്വേഷിച്ചു നടക്കുന്ന ഒരുവനല്ല ഞാൻ.   ഞാൻ  മുഴുവനും  നന്മ  തന്നെയാണ്.   എത്രയെളുപ്പത്തിലാണ് കൊച്ചുകുഞ്ഞുങ്ങൾ  എന്റെയടുത്തു  വരുന്നതെന്നു  കാണുക. നിന്റെ ഹൃദയം ശിശുതുല്യമാക്കിക്കൊണ്ട്  എന്റെയടുക്കൽ വരിക.  എന്റെ സ്നേഹത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നിന്നെത്തന്നെ പൂർണ്ണമായി ആ സ്നേഹത്തിനു സമർപ്പിക്കുക.  പുഷ്പങ്ങളാലും തിരികളാലും ഒരുവൻ അൾത്താര എങ്ങനെ   അലങ്കരിക്കുന്നുവെന്ന്   നിനക്കറിയാം...  എന്റെ സ്നേഹത്തിന് ഒരു അൾത്താര തീർക്കുക. ഇങ്ങനെ പറയുക; 'എന്റെ വലിയ സ്നേഹിതാ, ഇതാ ഒരു ത്യാഗം, ഒരു മൗനം, അവിടുത്തെ    സ്നേഹത്തെപ്രതി   ഒരു   പുഞ്ചിരി....'    നീ ചെയ്യുന്നതെല്ലാം സ്നേഹത്തിന്റെ ആഘോഷങ്ങളാകട്ടെ!  നിസ്സംഗരായി എന്നെ കടന്നുപോകുന്നവർക്കു പകരം എനിക്ക് ആശ്വാസമായിരിക്കും അത്. സ്നേഹത്തിനു മാത്രമേ സ്നേഹത്തെ ആശ്വസിപ്പിക്കാൻ കഴിയൂ..."

(From 'He and I' by Gabrielle Bossis)

