ജാലകം നിത്യജീവൻ: ജീവന്റെ ജലം

nithyajeevan

nithyajeevan

Sunday, February 5, 2012

ജീവന്റെ ജലം

           ഈശോ അപ്പസ്തോലന്മാരുമൊത്ത്  സുവിശേഷ പ്രഘോഷണത്തിനായി എഫ്രായിമിൽ എത്തിയിരിക്കയാണ്.  അപ്പസ്തോലനായ യൂദാ സ്കറിയോത്താ,  സമരിയാക്കാരുടെ നാടായ എഫ്രായിമിൽ തങ്ങുന്നതിൽ അസ്വസ്ഥനും  അസംതൃപ്തനുമായി കാണപ്പെടുന്നു.  ഇതു ശ്രദ്ധിച്ച ഈശോ,  വിശ്രമവേളകളിലൊന്നിൽ അപ്പസ്തോലന്മാർക്ക്  പ്രബോധനം നൽകുന്നു. 

"മൊവാബു രാജാവിനെതിരേ യുദ്ധം ചെയ്യാൻ ഇസ്രായേൽ രാജാവും ഏദോം, യൂദാ എന്നീ സ്ഥലങ്ങളിലെ രാജാക്കന്മാരും ഒരുമിച്ചുകൂടിയപ്പോൾ അവൻ ഏലീശാ പ്രവാചകനോട് ഉപദേശം തേടി.  രാജദൂതനോട് അവർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്; "യൂദായുടെ രാജാവായ ജഹോഷാഫാത്തിനെ ഞാൻ ബഹുമാനിച്ചിരുന്നില്ലെങ്കിൽ, ഞാൻ നിങ്ങളെ നോക്കുക പോലും ചെയ്യുമായിരുന്നില്ല.  ഇപ്പോൾ, കിന്നരം വായിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ടുവരിക."  കിന്നരം വായന നടന്ന സമയത്ത് ദൈവം പ്രവാചകനോട് സംസാരിച്ചു. നീർച്ചാലിൽ കഴിക്കുവാൻ, കുഴിയുടെ മേൽ കുഴിക്കുവാൻ കൽപ്പിച്ചു. അതു നിറയെ ജലം - മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ട ജലം നിറയും എന്നറിയിച്ചു. അടുത്ത ദിവസം രാവിലെ സമർപ്പണ സമയത്ത്, കാറ്റോ മഴയോ ഉണ്ടായില്ലെങ്കിലും നീർച്ചാലിൽ വെള്ളം വന്നു നിറഞ്ഞു. കർത്താവ് പറഞ്ഞത് സംഭവിച്ചു. നിങ്ങളുടെ അഭിപ്രായത്തിൽ, ഈ സംഭവം എന്താണു പഠിപ്പിക്കുന്നത്?"

അപ്പസ്തോലന്മാർ തമ്മിൽ ചർച്ച ചെയ്തു. അനന്തരം ചിലർ പറയുന്നു; "അസ്വസ്ഥമായ ഹൃദയത്തോടു് ദൈവം സംസാരിക്കയില്ല. ഇസ്രായേൽ രാജാവ് ദൈവസ്വരം കേൾക്കാൻ വന്നതുകണ്ടപ്പോൾ പ്രവാചകന് ദേഷ്യം വന്നു. അതു മാറ്റാൻ അയാൾ ആഗ്രഹിച്ചു." വേറെ ചിലർ പറയുന്നു; "അത് നീതിയെക്കുറിച്ചുള്ള ഒരു പാഠമാണ്. നിർദ്ദോഷിയായ യൂദാ രാജാവിനെ രക്ഷിക്കാനായി ഏലീശാ കുറ്റക്കാരനായവനെയും രക്ഷിക്കുന്നു." മറ്റു ചിലർ പറയുന്നു; "അത് വിശ്വാസത്തിന്റെയും അനുസരണയുടേയും പാഠമാണ് പഠിപ്പിക്കുന്നത്. ഒട്ടും കഴമ്പില്ലാത്ത ഒരു കൽപ്പനയെന്നു തോന്നാവുന്ന ഒരു വാക്കനുസരിച്ച് അവർ കുഴി കുഴിച്ചു; അത് കാറ്റോ മഴയോ ഇല്ലാത്ത ദിവസമായിരുന്നെങ്കിലും അവർ വെള്ളത്തിനായി കാത്തിരുന്നു."

