ജാലകം നിത്യജീവൻ: ഈശോ എയീറായിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Saturday, February 4, 2012

ഈശോ എയീറായിൽ പ്രസംഗിക്കുന്നു

                  എയീറായിലെ പ്രധാന മൈതാനത്ത് ഈശോ  പ്രസംഗിക്കുകയാണ്:  "യൂദയാ രാജാവായ ഹെസക്കിയായെ സെന്നാക്കരീബ് ആക്രമിച്ച അവസരത്തിൽ സെന്നാക്കരീബിന്റെ പ്രബലരായ മൂന്നു ദൂതന്മാർ ചെന്ന് സന്ധിവ്യവസ്ഥകൾ പാലിക്കാതിരിക്കുന്ന കാര്യവും സൈന്യങ്ങൾ യൂദയായെ വളഞ്ഞിരിക്കുന്ന കാര്യവും പറഞ്ഞ് ഹെസക്കിയായെ ഭയപ്പെടുത്തി. അപ്പോൾ ഏലിയാക്കിം, ഷെബ്നാ, യോവാ എന്നിവർ ആ ദൂതന്മാരോടു പറഞ്ഞു; "ജനങ്ങൾക്ക് നിങ്ങളെ മനസ്സിലാകാത്ത വിധത്തിൽ ഞങ്ങളോട്  സംസാരിക്കുക. ഭയചകിതരായി ജനം നിങ്ങളോടു് സന്ധി ആവശ്യപ്പെടാതിരിക്കട്ടെ.." സെന്നാക്കരീബിന്റെ ദൂതന്മാർക്ക് അതായിരുന്നു ആവശ്യം. അതിനാൽ അവർ സ്വരം ഉയർത്തി ജനങ്ങൾക്ക് മനസ്സിലാകുന്ന ഹീബ്രു ഭാഷയിൽ സംസാരിച്ചു. "ഹെസക്കിയാ നിങ്ങളെ ചതിക്കാൻ ഇടയാകരുത്. നിങ്ങൾക്കു് ഉപകാരപ്രദമായ രീതിയിൽ ഞങ്ങളോട് പെരുമാറുകയും കീഴടങ്ങുകയും ചെയ്യുക. എങ്കിൽ നിങ്ങളെല്ലാവരും നിങ്ങളുടെ സ്വന്തം മുന്തിരിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലങ്ങൾ ഭക്ഷിക്കും.  നിങ്ങളുടെ സ്വന്തം  ജലസംഭരണികളിൽ നിന്ന് വെള്ളം കുടിക്കും. പിന്നീട് ഞങ്ങൾ വന്ന് നിങ്ങളെ വേറൊരു നാട്ടിലേക്ക്  - നിങ്ങളുടെ സ്വന്തം നാടുപോലുള്ള ഒരു നാട്ടിലേക്ക് നാടു കടത്തും. അവിടെ ധാന്യവും മുന്തിരിയും ഉണ്ടായിരിക്കും. അപ്പവും മുന്തിരിത്തോപ്പുകളും ഒലിവു വൃക്ഷങ്ങളും എണ്ണയും തേനുമുള്ള ഒരു രാജ്യം.. നിങ്ങളെല്ലാവരും നിങ്ങളുടെ സ്വന്തം മുന്തിരിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം അനുഭവിക്കും.  സ്വന്തം  ജലസംഭരണികളിൽ നിന്ന് വെള്ളം കുടിക്കും. നിങ്ങൾ ജീവിക്കും; മരിക്കയില്ല."  അനന്തരം ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. ജനങ്ങൾ മറുപടി പറഞ്ഞില്ല. കാരണം, അവർ മറുപടി പറയരുതെന്ന് രാജാവ് ആജ്ഞ കൊടുത്തിരുന്നു. 
         
             ആത്മാവിനെ നശിപ്പിക്കാൻ കഴിവില്ലാത്ത, ശരീരത്തിനു മാത്രം ഉപദ്രവം വരുത്താൻ കഴിയുന്ന സെന്നാക്കരിബിന്റെ സൈന്യത്തേക്കാൾ ഭീകരരായവർ നിങ്ങളെ ആക്രമിക്കുന്നതിനാൽ എനിക്ക് നിങ്ങളോട് ദയ തോന്നുന്നു. നിങ്ങളുടെ ആത്മാക്കൾക്കെതിരേ, സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റം ക്രൂരരും ഭീകരരുമായവരാൽ നയിക്കപ്പെടുന്ന ശത്രുസൈന്യം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങളിലൂടെ എന്നെ നശിപ്പിക്കാൻ, എന്നേയും നിങ്ങളേയും കഠിനമായ ശിക്ഷകൾ ഉണ്ടാകുമെന്നു പറഞ്ഞ്  ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്ന അവന്റെ ദൂതന്മാരോടു ഞാൻ യാചിച്ചു: "എന്നോടു മാത്രം സംസാരിക്കുക; എന്നാൽ പ്രകാശത്തിലേക്കു ജനിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെ സമാധാനത്തിൽ വിടൂ.. എന്നെ ശല്യപ്പെടുത്തുകയോ  പീഡിപ്പിക്കയോ കുറ്റമാരോപിക്കയോ വധിക്കയോ ചെയ്യുക;  എന്നാൽ പ്രകാശത്തിന്റെ ഈ മക്കൾക്കെതിരെ ആക്രോശിക്കാതിരിക്കൂ.. അവർ ഇപ്പോൾ ബലഹീനരാണ്; ഒരുദിവസം അവർ ശക്തിയുള്ളവരായിത്തീരും. എന്നാലിപ്പോൾ അവർ ബലഹീനരാണ്; അവരോടു കാരുണ്യമില്ലാത്തവരാകരുത്. തങ്ങളുടെ സ്വന്തം പാത തെരഞ്ഞെടുക്കാനുള്ള ആത്മാക്കളുടെ സ്വാതന്ത്ര്യത്തിനെതിരേ കഠിനത കാണിക്കരുത്. നിഷ്ക്കളങ്കമായ സ്നേഹത്താൽ ദൈവത്തെ അന്വേഷിക്കുന്നവരെ തന്നിലേക്കു വിളിക്കാനുള്ള ദൈവത്തിന്റെ അവകാശത്തിന്മേൽ കരുണയില്ലാത്തവരാകരുത്.