Friday, March 8, 2013

രക്ഷാകരസഹനം

      ഈശോ പറയുന്നു:
                                                ഈ ഭൂമിയിലെ എല്ലാറ്റിനും സൂര്യകിരണങ്ങൾ എത്ര ആവശ്യമാണെന്നു നോക്കൂ..  മനുഷ്യർക്ക് ജീവൻ നൽകുന്ന സൂര്യനും അവരുടെ ദിവസത്തെ പ്രകാശിപ്പിക്കുന്നവനും അവരുടെ അസ്തിത്വത്തിന്റെ ഏകലക്ഷ്യവും   ദൈവമാണെന്ന് മനുഷ്യൻ  എന്നെങ്കിലും മനസ്സിലാക്കുമോ?         "കർത്താവേ, നിസ്സാര കാര്യങ്ങളെക്കുറിച്ചുള്ള ആകുലതയിൽ നിന്ന് എന്നെ വിമോചിപ്പിക്കേണമേ" എന്ന പ്രാർത്ഥന മനസ്സിൽ സൂക്ഷിക്കുക.  ദൈമവമല്ലാത്ത എല്ലാം അപ്രധാനമാണ്.   അവിടുത്തെ ജീവൻ നിന്നിലുണ്ട്.   അതു വർദ്ധിപ്പിക്കാൻ നീ ഓരോ ദിവസവും ശ്രമിക്കണം.   വരാനിരിക്കുന്ന ജീവിതത്തിൽ നീ  നിന്നോടുതന്നെ ചോദിക്കും  "അവിടുത്തെ   സ്നേഹിക്കാതെ ഒരു നിമിഷമെങ്കിലും കഴിയാൻ എനിക്കെങ്ങനെ സാധിച്ചു?"
               നിനക്കു യോഗ്യത ലഭിക്കാൻ വേണ്ടി നീ എന്നെ അന്ധകാരത്തിൽ തിരയണമെന്നും അരണ്ട വെളിച്ചത്തിൽ എന്നെ വീണ്ടും കണ്ടെത്തണമെന്നും ഞാനാഗ്രഹിക്കുന്നു. വിവരിക്കാനാവാത്ത പ്രകാശം പിന്നീടായിരിക്കും. എന്റെ ദൈവികത, മാനുഷികതയെ വിട്ടകന്നു പോയെന്നു തോന്നിപ്പോയ സമയത്ത് അന്ധകാരത്തിന്റെ മണിക്കൂറുകളിലൂടെ കടന്നു പോയില്ലേ? നിങ്ങളുടെ എല്ലാ ബലഹീനതകളും ഏറ്റെടുത്തുകൊണ്ട് ഞാൻ എന്തുമാത്രം നിങ്ങളോടു സദൃശനായി? എന്റെ പാവപ്പെട്ട കുഞ്ഞുങ്ങളേ, ഞാൻ മനുഷ്യരുടെയിടയിൽ തീർച്ചയായും ഒരു മനുഷ്യനായിരുന്നു.. എന്റെ പീഢാനുഭവത്തിനു മുമ്പും സഹനമെന്തെന്നു ഞാനറിഞ്ഞിരുന്നു... എന്റെ കുഞ്ഞുങ്ങളേ, നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഞാനതിനെ സ്നേഹിച്ചു. എന്നോടുള്ള സ്നേഹത്തെപ്രതി അതിനെ സ്നേഹിക്കുക. നിങ്ങളുടെതന്നെ മഹത്വത്തിനും മറ്റുള്ളവരുടെ രൂപാന്തരീകരണത്തിനും വേണ്ടി ഞാനവയെ മാറ്റും; കാരണം, എല്ലാം നിങ്ങൾ സ്വർഗ്ഗത്തിൽ വീണ്ടും കണ്ടെത്തും. "സഹനമില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല കർത്താവേ,"  എന്നു പറയാൻ തക്കവിധം സഹനം എന്നിലേക്ക് എത്രമാത്രം അടുപ്പിക്കുമെന്ന് വളരെ ആഴത്തിൽ അനുഭവിച്ചറിഞ്ഞ ആളുകളുണ്ട്.  ഞാൻ നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നു. സഹിക്കുന്ന എന്റെ മക്കളെ വളരെ പ്രത്യേകമായ ഒരു സ്നേഹത്തോടെയാണ് ഞാൻ നോക്കുന്നത്. എന്റെ നോട്ടം ഒരമ്മയുടേതെന്നതിനേക്കാൾ ഹൃദയാർദ്രവും വാത്സല്യം നിറഞ്ഞതുമാണ്. തീർച്ചയായും ഞാനല്ലേ ഒരമ്മയുടെ ഹൃദയം നിർമ്മിച്ചത്?
                             നിങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ നേരെ തിരിക്കുക.  എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളുടെ വേദനകൾ എന്നോടു പറയുക. എന്നിൽനിന്ന് നിങ്ങൾ വളരെ വളരെ ദൂരത്താണെന്നു ചിന്തിച്ചാലും നിങ്ങൾ എന്റെ ഹൃദയത്തിൽത്തന്നെയുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ഉള്ളിൽ എന്നെ കണ്ടെത്താൻ ശ്രമിക്കുക. അവിടെ, തീരെ കൊച്ചുകുഞ്ഞുങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട അമ്മയോടോ അപ്പച്ചനോടോ പെരുമാറുന്നതുപോലെ നിങ്ങളുടെ ഹൃദയാർദ്രഭാവങ്ങൾ എനിക്കു പകർന്നുതരിക. ഇങ്ങനെയൊരു സ്വഭാവം ആർജിച്ചെടുത്താൽ നിങ്ങൾക്ക് എന്തു സന്തോഷമായിരിക്കും!  ജീവിതം എത്ര മാധുര്യം നിറഞ്ഞതാകും!

              മനുഷ്യ്യപ്രകൃതി അതിനാൽത്തന്നെ സഹനത്തെ ഇഷ്ടപ്പെടുന്നില്ല എന്നു നീ ഉറപ്പായി അറിഞ്ഞുകൊള്ളുക. എന്റെ മനുഷ്യ്യപ്രകൃതിയും സഹനത്തെ  സ്നേഹിച്ചില്ല. എന്നാൽ അതിസ്വാഭാവികഭാവം സഹനത്തെ  ദൈവത്തെ സേവിക്കുന്നതിനുള്ള ഒരുപകരണമായി ഉപയോഗിക്കുന്നു. ഒന്നുകിൽ അവിടുത്തെ ലക്ഷ്യങ്ങൾക്കായി - അതാണ് ഏറ്റവും പരിപൂർണ്ണമായത് - അല്ലെങ്കിൽ പിതാവിന്റെ തിരുഹിതം നിങ്ങൾക്കു തരാനുദ്ദേശിക്കുന്ന കൃപാവരങ്ങൾ ലഭിക്കുന്നതിനായി..
 

