ജാലകം നിത്യജീവൻ: ഈശോ കൊറാസിമിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Friday, February 10, 2012

ഈശോ കൊറാസിമിൽ പ്രസംഗിക്കുന്നു

കൂനിയായ  സ്ത്രീയെ സുഖപ്പെടുത്തുന്നു 

            ഈശോ കൊറാസിമിലെ സിനഗോഗിലാണ്. സിനഗോഗ് നിറഞ്ഞ് ആളുകളുണ്ട്. സാബത്തു ദിവസം സിനഗോഗിൽ പ്രസംഗിക്കണമെന്ന് പട്ടണത്തിലെ പ്രധാനികൾ ആവശ്യപ്പെട്ടതിനാൽ ഈശോ അവരുടെ നിർബ്ബന്ധത്തിനു വഴങ്ങുന്നു.
             ഈശോ പ്രസംഗം തുടങ്ങുന്നു. സങ്കീർത്തനം ആലപിക്കുന്നതുപോലെ ദൃഢമായ സ്വരത്തിൽ സാവധാനത്തിൽ ഇങ്ങനെ പറയുന്നു: "അറൗണാ ദാവീദിനോടു മറുപടിയായി പറഞ്ഞു, "എന്റെ നാഥനായ രാജാവ് ഇഷ്ടംപോലെ എടുക്കുകയും സമർപ്പിക്കയും ചെയ്തുകൊള്ളട്ടെ. ദഹനബലിക്കുള്ള കാളകൾ ഇതാ ഇവിടെ; വിറകിനായി മെതിവണ്ടിയും കാളകളുടെ നുകവും ഉണ്ട്. ഓ, രാജാവേ, അറൗണാ ഇവയെല്ലാം രാജാവിനു നൽകുന്നു. നിന്റെ കർത്താവായ ദൈവം നിന്റെ കാഴ്ച സ്വീകരിക്കട്ടെ." എന്നാൽ രാജാവ് മറുപടിയായി പറഞ്ഞു; "നീ പറഞ്ഞതുപോലെ ചെയ്യുകയില്ല. ഇല്ല, ഞാൻ നിനക്ക് പണം തരും; കാരണം, എനിക്ക് ഒരു ചെലവും ഇല്ലാത്ത ദഹനബലി എന്റെ കർത്താവായ ദൈവത്തിന് ഞാനർപ്പിക്കയില്ല."
         ഇങ്ങനെ പ്രസംഗം ആരംഭിച്ച ശേഷം അതുവരെ മുകളിലേക്കുയർത്തിയിരുന്ന കണ്ണുകൾ ഈശോ താഴ്ത്തുന്നു. പിന്നെ സിനഗോഗ് തലവനേയും അയാളോടൊപ്പമുണ്ടായിരുന്ന നാലു ശ്രേഷ്ഠന്മാരേയും തറപ്പിച്ചു നോക്കിക്കൊണ്ട്  ചോദിക്കുന്നു: "അർത്ഥം നിങ്ങൾക്കു മനസ്സിലായോ?"

"രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ പരിശുദ്ധനായ രാജാവ് അറൗണായുടെ മെതിക്കളം വാങ്ങിയ കാര്യമാണിത്. എന്നാൽ നീ എന്തുകൊണ്ടാണ് ഇത് ഉദ്ധരിച്ചതെന്ന് ഞങ്ങൾക്കു മനസ്സിലാകുന്നില്ല.  ഇവിടെ ബാധകളൊന്നുമില്ല...  ബലിയർപ്പിക്കേണ്ടതുമില്ല. നീ രാജാവുമല്ല... ഇതുവരെ ആയിട്ടില്ല എന്നാണു ഞങ്ങൾ ഉദ്ദേശിക്കുന്നത്."

