ജാലകം നിത്യജീവൻ: ഈശോ കഫർണാമിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Thursday, February 2, 2012

ഈശോ കഫർണാമിൽ പ്രസംഗിക്കുന്നു

        ഒരു സാബത്ത് ദിവസം.. ഈശോ  കഫർണാമിലെ സിനഗോഗിൽ പ്രസംഗിക്കുകയാണ്. സിനഗോഗ് തിങ്ങി നിറഞ്ഞ് ആളുകളുണ്ട്. സിനഗോഗിൽ കടക്കുവാൻ കഴിയാതിരുന്നവർ അതിന്റെ പിന്നിലുള്ള വൃക്ഷത്തോട്ടത്തിലേക്കു പോകുന്നു. സിനഗോഗ് തലവനായ ജായിറൂസ്,  പ്രസംഗം ശ്രദ്ധാപൂർവം ശ്രവിച്ചുകൊണ്ട് ഈശോയുടെ അടുത്തു നിൽക്കുന്നു.  അപ്പസ്തോലന്മാർ ഒരു സംഘമായി വാതിൽക്കൽ നിൽക്കുന്നു. ശിഷ്യകൾ, ഈശോയുടെ അമ്മയോടൊത്ത് ജായിറൂസിന്റെ വീടിനോടു ചേർന്നുള്ള ഒരു പന്തലിൽ ഇരിക്കുന്നു. ജായിറൂസിന്റെ പുത്രി മിർജിയാമും (ഈശോ മരണത്തിൽ നിന്ന് ഉയിർപ്പിച്ചവൾ) അപ്പസ്തോലൻ ഫിലിപ്പിന്റെ രണ്ടു പുത്രിമാരും ഈശോയുടെ അമ്മയുടെ പാദത്തിങ്കൽ ഇരിക്കുകയാണ്.

പെട്ടെന്ന് ജനക്കൂട്ടത്തിൽ അസ്വസ്ഥത പരക്കുന്നു. കാരണം, പതിവുപോലെ ഏതാനും പ്രീശന്മാർ ഈശോയെ പരീക്ഷിക്കാൻ ശ്രമിക്കുന്നു. ക്ഷമിക്കുവാനും സമാധാനമായിരിക്കുവാനും ഈശോ ജനങ്ങളെ ശക്തിയായി ഉപദേശിക്കുന്നു.  അസ്വസ്ഥമായിരിക്കുന്ന ഹൃദയത്തിൽ ദൈവവചനം ഫലമുളവാക്കുകയില്ല എന്നവരെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നു.

"നിന്നെ നിന്ദിക്കുന്നത് ഞങ്ങൾ സഹിക്കയില്ല."  ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചുപറയുന്നു.
"എന്റേയും നിങ്ങളുടേയും പിതാവിനായി അതു വിട്ടുകളയുക. എന്നെ അനുകരിക്കൂ... ക്ഷമിക്കുകയും മാപ്പു കൊടുക്കുകയും ചെയ്യുക. നിന്ദയ്ക്കു നിന്ദ കൊടുക്കുന്നതുകൊണ്ട് ശത്രുക്കൾക്ക് ബോദ്ധ്യം വരികയില്ല."

"നിരന്തരമുള്ള ശാന്തത കൊണ്ടും അവർക്ക് ബോദ്ധ്യം വരികയില്ല. നിന്നെ ചവിട്ടി നടക്കാൻ നീ അവരെ അനുവദിക്കുകയാണു ചെയ്യുന്നത്." യൂദാ സ്കറിയോത്താ ഉച്ചത്തിൽ പറയുന്നു.

"നിന്റെ അപ്പസ്തോലൻ പറഞ്ഞതു ശരിയാണ്.  അവന്റെ വാക്കുകൾ നീതിയുള്ളവയാണ്."  ജനക്കൂട്ടം പ്രതികരിക്കുന്നു.