(From 'He and I' by Gabrielle Bossis)

Saturday, March 2, 2013

പീഢാനുഭവം

പീഢാനുഭവം - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു: "എന്റെ പിതാവിനോടുള്ള എന്റെ സ്നേഹവും എന്റെ പിതാവിന്റെ മക്കളോടുള്ള  സ്നേഹവും നിമിത്തം ഞാൻ എന്റെ ശരീരം എന്നെ പ്രഹരിച്ചവർക്കായി വിട്ടുകൊടുത്തു. എന്റെ മുഖം എന്നെ അടിച്ചവർക്കും തുപ്പിയവർക്കുമായി ഞാൻ നൽകി. എന്റെ മുടിയും മീശയും വലിച്ചു പറിക്കുന്നത് ബഹുമതിയായി കരുതിയവരിൽ നിന്ന് ഞാൻ മുഖം തിരിച്ചില്ല.  മുൾമുടി കൊണ്ട് അവർ എന്റെ ശിരസ്സ് തുളച്ചു; ഭൂമിയെയും അതിന്റെ ഫലങ്ങളെയും എന്നെ, അവരുടെ രക്ഷകനെ, പീഡിപ്പിക്കുന്നതിന് ഉപകരണങ്ങളാക്കി.  എന്റെ കൈകാലുകൾ അവയുടെ സ്ഥാനത്തു നിന്നിളക്കി; എന്റെ അസ്ഥികൾ പുറത്തു കാണത്തക്കവിധത്തിൽ ഉപദ്രവിച്ചു; എന്റെ വസ്ത്രങ്ങൾ വലിച്ചു കീറിമാറ്റി; അങ്ങനെ എന്റെ പരിശുദ്ധിയെ ഏറ്റവും ക്രൂരമായ വിധത്തിൽ അപമാനിച്ചു. ഒരു തടിയിന്മേൽ എന്നെ ആണിയടിച്ചുറപ്പിച്ചു; കൊല്ലപ്പെട്ട ആടിനെ കശാപ്പുകാരൻ കൊളുത്തിന്മേൽ തൂക്കിയിടുന്നതുപോലെ എന്നെ ഉയർത്തി തൂക്കിയിട്ടു.. ഞാൻ  കഠോരവേദനയനുഭവിക്കുന്ന സമയത്ത് എന്റെ ചുറ്റും നായ്ക്കളെപ്പോലെ കുരച്ചു; രക്തത്തിന്റെ മണംപിടിച്ച് കൂടുതൽ ക്രൂരരായ, ആർത്തിയുള്ള ചെന്നായ്ക്കളെപ്പോലെ അവർ വർത്തിച്ചു.
                     എന്നിൽ കുറ്റങ്ങൾ ആരോപിച്ചു; എന്നെശിക്ഷയ്ക്കുവിധിച്ചു; ഒറ്റുകൊടുത്തു; തള്ളിപ്പറഞ്ഞു; വിറ്റു; കൊന്നു.. ദൈവം പോലും എന്നെ കൈവിട്ടു; കാരണം, ഞൻ ഏറ്റെടുത്ത കുറ്റങ്ങളാൽ ഞാൻ ഭാരപ്പെട്ടു. കൊള്ളക്കാർ അപഹരിച്ചു ദരിദ്രനാക്കിയവനേക്കാൾ ഞാൻ ദരിദ്രനായി; എന്റെ അങ്കി പോലും അവർ ഊരിയെടുത്തു. മരിക്കുന്ന എന്റെ നഗ്നത മറയ്ക്കാൻ പോലും അനുവദിച്ചില്ല. മരിച്ചശേഷം,  ശവത്തിൽ കുത്തുക എന്ന അപമാനവും എന്റെ ശത്രുക്കളുടെ ഏഷണി മൂലം എന്നോടു ചെയ്തു. നിങ്ങളുടെ പാപങ്ങളാകുന്ന അഴുക്ക് എന്നെ കീഴ്പ്പെടുത്തുകയായിരുന്നു; ദുഃഖമാകുന്ന അന്ധകാരത്തിന്റെ അഗാധതയിലേക്ക് ഞാൻ വലിച്ചെറിയപ്പെട്ടു; സ്വർഗ്ഗീയ പ്രകാശം പിൻവലിക്കപ്പൈട്ടു; എന്റെ ഒടുവിലത്തെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളുന്ന ദൈവികസ്വരവും എനിക്കു നിരസിക്കപ്പെട്ടു.
ഇത്രയധികമായ ദുഃഖത്തിന്റെ കാരണം ഏശയ്യാ പറയുന്നുണ്ട്: "നമ്മുടെ തിന്മകൾ അവന്റെമേൽ അവൻ വഹിച്ചു; അവൻ ചുമന്ന ദുഃഖങ്ങൾ നമ്മുടേതാണ്."
                       നമ്മുടെ ദുഃഖങ്ങൾ; അതെ, നിങ്ങളുടെ പേർക്ക് ഞാൻ അവ ചുമന്നു; നിങ്ങളുടേത് ഒഴിവാക്കുവാൻ, അവയുടെ ശക്തി കെടുത്തുവാൻ, അവ ഇല്ലായ്മ ചെയ്യാൻ...  എന്നോടു  വിശ്വസ്തയുള്ളവർക്ക് ഇവ ചെയ്യാൻ ഞാനവ വഹിച്ചു. എന്നാൽ നിങ്ങൾ അങ്ങനെ വിശ്വസ്തരാകാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് എനിക്കെന്താണു നേട്ടമുണ്ടായത്? നിങ്ങൾ എന്നെ ഒരു കുഷ്ഠരോഗിയെ എന്നപോലെ നോക്കി; ദൈവത്താൽ പ്രഹരിക്കപ്പെട്ടവൻ; അതെ, കണക്കില്ലാത്ത വിധത്തിലുള്ള നിങ്ങളുടെ  പാപങ്ങളാകുന്ന  കുഷ്ഠം എന്റെമേൽ പതിച്ചു..
                      "നമ്മുടെ ദുഷ്ടത നിമിത്തം അവൻ മുറിവേൽപ്പിക്കപ്പെട്ടു; നമ്മുടെ അപരാധങ്ങൾ നിമിത്തം  അവൻ തുളയ്ക്കപ്പെട്ടു.." ഏശയ്യാ പ്രവാചക ദർശനത്തിൽ, മനുഷ്യരുടെ മുറിവുകൾ സുഖപ്പെടുന്നതിനായി മനുഷ്യപുത്രൻ ഒരു  വലിയ വ്രണമായിത്തീരുന്നത് കണ്ടു.. അവർ  എന്റെ ശരീരത്തിൽ മാത്രം മുറിവേൽപ്പിച്ചിരുന്നെങ്കിൽ!! 
 