"ഞാൻ ഗൗരവമായി പറയുന്നു, അടയാളങ്ങൾ ഗ്രഹിക്കുന്നതിൽ നിങ്ങൾ മന്ദഗതിക്കാരും വിശ്വാസത്തിൽ ഉറപ്പില്ലാത്തവരുമാണ്.  വിശ്വാസത്തിൽ ഉറപ്പുള്ളവരായിരുന്നെങ്കിൽ, ഞാൻ പറഞ്ഞതുപോലെ ഇപ്പോൾത്തന്നെ ഞാൻ രാജാവാണെന്ന് മനസ്സിലാക്കുമായിരുന്നു. ഗ്രഹിക്കുന്നതിൽ വേഗതയുള്ളവരായിരുന്നെങ്കിൽ, ദാവീദിനെ വിഷമിപ്പിച്ച മഹാമാരിയേക്കാൾ വലിയ ബാധ ഇവിടെയുണ്ടെന്നു ഗ്രഹിക്കുമായിരുന്നു. വിശ്വാസരാഹിത്യം എന്ന മഹാവ്യാധിയാണ് നിങ്ങളെ പിടികൂടിയിരിക്കുന്നത്. അത് നിങ്ങളുടെ നാശത്തിനു കാരണമായിത്തീർന്നിട്ടുണ്ട്."

             "കൊള്ളാം; ഞങ്ങൾ മന്ദന്മാരും വിശ്വാസമില്ലാത്തവരുമാണെങ്കിൽ ഞങ്ങൾക്കു് ബുദ്ധിയും വിശ്വാസവും തരികയും നീ ഉദ്ദേശിക്കുന്നത് ഞങ്ങൾക്കു് വിശദീകരിച്ചു തരികയും ചെയ്യുക."

    "ഞാൻ പറയുന്നു, നിർബ്ബന്ധിച്ചു ചെയ്യിക്കുന്ന ദഹനബലി ഞാൻ ദൈവത്തിന് അർപ്പിക്കയില്ല.  ഹീനമായ താൽപ്പര്യങ്ങൾക്കായി അർപ്പിക്കുന്ന ബലികൾ.. പ്രസംഗിക്കാൻ വന്നിരിക്കുന്നവന് അതു മാത്രമാണ് നിങ്ങൾ നൽകുന്നതെങ്കിൽ പ്രസംഗത്തിന് ഞാൻ വിസമ്മതിക്കയാണ്.  പുറത്ത് വെയിലത്തോ നാലു ഭിത്തികൾക്കുള്ളിലോ മലമുകളിലോ താഴ്വരകളിലോ ജോർദ്ദാൻ കരയിലോ എവിടെയായാലും പഠിപ്പിക്കുക എന്നത് എന്റെ കടമയും അവകാശവുമാണ്. അങ്ങനെ എന്റെ ദൈവത്തിനു പ്രീതികരമായ ജോലി കൊണ്ട് ദഹനബലികൾ വാങ്ങി ഞാനർപ്പിക്കണം.  എന്റെ വാക്കുകൾ നിമിത്തം മാനസാന്തരപ്പെട്ട് വിശ്വസ്തതയിലേക്കു വരുന്ന ആത്മാക്കളാണ് ആ ദഹനബലികൾ... ഇവിടെ, കൊറാസിമിലെ ജനങ്ങളായ നിങ്ങൾ, പ്രസംഗിക്കാൻ വചനത്തെ അനുവദിച്ചത് വിശ്വാസമോ ബഹുമാനമോ നിമിത്തമല്ല; പ്രത്യുത, തടി കരളുന്ന ഒരു പുഴുവിനെപ്പോലെ നിങ്ങളെ പീഡിപ്പിക്കുന്ന ഒരു സ്വരം  നിങ്ങൾ ഹൃദയത്തിൽ ശ്രവിക്കുന്നുണ്ട്.. ആ സ്വരം പറയുന്നു: "കൊടുംതണുപ്പു കൊണ്ടുള്ള ഈ ശിക്ഷയുണ്ടായിരിക്കുന്നത് നമ്മുടെ ഹൃദയകാഠിന്യം നിമിത്തമാണ്."   നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടിയല്ല, നിങ്ങളുടെ പണസഞ്ചികളിലെ പോരായ്മ തീർക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. ഓ! വിശ്വാസമില്ലാത്ത, ദുശ്ശാഠ്യക്കാരായ കൊറാസിം നിവാസികൾ!  നിങ്ങളുടെ മേൽ പണിയാൻ സാദ്ധ്യമല്ല. യാതൊന്നും നിങ്ങൾക്കുപകാരപ്പെടുകയില്ല. തീക്ഷ്ണമായ സ്നേഹം, ക്ഷമയോടെയുള്ള പ്രബോധനം, കഠിനമായ ശാസന ഇതൊന്നും നിങ്ങൾക്കുപകാരപ്പെടുകയില്ല. നിങ്ങൾക്കു മാറ്റം വരണമെങ്കിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ... നിങ്ങളെത്തന്നെ പൂർണ്ണമായി എനിക്കു വിട്ടുതരിക. പക്ഷേ, നിങ്ങളതു ചെയ്യുന്നില്ല. ഇനി ചെയ്കയുമില്ല. ആശ്വാസരഹിതനായി, നിങ്ങളെ നിങ്ങളുടെ ഭാഗധേയത്തിനായി ഞാൻ കൈവിടുന്നു. എന്നാൽ, നീതി ആവശ്യപ്പെടുന്നതനുസരിച്ച്, എല്ലാവരേയും ഒരുപോലെ കൈവെടിയുന്നില്ല. അവന്റെ സ്നേഹം അർഹിക്കുന്നവരെ അവൻ ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു."  അനന്തരം, ഭിത്തിയരികിൽ നിൽക്കുന്ന, ചോദ്യഛിഹ്നം പോലെ വളഞ്ഞിരിക്കുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഈശോ പറയുന്നു: "സ്ത്രീയേ, ഇങ്ങു വരൂ.."

