ജാലകം നിത്യജീവൻ: പീഢാനുഭവം

nithyajeevan

nithyajeevan

Saturday, March 2, 2013

പീഢാനുഭവം

പീഢാനുഭവം - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു: "എന്റെ പിതാവിനോടുള്ള എന്റെ സ്നേഹവും എന്റെ പിതാവിന്റെ മക്കളോടുള്ള  സ്നേഹവും നിമിത്തം ഞാൻ എന്റെ ശരീരം എന്നെ പ്രഹരിച്ചവർക്കായി വിട്ടുകൊടുത്തു. എന്റെ മുഖം എന്നെ അടിച്ചവർക്കും തുപ്പിയവർക്കുമായി ഞാൻ നൽകി. എന്റെ മുടിയും മീശയും വലിച്ചു പറിക്കുന്നത് ബഹുമതിയായി കരുതിയവരിൽ നിന്ന് ഞാൻ മുഖം തിരിച്ചില്ല.  മുൾമുടി കൊണ്ട് അവർ എന്റെ ശിരസ്സ് തുളച്ചു; ഭൂമിയെയും അതിന്റെ ഫലങ്ങളെയും എന്നെ, അവരുടെ രക്ഷകനെ, പീഡിപ്പിക്കുന്നതിന് ഉപകരണങ്ങളാക്കി.  എന്റെ കൈകാലുകൾ അവയുടെ സ്ഥാനത്തു നിന്നിളക്കി; എന്റെ അസ്ഥികൾ പുറത്തു കാണത്തക്കവിധത്തിൽ ഉപദ്രവിച്ചു; എന്റെ വസ്ത്രങ്ങൾ വലിച്ചു കീറിമാറ്റി; അങ്ങനെ എന്റെ പരിശുദ്ധിയെ ഏറ്റവും ക്രൂരമായ വിധത്തിൽ അപമാനിച്ചു. ഒരു തടിയിന്മേൽ എന്നെ ആണിയടിച്ചുറപ്പിച്ചു; കൊല്ലപ്പെട്ട ആടിനെ കശാപ്പുകാരൻ കൊളുത്തിന്മേൽ തൂക്കിയിടുന്നതുപോലെ എന്നെ ഉയർത്തി തൂക്കിയിട്ടു.. ഞാൻ  കഠോരവേദനയനുഭവിക്കുന്ന സമയത്ത് എന്റെ ചുറ്റും നായ്ക്കളെപ്പോലെ കുരച്ചു; രക്തത്തിന്റെ മണംപിടിച്ച് കൂടുതൽ ക്രൂരരായ, ആർത്തിയുള്ള ചെന്നായ്ക്കളെപ്പോലെ അവർ വർത്തിച്ചു.
                     എന്നിൽ കുറ്റങ്ങൾ ആരോപിച്ചു; എന്നെശിക്ഷയ്ക്കുവിധിച്ചു; ഒറ്റുകൊടുത്തു; തള്ളിപ്പറഞ്ഞു; വിറ്റു; കൊന്നു.. ദൈവം പോലും എന്നെ കൈവിട്ടു; കാരണം, ഞൻ ഏറ്റെടുത്ത കുറ്റങ്ങളാൽ ഞാൻ ഭാരപ്പെട്ടു. കൊള്ളക്കാർ അപഹരിച്ചു ദരിദ്രനാക്കിയവനേക്കാൾ ഞാൻ ദരിദ്രനായി; എന്റെ അങ്കി പോലും അവർ ഊരിയെടുത്തു. മരിക്കുന്ന എന്റെ നഗ്നത മറയ്ക്കാൻ പോലും അനുവദിച്ചില്ല. മരിച്ചശേഷം,  ശവത്തിൽ കുത്തുക എന്ന അപമാനവും എന്റെ ശത്രുക്കളുടെ ഏഷണി മൂലം എന്നോടു ചെയ്തു. നിങ്ങളുടെ പാപങ്ങളാകുന്ന അഴുക്ക് എന്നെ കീഴ്പ്പെടുത്തുകയായിരുന്നു; ദുഃഖമാകുന്ന അന്ധകാരത്തിന്റെ അഗാധതയിലേക്ക് ഞാൻ വലിച്ചെറിയപ്പെട്ടു; സ്വർഗ്ഗീയ പ്രകാശം പിൻവലിക്കപ്പൈട്ടു; എന്റെ ഒടുവിലത്തെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളുന്ന ദൈവികസ്വരവും എനിക്കു നിരസിക്കപ്പെട്ടു.
ഇത്രയധികമായ ദുഃഖത്തിന്റെ കാരണം ഏശയ്യാ പറയുന്നുണ്ട്: "നമ്മുടെ തിന്മകൾ അവന്റെമേൽ അവൻ വഹിച്ചു; അവൻ ചുമന്ന ദുഃഖങ്ങൾ നമ്മുടേതാണ്."
                       നമ്മുടെ ദുഃഖങ്ങൾ; അതെ, നിങ്ങളുടെ പേർക്ക് ഞാൻ അവ ചുമന്നു; നിങ്ങളുടേത് ഒഴിവാക്കുവാൻ, അവയുടെ ശക്തി കെടുത്തുവാൻ, അവ ഇല്ലായ്മ ചെയ്യാൻ...  എന്നോടു  വിശ്വസ്തയുള്ളവർക്ക് ഇവ ചെയ്യാൻ ഞാനവ വഹിച്ചു. എന്നാൽ നിങ്ങൾ അങ്ങനെ വിശ്വസ്തരാകാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് എനിക്കെന്താണു നേട്ടമുണ്ടായത്? നിങ്ങൾ എന്നെ ഒരു കുഷ്ഠരോഗിയെ എന്നപോലെ നോക്കി; ദൈവത്താൽ പ്രഹരിക്കപ്പെട്ടവൻ; അതെ, കണക്കില്ലാത്ത വിധത്തിലുള്ള നിങ്ങളുടെ  പാപങ്ങളാകുന്ന  കുഷ്ഠം എന്റെമേൽ പതിച്ചു..
                      "നമ്മുടെ ദുഷ്ടത നിമിത്തം അവൻ മുറിവേൽപ്പിക്കപ്പെട്ടു; നമ്മുടെ അപരാധങ്ങൾ നിമിത്തം  അവൻ തുളയ്ക്കപ്പെട്ടു.." ഏശയ്യാ പ്രവാചക ദർശനത്തിൽ, മനുഷ്യരുടെ മുറിവുകൾ സുഖപ്പെടുന്നതിനായി മനുഷ്യപുത്രൻ ഒരു  വലിയ വ്രണമായിത്തീരുന്നത് കണ്ടു.. അവർ  എന്റെ ശരീരത്തിൽ മാത്രം മുറിവേൽപ്പിച്ചിരുന്നെങ്കിൽ!! 
 
