ജാലകം നിത്യജീവൻ: അന്ത്യഅത്താഴം

nithyajeevan

nithyajeevan

Saturday, February 23, 2013

അന്ത്യഅത്താഴം

അന്ത്യഅത്താഴം - ഈശോയുടെ പ്രബോധനം


ഈശോ പറയുന്നു: "മനുഷ്യന് ഭക്ഷണമായിത്തീരുന്ന ഒരു ദൈവത്തിന്റെ സ്നേഹം കൂടാതെ നാലു പ്രധാന പാഠങ്ങൾ അന്ത്യഅത്താഴം നൽകുന്നു.
                 ഒന്നാമത്തേത്:  ദൈവമക്കളെല്ലാവരും ദൈവകൽപ്പന അനുസരിക്കേണ്ടത് ആവശ്യമാണ്. പെസഹായ്ക്ക് ഒരു കുഞ്ഞാടിനെ ഭക്ഷിക്കണമെന്ന് നിയമം നിശ്ചയിച്ചിരിക്കുന്നു. അത്യുന്നതൻ മോശയ്ക്കു നൽകിയ ക്രമമനുസരിച്ചായിരുന്നു അത്. ഞാൻ, സത്യദൈവത്തിന്റെ സത്യമായ പുത്രൻ, അതിൽ നിന്ന് ഒഴിവാക്കപ്പെട്ടവനായി കരുതിയില്ല. എന്റെ ദൈവികത നിമിത്തം നിയമത്തിൽ നിന്ന് ഒഴിവു പ്രയോഗിച്ചില്ല. ഞാൻ ഭൂമിയിലായിരുന്നു; മനുഷ്യരുടെയിടയിൽ മനുഷ്യൻ; മനുഷ്യരുടെ ഗുരുവും.. അതിനാൽ എനിക്ക് ദൈവത്തോടുള്ള കടമ മറ്റാരേയുംകാൾ നന്നായി നിറവേറ്റാൻ ചുമതലയുണ്ടായിരുന്നു. ദൈവികമായ ആനുകൂല്യങ്ങൾ അനുസരണയിൽ നിന്നും കൂടുതൽ വിശുദ്ധിക്കായുള്ള പരിശ്രമത്തിൽ നിന്നും ഒരുത്തരെയും ഒഴിവാക്കുന്നില്ല.  ഏറ്റവും ഉന്നതമായ വിശുദ്ധി പോലും ദൈവികപൂർണ്ണതയോടു താരതമ്യം ചെയ്യുമ്പോൾ നിറയെ കുറവുകളുള്ളതായിക്കാണപ്പെടും. തന്മൂലം അവയെ ഇല്ലാതാക്കാനുള്ള ശ്രമം നാം നടത്തേണ്ടതുണ്ട്. ദൈവത്തിന്റേതിനോടു സാധർമ്യമുള്ള പൂർണ്ണതയിലെത്തുവാൻ ശ്രമിക്കേണ്ടതാണ്.


രണ്ടാമത്തേത്: മേരിയുടെ പ്രാർത്ഥനയുടെ ശക്തി


                   മാംസമായിത്തീർന്ന ദൈവമായിരുന്നു ഞാൻ.  കറയില്ലാത്ത ഒരു മാംസത്തിന്,  മാംസത്തെ ഭരിക്കാനുള്ള അരൂപിയുടെ ശക്തിയുണ്ടായിരുന്നു. കൃപാവരം നിറഞ്ഞവളെ ഞാൻ ത്യജിക്കയല്ല; നേരെമറിച്ച് അവളുടെ സഹായം യാചിക്കയാണ്. (അന്ത്യഅത്താഴത്തിനു മുമ്പ് ഈശോ അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും തേടിയിരുന്നു) പരിഹാരത്തിന്റെ ആ സമയത്ത് അവളുടെ ശിരസ്സിനുമീതെ സ്വർഗ്ഗം അടഞ്ഞിരിക്കുന്നത് അവൾ കണ്ടുകാണും. എന്നാൽ അവിടെനിന്ന് ഒരു ദൈവദൂതനെ അയച്ച് അവളുടെ മകനെ ആശ്വസിപ്പിക്കാൻ വിടാൻ കഴിയാത്തവണ്ണം അത്ര അടച്ചിരുന്നില്ല. കാരണം, അവൾ മാലാഖമാരുടെ രാജ്ഞിയാണ്.  ഓ! അത് അവൾക്കു വേണമായിട്ടല്ല.. പാവം അമ്മ! അവളും പിതാവു കൈവിട്ടതിന്റെ കയ്പ് രുചിച്ചതാണ്. എന്നാൽ ആ സഹനം രക്ഷണീയവേലയ്ക്കു സമർപ്പിച്ചതുവഴി ഒലിവുതോട്ടത്തിലെ കഠിനവേദനയെ ജയിക്കാനും പീഢാനുഭവം, അതുൾക്കൊണ്ട ബഹുമുഖ കയ്പ്  മുഴുവനോടും കൂടെ പൂർത്തിയാക്കാനുമുള്ള ശക്തി എനിക്കു നേടിത്തന്നു. ഓരോ കയ്പേറിയ സഹനവും ഓരോ രീതിയിലും തരത്തിലും പാപം നീക്കി ശുദ്ധീകരിക്കാനുള്ളതായിരുന്നു.

