ജാലകം നിത്യജീവൻ: വി.യൗസേപ്പിന്റെ തിരുനാൾ

nithyajeevan

nithyajeevan

Tuesday, March 19, 2013

വി.യൗസേപ്പിന്റെ തിരുനാൾ

               മാർച്ച് 19 - ഇന്ന് വി.യൗസേപ്പുപിതാവിന്റെ തിരുനാൾ
                     
                      വേദപാരംഗതയായ വി.അമ്മത്രേസ്യ വി.യൗസേപ്പിന്റെ മഹാഭക്തയായിരുന്നു. തന്റെ സ്വയംകൃതചരിതത്തിൽ വിശുദ്ധ എഴുതുന്നു:
                         
                   "യൗവനയുക്തയായ ഞാൻ പക്ഷവാതം പിടിപെട്ടു കിടക്കയാണെന്നും ഭൗമിക ഭിഷഗ്വരന്മാർക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ലെന്നും എനിക്കു മനസ്സിലായപ്പോൾ സ്വർഗ്ഗീയ ഭിഷഗ്വരന്മാരിൽ നിന്നും സൗഖ്യം തേടാൻ ഞാനാഗ്രഹിച്ചു.  സന്തോഷത്തോടെയാണു രോഗത്തിന്റെ കെടുതികൾ ഞാൻ സ്വീകരിച്ചതെങ്കിലും സൗഖ്യം പ്രാപിക്കാൻ ഞാനാഗ്രഹിച്ചിരുന്നു. ആരോഗ്യം പ്രാപിക്കുകയാണെങ്കിൽ ദൈവത്തെ മെച്ചമായി സേവിക്കാമെന്നു ഞാൻ വിചാരിച്ചു. ഇതാണു നമുക്കു പറ്റുന്ന അമളി;  ദൈവത്തിന്റെ കരങ്ങളിൽ നാം നമ്മെ പൂർണ്ണമായി സമർപ്പിക്കയില്ല. നമുക്കു  നല്ലതെന്താണെന്ന് അവിടുത്തേക്കാണല്ലോ ഏറ്റവും നന്നായി അറിയുന്നത്.
                     എനിക്കുവേണ്ടി ദിവ്യബലികളും അംഗീകൃതമായ മറ്റു പ്രാർത്ഥനകളും നടത്താൻ ഞാൻ ഏർപ്പാടു ചെയ്തു. ഭാഗ്യപ്പെട്ട മാർ യൗസേപ്പിനെ എന്റെ മദ്ധ്യസ്ഥനും നാഥനുമായി ഞാൻ തെരഞ്ഞെടുക്കുകയും എന്നെ അദ്ദേഹത്തിന് ഏൽപ്പിക്കുകയും ചെയ്തു. ഈ ദുരദൃഷ്ടത്തിൽ നിന്നും ഇതിനേക്കാൾ പ്രാധാന്യമേറിയതും എന്റെ ആത്മരക്ഷയേയും സൽപ്പേരിനേയും സംബന്ധിക്കുന്നതുമായ മറ്റു സങ്കടങ്ങളിൽ നിന്നും ഈ പിതാവ് എന്നെ രക്ഷിച്ചു. ഞാൻ ചോദിച്ചതിനേക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ അദ്ദേഹം എനിക്കു തന്നു. ഞാൻ അദ്ദേഹത്തോടു ചോദിച്ചിട്ടുള്ള യാതൊന്നും കിട്ടാതിരുന്നതായി ഇന്നും എനിക്കോർമ്മയില്ല. ശാരീരികവും ആത്മീയവുമായ ഏതെല്ലാം വിപത്തുകളിൽ നിന്നാണ്  ആ ഭാഗ്യപ്പെട്ട വിശുദ്ധൻ എന്നെ രക്ഷിച്ചിട്ടുള്ളത്?  ഇതും അദ്ദേഹം വഴി എനിക്കു  ലഭിച്ചിട്ടുള്ള മറ്റനുഗ്രഹങ്ങളും ഓർക്കുമ്പോൾ ഞാൻ ആശ്ചര്യഭരിതയായിപ്പോകുന്നു.  മറ്റു വിശുദ്ധന്മാർക്ക് ചില ആവശ്യങ്ങളിൽ നമ്മെ സഹായിക്കാനുള്ള അനുഗ്രഹമാണു നൽകിയിരിക്കുന്നത്. ഈ വിശുദ്ധനാകട്ടെ, നമ്മുടെ എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കാനുള്ള അനുഗ്രഹം നൽകപ്പെട്ടിരിക്കുന്നു. അങ്ങനെ ഭൂമിയിൽ അവിടുന്ന് അദ്ദേഹത്തിനു കീഴ്പ്പെട്ടിരുന്നുവെന്നത് വ്യക്തമാക്കുന്നു. അദ്ദേഹം അവിടുത്തേ വളർത്തുപിതാവായിരുന്നുവല്ലോ. പിതാവ് എന്നു വിളിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആജ്ഞാപിക്കാം. സ്വർഗ്ഗത്തിലും അദ്ദേഹം ചോദിക്കുന്നതെല്ലാം അവിടുന്ന് ചെയ്തുകൊടുക്കുന്നു. ഈ സത്യം മനസ്സിലാക്കി അദ്ദേഹത്തോടുള്ള ഭക്തി പ്രദർശിപ്പിക്കുന്നവർ ഇന്നു വളരെയേറെയുണ്ട്.
                               പ്രാർത്ഥിക്കുന്നവർക്ക് വി.യൗസേപ്പിനോട് പ്രത്യേക സ്നേഹമുണ്ടായിരിക്കേണ്ടതാണ്. ഉണ്ണീശോയോടുകൂടെ മാലാഖമാരുടെ രാജ്ഞി പീഡകളനുഭവിച്ചിരുന്ന സമയത്ത് യൗസേപ്പുപിതാവ് അവർക്കു ചെയ്ത സേവനങ്ങളെപ്രതി അദ്ദേഹത്തിനു കൃതജ്ഞത പ്രദർശിപ്പിക്കാതെ ദൈവജനനിയെപ്പറ്റി ചിന്തിക്കുവാൻ എങ്ങനെ കഴിയുമെന്ന് എനിക്കറിഞ്ഞുകൂടാ. എങ്ങനെ പ്രാർത്ഥിക്കണമെന്നു പഠിപ്പിക്കുവാൻ ഗുരുവിനെ ലഭിച്ചിട്ടില്ലാത്തവർ ഈ മഹാവിശുദ്ധനെ ഗുരുവായി സ്വീകരിക്കട്ടെ; എങ്കിൽ അവർക്കു വഴി തെറ്റിപ്പോകയില്ല."