          വിദ്വേഷം പിടിപെട്ടിരിക്കുന്നവർക്ക് സ്നേഹം എന്താണെന്ന് അറിയാൻ കഴിയുമോ? ഇല്ല. അതിനാൽ കൂടുതൽ കാഠിന്യവും ക്രൂരതയുമാർജ്ജിച്ചുകൊണ്ട് അവർ വന്നു നിങ്ങളോടു പറയും, "ക്രിസ്തു നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഞങ്ങളുടെ കൂടെ വരിക. നിങ്ങൾക്കു് എല്ലാ നന്മകളും ലഭിക്കും.  വീണ്ടും അവർ നിങ്ങളോടു പറയും,  "അവനെ അനുഗമിച്ചാൽ നിങ്ങൾക്കു ദുരിതം; നിങ്ങൾ പീഡിപ്പിക്കപ്പെടും."  കാപട്യം നിറഞ്ഞ കാരുണ്യം അഭിനയിച്ച് നിങ്ങളെ പ്രേരിപ്പിച്ചു പറയും,  "നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുക; അവൻ  (ക്രിസ്തു)  സാത്താനാണ്."   പ്രകാശത്തെ ഉപേക്ഷിക്കുന്നതിനായി ഇങ്ങനെ പല കാര്യങ്ങൾ അവർ എനിക്കെതിരേ പറയും.

ഞാൻ നിങ്ങളോടു പറയുന്നു, 'നിങ്ങളുടെ മൗനം കൊണ്ടു് നിങ്ങളുടെ പരീക്ഷകർക്കു മറുപടി നൽകുക.'

മ്ശിഹായും രക്ഷകനുമായ യേശുക്രിസ്തുവിൽ നിങ്ങൾ വിശ്വസിക്കുമ്പോൾ കർത്താവിന്റെ ശക്തി നിങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങും. അപ്പോൾ നിങ്ങൾക്കു സംസാരിക്കാൻ കഴിയും. കാരണം, നിങ്ങളായിരിക്കയില്ല, ദൈവത്തിന്റെ അരൂപി തന്നെയായിരിക്കും നിങ്ങളുടെ അധരങ്ങൾ വഴി സംസാരിക്കുക. കൃപാവരത്തിൽ നിങ്ങളുടെ ആത്മാക്കൾ ഉറച്ചിരിക്കും. നിങ്ങളുടെ വിശ്വാസം അജയ്യമാംവിധം ശക്തമായിരിക്കും.


            ഉറച്ചു നിൽക്കുക; അതു മാത്രമാണ് ഞാനാവശ്യപ്പെടുന്നത്.  സൗഖ്യം കിട്ടിയ നിങ്ങളുടെ രോഗികൾ - സമാധാനം ലഭിച്ച ആത്മാക്കൾ - നിങ്ങളോടു സംസാരിക്കട്ടെ. എന്റെ വാക്കുകളേക്കാൾ കൂടുതൽ എന്റെ പ്രവൃത്തികൾ പ്രസംഗിക്കുന്നുണ്ട്.  ഒരു തെളിവും കൂടാതെ വിശ്വസിക്കാൻ കഴിയുന്നതാണ് ഏറ്റം അനുഗൃഹീതമായ അവസ്ഥയെങ്കിലും ദൈവത്തിന്റെ അത്ഭുതങ്ങൾ കാണാൻ നിങ്ങളെ ഞാൻ അനുവദിച്ചു. അത് നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങളെ ഉറപ്പിക്കുന്നതിനു വേണ്ടിയാണ്. പ്രകാശത്തിന്റെ ശത്രുക്കൾ നിങ്ങളുടെ ചെറിയ ബുദ്ധിയെ പ്രലോഭിപ്പിക്കുമ്പോൾ ആത്മാവിന്റെ ഭാഷയിൽ നിങ്ങൾ ഇങ്ങനെ മറുപടി നൽകുക; "ഞാൻ വിശ്വസിക്കുന്നു. കാരണം, ദൈവത്തെ അവന്റെ പ്രവൃത്തികളിൽ ഞാൻ കണ്ടുകഴിഞ്ഞു."  കർമ്മനിരതമായ മൗനത്തിലൂടെയും ശത്രുക്കൾക്ക് മറുപടി നൽകുക.  ഈ രണ്ടു മറുപടികളും നൽകിക്കൊണ്ട് പ്രകാശത്തിലേക്കു നീങ്ങുക. സമാധാനം എപ്പോഴും നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ."

 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)