മൂന്നാമത്തേത്:   ആത്മനിയന്ത്രണവും ഉപദ്രവങ്ങൾ സഹിക്കാനുള്ള കഴിവും എല്ലാത്തരത്തിലുമുള്ള ഉപദ്രവങ്ങൾ ചെയ്യുന്നവരോട് സ്നേഹത്തോടെയുള്ള സമീപനവും.
                 ശത്രുപക്ഷം ചേർന്നവനെ എന്റെ മേശയിൽ ആയിരിക്കുവാൻ സമ്മതിക്കുക, എന്നെത്തന്നെ അവനു നൽകുക, അവന്റെ മുമ്പിൽ എന്നെത്തന്നെ  എളിമപ്പെടുത്തുക, കർമ്മത്തിന്റെ ഭാഗമായുള്ള കാസ അവനുമായി പങ്കുവയ്ക്കുക, അവന്റെ അധരങ്ങൾ സ്പർശിച്ച ഭാഗത്ത് എന്റെ അധരങ്ങൾ  വയ്ക്കുക, എന്റെ അമ്മയും അതു ചെയ്യുവാൻ അനുവദിക്കുക എന്നുള്ളതെല്ലാം എനിക്കെത്ര ബുദ്ധിമുട്ടു വരുത്തിയെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻപോലും കഴിയുകയില്ല.  നിങ്ങളുടെ വൈദ്യന്മാർ - വൈദ്യശാസ്ത്രവിദഗ്ദ്ധർ, എന്റെ അന്ത്യം എങ്ങനെ ഇത്രവേഗം സംഭവിച്ചുവെന്ന് ചർച്ച ചെയ്തിട്ടുണ്ട്; ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. അവർ പറയുന്നത്, അതിന്റെ ആരംഭം എന്റെ ചങ്കിലുണ്ടായ ഒരു പൊട്ടലിൽ നിന്നാണ്; ചമ്മട്ടിയടി കൊണ്ടുണ്ടായതാണ് ആ മുറിവ് എന്നാണ്. ശരിയാണ്; ചമ്മട്ടിയടി കൊണ്ട് എന്റെ ചങ്കിനും കേടുപറ്റി. പക്ഷേ, അത് അത്താഴസമയത്തുതന്നെ കേടായതാണ്. വഞ്ചകനെ എന്റെ കൂടെ കൂട്ടിയത് എനിക്കു ചങ്കു പൊട്ടുന്ന അനുഭവമായിരുന്നു. അത്താഴസമയത്താണ് ഞാൻ ശാരീരികമായി മരിച്ചു തുടങ്ങിയത്. പിന്നീടുണ്ടായതെല്ലാം നേരത്തെ ഉണ്ടായ വേദന അധികമാക്കുകയായിരുന്നു. എനിക്കു ചെയ്യാൻ കഴിയുമായിരുന്നതെല്ലാം ഞാൻ ചെയ്തു; കാരണം, ഞാൻ 'സ്നേഹ'വുമായി ഒന്നായിരുന്നു. സ്നേഹമായ ദൈവം എന്നിൽനിന്നു പിൻവാങ്ങിയപ്പോഴും എനിക്കു സ്നേഹിക്കാൻ കഴിഞ്ഞു. സ്നേഹത്തിന്റെ സ്വഭാവം നേടിയിട്ടില്ലെങ്കിൽ, പരിപൂർണ്ണത പ്രാപിക്കുവാനോ ക്ഷമിക്കുവാനോ ഉപദ്രവിക്കുന്നവരുമായി ഒത്തുപോകുവാനോ സാധിക്കയില്ല. ഞാൻ അതു നേടിയിരുന്നു; തന്മൂലം യൂദാസുമായി, ഉപദ്രവിക്കുന്നതിന്റെ മൂർത്തീഭാവമായിരുന്ന യൂദാസുമായി ക്ഷമയുടേയും സഹനത്തിന്റെയും ജീവിതം നയിക്കാൻ കഴിഞ്ഞു.
 

