ജാലകം നിത്യജീവൻ: ജപമാലയുടെ രഹസ്യങ്ങള്‍

nithyajeevan

nithyajeevan

Thursday, October 11, 2012

ജപമാലയുടെ രഹസ്യങ്ങള്‍

                      October - Month of the Most Holy Rosary

(From "The Secret of the Rosary" by St.Louis De Montfort)

                 ഗ്രഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഒരു വിശുദ്ധ വിഷയത്തെയാണ് Mystery (രഹസ്യം) എന്ന് തിരുസഭ വിളിക്കുന്നത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സകല പ്രവൃത്തികളും പരിശുദ്ധവും  സ്വര്‍ഗ്ഗീയവുമായിരുന്നു.  കാരണം അവിടുന്ന് ഒരേ സമയം മനുഷ്യനും ദൈവവുമായിരുന്നു. എത്രയും പരിശുദ്ധയായ കന്യകാമറിയത്തിന്റെ പ്രവൃത്തികളും വളരെ പരിശുദ്ധമാണ്.  കാരണം, ദൈവ സൃഷ്ടികളില്‍ വെച്ച് ഏറ്റവും സമ്പൂര്‍ണ്ണവും സംശുദ്ധവുമായ  സൃഷ്ടിയാണവള്‍.
                നമ്മുടെ കര്‍ത്താവിന്റെയും അവിടുത്തെ പരിശുദ്ധമാതാവിന്റെയും പ്രവൃത്തികളെ 'രഹസ്യങ്ങള്‍' എന്നു വിളിക്കുന്നത്‌ എത്രയോ ശരി! കാരണം, അവയില്‍ നിറയെ അത്ഭുതങ്ങളും സകലവിധ സമ്പൂര്‍ണ്ണതകളും അഗാധവും ഉന്നതവുമായ സത്യങ്ങളുമാണ്!  ഈ രഹസ്യങ്ങളെ ആദരിക്കുന്ന എളിയവരായ ശുദ്ധാത്മാക്കള്‍ക്ക് പരിശുദ്ധാത്മാവ് ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും. 
             വി. ഡൊമിനിക്   നമ്മുടെ കര്‍ത്താവിന്റെയും  പരിശുദ്ധമാതാവിന്റെയും  ജീവിതങ്ങളെ 15 രഹസ്യങ്ങളായി വിഭജിച്ചിട്ടുണ്ട്. (വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പില്‍ക്കാലത്ത്‌ ആവിഷ്കരിച്ച 'പ്രകാശത്തിന്റെ രഹസ്യങ്ങള്‍ വി.ലൂയിസിന്റെ രചനയിലില്ല)  ആ  രഹസ്യങ്ങള്‍ അവരുടെ പുണ്യങ്ങളേയും ഏറ്റവും സുപ്രധാനമായ പ്രവര്‍ത്തനങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. അവ 15 ചിത്രങ്ങളാണ്.  അവയുടെ ഓരോ വിശദാംശവും നമ്മുടെ ജീവിതത്തെ ഭരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം. അവ, നമ്മുടെ  ഭൗമികജീവിതത്തിലുടനീളം നമ്മുടെ ചുവടുകളെ നയിക്കുവാനുള്ള 15 ജ്വലിക്കുന്ന വിളക്കുകളാണ്.  
                    പരിശുദ്ധകന്യക ഒരിക്കല്‍ വാഴ്ത്തപ്പെട്ട അലനോട് പറഞ്ഞു: "ആളുകള്‍ 150 പ്രാവശ്യം മാലാഖയുടെ അഭിവാദനം ചൊല്ലുമ്പോള്‍ അവര്‍ക്കത്‌ വളരെ സഹായം ചെയ്യും; എനിക്ക് വളരെ പ്രീതികരമായ ഒരു അഞ്ജലിയുമാണത്.  എന്നാല്‍, യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും പീഡാനുഭവത്തെയും കുറിച്ച് ധ്യാനിച്ചുകൊണ്ട് മനുഷ്യര്‍ ഈ അഭിവാദനങ്ങള്‍ ചൊല്ലുന്നുവെങ്കില്‍ അവര്‍ക്കത്‌ കൂടുതല്‍ നന്നായി ചെയ്യാനാകും. അതെന്നെ കൂടുതല്‍ പ്രസാദിപ്പിക്കുകയും ചെയ്യും. കാരണം,  ഈ ധ്യാനമാണ് ഈ പ്രാര്‍ഥനയുടെ ആത്മാവ്."
                 ഈ ധ്യാനമാണ് മറ്റെല്ലാ ഭക്തികളില്‍ നിന്നും ജപമാലയെ വ്യത്യസ്തവും ശ്രേഷ്ഠവുമാക്കിത്തീര്‍ക്കുന്നത്.