ജാലകം നിത്യജീവൻ: സക്കേവൂസിന്റെ മാനസാന്തരം

nithyajeevan

nithyajeevan

Sunday, October 21, 2012

സക്കേവൂസിന്റെ മാനസാന്തരം

                     ജറീക്കോയിലെ ചന്തസ്ഥലം. ഒരു വലിയ മൈതാനമാണത്. മൈതാനത്തിന്റെ ഒരു മൂലയിൽ  പ്രധാനപ്പെട്ട റോഡു വന്നുചേരുന്ന സ്ഥലത്ത് ഒരു പഴയ കെട്ടിടമുണ്ട്. അതാണ് ചുങ്കം കാര്യാലയം. ത്രാസും കട്ടിയും അളവുപാത്രങ്ങളും എല്ലാമുണ്ട്. ഒരു  ബഞ്ചും. പൊക്കംകുറഞ്ഞ ഒരു  മനുഷ്യൻ ബഞ്ചിലിരുന്ന് പണമിടപാടുകൾ നടത്തുന്നു. എല്ലാവരുംതന്നെ അയാളോടു സംസാരിക്കുന്നു. അത് സക്കേവൂസാണ്.
                          ജോലി ചെയ്യുന്നുണ്ടെങ്കിലും സക്കേവൂസിന് എന്തോ അസ്വസ്ഥതയുള്ളതു പോലെ തോന്നുന്നു. അയാളുടെ മനസ്സ് വേറെവിടെയോ ആണ്. ഒറ്റവാക്കിലും ആംഗ്യത്തിലുമാണ് ആളുകൾക്ക് മറുപടി നൽകുന്നത്. 
                           ഇടയ്ക്കൊരാൾ നസ്രായനെക്കുറിച്ച് സംസാരിച്ചപ്പോൾ അയാൾ ഉൽസാഹത്തോടെ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ടു. നെടുവീർപ്പിട്ടു. 
സമയം കടന്നുപോയി. ചൂടു് കൂടിവരുന്നു. ചന്ത വിജനമായി. സക്കേവൂസ് തലയ്ക്ക് കൈയും കൊടുത്തിരുന്ന് ചിന്തിക്കയാണ്.
"നസ്രായൻ ഇതാ ഇവിടെ വന്നിരിക്കുന്നു." പ്രധാന റോഡിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതാനും കുട്ടികൾ ആർപ്പുവിളിക്കുന്നു.
                      സ്ത്രീകൾ, പുരുഷന്മാർ, രോഗികൾ, യാചകർ, എല്ലാവരും അവന്റെ പക്കലേക്കു് ഓടിയടുക്കുന്നു. മൈതാനം ശൂന്യമാണ്. സക്കേവൂസ് എഴുന്നേറ്റു് അയാളുടെ  മേശപ്പുറത്തു കയറിനിന്നു. എങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല. കാരണം അനേകമാളുകൾ വൃക്ഷക്കമ്പുകൾ ഒടിച്ചെടുത്ത് അവ വീശിക്കൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്നു. ഈശോ രോഗികളുടെ പക്കലേക്കു കുനിയുകയും ചെയ്യുന്നു. സക്കേവൂസ് ഉടനെ മേൽവസ്ത്രങ്ങളെല്ലാം മാറ്റി ചെറിയ അങ്കിമാത്രം ധരിച്ചുകൊണ്ട് ഒരു വൃക്ഷത്തിന്മേൽ വലിയ തായ്ത്തടിയിലൂടെ  മുകളിലേക്കു വലിഞ്ഞു കയറി, സൗകര്യമുള്ള ഒരു  കവരത്തിൽ ഇരിപ്പുറപ്പിച്ചു. കാൽരണ്ടും തൂക്കിയിട്ടാണിരിക്കുന്നത്. ഉടൽമുഴുവൻ കുനിച്ച് കമിഴ്ന്നു കിടന്ന് താഴേക്കു നോക്കുകയാണ്.
                          ജനക്കൂട്ടം മൈതാനത്തു പ്രവേശിച്ചു. ഈശോ മുകളിലേക്കു നോക്കി. വൃക്ഷക്കൊമ്പുകളുടെയിടയിലിരുന്ന് തന്നെ വീക്ഷിക്കുന്ന ഏകനായ കാഴ്ചക്കാരനെക്കണ്ട് പുഞ്ചിരിതൂകുന്നു. "സക്കേവൂസേ, വേഗം താഴെയിറങ്ങി വരിക. ഇന്നു നന്റെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്." ഈശോ ആജ്ഞ നൽകി.
                                ഒരുനിമിഷം വിസ്മയിച്ച് സ്തബ്ധനായ സക്കേവൂസ്  ശക്തിയെല്ലാം സംഭരിച്ച് താഴേക്കു് ഊർന്നിറങ്ങി. സംഭ്രമം നിമിത്തം വസ്ത്രം ധരിക്കാൻ കഴിയുന്നില്ല. പുസ്തകങ്ങളും മേശയുമെല്ലാം അടച്ചു. എല്ലാം വേഗം ചെയ്യാൻ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. ഈശോ ക്ഷമാപൂർവം കാത്തുനിൽക്കയാണ്. 