"നിങ്ങളുടെ മറുപടികളെല്ലാം ശരിയാണ്; എന്നാൽ പൂർണ്ണമല്ല.  അസ്വസ്ഥമായ ഹൃദയത്തിൽ ദൈവം സംസാരിക്കയില്ല. അതു സത്യമാണ്. എന്നാൽ ഒരു ഹൃദയം ശാന്തമാക്കാൻ കിന്നരം ആവശ്യമില്ല. സ്നേഹമുണ്ടായിരുന്നാൽ മതി. പറുദീസായിലെ സ്വരങ്ങളുള്ള ആത്മീയ കിന്നരമാണ് സ്നേഹം. ഒരാത്മാവ് സ്നേഹത്തിൽ ജീവിക്കുമ്പോൾ അതിന്റെ ഹൃദയം ശാന്തമാണ്; അതിന് ദൈവസ്വരം കേൾക്കാനും മനസ്സിലാക്കാനും കഴിയും."

"അപ്പോൾ ഏലീശാ അസ്വസ്ഥനായപ്പോൾ അവനു സ്നേഹം ഇല്ലായിരുന്നോ?"

"ഏലീശാ നീതിയുടെ കാലത്താണ് ജീവിച്ചിരുന്നത്. പഴയകാലത്തെ സംഭവങ്ങളെ സ്നേഹത്തിന്റെ കാലത്തേക്കു മാറ്റിക്കാണുവാൻ നമ്മൾ പഠിക്കണം. ഇടിമിന്നലിന്റെ മദ്ധ്യത്തിലല്ല അവയെ കാണേണ്ടത്. നിങ്ങൾ പുതിയ കാലത്തിന്റേതാണ്. എന്നിട്ട് എന്തുകൊണ്ടാണ് നിങ്ങൾ പഴയകാലത്തെ ആളുകളേക്കാൾ അസ്വസ്ഥരും അറിവില്ലാത്തവരുമായി കാണപ്പെടുന്നത്?

പഴയതു മുഴുവൻ ദൂരെക്കളയുക. യൂദാസിന് ഇതു കേൾക്കുന്നത് ഇഷ്ടമല്ലെങ്കിലും ഞാനത് ആവർത്തിച്ചു പറയുന്നു.  പഴയതു പറിച്ചു കളയുകയോ നന്നായി വെട്ടിയൊരുക്കുകയോ ഒട്ടിക്കുകയോ പുതിയവ നടുകയോ ചെയ്യുവിൻ. നിങ്ങളെത്തന്നെ പുതുതാക്കുക;  ആഴമായി കുഴികൾ കുഴിക്കുക.  ആ രാജാക്കന്മാർക്ക് അതു ചെയ്യാൻ കഴിഞ്ഞു.  അവരിൽ രണ്ടുപേർ യൂദായിൽ നിന്നു വന്നവരല്ല; അവർ ദൈവവചനം കേട്ടിട്ടുമില്ല. പ്രവാചകൻ അത്യുന്നതന്റെ കൽപ്പന ആവർത്തിച്ചു പറഞ്ഞതു കേട്ടതേയുള്ളൂ.  അവർ അനുസരിച്ചില്ലായിരുന്നുവെങ്കിൽ ദാഹിച്ചു വരണ്ട് അവർ മരിച്ചുപോകുമായിരുന്നു.  എന്നാൽ അവർ അനുസരിച്ചു; അതിനാൽ ജലം കുഴികളിൽ നിറഞ്ഞു. അവർ ദാഹത്താൽ മരിച്ചില്ലെന്നു മാത്രമല്ല, അവരുടെ ശത്രുക്കളെ തോൽപ്പിക്കയും ചെയ്തു.  ജീവന്റെ ജലം ഞാനാകുന്നു. എന്നെ സ്വീകരിക്കുവാൻ പ്രാപ്തരാകേണ്ടതിന് നിങ്ങളുടെ ഹൃദയത്തിൽ കുഴികൾ കുഴിക്കുവിൻ. എളിമയുടേയും അനുസരണയുടേയും വിശ്വാസത്തിന്റെയും കുഴികൾ!"