ജാലകം നിത്യജീവൻ: തപസ്സുകാലം

nithyajeevan

nithyajeevan

Monday, February 20, 2012

തപസ്സുകാലം

പരിശുദ്ധഅമ്മയുടെ  സന്ദേശം


               "വലിയനോമ്പുകാലം ഇതാ സമാരംഭിക്കാൻ പോവുകയാണ്.  പരസ്നേഹത്തിന്റെയും പരിഹാരത്തിന്റെയും പ്രവൃത്തികൾ ചെയ്യാൻ തിരുസ്സഭ ഓരോരുത്തരേയും സ്നേഹത്തോടുകൂടി ക്ഷണിക്കുന്ന സമയമാണിത്. ഈ നോമ്പുകാലം നന്നായി ചെലവഴിക്കുവാൻ നിങ്ങളുടെ  സ്വർഗ്ഗീയമാതാവായ ഞാൻ   നിങ്ങളോടഭ്യർത്ഥിക്കുന്നു. മാനസാന്തരപ്പെട്ട് ഇന്ദ്രിയനിഗ്രഹത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴിയിൽക്കൂടി കർത്താവിങ്കലേക്കു മടങ്ങുക.
             
             ആദ്യമായി ഞാനാഗ്രഹിക്കുന്നത്, സാത്താനെയും അവന്റെ എല്ലാ ദുഷ്പ്രവൃത്തികളേയും ലോകത്തേയും അതിന്റെ വഴിപിഴച്ച വിവിധ   മാർഗ്ഗങ്ങളേയും  ഉപേക്ഷിച്ചുകൊണ്ട്   നിങ്ങൾ   ഓരോരുത്തരും കൂടുതൽ ശക്തിയാർജ്ജിച്ചുകൊണ്ട് ദൈവവരപ്രസാദത്തിൽ നിലനിൽക്കാനുള്ള  ചുമതല ഏറ്റെടുക്കുക എന്നതാണ്. ശുദ്ധതയുടേയും സ്നേഹത്തിന്റെയും വിശുദ്ധിയുടേയും മാർഗ്ഗത്തിൽ നിങ്ങൾ നടക്കുക. 
           ഇന്ദ്രിയനിഗ്രഹവും പ്രായശ്ചിത്തവും ഇന്നുഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്.  പാപമാർഗ്ഗത്തിൽ സ്ഥിരമായി ജീവിക്കുകവഴി സാത്താന്റെ അടിമത്വത്തിൽ കഴിയുന്ന അനവധിയായ സഹോദരങ്ങളുടെ രക്ഷയ്ക്കായി,  നിങ്ങൾ, നിങ്ങളുടെ ചെറുതെങ്കിലും രഹസ്യമായ ഇന്ദ്രിയനിഗ്രഹങ്ങൾ ദിവസേന എന്റെ വിമലഹൃദയത്തിന് ഒരു കിരീടമായി കാഴ്ചവയ്ക്കുക.
വീണ്ടും ഞാൻ  നിങ്ങളോടാവശ്യപ്പെടുന്നത്,  നിങ്ങളുടെ ഹൃദയപരിശുദ്ധിയേയും ജീവിതവിരക്തിയേയും വഷളാക്കാനിടയുള്ള  സാഹചര്യങ്ങളിൽ നിന്നും  നിങ്ങൾ    അകന്നു  നിൽക്കണം എന്നാണ്. 
           ഇത് അനുരഞ്ജനത്തിന്റെ ദിനങ്ങളാണ്. പ്രതീക്ഷയുടേയും കാരുണ്യത്തിന്റെയും പ്രസാദവരത്തിന്റെയും ദിനങ്ങൾ!!

1.   ആന്തരിക പ്രായശ്ചിത്തം
            നിങ്ങളെത്തന്നെ അറിയുന്നതിനും  വികാരങ്ങളെ മെരുക്കിയെടുത്ത് എളിമയിലും പുണ്യത്തിലും വളരുന്നതിനും ഇതു സഹായിക്കുന്നു.