            എന്നാൽ നിങ്ങൾ കൂടുതലായി മുറിവേൽപ്പിച്ചത് എന്റെ വികാരങ്ങളേയും അരൂപിയെയുമാണ്. അവയെ നിങ്ങൾക്കു പരിഹസിച്ചു ചിരിക്കാനുള്ള വകയാക്കി. യൂദാസ് വഴി ഞാൻ  നിങ്ങൾക്കു നൽകിയ സ്നേഹിതസ്ഥാനത്തു നിന്നു് നിങ്ങൾ  എന്നെ പ്രഹരിച്ചു;  പത്രോസ് വഴി ഞാൻ  പ്രതീക്ഷിച്ച വിശ്വസ്തതയുടെ സ്ഥാനത്ത് നിങ്ങൾ  എന്നെ തള്ളിപ്പറഞ്ഞു; എന്റെ അനുഗ്രഹങ്ങൾ, സഹായങ്ങൾ എന്നിവയ്ക്കുള്ള നന്ദിയുടെ സ്ഥാനത്ത് 'അവനെ കൊല്ലുക' എന്നുള്ള ആർപ്പുവിളിയാണുയർന്നത്.. അവരെ അനേക രോഗങ്ങളിൽ നിന്നു മോചിപ്പിച്ച സ്നേഹത്തിന് എന്റെ അമ്മയെ അവർ  വേദനിപ്പിക്കയാണു ചെയ്തത്;  മതത്തിന്റെ പേരിൽ ' ദൈവദൂഷകൻ' എന്ന് എന്നെ വിളിച്ചു; ഇവയൊക്കെയും ഒരു പരാതിയും കൂടാതെ ഞാൻ  സഹിച്ചു.
              ഒരു  നോട്ടം മാത്രം കൊണ്ട് എന്നെ കുറ്റക്കാരായി വിധിച്ചവരേയും ന്യായാധിപന്മാരേയും കൊലയാളികളേയും കത്തിച്ചു ചാമ്പലാക്കുവാൻ എനിക്കു  കഴിയുമായിരുന്നു. എന്നാൽ ഞാൻ  സ്വമേധയാ വന്നത് ഒരാട്ടിൻകുട്ടിയെപ്പോലെ  ബലിയർപ്പിക്കപ്പെടാനാണ്. കാരണം, ഞാൻ  ദൈവത്തിന്റെ കുഞ്ഞാടായിരുന്നു; എക്കാലത്തും അങ്ങനെതന്നെ ആയിരിക്കയും ചെയ്യും.  എന്റെ മാംസം കൊണ്ട് നിങ്ങൾക്ക് ഒരു  ജീവിതം നൽകാൻ മനുഷ്യർ എന്നെക്കൊണ്ടുപോയി തോലുരിയുവാനും കൊല്ലുവാനും ഞാൻ അനുവദിച്ചു..

