ജാലകം നിത്യജീവൻ: ഹൃദയത്തിന്റെ ഉപവാസം

nithyajeevan

nithyajeevan

Friday, February 24, 2012

ഹൃദയത്തിന്റെ ഉപവാസം

                ഈശോ പറയുന്നു: "സമ്പൂർണമായി ദൈവത്തിന്റെതാകുവാൻ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നവർ പോലും അനുദിന ആവശ്യങ്ങൾ നിമിത്തം പലവിചാരങ്ങൾക്ക് അധീനരാകുന്നു.         അവയ്ക്ക്       അടിപ്പെട്ടതു         നിമിത്തം ആയിരിക്കണമെന്നില്ല ഈ അലട്ടൽ. ശരീരത്തെക്കാൾ കൂടുതൽ അരൂപിയാണെങ്കിൽത്തന്നെ, ആത്മാവിന് വസ്ത്രമായി ശരീരമുള്ള കാലത്തോളം, ഒരു പഴത്തിന്റെ തൊലി എന്നപോലെ ശരീരത്തിന്റെ   ആവശ്യങ്ങൾക്കു്   മനുഷ്യൻ   അധീനനായിരിക്കും.
ഏറ്റം കുറഞ്ഞ രീതിയിലാണെങ്കിലും ഞാനും അതു സ്വീകരിച്ചു. അതു പാപമല്ല; ഒരു കടമയും വിവേകവുമാണ്. മാംസത്തെ നശിപ്പിക്കണമെന്ന് ഞാൻ പ്രസംഗിച്ചിട്ടില്ല. അതിനെ ക്രൂരമായി ആക്രമിക്കേണ്ട. ലോകത്തിലെല്ലാംതന്നെ ചിതറിക്കിടക്കുന്ന ചില താപസർ ചെയ്യുന്നതു ചെയ്യണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ  പഠിപ്പിച്ചതും ഞാൻ  മാതൃക നൽകിയതും മരണമുള്ള മാംസത്തെക്കുറിച്ച് ആകുലരാകേണ്ട; അമർത്യമായ ആത്മാവിനെക്കുറിച്ച് ചിന്തയുള്ളവരാകുവിൻ എന്നാണ്. ശരീരത്തെ കൊല്ലുന്നവയെ ഭയപ്പെടാതെ അരൂപിയെ കൊല്ലുന്നവയെ  ഭയപ്പെടണമെന്നാണ് ഞാൻ പ്രസംഗിച്ചിട്ടുള്ളത്. ശരീരത്തെയോ ആത്മാവിനെയോ ഏതിനെയാണു സൂക്ഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടി വരുമ്പോൾ, എപ്പോഴും നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ആത്മാവിനെയാണ്. 

           നിങ്ങളുടെ വായിൽ ഉപവാസവും എന്നാൽ ഹൃദയത്തിൽ ഉപവാസമില്ലായ്മയും  ആയാൽ, നിങ്ങളുടെ  ഉപവാസം എന്റെ പക്കൽ ഒരു അപമാനമാണ്. ഹൃദയത്തിന്റെ  ഉപവാസം എന്തെന്നാൽ,  നിങ്ങളുടെ പ്രവൃത്തികൾ, സംസാരം, ചിന്തകൾ ഇവയാൽ അയൽക്കാരെ ഉപദ്രവിക്കാതിരിക്കലാണ്.  ഞാൻ നിങ്ങളോടു പറയുന്നു; മാംസത്തിന്റെ പ്രവൃത്തികൾ കൊണ്ട് ആത്മാവിനെ നിങ്ങൾ വധിക്കാതിരിക്കുവിൻ. ഇങ്ങനെയും ഞാൻ  പറയുന്നു; വിശുദ്ധി നിമിത്തമല്ലാതെ വെറും പെരുമയ്ക്കു വേണ്ടി നിങ്ങളുടെ      മാംസത്തെ   (ശരീരത്തെ )   നിഹനിക്കത്തക്കവധം 
വർത്തിക്കാതിരിക്കുവിൻ. അരൂപിയിലും ചിന്തയിലും വികാരങ്ങളിലും പ്രവൃത്തികളിലും മാംസത്തിലും പരിശുദ്ധരായിരിക്കുവിൻ.
            