നാലാമത്തേത്:  ഒരു കൂദാശ സ്വീകരിക്കുന്നതിന് ഒരാൾക്ക് എത്ര യോഗ്യതയുണ്ടോ അത്രയുമായിരിക്കും അതിന്റെ ഫലം. കൂടുതൽ യോഗ്യതയുള്ളവർക്ക് കൂടുതൽ ഫലം കിട്ടും. കാരണം, നിങ്ങൾ സ്നേഹിക്കുമ്പോൾ നിങ്ങൾ സ്നേഹിക്കുന്നയാളിനെ സന്തോഷിപ്പിക്കാനാണ് നിങ്ങളുടെ ശ്രമം.   ഒരുത്തരും സ്നേഹിക്കാത്ത വിധത്തിൽ എന്നെ സ്നേഹിച്ച ജോണിന് - പരിശുദ്ധനായ ജോണിന് -  ഈ കൂദാശ വഴി അങ്ങേയറ്റം പരിവർത്തനമുണ്ടായി. ആ നിമിഷം മുതൽ അവൻ ഒരു കഴുകനെപ്പോലെയാകുവാൻ തുടങ്ങി. ദൈവത്തിന്റെ ഉന്നതസ്വർഗ്ഗത്തിലേക്കു പറന്നുയരുവാനും നിത്യനായ സൂര്യനെ നോക്കുവാനും അവനു കഴിയുന്നു. എന്നാൽ യോഗ്യതയില്ലാതെ ഈ കൂദാശ  സ്വീകരിക്കുന്നവർക്കു ദുരിതം... ചാവുദോഷത്തോടെ തന്റെ അയോഗ്യത വർദ്ധിപ്പിക്കുന്നവനു ദുരിതം.. അപ്പോൾ ജീവന്റെയും നിലനിൽപ്പിന്റെയും ബീജമാകുന്നതിനു പകരം ഇത് അഴുകലിന്റെയും മരണത്തിന്റെയും ബീജമായിത്തീരുന്നു.
                ഈ കൂദാശയെ അശുദ്ധമാക്കുന്നവന്റെ മരണം എപ്പോഴും നിരാശയോടെയുള്ള മരണമായിരിക്കും. എപ്പോഴും കൃപാവരത്തിലായിരിക്കുന്ന ഒരാളിന്റെ - അഥവാ, സ്വയംബലിയായി നൽകി വീരോചിതമായി വേദന സഹിക്കുന്ന ഒരാളിന്റെ, സ്വർഗ്ഗത്തിലേക്ക് നല്ല സമാധാനത്തോടെ നോക്കുന്ന ഒരുവന്റെ വളരെ ശാന്തമായ കടന്നുപോകൽ, ഈ കൂദാശയെ അശുദ്ധമാക്കുന്നവന് അറിഞ്ഞുകൂടാ. നിരാശയുള്ള ഒരുവന്റെ മരണം ഭീകരമായിരിക്കും.   പിശാച് പിടികൂടിയിരിക്കുന്നതിനാൽ ഭയാനകമായ ചേഷ്ടകളും സുബോധമില്ലായ്മയും ആത്മാവിന്റെ നിരാശയും ശ്വാസംമുട്ടലും ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുത്തപ്പെടാനുള്ള പിശാചിന്റെ ധൃതി കൊണ്ട് അസ്വസ്ഥതയും കാണിക്കും. സ്നേഹത്താൽ വിശ്വാസവും പ്രത്യാശയും മറ്റെല്ലാ സുകൃതങ്ങളും അഭ്യസിക്കയും സ്വർഗ്ഗീയ പ്രബോധനങ്ങളും ദൈവദൂതന്മാരുടെ അപ്പവും കൊണ്ട് പോഷിപ്പിക്കപ്പെടുകയും ചെയ്ത ആത്മാവ് കടന്നു പോകുന്നതും മുൻപു പറഞ്ഞതും തമ്മിൽ എത്ര അന്തരം!! മ്യഗത്തിന്റെ ജീവിതം നയിച്ച് മൃഗത്തെപ്പോലെ മരിക്കുന്നവനെ, അന്ത്യയാത്രയിൽ കൃപാവരത്തിനും ഈ കൂദാശയ്ക്കും ആശ്വസിപ്പിക്കാൻ കഴിയുകയില്ല.ആദ്യം പറഞ്ഞത് ഒരു വിശുദ്ധന്റെ പ്രശാന്തമായ അന്ത്യമാണ്; അയാൾക്ക് മരണം നിത്യരാജ്യത്തിലേക്കുള്ള വാതിൽ തുറക്കുന്നു.  രണ്ടാമതു പറഞ്ഞത്, നശിച്ചുപോയ ഒരാത്മാവിന്റെ ഭീകരമായ പതനമാണ്. നിത്യമായ മരണത്തിലേക്കു വീഴുന്നത് ആത്മാവ് മനസ്സിലാക്കുന്നു. നഷ്ടപ്പെട്ടുകൊള്ളട്ടെയെന്നു താൻ വിചാരിച്ചതെന്താണെന്ന് അതു മനസ്സിലാക്കുന്നു. ഇനി പ്രതിവിധിയൊന്നുമില്ല എന്നും ഒരു നിമിഷം കൊണ്ട് ആത്മാവ്   മനസ്സിലാക്കുന്നു. നേട്ടവും സന്തോഷവും ആദ്യം പറഞ്ഞ ആത്മാവിന്; രണ്ടാമതു പറഞ്ഞ ആത്മാവിന് നഷ്ടവും ഭയവും മാത്രം..
                  എന്റെ ദാനത്തെ നിങ്ങൾ വിശ്വസിക്കയും സ്നേഹിക്കയും ചെയ്യുമോ അതോ വിശ്വസിക്കാതിരിക്കയും നിന്ദിക്കയും ചെയ്യുമോ എന്നുള്ളതനുസരിച്ചായിരിക്കും നിങ്ങൾ  സ്വയം നൽകുക. ഇതാണ് ഈ ധ്യാനത്തിലെ പഠനം."


(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)