"അതു പറയുന്ന ഹൃദയം നീതിയുള്ളതല്ല. അതു ശ്രവിക്കുന്ന ഹൃദയവും നീതിയുള്ളതല്ല.  എന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുകരിക്കണം. ഞാൻ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു. ഞാൻ ശാന്തശീലനും എളിമയും സമാധാനവും ഉള്ളവനുമാകുന്നു. വിദ്വേഷത്തിന്റെ
മക്കൾക്ക്  എന്റെ കൂടെ വസിക്കാൻ കഴിയുകയില്ല.  കാരണം, അവർ ഈ കാലഘട്ടത്തിന്റെയും അതിന്റെ ദുരാശകളുടെയും മക്കളാണ്. രാജാക്കന്മാരുടെ പുസ്തകം നാലാം ഭാഗം നിങ്ങൾ ഓർക്കുന്നുണ്ടോ? തനിക്ക് എന്തും ചെയ്യാൻ കഴിയും എന്നു ചിന്തിച്ച സെന്നാക്കരീബിനെതിരായി ഏശയ്യാ സംസാരിച്ചു. ദൈവശിക്ഷയിൽ നിന്ന് അവനു മോചനമില്ലെന്ന് പ്രവചിക്കയും ചെയ്തു. മൂക്കിൽ വളയവും വായിൽ കടിഞ്ഞാണുമിട്ട് നിയന്ത്രിക്കപ്പെടുന്ന ഒരു ക്രൂരമൃഗത്തോട് സെന്നാക്കരീബിനെ താരതമ്യപ്പെടുത്തി...  സെന്നാക്കരീബ് സ്വന്തം പുത്രന്മാരുടെ കരങ്ങളാൽ വധിക്കപ്പെട്ട കാര്യം നിങ്ങൾക്കറിയാം.  വാസ്തവത്തിൽ ക്രൂരരായ മനുഷ്യർ, തങ്ങളുടെ തന്നെ ക്രൂരത നിമിത്തം നശിക്കുന്നു. അവരുടെ ശരീരവും ആത്മാവും നശിക്കുന്നു. ക്രൂരരായ മനുഷ്യരെ, അഹങ്കാരികളെ, വിദ്വേഷവും ജഡികാസക്തിയും അത്യാഗ്രഹവും ഉള്ളവരെ ഞാൻ സ്നേഹിക്കുന്നില്ല. അങ്ങനെയുള്ള കാര്യങ്ങൾ, വാക്കു കൊണ്ടോ മാതൃക നൽകിയോ ശരിയാണെന്നു് ഞാൻ ഒരിക്കലും സ്ഥാപിച്ചിട്ടില്ല. നേരെമറിച്ച്,  ഇത്തരം ദുരാശകൾക്കെതിരായ പുണ്യങ്ങളെക്കുറിച്ചാണ് നിങ്ങളെ ഞാൻ പഠിപ്പിച്ചിട്ടുള്ളത്. ദാവീദു രാജാവിന്റെ പ്രാർത്ഥന എത്ര മനോഹരമാണ്! പാപങ്ങൾ ചെയ്തുപോയതിനെക്കുറിച്ചുള്ള ആത്മാർത്ഥമായ അനുതാപത്താൽ അയാൾ വീണ്ടും വിശുദ്ധീകരിക്കപ്പെട്ടു. ജ്ഞാനത്തോടെ അനേക  വർഷങ്ങൾ വർത്തിച്ചു. പുതിയ ദേവാലയം പണിയാൻ ദൈവം അയാളെ അനുവദിച്ചില്ല. ആ ദൈവനിശ്ചയത്തിന് എളിമയോടെ വഴങ്ങിക്കൊണ്ട് ദൈവത്തെ അയാൾ സ്തുതിച്ചു... നമുക്കു് ആ സങ്കീർത്തനം ആലപിച്ചുകൊണ്ട് അത്യുന്നതനായ കർത്താവിനെ സ്തുതിക്കാം......"   ഈശോ   ദാവീദിന്റെ   പ്രാർത്ഥന   ആരംഭിച്ചു.
 ഇരുന്നിരുന്നവരെല്ലാം എഴുന്നേറ്റു. ഭിത്തിയിൽ ചാരി നിന്നിരുന്നവർ ബഹുമാനപൂർവം നേരെനിന്നു.
 