                   ഞാൻ (കുരിശിൽ) ഉയർത്തപ്പെട്ടപ്പോൾ പേരു പറയാൻ സാധിക്കാത്ത സകല വേദനകളും പേരുള്ള സകല വേദനകളും ഞാൻ  സഹിക്കയായിരുന്നു.  ബത്ലഹേമിൽത്തന്നെ ഞാൻ മരിക്കാൻ തുടങ്ങി; ഭൂമിയിലെ പ്രകാശം, വിഷമിപ്പിക്കുന്ന അത് എനിക്കു  പരിചയമില്ലാത്തതായിരുന്നു; സ്വർഗ്ഗത്തിൽ ജീവിക്കുന്നവനായ എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു.   ദാരിദ്ര്യത്തിൽ, പരദേശിയായി, അഭയാർത്ഥിയായി, ജോലിയിൽ, ധാരണയില്ലായ്മയിൽ, ക്ഷീണത്തിൽ, ഒറ്റുകൊടുക്കലിൽ, നഷ്ടപ്പെട്ട സ്നേഹത്തിൽ, പീഡനങ്ങളിൽ, കാപട്യങ്ങളിൽ, ദൈവദൂഷണങ്ങളിൽ എല്ലാം ഞാൻ  മരിക്കയായിരുന്നു. ഞാൻ  വന്നത്  മനുഷ്യരെ ദൈവവുമായി വീണ്ടും ഒന്നിപ്പിക്കുവാനാണ്; എന്നാൽ മനുഷ്യർ എനിക്കു  നൽകിയത് ഇവയെല്ലാമാണ്...."

Saturday, February 23, 2013

അന്ത്യഅത്താഴം

അന്ത്യഅത്താഴം - ഈശോയുടെ പ്രബോധനം


ഈശോ പറയുന്നു: "മനുഷ്യന് ഭക്ഷണമായിത്തീരുന്ന ഒരു ദൈവത്തിന്റെ സ്നേഹം കൂടാതെ നാലു പ്രധാന പാഠങ്ങൾ അന്ത്യഅത്താഴം നൽകുന്നു.
                 ഒന്നാമത്തേത്:  ദൈവമക്കളെല്ലാവരും ദൈവകൽപ്പന അനുസരിക്കേണ്ടത് ആവശ്യമാണ്. പെസഹായ്ക്ക് ഒരു കുഞ്ഞാടിനെ ഭക്ഷിക്കണമെന്ന് നിയമം നിശ്ചയിച്ചിരിക്കുന്നു. അത്യുന്നതൻ മോശയ്ക്കു നൽകിയ ക്രമമനുസരിച്ചായിരുന്നു അത്. ഞാൻ, സത്യദൈവത്തിന്റെ സത്യമായ പുത്രൻ, അതിൽ നിന്ന് ഒഴിവാക്കപ്പെട്ടവനായി കരുതിയില്ല. എന്റെ ദൈവികത നിമിത്തം നിയമത്തിൽ നിന്ന് ഒഴിവു പ്രയോഗിച്ചില്ല. ഞാൻ ഭൂമിയിലായിരുന്നു; മനുഷ്യരുടെയിടയിൽ മനുഷ്യൻ; മനുഷ്യരുടെ ഗുരുവും.. അതിനാൽ എനിക്ക് ദൈവത്തോടുള്ള കടമ മറ്റാരേയുംകാൾ നന്നായി നിറവേറ്റാൻ ചുമതലയുണ്ടായിരുന്നു. ദൈവികമായ ആനുകൂല്യങ്ങൾ അനുസരണയിൽ നിന്നും കൂടുതൽ വിശുദ്ധിക്കായുള്ള പരിശ്രമത്തിൽ നിന്നും ഒരുത്തരെയും ഒഴിവാക്കുന്നില്ല.  ഏറ്റവും ഉന്നതമായ വിശുദ്ധി പോലും ദൈവികപൂർണ്ണതയോടു താരതമ്യം ചെയ്യുമ്പോൾ നിറയെ കുറവുകളുള്ളതായിക്കാണപ്പെടും. തന്മൂലം അവയെ ഇല്ലാതാക്കാനുള്ള ശ്രമം നാം നടത്തേണ്ടതുണ്ട്. ദൈവത്തിന്റേതിനോടു സാധർമ്യമുള്ള പൂർണ്ണതയിലെത്തുവാൻ ശ്രമിക്കേണ്ടതാണ്.


