ജാലകം നിത്യജീവൻ: കുഞ്ഞുങ്ങളേപ്പോലെയാകുവിൻ!

nithyajeevan

nithyajeevan

Saturday, October 20, 2012

കുഞ്ഞുങ്ങളേപ്പോലെയാകുവിൻ!

              നാട്ടിൻപുറത്തുള്ള ഒരു റോഡിലൂടെ ഈശോ മുമ്പിലും അപ്പസ്തോലന്മാരും ശിഷ്യരുമടങ്ങുന്ന ഗണം പുറകിലുമായി നടക്കുന്നു. ശിഷ്യഗണം താന്താങ്ങളുടെ യോഗ്യതകളെക്കുറിച്ചുള്ള
ചർച്ചയിലാണ്. ചിലർ അവകാശം പറയുന്നത് ആദ്യത്തെ ശിഷ്യർ തങ്ങളാണെന്നാണ്; ചിലർ പറയുന്നു, ഈശോയുടെ ശിഷ്യരാകാൻ അവർ അവരുടെ പദവി ഉപേക്ഷിച്ചുവെന്നാണ്. ഈ ചർച്ച ദീർഘസമയം നടന്നു.
                                   ഈശോ ഇതൊന്നും കേൾക്കുന്നതായി തോന്നിയില്ല.  അവർ ഗ്രാമത്തിലെ  (കഫർണാം) ആദ്യത്തെ ഭവനത്തിലെത്തി.  ആ വീടിനു മുമ്പിലുള്ള  കിണറിനരികെ ഇരുന്നിട്ട് അപ്പസ്തോലന്മാരെയും ശിഷ്യരേയും അടുത്തേക്കു വിളിച്ചു. "ഇങ്ങുവരൂ... എന്റെ ചുറ്റുമിരുന്ന് ഈ പ്രബോധനം ശ്രവിക്കൂ. നിങ്ങൾ തർക്കിച്ചത് ഞാൻ കേട്ടു. സ്വരം പതറുന്നതുവരെ ഉച്ചത്തിൽ തങ്ങളുടെ മേന്മകളെക്കുറിച്ച് ചർച്ച ചെയ്ത് അതനുസരിച്ചുള്ള സ്ഥാനമായിരിക്കും ഓരോരുത്തർക്കും കിട്ടുക എന്നാണല്ലോ നിങ്ങൾ വിശ്വസിക്കുന്നത്. നിങ്ങൾക്കു് ഒരു ജിജ്ഞാസയുണ്ട്;  നിങ്ങളിൽ ആരായിരിക്കും സ്വർഗ്ഗരാജ്യത്തിൽ ഒന്നാമൻ എന്നറിയാനുള്ള ജിജ്ഞാസ.
                                   നിങ്ങളുടെ നന്മയ്ക്കായി നിങ്ങളുടെ ഗുരു നിങ്ങളുടെ ജിജ്ഞാസയ്ക്കു വഴങ്ങുകയാണ്. മനുഷ്യന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വഴങ്ങുന്നതിനെ ഞാൻ വെറുക്കുന്നെങ്കിലും ഇതു ചെയ്യുന്നു. ചന്തയുടെ ബഹളത്തിൽ, ഏതാനും നാണയങ്ങൾക്കു വേണ്ടി ഏതു ചോദ്യത്തിനും ഉത്തരം പറയാനിരിക്കുന്ന കബളിപ്പുകാരനല്ല നിങ്ങളുടെ ഗുരു. ഭാവി പറയാൻ, അങ്ങനെ പണം സമ്പാദിക്കാൻ അവനെ സഹായിക്കുന്ന പാമ്പിന്റെ അരൂപിയും അവനില്ല. ഭാവി അറിഞ്ഞിട്ട് അതനുസരിച്ച് പ്രവർത്തിക്കാം എന്നു കരുതുന്ന മനുഷ്യന്റെ ഇടുങ്ങിയ മനസ്സിനെ തൃപ്തിപ്പെടുത്താനാണ് ഈ പണികളെല്ലാം. ജ്ഞാനത്തോടെ പ്രവർത്തിക്കാൻ മനുഷ്യന് സ്വയമേ കഴിവില്ല. മനുഷ്യന് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ ദൈവം അവനെ സഹായിക്കും. ഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെ ഒഴിവാക്കാൻ കഴിവില്ലെങ്കിൽ ഭാവി അറിഞ്ഞിട്ടും, അറിയാൻ ശ്രമിച്ചിട്ടും ഒരുപകാരവുമില്ല. ഒരൊറ്റ മാർഗ്ഗമേയുള്ളൂ. കർത്താവും പിതാവുമായവനോടു പ്രാർത്ഥിക്കുക - അവന്റെ കാരുണ്യം തുണയായിരിക്കുവാൻ... ഞാൻ ഗൗരവമായി പറയുന്നു, പ്രത്യാശയോടു കൂടെയുള്ള പ്രാർത്ഥനയ്ക്ക് ശിക്ഷയെ അനുഗ്രഹമായി മാറ്റാൻ കഴിയും.
                              എന്നാൽ ഭാവി ദുരന്തങ്ങളെ ഒഴിവാക്കാൻ, മാനുഷിക മാർഗ്ഗങ്ങൾ അവലംബിക്കുന്ന മനുഷ്യരുടെ സഹായം തേടുന്നവന് പ്രാർത്ഥിക്കാൻ തന്നെ സാധിക്കയില്ല; അഥവാ, വളരെ മോശമായിട്ടായിരിക്കും പ്രാർത്ഥിക്കുക. ഈ ജിജ്ഞാസ നിങ്ങളെ ഒരു നല്ലപാഠം പഠിപ്പിക്കും എന്ന കാരണത്താൽ, ഇതിന് ഒരു പ്രാവശ്യം മാത്രം ഞാൻ മറുപടി പറയുന്നു.