ഈശോ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കുന്നു. എന്നാൽ അവർക്ക് സ്ത്രീയെ കാണാൻ കഴിയുന്നില്ല. അവൾക്കും ഈശോയെക്കാണാൻ കഴിയുന്നില്ല. ആളുകളെല്ലാം അവളോടു പറയുന്നു; "മർത്താ, അങ്ങോട്ടു പോകൂ.. അവൻ നിന്നെ വിളിക്കുന്നു.." ആ സ്ത്രീ ഊന്നുവടിയും കുത്തി ഉരുണ്ടുരുണ്ട് മുന്നിലെത്തി. ഈശോ അവളോടു പറയുന്നു: "ഞാൻ ഇതിലേ കടന്നുപോയതിന്റെ ഓർമ്മയ്ക്കും നിന്റെ നിശ്ശബ്ദമായ എളിയ  വിശ്വാസത്തിനു സമ്മാനമായും ഞാനിതു തരുന്നു." അവളുടെ തോളിൽ കൈകൾ വച്ചുകൊണ്ട് ഈശോ ഉച്ചത്തിൽ പറയുന്നു: "നിനക്കു രോഗവിമുക്തിയുണ്ടാകട്ടെ!"

ആ നിമിഷത്തിൽ, കൂനിയായ ആ സ്ത്രീ പന പോലെ നിവർന്നു നിന്നു. കൈകൾ ഉയർത്തിക്കൊണ്ട് അവൾ വിളിച്ചുപറയുന്നു: "ഹോസാനാ! അവൻ എന്നെ സുഖപ്പെടുത്തി! അവൻ തന്റെ വിശ്വസ്ത ദാസിയെക്കണ്ടു; അവളെ തുണച്ചു. രക്ഷകനും ഇസ്രായേലിന്റെ രാജാവുമായവന് സ്തുതി... ദാവീദിന്റെ പുത്രന് ഹോസാനാ.."

ജനക്കൂട്ടം ആ സ്ത്രീയോടൊപ്പം ഹോസാനാ  പാടുന്നുണ്ട്. അവൾ ഈശോയുടെ പാദത്തിങ്കൽ മുട്ടുകുത്തി അവന്റെ അങ്കിയുടെ വിളുമ്പിൽ ചുംബിക്കുന്നു. ഈശോ അവളോടു പറയുന്നു: "സമാധാനത്തിൽ പോവുക. നിന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുക."