സക്കേവൂസ്  ഒരുങ്ങിയിറങ്ങി ഗുരുവിനെ വീട്ടിലേക്കു കൊണ്ടുപോയി. ഈശോ വീടിനകത്തു പ്രവേശിച്ചു. ഭക്ഷണം തയാറാക്കുന്ന സമയത്തു രോഗികളോടും മറ്റുള്ളവരോടും സംസാരിക്കുകയാണ്. 
                                  അവസാനം ഈശോ എല്ലാവരേയും പറഞ്ഞുവിടുന്നു: "സൂര്യാസ്തമയത്തിൽ തിരിച്ചുവന്നുകൊള്ളൂ. ഇപ്പോൾ എല്ലാവരും വീട്ടിൽ പോവുക. സമാധാനം നിങ്ങളോടുകൂടെ."
                               ആളുകൾ പിരിഞ്ഞു. സക്കേവൂസ്  വളരെ കേമമായി ഈശോയെ സൽക്കരിക്കുന്നു.
                       ഭക്ഷണം കഴിഞ്ഞു് അപ്പസ്തോലന്മാർ വിശ്രമിക്കാനായി തോട്ടത്തിലേക്കിറങ്ങി. സക്കേവൂസ്   ഈശോയുടെ സമീപെയുണ്ട്. ഈശോ വിശ്രമിക്കട്ടെ എന്നുകരുതി സക്കേവൂസ് ആദ്യം പുറത്തിറങ്ങിപ്പോയതാണ്. എന്നാൽ അൽപ്പം കഴിഞ്ഞ് നോക്കിയപ്പോൾ ഈശോ ഉറങ്ങുന്നില്ല, ചിന്തിച്ചുകൊണ്ടിരിക്കയാണെന്നു കണ്ട് അടുത്തുചെന്നു. ഭാരമുള്ള ഒരു   പണപ്പെട്ടിയും കൊണ്ടാണ് ചെന്നിരിക്കുന്നത്. ആ പെട്ടി ഈശോയുടെ  അടുത്തുള്ള മേശപ്പുറത്തു വച്ചു. അയാൾ പറയുന്നു: "ഗുരുവേ, കുറേനാളായി ആളുകൾ നിന്നെക്കുറിച്ച് എന്നോടു പറയുന്നുണ്ടായിരുന്നു. ഒരുദിവസം ഒരു   പർവതത്തിന്റെ ചരിവിൽവച്ച് നീ പല കാര്യങ്ങൾ പറഞ്ഞു. ഇവിടുത്തെ പണ്ഡിതന്മാർക്ക് അതിനെക്കാൾ നന്നായിപ്പറയാൻ സാധിക്കയില്ല. ആ സത്യങ്ങൾ എന്റെ ഹൃദയത്തിൽ പതിഞ്ഞു. അപ്പോൾത്തുടങ്ങി ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കയായിരുന്നു. പിന്നീട് ആളുകൾ  പറഞ്ഞു,  നീ നല്ലവനാണ്, നീ പാപികളെ നിരസിക്കയില്ല എന്ന്. ഗുരുവേ, ഞാനൊരു പാപിയാണ്. അവർ എന്നോടു പറഞ്ഞു, നീ രോഗികളെ സുഖപ്പെടുത്തുന്നുണ്ട് എന്ന്. എന്റെ ഹൃദയത്തിനു രോഗമുണ്ട്. കാരണം ഞാൻ വഞ്ചിച്ചിട്ടുണ്ട്. അന്യായപ്പലിശ വാങ്ങിയിട്ടുണ്ട്. ഞാൻ കള്ളനും ദരിദ്രരോടു കാഠിന്യം കാണിക്കുന്നവനുമാണ്. എന്നാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചിരിക്കുന്നു. കാരണം നീ എന്നോടു  സംസാരിച്ചു. നീ എന്നെ സമീപിച്ചപ്പോൾ ജഡമോഹത്തിന്റെയും സമ്പത്തിന്റെയും പിശാച് എന്നെ വിട്ടുപോയി. ഇന്നുമുതൽ ഞാൻ  നിന്റേതാണ്. നീ എന്നെ ഉപേക്ഷിക്കയില്ലെങ്കിൽ അതാണ് ഞാനാഗ്രഹിക്കുന്നത്. നിന്നിൽ ഞാൻ  വീണ്ടും ജനിച്ചിരിക്കുന്നു എന്നറിയിക്കാൻ അന്യായമായി ഞാൻ  നേടിയ സമ്പത്തെല്ലാം ഉപേക്ഷിക്കുന്നു. എന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്കുവേണ്ടി നിനക്കു ഞാൻ തരുന്നു. പകുതി, ഞാൻ വഞ്ചിച്ചവർക്ക് നാലിരട്ടിയായി തിരിച്ചുകൊടുക്കാൻ ഉപയോഗിക്കും. അതിനുശേഷം ഗുരുവേ, നീ അനുവദിക്കുമെങ്കിൽ നിന്നെ ഞാൻ അനുഗമിക്കും.
                          "ഞാൻ അതാഗ്രഹിക്കുന്നു. വരൂ. ഞാൻ വന്നത് ആളുകളെ  രക്ഷിക്കാനും പ്രകാശത്തിലേക്കു വിളിക്കാനുമാണ്. ഇന്ന് പ്രകാശവും രക്ഷയും നിന്റെ ഹൃദയമാകുന്ന ഭവനത്തിലേക്കു വന്നിരിക്കുന്നു. വരൂ സക്കേവൂസ്, എന്നെ കുറ്റപ്പെടുത്താനായി അനുഗമിക്കുന്നവരേക്കാൾ കൂടുതലായി എന്റെ വാക്കുകൾ  നീ മനസ്സിലാക്കിയിരിക്കുന്നു. അതിനാൽ ഇപ്പോൾത്തുടങ്ങി നീ എന്റെകൂടെയായിരിക്കും."