                            നിങ്ങൾ  ചോദിക്കുന്നത്  "ഞങ്ങളിൽ ആരായിരിക്കും സ്വർഗ്ഗരാജ്യത്തിലെ വലിയവൻ" എന്നാണ്.   ഞങ്ങൾ എന്നതുകൊണ്ട് ഇവിടെ സന്നിഹിതരായിരിക്കുന്നവരെ മാത്രമല്ല, ഇപ്പോഴും ഭാവിയിലുമുള്ള എല്ലാവരേയും ഉദ്ദേശിച്ചാണ് ഞാൻ മറുപടി പറയുന്നത്.   "മനുഷ്യരുടെ ഇടയിൽ ഏറ്റവും ചെറിയവനായിരിക്കുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ!!"  അതായത്, ഏറ്റവും ചെറിയവൻ എന്നു മനുഷ്യരാൽ കരുതപ്പെടുന്നവർ  -  കാപട്യമില്ലാത്തവർ, എളിയവർ, പ്രത്യാശയുള്ളവർ, അറിവില്ലാത്തവർ തുടങ്ങിവർ - അങ്ങനെയുള്ളവർ കുഞ്ഞുങ്ങളാണ്; അഥവാ തങ്ങളുടെ ആത്മാക്കളെ കുഞ്ഞുങ്ങളുടേതുപോലെ ആക്കാൻ കഴിവുള്ളവരാണ്.
                           ശാസ്ത്രം, അധികാരം, ധനം, നല്ല ജോലി ഇവയൊന്നും സ്വർഗ്ഗരാജ്യത്തിൽ നിന്നെ വലിയവനാക്കുകയില്ല. സ്നേഹം, കാരുണ്യം, എളിമ,  കാപട്യമില്ലായ്മ, വിശ്വാസം ഇത്യാദി കാര്യങ്ങളിൽ കുഞ്ഞുങ്ങളേപ്പോലെയാകുക. തർക്കങ്ങളും അഹങ്കാരവും കൂടാതെ കൊച്ചുകുട്ടികളെപ്പോലെ പരസ്പരം സ്നേഹിക്കുവിൻ. തമ്മിൽത്തമ്മിൽ സമാധാനത്തിൽ ജീവിക്കുക. എല്ലാ മനുഷ്യരോടും സമാധാനമുള്ള മനസ്സോടെ വർത്തിക്കുക. കർത്താവിന്റെ നാമത്തിൽ നിങ്ങൾ  സഹോദരങ്ങളാണ്;  ശത്രുക്കളല്ല. ഈശോയുടെ ശിഷ്യരുടെയിടയിൽ ഒരു ശത്രുതയും ഉണ്ടാകാൻ പാടില്ല. ഏകശത്രു പിശാചാണ്.   തിന്മ ഏതു രൂപം ധരിച്ചു വന്നാലും അതിനോടു യുദ്ധം ചെയ്യുന്നതിൽ മടുപ്പില്ലാത്തവരാകുവിൻ. പിശാച് ഒരിക്കലും പറയില്ല, "അതുമതി; ഇപ്പോൾ ഞാൻ ക്ഷീണിച്ചിരിക്കുന്നു;  അതിനാൽ ഞാൻ വിശ്രമിക്കാൻ പോകയാണ്"  എന്ന്.  അവൻ ക്ഷീണമില്ലാത്തവനാണ്. അവൻ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരുവനിലേക്ക് ചിന്തയുടെ വേഗത്തിൽ, അതിലും വേഗത്തിൽ പോകുന്നു; പ്രലോഭിപ്പിക്കുന്നു; സ്വന്തമാക്കുന്നു; കെണിയിൽ വീഴ്ത്തുന്നു. വലിയ  ജാഗ്രതയില്ലെങ്കിൽ അവൻ നശിപ്പിക്കുന്നു. ദൈവത്തിൽ നിന്നോ ദൈവത്തിന്റെ ദാസന്മാരിൽ നിന്നോ ലഭിച്ച പരാജയത്തിന് പകരം വീട്ടാനാണ് അവനിതു ചെയ്യുന്നത്. എന്നാൽ അവൻ പറയുന്നത് നിങ്ങളും പറയണം; "ഞാൻ വിശ്രമിക്കയില്ല." നരകത്തിലേക്ക് ആളുകളെ പിടിക്കാനാണ് അവൻ വിശ്രമിക്കാതിരിക്കുന്നത്. പറുദീസായിലേക്ക് ആളുകളെ നേടുന്നതിൽ നിങ്ങളും വിശ്രമിക്കാൻ  പാടില്ല. ഒരിടവും അവനു കൊടുക്കരുത്.   ഞാൻ  മുൻകൂട്ടി  പറയുന്നു, നിങ്ങൾ  എത്രയധികമായി യുദ്ധം ചെയ്യുമോ അത്രയധികമായി അവൻ നിങ്ങളെ സഹിപ്പിക്കും.  പക്ഷേ അതേക്കുറിച്ച് നിങ്ങൾ  ആകുലരാകരുത്. അവന് ഭൂമി മുഴുവൻ ഓടിക്കയറാം; എന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവില്ല. അതിനാൽ അവിടെ നിങ്ങളെ അവൻ ഉപദ്രവിക്കയില്ല. അവനോടു യുദ്ധം ചെയ്തവരെല്ലാം അവിടെയുണ്ടായിരിക്കും."