2. നിങ്ങളുടെ മൗനവും പ്രായശ്ചിത്തവും
         നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, ദൈവഹിതം മാത്രം നിറവേറ്റി, എളിമയോടും വിശ്വാസത്തോടും കൂടി നിങ്ങളുടെ കടമകൾ പൂർണ്ണമായി നിറവേറ്റുന്നതിലാണ് ഇത് അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ  പുഞ്ചിരി, ശാലീനത, ശാന്തത, ക്ഷമ, ദൈവത്തിൽ നിന്നു ലഭിക്കുന്നവയെല്ലാം സ്വീകരിക്കുന്നതിനും അർപ്പിക്കുന്നതിനുമുള്ള സന്മനസ്സ് എന്നിവ നിങ്ങളുടെ  മൗനസഹനങ്ങളാണ്. ഇവ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നിങ്ങൾക്കു് വളരെയധികം മൂല്യം നൽകും.

3. ബാഹ്യമായ പ്രായശ്ചിത്തം
            ഈ പ്രായശ്ചിത്ത പ്രവൃത്തികൾ നിങ്ങളുടെ  ഭോഗാസക്തിയെ നിയന്ത്രിക്കുന്നതിനും പഞ്ചേന്ദ്രിയങ്ങളെ - പ്രത്യേകമായി,  കണ്ണുകളെ, നാവിനെ, കേൾവിയെ,  രുചിയെ - തിന്മയ്ക്കെതിരെ    കാത്തുസൂക്ഷിക്കുന്നതിനും    സഹായിക്കുന്നു. 
നിങ്ങളെ വലയം ചെയ്യുന്ന ഇരുളിന്റെ വഴികളെയും തെരുവുകളിൽ കാണുന്ന അശ്ലീലങ്ങളേയും നിങ്ങളുടെ ശ്രദ്ധയിൽ നിന്നും അകറ്റുക. നിങ്ങളുടെ ആത്മാവിന്റെ വെളിച്ചത്തെ കാത്തുസൂക്ഷിക്കുന്നതിനും പ്രാർത്ഥനയ്ക്കും ധ്യാനത്തിനും കൂടുതൽ സമയം ലഭ്യമാക്കുന്നതിനുമായി, ടെലിവിഷൻ തുടങ്ങിയ മാദ്ധ്യമങ്ങളിൽ നിന്നും കഴിയുന്നത്ര അകലുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുവാൻ കരുതലുള്ളവനായിരിക്കുക. വിനീതരായി, മറ്റുള്ളവരെ വിമർശിക്കുന്നതിൽനിന്നും, പിറുപിറുക്കുന്നതിൽനിന്നും, നിങ്ങളുടെ അന്തസ്സിനു ചേരാത്ത എല്ലാവിധ സംസാരങ്ങളിൽ നിന്നും നിങ്ങൾ അകലുക. അങ്ങനെ നിങ്ങളെത്തന്നെ     നിത്യനാശത്തിൽ      നിന്നും     ഒഴിവാക്കുക. 
നിങ്ങളുടെ കാതുകളും മനസ്സും ഇന്നത്തെ ശബ്ദായമാനമായ ചുറ്റുപാടുകളിൽ നിന്നും  അകറ്റി നിർത്തുക. നിങ്ങൾക്കു സന്തോഷം പകരുന്ന ഏതെങ്കിലും ഭക്ഷണസാധനങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തോടുള്ള നിങ്ങളുടെ അമിതപ്രിയത്തെ നിയന്ത്രിക്കുക. 
                  
         ഞാൻ   ആവശ്യപ്പെട്ടതിൻപ്രകാരം നിങ്ങൾ  പ്രവർത്തിക്കുന്ന പക്ഷം,  നിങ്ങൾ  എന്റെ കൈകളിൽ ശക്തിയേറിയ മാദ്ധ്യസ്ഥവും പരിഹാരവും കണ്ടെത്തും. എങ്കിൽ മഹത്വപൂർണ്ണവും ഭയജനകവും നീതിപൂർണ്ണവും പരിശുദ്ധവുമായ കർത്താവിന്റെ തിരുസിംഹാസനത്തിൻ മുമ്പാകെ നിങ്ങൾക്കു വേണ്ടി ഞാൻ  സന്നിഹിതയായി ദൈവത്തിന്റെ സ്വർഗ്ഗീയ കാരുണ്യത്തിനായി ഞാൻ   യാചിക്കുന്നതായിരിക്കും. "ഓ ! കർത്താവേ, അങ്ങയുടെ അമൂല്യമായ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട അങ്ങയുടെ  ജനത്തോട് അങ്ങ് പൊറുക്കണമേ!"         

(അവലംബം:  നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു)