ഈശോ പറയുന്നു: "മനുഷ്യൻ സൃഷ്ടിക്കപ്പെട്ടപ്പോൾ എങ്ങനെയായിരുന്നോ ആ സ്ഥിതിയിലേക്ക് അവരെ തിരിച്ചു കൊണ്ടുവരാനുള്ളവരായിരുന്നു ഈശോയും മേരിയും. ആദവും ഹവ്വയും ചെയ്തതെല്ലാം നീക്കിക്കളയാനുള്ളവരായിരുന്നു അവർ.
സൃഷ്ടിയുടെ ആരംഭത്തിൽ ആദവും ഹവ്വയും കൃപാവരത്തിൽ സമ്പന്നരും സകല കൃപകളും ഉള്ളവരുമായിരുന്നു. പരിശുദ്ധനായ പിതാവ്, അവർക്ക് പരിധിയില്ലാത്ത സമ്പത്ത് കൊടുത്തിരുന്നു. ആദവും ഹവ്വയും പാപം ചെയ്തുകഴിഞ്ഞപ്പോൾ അവർക്കുണ്ടായിരുന്ന സകലതും നഷ്ടപ്പെട്ടു. മാരകമായ രോഗങ്ങൾ, ദാരിദ്ര്യം, അംഗവൈകല്യം, ഏറ്റവുമധികമായി ആത്മീയദാരിദ്ര്യം എന്നിവയ്ക്കെല്ലാം കാരണം അവരുടെ പ്രവൃത്തിയായിരുന്നു.
ഈശോയുടേയും മേരിയുടേയും പ്രവൃത്തികളിലൂടെ മനുഷ്യവർഗ്ഗം ഒരു പുനർജനനത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു. അങ്ങനെ അവർ മനുഷ്യകുടുംബത്തിന്റെ പുതിയ സ്ഥാപകരായിത്തീർന്നു. പുതിയ യുഗത്തിൽ പുതിയ ഹവ്വാ, പൂർണ്ണമായി വ്യത്യസ്തയായി, സൃഷ്ടികർമ്മത്തിന്റെ തകിടം മറിക്കലിലൂടെ കർത്താവിന്റെ പ്രവർത്തനത്താൽ അവളുടെ നിർമ്മലമായ ഉദരത്തിലൂടെ പുതിയ ആദത്തിനു ജന്മംനൽകി.
ആദത്തിന്റേയും ഹവ്വായുടേയും പ്രവൃത്തി തുടച്ചുമാറ്റുവാൻ ഈശോയും മേരിയും അവരുടെ അനുസരണം പൂർണ്ണതയിൽ നൽകണമായിരുന്നു; സ്വന്തം ശരീരം ബലിയാക്കണമായിരുന്നു; വിചാരവികാരങ്ങളും ചിന്തകളും ആഗ്രഹങ്ങളും ബലിയാക്കണമായിരുന്നു; ദൈവം ആവശ്യപ്പെടുന്നതെല്ലാം സ്വീകരിക്കണമായിരുന്നു. അതിനാൽ അവർക്ക് തങ്ങളുടെ പരിശുദ്ധി, സമ്പൂർണ്ണ കന്യാത്വത്തിൽ നേടണമായിരുന്നു. അതിനാൽ മാംസം (ജഡം) - പരിശുദ്ധരായ ഞങ്ങൾക്കു് മാംസം എന്തായിരുന്നു? ആധിപത്യം പുലർത്തുന്ന അരൂപിയുടെ മേൽ വീശുന്ന മന്ദമാരുതന്റെ ഒരു തലോടൽ മാത്രം; അരൂപിയെ പൊതിയുന്ന ഒരു പളുങ്കു മാത്രം; ഞങ്ങൾക്കു് മാംസം ഇങ്ങനെയായിരുന്നു. ഒരു ലിനൻ വസ്ത്രത്തെക്കാൾ നേർത്തതും ചലനാത്മകവും; അതിമാനുഷികമായ വ്യക്തിത്വത്തിന്റെ പ്രകാശത്തിനും ലോകത്തിനും ഇടയ്ക്കു വയ്ക്കപ്പെട്ട ലോലമായ ഒരു വസ്തു - ദൈവം ആവശ്യപ്പെട്ടതു നിറവേറ്റാൻ മാത്രമുള്ള ഒന്ന് - മറ്റൊന്നുമായിരുന്നില്ല.