രണ്ടാമത്തേത്: മേരിയുടെ പ്രാർത്ഥനയുടെ ശക്തി


                   മാംസമായിത്തീർന്ന ദൈവമായിരുന്നു ഞാൻ.  കറയില്ലാത്ത ഒരു മാംസത്തിന്,  മാംസത്തെ ഭരിക്കാനുള്ള അരൂപിയുടെ ശക്തിയുണ്ടായിരുന്നു. കൃപാവരം നിറഞ്ഞവളെ ഞാൻ ത്യജിക്കയല്ല; നേരെമറിച്ച് അവളുടെ സഹായം യാചിക്കയാണ്. (അന്ത്യഅത്താഴത്തിനു മുമ്പ് ഈശോ അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും തേടിയിരുന്നു) പരിഹാരത്തിന്റെ ആ സമയത്ത് അവളുടെ ശിരസ്സിനുമീതെ സ്വർഗ്ഗം അടഞ്ഞിരിക്കുന്നത് അവൾ കണ്ടുകാണും. എന്നാൽ അവിടെനിന്ന് ഒരു ദൈവദൂതനെ അയച്ച് അവളുടെ മകനെ ആശ്വസിപ്പിക്കാൻ വിടാൻ കഴിയാത്തവണ്ണം അത്ര അടച്ചിരുന്നില്ല. കാരണം, അവൾ മാലാഖമാരുടെ രാജ്ഞിയാണ്.  ഓ! അത് അവൾക്കു വേണമായിട്ടല്ല.. പാവം അമ്മ! അവളും പിതാവു കൈവിട്ടതിന്റെ കയ്പ് രുചിച്ചതാണ്. എന്നാൽ ആ സഹനം രക്ഷണീയവേലയ്ക്കു സമർപ്പിച്ചതുവഴി ഒലിവുതോട്ടത്തിലെ കഠിനവേദനയെ ജയിക്കാനും പീഢാനുഭവം, അതുൾക്കൊണ്ട ബഹുമുഖ കയ്പ്  മുഴുവനോടും കൂടെ പൂർത്തിയാക്കാനുമുള്ള ശക്തി എനിക്കു നേടിത്തന്നു. ഓരോ കയ്പേറിയ സഹനവും ഓരോ രീതിയിലും തരത്തിലും പാപം നീക്കി ശുദ്ധീകരിക്കാനുള്ളതായിരുന്നു.