            എന്നാൽ നിങ്ങൾ കൂടുതലായി മുറിവേൽപ്പിച്ചത് എന്റെ വികാരങ്ങളേയും അരൂപിയെയുമാണ്. അവയെ നിങ്ങൾക്കു പരിഹസിച്ചു ചിരിക്കാനുള്ള വകയാക്കി. യൂദാസ് വഴി ഞാൻ  നിങ്ങൾക്കു നൽകിയ സ്നേഹിതസ്ഥാനത്തു നിന്നു് നിങ്ങൾ  എന്നെ പ്രഹരിച്ചു;  പത്രോസ് വഴി ഞാൻ  പ്രതീക്ഷിച്ച വിശ്വസ്തതയുടെ സ്ഥാനത്ത് നിങ്ങൾ  എന്നെ തള്ളിപ്പറഞ്ഞു; എന്റെ അനുഗ്രഹങ്ങൾ, സഹായങ്ങൾ എന്നിവയ്ക്കുള്ള നന്ദിയുടെ സ്ഥാനത്ത് 'അവനെ കൊല്ലുക' എന്നുള്ള ആർപ്പുവിളിയാണുയർന്നത്.. അവരെ അനേക രോഗങ്ങളിൽ നിന്നു മോചിപ്പിച്ച സ്നേഹത്തിന് എന്റെ അമ്മയെ അവർ  വേദനിപ്പിക്കയാണു ചെയ്തത്;  മതത്തിന്റെ പേരിൽ ' ദൈവദൂഷകൻ' എന്ന് എന്നെ വിളിച്ചു; ഇവയൊക്കെയും ഒരു പരാതിയും കൂടാതെ ഞാൻ  സഹിച്ചു.
              ഒരു  നോട്ടം മാത്രം കൊണ്ട് എന്നെ കുറ്റക്കാരായി വിധിച്ചവരേയും ന്യായാധിപന്മാരേയും കൊലയാളികളേയും കത്തിച്ചു ചാമ്പലാക്കുവാൻ എനിക്കു  കഴിയുമായിരുന്നു. എന്നാൽ ഞാൻ  സ്വമേധയാ വന്നത് ഒരാട്ടിൻകുട്ടിയെപ്പോലെ  ബലിയർപ്പിക്കപ്പെടാനാണ്. കാരണം, ഞാൻ  ദൈവത്തിന്റെ കുഞ്ഞാടായിരുന്നു; എക്കാലത്തും അങ്ങനെതന്നെ ആയിരിക്കയും ചെയ്യും.  എന്റെ മാംസം കൊണ്ട് നിങ്ങൾക്ക് ഒരു  ജീവിതം നൽകാൻ മനുഷ്യർ എന്നെക്കൊണ്ടുപോയി തോലുരിയുവാനും കൊല്ലുവാനും ഞാൻ അനുവദിച്ചു..

                   ഞാൻ (കുരിശിൽ) ഉയർത്തപ്പെട്ടപ്പോൾ പേരു പറയാൻ സാധിക്കാത്ത സകല വേദനകളും പേരുള്ള സകല വേദനകളും ഞാൻ  സഹിക്കയായിരുന്നു.  ബത്ലഹേമിൽത്തന്നെ ഞാൻ മരിക്കാൻ തുടങ്ങി; ഭൂമിയിലെ പ്രകാശം, വിഷമിപ്പിക്കുന്ന അത് എനിക്കു  പരിചയമില്ലാത്തതായിരുന്നു; സ്വർഗ്ഗത്തിൽ ജീവിക്കുന്നവനായ എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു.   ദാരിദ്ര്യത്തിൽ, പരദേശിയായി, അഭയാർത്ഥിയായി, ജോലിയിൽ, ധാരണയില്ലായ്മയിൽ, ക്ഷീണത്തിൽ, ഒറ്റുകൊടുക്കലിൽ, നഷ്ടപ്പെട്ട സ്നേഹത്തിൽ, പീഡനങ്ങളിൽ, കാപട്യങ്ങളിൽ, ദൈവദൂഷണങ്ങളിൽ എല്ലാം ഞാൻ  മരിക്കയായിരുന്നു. ഞാൻ  വന്നത്  മനുഷ്യരെ ദൈവവുമായി വീണ്ടും ഒന്നിപ്പിക്കുവാനാണ്; എന്നാൽ മനുഷ്യർ എനിക്കു  നൽകിയത് ഇവയെല്ലാമാണ്...."