ഞങ്ങൾക്കു സ്നേഹമുണ്ടായിരുന്നോ? തീർച്ചയായും ഞങ്ങൾക്കു സ്നേഹമുണ്ടായിരുന്നു. പരിപൂർണ്ണമായ സ്നേഹമുണ്ടായിരുന്നു. മനുഷ്യരേ, ഐന്ദ്രികാനുഭവത്തിനുള്ള വിശപ്പ് - മാംസം കൊണ്ടു നിങ്ങളെത്തന്നെ നിറയ്ക്കാനുള്ള ആവേശം - അതു സ്നേഹമല്ല - ജഡികതയാണ്; മറ്റൊന്നുമല്ല. അങ്ങനെ പരസ്പരം വിശപ്പടക്കുമ്പോൾ അതു സ്നേഹമാണെന്നു നിങ്ങൾ വിചാരിക്കുന്നു. എന്നാൽ നിങ്ങൾക്ക് പരസ്പരം സഹിക്കുവാനും സഹായിക്കുവാനും ക്ഷമിക്കുവാനും കഴിയുന്നില്ല!!! അപ്പോൾ നിങ്ങളുടെ സ്നേഹം എന്താണ്? അതു വിരോധമാണ്. നല്ല രുചികരമായ, ആരോഗ്യവും ഉന്മേഷവും പകരുന്ന ഭക്ഷണത്തിനു പകരം ചീഞ്ഞഴുകിയ വസ്തുക്കൾ ഭക്ഷിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്ന ഭ്രാന്തിന്റെ ഉന്മത്തത മാത്രമാണത്. ഞങ്ങൾക്കു പരിപൂർണ്ണമായ സ്നേഹമുണ്ടായിരുന്നു. പരിപൂർണ്ണമായ ചാരിത്ര്യശുദ്ധിയുണ്ടായിരുന്നു. ഈ സ്നേഹം സ്വർഗ്ഗത്തിൽ ദൈവത്തെ ആശ്ളേഷിച്ചു. ദൈവത്തോട് യോജിച്ച് ഐക്യപ്പെട്ടുകൊണ്ട് അതു പടർന്നു താഴേക്കിറങ്ങി; വിശ്രമം, അഭയം, പോഷണം, ആശ്വാസം എന്നിവയെല്ലാം ഭൂമിയുടേയും അവിടെ വസിക്കുന്നവരുടേയും മേൽ ചൊരിഞ്ഞു. ഈ സ്നേഹത്തിൽ നിന്ന് ഒരുത്തരും ഒഴിവാക്കപ്പെട്ടിരുന്നില്ല. ഞങ്ങളുടെ സഹജീവികളാകട്ടെ, താഴ്ന്ന സൃഷ്ടികളോ സസ്യങ്ങളോ ജലമോ നക്ഷത്രങ്ങളോ അതിൽനിന്ന് ഒഴിവാക്കപ്പെട്ടില്ല. ദുഷ്ടന്മാർപോലും ഈ സ്നേഹത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ല. കാരണം, അവർ മൃതമായ അവയവങ്ങളാണെങ്കിലും സൃഷ്ടപ്രപഞ്ചമാകുന്ന ശരീരത്തിന്റെ ഭാഗമാണ് അവരും. അതിനാൽ മലിനമാക്കപ്പെടുകയും വിരൂപമാക്കപ്പെടുകയും ചെയ്തെങ്കിലും, അവരെ സൃഷ്ടിച്ച കർത്താവിന്റെ പരിശുദ്ധമായ ഛായ അവരിലുമുണ്ട്.
ഞങ്ങൾ നല്ല മനുഷ്യരോടുകൂടെ സന്തോഷിക്കുന്നു; നല്ലവരല്ലാത്തവരെ ഓർത്തു കരയുന്നു; നന്മയുടെയും തിന്മയുടേയും പാതകളിൽ ഏതു സ്വീകരിക്കണമെന്നു സന്ദേഹിക്കുന്നവർക്ക് നന്മയിൽ ഉറച്ചുനിൽക്കുവാൻ സ്ഥിരത നൽകണമെന്ന് പ്രാർത്ഥിക്കുന്നു. ആരും സ്നേഹിച്ചിട്ടില്ലാത്ത വിധത്തിൽ ഞങ്ങൾ സ്നേഹിച്ചു. പൂർണ്ണതയുടെ പരകോടിയിലേക്ക് സ്നേഹത്തെ ഞങ്ങൾ വഹിച്ചു. ഞങ്ങളുടെ സ്നേഹസമുദ്രം കൊണ്ട് ആദിമാതാപിതാക്കൾ അവരുടെ സ്നേഹരാഹിത്യം കൊണ്ട് കുഴിച്ച അഗാധഗർത്തം ഞങ്ങൾ നിറയ്ക്കുവാൻ ശ്രമിക്കുന്നു. അവർ ദൈവത്തെ സ്നേഹിക്കുന്നതിനു പകരം തങ്ങളെത്തന്നെയാണ് സ്നേഹിച്ചത്. ദൈവത്തേക്കാൾ ശ്രേഷ്ടരായിത്തീരുവാൻ കൽപ്പന ലംഘിച്ചുകൊണ്ട് അവർ ശ്രമിച്ചു."