മൂന്നാമത്തേത്:   ആത്മനിയന്ത്രണവും ഉപദ്രവങ്ങൾ സഹിക്കാനുള്ള കഴിവും എല്ലാത്തരത്തിലുമുള്ള ഉപദ്രവങ്ങൾ ചെയ്യുന്നവരോട് സ്നേഹത്തോടെയുള്ള സമീപനവും.
                 ശത്രുപക്ഷം ചേർന്നവനെ എന്റെ മേശയിൽ ആയിരിക്കുവാൻ സമ്മതിക്കുക, എന്നെത്തന്നെ അവനു നൽകുക, അവന്റെ മുമ്പിൽ എന്നെത്തന്നെ  എളിമപ്പെടുത്തുക, കർമ്മത്തിന്റെ ഭാഗമായുള്ള കാസ അവനുമായി പങ്കുവയ്ക്കുക, അവന്റെ അധരങ്ങൾ സ്പർശിച്ച ഭാഗത്ത് എന്റെ അധരങ്ങൾ  വയ്ക്കുക, എന്റെ അമ്മയും അതു ചെയ്യുവാൻ അനുവദിക്കുക എന്നുള്ളതെല്ലാം എനിക്കെത്ര ബുദ്ധിമുട്ടു വരുത്തിയെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻപോലും കഴിയുകയില്ല.  നിങ്ങളുടെ വൈദ്യന്മാർ - വൈദ്യശാസ്ത്രവിദഗ്ദ്ധർ, എന്റെ അന്ത്യം എങ്ങനെ ഇത്രവേഗം സംഭവിച്ചുവെന്ന് ചർച്ച ചെയ്തിട്ടുണ്ട്; ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. അവർ പറയുന്നത്, അതിന്റെ ആരംഭം എന്റെ ചങ്കിലുണ്ടായ ഒരു പൊട്ടലിൽ നിന്നാണ്; ചമ്മട്ടിയടി കൊണ്ടുണ്ടായതാണ് ആ മുറിവ് എന്നാണ്. ശരിയാണ്; ചമ്മട്ടിയടി കൊണ്ട് എന്റെ ചങ്കിനും കേടുപറ്റി. പക്ഷേ, അത് അത്താഴസമയത്തുതന്നെ കേടായതാണ്. വഞ്ചകനെ എന്റെ കൂടെ കൂട്ടിയത് എനിക്കു ചങ്കു പൊട്ടുന്ന അനുഭവമായിരുന്നു. അത്താഴസമയത്താണ് ഞാൻ ശാരീരികമായി മരിച്ചു തുടങ്ങിയത്. പിന്നീടുണ്ടായതെല്ലാം നേരത്തെ ഉണ്ടായ വേദന അധികമാക്കുകയായിരുന്നു. എനിക്കു ചെയ്യാൻ കഴിയുമായിരുന്നതെല്ലാം ഞാൻ ചെയ്തു; കാരണം, ഞാൻ 'സ്നേഹ'വുമായി ഒന്നായിരുന്നു. സ്നേഹമായ ദൈവം എന്നിൽനിന്നു പിൻവാങ്ങിയപ്പോഴും എനിക്കു സ്നേഹിക്കാൻ കഴിഞ്ഞു. സ്നേഹത്തിന്റെ സ്വഭാവം നേടിയിട്ടില്ലെങ്കിൽ, പരിപൂർണ്ണത പ്രാപിക്കുവാനോ ക്ഷമിക്കുവാനോ ഉപദ്രവിക്കുന്നവരുമായി ഒത്തുപോകുവാനോ സാധിക്കയില്ല. ഞാൻ അതു നേടിയിരുന്നു; തന്മൂലം യൂദാസുമായി, ഉപദ്രവിക്കുന്നതിന്റെ മൂർത്തീഭാവമായിരുന്ന യൂദാസുമായി ക്ഷമയുടേയും സഹനത്തിന്റെയും ജീവിതം നയിക്കാൻ കഴിഞ്ഞു.
 