എങ്കിൽപ്പിന്നെ എങ്ങനെ പലവിചാരങ്ങൾ ഒഴിവാക്കാം? രാജ്ഞിയായ ആത്മാവിനു കീഴിലാക്കി മാംസത്തെ  എങ്ങനെ ഭരിക്കാം?     സ്നേഹം കൊണ്ട്....  സ്നേഹമായിരിക്കണം നിന്റെ യജമാനൻ.  ഒരു ഗായകസംഘത്തലവനെപ്പോലെ നിന്റെ എല്ലാ പ്രവൃത്തികളേയും നിയന്ത്രിക്കുന്നത് സ്നേഹമായിരിക്കട്ടെ. വിവിധ സംഗീതോപകരണങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ തമ്മിൽ ചേർന്ന് ഇമ്പകരമായ ഒരു ശബ്ദമായിത്തീരുന്നു. അത് ഒരു  പാദമാകാം; ഒരു  ഭാഗമാകാം; ഒരു   സമ്പൂർണ്ണ അവതരണമാകാം. ഇത് സ്നേഹിക്കുവാനുള്ള കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്.  സ്നേഹരാക്ഷസന്മാർ ശരിക്കുള്ള ഒരു   ഗാനമേള തന്നെ നടത്തും. ദൈവദൂതന്മാരും വിശുദ്ധരും അതിനോടു ചേരും. 
              
             സാധാരണ സ്നേഹക്കാർക്ക് അവരുടെ രാഗം ആലപിക്കുവാനറിയാം. ദൈവദൂതന്മാരും വിശുദ്ധരും ചാഞ്ഞ് അത് ശ്രദ്ധിക്കും. തീക്ഷ്ണതയുള്ളതിനാൽ സാധാരണ സ്നേഹത്തിന്റെ പദവിയിൽ നിന്നുയർന്ന് സ്നേഹരാക്ഷസ പദവിയിലേക്ക് അവർ ഉയരുമെന്ന് അവർക്കറിയാം. സ്നേഹത്തിന്റെ  രാക്ഷസന്മാർ ആരാണ്? ബലിയായിട്ടുള്ള ആത്മാക്കൾ തന്നെ.  സ്നേഹം  ശക്തിയാണ്. അതാണ്‌ പ്രപഞ്ചത്തെ ഭരിക്കുന്നത്. സ്നേഹമാണ് ലോകത്തെ രക്ഷിക്കുന്നത്. പട്ടാളമേധാവികളല്ല, ശാസ്ത്രജ്ഞന്മാരല്ല, പണ്ഡിതന്മാരല്ല, പിന്നെയോ, സ്നേഹിക്കുന്നവരാണ് വിജയത്തിന്റെ പാതകൾ  കണ്ടുപിടിക്കുന്നതും അതിലൂടെ നന്മയിലേക്ക് (ദൈവത്തിലേക്ക്) നയിക്കുന്നതും. കാരണം അവരുടെ സ്നേഹത്തിന്റെ   തീക്ഷ്ണതയാൽ, സാത്താന്റെ ചങ്ങലകൾ, നിങ്ങളെ തിന്മയുടെ അടിമകളാക്കുന്ന ചങ്ങലകൾ       അവർപൊട്ടിക്കുന്നു.

               വിശ്വാസികളുടെ സ്നേഹം  കാലങ്ങൾ നല്ലതാക്കുന്ന അത്ഭുതം നേടിയെടുക്കുന്നുവെങ്കിൽ, ബലിയർപ്പിതരായിരിക്കുന്ന ആത്മാക്കളുടെ സ്നേഹം, സാത്താന്റെ  ആക്രമണത്തിനെതിരേയുള്ള പ്രതിരോധശക്തിയാണ്. ശരണമില്ലാത്ത ദുരിതത്തിൽ നിങ്ങളെ നശിപ്പിക്കാനാണ് സാത്താൻ ആഗ്രഹിക്കുന്നത്. ബലിയർപ്പിതരായിരിക്കുന്ന ആത്മാക്കളുടെ സ്നേഹമാണ്  പാപപ്പൊറുതിയുടെ വാതായനങ്ങൾ തുറക്കുന്നത്. ബലിയുടെ അഗ്നി കൊണ്ട് അവർ ആ വാതിലുകൾ ഉരുക്കിക്കളയുന്നു." 

(അവലംബം:  Victim Souls by Maria Valtorta)