ജാലകം നിത്യജീവൻ: മാലാഖയുടെ അഭിവാദനം

nithyajeevan

nithyajeevan

Friday, October 5, 2012

മാലാഖയുടെ അഭിവാദനം

 October - Month of the Most Holy Rosary

"കൊടുക്കുവിന്‍, നിങ്ങള്‍ക്കു കിട്ടും" എന്ന് എഴുതപ്പെട്ടിരിക്കുന്നു. (ലൂക്കാ 6:38)  ഇതിന് വാഴ്ത്തപ്പെട്ട അലന്‍ നല്‍കുന്ന വിശദീകരണം നമുക്കു നോക്കാം .
              ഓരോ ദിവസവും ഞാന്‍ നിങ്ങള്‍ക്ക് 150 വജ്രങ്ങള്‍ തരുന്നുവെന്ന് വിചാരിക്കുക. അങ്ങനെയെങ്കില്‍, ശത്രുവായിരുന്നെങ്കില്‍പ്പോലും നിങ്ങള്‍ എന്നോട് ക്ഷമിക്കില്ലേ?  ഒരു സ്നേഹിതനെപ്പോലെ എന്നെ പരിചരിച്ച് നിങ്ങള്‍ക്കു നല്‍കാനാകുന്ന എല്ലാ കൃപകളും നിങ്ങള്‍ എനിക്ക് നല്‍കില്ലേ? കൃപയുടെയും മഹത്വത്തിന്റെയും സമ്പത്തുകള്‍ നിങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരിശുദ്ധ കന്യകയെ അഭിവാദനം ചെയ്യുക. നിങ്ങളുടെ നല്ല മാതാവിനെ ആദരിക്കുക."
                 "അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവെയ്ക്കുന്നു." (പ്രഭാ.3:4)   അതുകൊണ്ട് നാം നിത്യവും  പരിശുദ്ധ മാതാവിന് 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന കാഴ്ച വെയ്ക്കണം (ഏറ്റം കുറഞ്ഞത്‌ 50 എണ്ണമെങ്കിലും). അവള്‍ നമ്മുടെ അമ്മയും സ്നേഹിതയുമാണ്. അവള്‍ പ്രപഞ്ചത്തിന്റെ ചക്രവര്‍ത്തിനിയാണ്. ഈ ലോകത്തിലെ സകല അമ്മമാരും രാജ്ഞിമാരും ഒരു മനുഷ്യവ്യക്തിയെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതലായി മാതാവ് നമ്മെ സ്നേഹിക്കുന്നു. കാരണം, വി.അഗസ്റ്റിന്‍ പറയുന്നതുപോലെ, പരിശുദ്ധ കന്യകയുടെ സ്നേഹം മനുഷ്യവംശം മുഴുവന്റെയും സകല മാലാഖമാരുടെ പോലും സ്വാഭാവിക സ്നേഹത്തെക്കാളേറെ മികച്ചു നില്‍ക്കുന്നു.
               ഒരു ദിവസം, വി.ജെര്‍ത്രുദിന്  നമ്മുടെ കര്‍ത്താവ്‌ സ്വര്‍ണ്ണ നാണയങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്ന  ഒരു ദര്‍ശനമുണ്ടായി. അവിടുന്ന് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവള്‍ ചോദിച്ചപ്പോള്‍ കര്‍ത്താവ്‌ മറുപടി പറഞ്ഞത് ഇപ്രകാരമാണ്; "നീ ചൊല്ലിയിട്ടുള്ള 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ഥനകള്‍ ഞാന്‍ എണ്ണുകയാണ് . സ്വര്‍ഗ്ഗത്തിലേക്കുള്ള നിന്റെ യാത്രയില്‍,  യാത്രക്കൂലിയായി നിനക്ക് കൊടുക്കാനുള്ള പണമാണിത്‌."
                  വാഴ്ത്തപ്പെട്ട അലന്‍ പറയുന്നു; " ഓ, എത്രയും പരിശുദ്ധയായ മറിയമേ, അങ്ങയെ സ്നേഹിക്കുന്നവരെല്ലാം ഇത് ശ്രദ്ധയോടെ പാനം ചെയ്യട്ടെ. ഞാന്‍ 'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചോല്ലുമ്പോഴെല്ലാം സ്വര്‍ഗീയ സദസ്സ് ആഹ്ലാദിക്കുന്നു; ഭൂമി അത്ഭുതത്തില്‍ മതിമറക്കുന്നു.  'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുമ്പോള്‍ ഈ ലോകത്തെ ഞാന്‍ അവജ്ഞയോടെ ഉപേക്ഷിക്കുന്നു;  എന്റെ ഹൃദയം ദൈവസ്നേഹത്താല്‍ വക്കോളം നിറഞ്ഞിരിക്കുന്നു. ഞാന്‍ 'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുന്നുവെങ്കില്‍ എന്റെ സകല ഭയങ്ങളും ഉണങ്ങിക്കൊഴിയുന്നു; എന്റെ വികാരങ്ങള്‍ നിഗ്രഹിക്കപ്പെടുന്നു..
  'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുമ്പോള്‍ എന്നില്‍  ഭക്തി വളരുന്നു; പശ്ചാത്താപം ഉണരുന്നു.  'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുന്നതുകൊണ്ട് എന്റെ ഹൃദയത്തില്‍ പ്രത്യാശ ശക്തമാകുന്നു; എന്റെ ആത്മാവ് ആനന്ദിക്കുന്നു; ദുഃഖം മാഞ്ഞുപോകുന്നു.."

 (From 'The Secret of the Rosary' by St.Louis De Montfort)