നാലാമത്തേത്:  ഒരു കൂദാശ സ്വീകരിക്കുന്നതിന് ഒരാൾക്ക് എത്ര യോഗ്യതയുണ്ടോ അത്രയുമായിരിക്കും അതിന്റെ ഫലം. കൂടുതൽ യോഗ്യതയുള്ളവർക്ക് കൂടുതൽ ഫലം കിട്ടും. കാരണം, നിങ്ങൾ സ്നേഹിക്കുമ്പോൾ നിങ്ങൾ സ്നേഹിക്കുന്നയാളിനെ സന്തോഷിപ്പിക്കാനാണ് നിങ്ങളുടെ ശ്രമം.   ഒരുത്തരും സ്നേഹിക്കാത്ത വിധത്തിൽ എന്നെ സ്നേഹിച്ച ജോണിന് - പരിശുദ്ധനായ ജോണിന് -  ഈ കൂദാശ വഴി അങ്ങേയറ്റം പരിവർത്തനമുണ്ടായി. ആ നിമിഷം മുതൽ അവൻ ഒരു കഴുകനെപ്പോലെയാകുവാൻ തുടങ്ങി. ദൈവത്തിന്റെ ഉന്നതസ്വർഗ്ഗത്തിലേക്കു പറന്നുയരുവാനും നിത്യനായ സൂര്യനെ നോക്കുവാനും അവനു കഴിയുന്നു. എന്നാൽ യോഗ്യതയില്ലാതെ ഈ കൂദാശ  സ്വീകരിക്കുന്നവർക്കു ദുരിതം... ചാവുദോഷത്തോടെ തന്റെ അയോഗ്യത വർദ്ധിപ്പിക്കുന്നവനു ദുരിതം.. അപ്പോൾ ജീവന്റെയും നിലനിൽപ്പിന്റെയും ബീജമാകുന്നതിനു പകരം ഇത് അഴുകലിന്റെയും മരണത്തിന്റെയും ബീജമായിത്തീരുന്നു.
                ഈ കൂദാശയെ അശുദ്ധമാക്കുന്നവന്റെ മരണം എപ്പോഴും നിരാശയോടെയുള്ള മരണമായിരിക്കും. എപ്പോഴും കൃപാവരത്തിലായിരിക്കുന്ന ഒരാളിന്റെ - അഥവാ, സ്വയംബലിയായി നൽകി വീരോചിതമായി വേദന സഹിക്കുന്ന ഒരാളിന്റെ, സ്വർഗ്ഗത്തിലേക്ക് നല്ല സമാധാനത്തോടെ നോക്കുന്ന ഒരുവന്റെ വളരെ ശാന്തമായ കടന്നുപോകൽ, ഈ കൂദാശയെ അശുദ്ധമാക്കുന്നവന് അറിഞ്ഞുകൂടാ. നിരാശയുള്ള ഒരുവന്റെ മരണം ഭീകരമായിരിക്കും.   പിശാച് പിടികൂടിയിരിക്കുന്നതിനാൽ ഭയാനകമായ ചേഷ്ടകളും സുബോധമില്ലായ്മയും ആത്മാവിന്റെ നിരാശയും ശ്വാസംമുട്ടലും ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുത്തപ്പെടാനുള്ള പിശാചിന്റെ ധൃതി കൊണ്ട് അസ്വസ്ഥതയും കാണിക്കും. സ്നേഹത്താൽ വിശ്വാസവും പ്രത്യാശയും മറ്റെല്ലാ സുകൃതങ്ങളും അഭ്യസിക്കയും സ്വർഗ്ഗീയ പ്രബോധനങ്ങളും ദൈവദൂതന്മാരുടെ അപ്പവും കൊണ്ട് പോഷിപ്പിക്കപ്പെടുകയും ചെയ്ത ആത്മാവ് കടന്നു പോകുന്നതും മുൻപു പറഞ്ഞതും തമ്മിൽ എത്ര അന്തരം!! മ്യഗത്തിന്റെ ജീവിതം നയിച്ച് മൃഗത്തെപ്പോലെ മരിക്കുന്നവനെ, അന്ത്യയാത്രയിൽ കൃപാവരത്തിനും ഈ കൂദാശയ്ക്കും ആശ്വസിപ്പിക്കാൻ കഴിയുകയില്ല.ആദ്യം പറഞ്ഞത് ഒരു വിശുദ്ധന്റെ പ്രശാന്തമായ അന്ത്യമാണ്; അയാൾക്ക് മരണം നിത്യരാജ്യത്തിലേക്കുള്ള വാതിൽ തുറക്കുന്നു.  രണ്ടാമതു പറഞ്ഞത്, നശിച്ചുപോയ ഒരാത്മാവിന്റെ ഭീകരമായ പതനമാണ്. നിത്യമായ മരണത്തിലേക്കു വീഴുന്നത് ആത്മാവ് മനസ്സിലാക്കുന്നു. നഷ്ടപ്പെട്ടുകൊള്ളട്ടെയെന്നു താൻ വിചാരിച്ചതെന്താണെന്ന് അതു മനസ്സിലാക്കുന്നു. ഇനി പ്രതിവിധിയൊന്നുമില്ല എന്നും ഒരു നിമിഷം കൊണ്ട് ആത്മാവ്   മനസ്സിലാക്കുന്നു. നേട്ടവും സന്തോഷവും ആദ്യം പറഞ്ഞ ആത്മാവിന്; രണ്ടാമതു പറഞ്ഞ ആത്മാവിന് നഷ്ടവും ഭയവും മാത്രം..
                  എന്റെ ദാനത്തെ നിങ്ങൾ വിശ്വസിക്കയും സ്നേഹിക്കയും ചെയ്യുമോ അതോ വിശ്വസിക്കാതിരിക്കയും നിന്ദിക്കയും ചെയ്യുമോ എന്നുള്ളതനുസരിച്ചായിരിക്കും നിങ്ങൾ  സ്വയം നൽകുക. ഇതാണ് ഈ ധ്യാനത്തിലെ പഠനം."


(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)