October - Month of the Most Holy Rosary
"റോസറി" എന്ന പേരിന് മാതാവ് പൂര്‍ണ അംഗീകാരം നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ ഓരോ തവണയും ഒരു "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അവര്‍ തനിക്ക് മനോഹരമായ ഒരു റോസാപൂവ് നല്‍കുകയാണു ചെയ്യുന്നതെന്നും ഓരോ പൂര്‍ണ ജപമാല ചൊല്ലുമ്പോഴും അവര്‍ തനിക്കുവേണ്ടി റോസാപ്പൂക്കളുടെ ഒരു കിരീടം ചമയ്ക്കുകയാണെന്നും പരിശുദ്ധ കന്യക അനേകര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.
ദിവസവും അത്താഴത്തിനു മുന്‍പ് ഒരു സംപൂര്‍ണ ജപമാല ചൊല്ലുന്നതു പതിവാക്കിയിരുന്ന ഒരു യുവസന്യാസിയെക്കുറിച്ച് വി. ഫ്രാന്‍സിസിന്റെ ദിനവൃത്താന്തത്തില്‍ പറയുന്നുണ്ട്. ഒരു ദിവസം എന്തോ കാരണവശാല്‍ അദ്ദേഹത്തിന് ജപമാല ചൊല്ലുവാനായില്ല. ഊട്ടുശാലയില്‍ ഭക്ഷണത്തിനുള്ള മണിയടിച്ചു കഴിഞ്ഞു; ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് തന്റെ ജപമാല ചൊല്ലുവാന്‍ അനുവദിക്കുമോ എന്നദ്ദേഹം തന്റെ സുപ്പീരിയറോടു ചോദിച്ചു; അനുമതി ലഭിച്ചതിനാല്‍, പ്രാര്‍ഥിക്കുവാനായി അദ്ദേഹം തന്റെ മുറിയിലേക്കു പോയി.
യുവസന്യാസിയെ ദീര്‍ഘനേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ വിളിച്ചുകൊണ്ടുവരുവാന്‍ മറ്റൊരു സന്യാസിയെ സുപ്പീരിയര്‍ പറഞ്ഞുവിട്ടു.. രണ്ടു മാലാഖമാരോടൊപ്പം നില്‍ക്കുന്ന പരിശുദ്ധ മാതാവിന്റെ മുന്നില്‍, പ്രകാശത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന യുവസന്യാസിയെയാണ് അദ്ദേഹം കണ്ടത്. ഓരോ 'നന്മ നിറഞ്ഞ മറിയമേ' ചൊല്ലുമ്പോഴും മനോഹരമായ രോസാപ്പോക്കള്‍ നിര്‍ഗ്ഗമിച്ചുകൊണ്ടിരുന്നു.. മാലാഖമാര്‍ അവ ഓരോന്നായി എടുത്ത് പരിശുദ്ധ മാതാവിന്റെ ശിരസ്സില്‍ വെച്ചുകൊണ്ടിരിക്കുന്നു.. മാതാവ് പുഞ്ചിരിച്ചുകൊണ്ട് അവ സ്വീകരിക്കുന്നു!
ജപമാല ചൊല്ലാന്‍ പോയ സന്യാസിക്കും അദ്ദേഹത്തെ തേടിപ്പോയ സന്യാസിക്കും എന്തുസംഭവിച്ചു എന്നന്വേഷിക്കാനായി എത്തിയ മറ്റു രണ്ടു സന്യാസിമാര്‍ക്കും അതിമനോഹരമായ ഈ ദൃശ്യം കാണാനായി!! ജപമാല മുഴുവന്‍ ചൊല്ലിത്തീരുന്നതുവരെ പരിശുദ്ധ മാതാവ് അവിടെനിന്നും പോയില്ല!
പൂക്കളുടെ റാണിയാണ് റോസാപ്പൂ. അതുകൊണ്ട് ജപമാല എല്ലാ ഭക്തികളുടെയും റാണിയാണ്. അതിനാല്‍ത്തന്നെ, ജപമാല ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുമാകുന്നു.
(From 'The Secret of the Rosary' by St.Louis De Montfort)