സിനഗോഗ് തലവൻ ഉച്ചത്തിൽ വിളിച്ചുപറയുന്നു; "ജോലി ചെയ്യാൻ ആറു ദിവസമുണ്ട്. ചോദിക്കാനും വാങ്ങാനും ആറു ദിവസമുണ്ട്.  അതിനാൽ ആ ആറു ദിവസങ്ങളിൽ വരിക; വന്ന് ചോദിക്കയും വാങ്ങുകയും ചെയ്ക. ആ ദിവസങ്ങളിൽ  വന്ന് സുഖം പ്രാപിക്കുക. പാപികളും വിശ്വാസമില്ലാത്തവരുമായ നിങ്ങൾ സാബത്ത് ലംഘിക്കരുത്....  ദുഷിച്ചവരും നിയമം ദുഷിപ്പിക്കുന്നവരും...."  ഇങ്ങനെ പറഞ്ഞ് എല്ലാവരേയും അയാൾ തള്ളിപ്പുറത്താക്കുന്നു.

കൈകൾ മാറോടു ചേർത്തുപിടിച്ച് സിനഗോഗ് തലവനെ ഗൗരവമായി നോക്കിക്കൊണ്ട് ഉച്ചത്തിൽ ഈശോ ചോദിക്കുന്നു: "കപട നാട്യക്കാരേ, സാബത്തിൽ  നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽ നിന്നിറക്കി വെള്ളം കൊടുക്കാത്തവർ ആരെങ്കിലും നിങ്ങളുടെയിടയിലുണ്ടോ? അതുപോലെ, ഒരുപിടി പുല്ലു കൊണ്ടുപോയിക്കൊടുത്ത് ആടിന്റെ അകിടു നിറഞ്ഞു നിൽക്കുന്ന പാൽ കറന്നെടുക്കാത്ത ആരെങ്കിലും നിങ്ങളുടെയിടയിലുണ്ടോ?  ഇതു ചെയ്യാൻ ആറു ദിവസമുണ്ടായിട്ടും ഇന്നും അതു നിങ്ങൾ ചെയ്തതെന്തുകൊണ്ട്?  അൽപ്പം പാലിനു വേണ്ടി...  വെള്ളമില്ലാതെ ആ മൃഗങ്ങൾ ചത്തു പോകുമെന്നു ഭയന്നിട്ട്... 18 വർഷങ്ങളായി പിശാചിനാൽ ബന്ധിക്കപ്പെട്ടവളായ  ഈ സ്ത്രീയെ, ഇന്നു സാബത്താണെന്നുള്ള കാരണത്താൽ എനിക്കു മോചിപ്പിക്കാൻ പാടില്ലേ? പൊയ്ക്കൊള്ളൂ.. അവൾക്കു വേണ്ടാത്തതായ ഒരു ദൗർഭാഗ്യത്തിൽ നിന്ന് അവൾക്കു വിടുതൽ നൽകാൻ എനിക്കു കഴിഞ്ഞു.  പക്ഷേ, നിങ്ങളുടെ  ദൗർഭാഗ്യത്തിൽ നിന്ന് നിങ്ങൾക്കു  വിടുതൽ നൽകാൻ എനിക്കാവില്ല. കാരണം, ജ്ഞാനത്തിന്റെയും സത്യത്തിന്റെയും ശത്രുക്കളായ നിങ്ങൾക്കു് അവ വേണം."

കൊറാസിമിലെ ആളുകളിൽ നല്ലവർ ഈശോയുടെ വാക്കുകൾ അംഗീകരിക്കയും സ്വീകരിക്കയും ചെയ്യുന്നു. മറ്റുള്ളവർ കോപം പൂണ്ട് ഇറങ്ങി ഓടുന്നു. സിനഗോഗ് തലവൻ ഏകനായി കോപത്തോടെ നിൽക്കുന്നു.

ഈശോയും സിനഗോഗിൽ നിന്നിറങ്ങി. നല്ലയാളുകൾ നാട്ടിൻപുറം വരെ ഈശോയെ അനുഗമിച്ചു.  ഈശോ അവസാനമായി അവരെ അനുഗ്രഹിക്കുന്നു. പിന്നീട് തന്റെ സഹോദരന്മാരോടും പത്രോസ്, തോമസ് എന്നിവരോടും കൂടെ പ്രധാന റോഡിലൂടെ നടന്നുമറഞ്ഞു.