പ്രാർത്ഥനയ്ക്ക ശേഷം ഈശോ തുടർന്നു: "എല്ലാ ഉദ്യമങ്ങളും എല്ലാ വിജയങ്ങളും ദൈവത്തിന്റെ തൃക്കരങ്ങളിലാണെന്ന് നിങ്ങൾ എപ്പോഴും ഓർത്തുകൊള്ളണം. പ്രതാപവും ശക്തിയും മഹത്വവും വിജയവും കർത്താവിന്റേതാകുന്നു.  ഒരു നല്ലകാര്യം നടക്കേണ്ടതിന് തക്കസമയത്ത് അതിനുള്ള കൃപ അവിടുന്ന് മനുഷ്യനു നൽകുന്നുണ്ട്. എന്നാൽ മനുഷ്യനു് ഒന്നും ഭാവിക്കുവാൻ അർഹതയില്ല. ദാവീദിന്റെ പാപം ദൈവം പൊറുത്തു; എങ്കിലും ദേവാലയം പണിയുവാൻ അനുവദിച്ചില്ല. കാരണം, തെറ്റുകൾ ചെയ്തശേഷം സ്വയം വിജയിക്കുവാനുള്ള കഴിവ് വേണ്ടവിധം ആർജ്ജിച്ചിട്ടില്ലായിരുന്നു.  "നീ ധാരാളം യുദ്ധങ്ങൾ ചെയ്തു; ധാരാളം രക്തം ചിന്തി. എന്റെ നാമത്തിൽ ഒരാലയം പണിയുന്നത് നിനക്കു വിധിച്ചിട്ടില്ല. കാരണം, എന്റെ മുമ്പിൽ നീ ധാരാളം രക്തം ചിന്തി. എന്നാൽ നിനക്ക് ഒരു പുത്രൻ ജനിക്കും. അവൻ സമാധാനത്തിന്റെ മനുഷ്യനായിരിക്കും. എന്റെ നാമത്തിൽ ഒരാലയം അവൻ പണിയും." അതാണ് അത്യുന്നതൻ തന്റെ ദാസനായ ദാവീദിനോടു പറഞ്ഞത്. ഇതു തന്നെ ഞാനും നിങ്ങളോടു പറയുന്നു. കർത്താവിന്റെ ഭവനം നിങ്ങളുടെ ഹൃദയത്തിൽ പണിയുന്നതിന് നിങ്ങളുടെ വിദ്വേഷം നിമിത്തം
അർഹതയില്ലാത്തവരായിത്തീരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനാൽ സ്നേഹമല്ലാതുള്ള എല്ലാ വികാരങ്ങളും ഹൃദയത്തിൽ നിന്നു തള്ളിക്കളയുവിൻ. ദാവീദു് തന്റെ മകനുവേണ്ടി പ്രാർത്ഥിച്ച പരിപൂർണ്ണതയുള്ള ഹൃദയം നിങ്ങൾക്കുണ്ടാകട്ടെ!  ആ മകനാണ് ദേവാലയം പണിയിച്ചത്. അതുപോലുള്ള ഒരു ഹൃദയത്തോടുകൂടെ എന്റെ കൽപ്പനകൾ അനുസരിക്കുകയും ഞാൻ നിങ്ങളെ പഠിപ്പിച്ചതുപോലെ എല്ലാം ചെയ്യുകയും ചെയ്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ ദൈവത്തിന് ആലയം പണിയുകയായിരിക്കും ചെയ്യുക."