ജാലകം നിത്യജീവൻ: ഈശോ അപ്പം വർദ്ധിപ്പിക്കുന്നു

nithyajeevan

nithyajeevan

Sunday, February 12, 2012

ഈശോ അപ്പം വർദ്ധിപ്പിക്കുന്നു

        അപ്പത്തിന്റെ രണ്ടാമത്തെ അത്ഭുതം

              ഗലീലിയക്കടലിന്റെ തീരത്തുള്ള ഒരു  ഉന്നത തടത്തിൽ വലിയൊരു ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ട് ഈശോ നിൽക്കുന്നു.  ശിഷ്യരെല്ലാം ചുറ്റുമുണ്ട്.  സമയം  സന്ധ്യയോടടുക്കുന്നു.
               ഈശോ  അത്ഭുതങ്ങൾ പലതും അവർക്കായി ചെയ്തുകഴിഞ്ഞു.  അവരോടു്  ഇങ്ങനെ പറയുന്നുമുണ്ട്: "എന്നെ അയച്ചവനെ നിങ്ങൾ സ്തുതിക്കണം. അവനോടു നന്ദി പറയണം. എനിക്കല്ല നന്ദി പറയേണ്ടത്.  അത് ഹൃദയത്തിൽ നിന്നുയരണം; കാറ്റ് ശബ്ദമുണ്ടാക്കുന്നതു പോലെ ശ്രദ്ധയില്ലാതെ അധരങ്ങൾ ശബ്ദിച്ചാൽപ്പോരാ; യഥാർത്ഥ സ്തുതി ഹൃദയത്തിലെ വികാരങ്ങൾ ഉയർത്തുന്നു. അത് ദൈവത്തിനു പ്രീതികരമാണ്. രോഗവിമുക്തരായവർ വിശ്വസ്തതയോടെ കർത്താവിനെ സ്നേഹിക്കട്ടെ. അവരുടെ ബന്ധുക്കളും അതുപോലെതന്നെ കർത്താവിനെ സ്നേഹിക്കട്ടെ. വീണ്ടുകിട്ടിയ ആരോഗ്യം ദുരുപയോഗിക്കരുത്. ശരീരത്തിന്റെ രോഗത്തെക്കാൾ ആത്മാവിന്റെ രോഗത്തെ ഭയപ്പെടുവിൻ. പാപം ചെയ്യരുത്. കാരണം, ഓരോ പാപവും ഓരോ രോഗമാണ്. അവയിൽ ചിലത് മരണത്തിനിടയാക്കാം.. അതിനാൽ ഇപ്പോൾ സന്തോഷിക്കുന്ന നിങ്ങളെല്ലാവരും പാപം ചെയ്ത് കർത്താവിന്റെ അനുഗ്രഹങ്ങൾ നശിപ്പിക്കരുത്..... ദൈവത്തിന്റെ സമാധാനം നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ..."
                 അനന്തരം ഈശോ മൗനത്തിലാഴുന്നു.   കൈകൾ നെഞ്ചോടു ചേർത്തുപിടിച്ച് ചുറ്റുമുള്ള ജനക്കൂട്ടത്തെ നോക്കുന്നു. പിന്നിട് ചുറ്റും നോക്കുന്നു.  മങ്ങുന്ന വെളിച്ചത്തിൽ കൂടുതൽ കൂടുതൽ ഇരുളുന്ന ആകാശത്തിലേക്കും നോക്കുന്നു.  ഈശോ നിന്നിരുന്ന പാറപ്പുറത്തു നിന്നു താഴെയിറങ്ങി.  അനന്തരം അപ്പസ്തോലന്മാരോടു പറയുന്നു: "ഈ  ജനത്തെ ഓർത്ത് എനിക്കു ദുഃഖം തോന്നുന്നു. മൂന്നു ദിവസമായി അവർ എന്നെ അനുഗമിക്കയാണ്. അവർക്കിനി ഭക്ഷണമൊന്നും ലഭിക്കാൻ മാർഗ്ഗമില്ല. അടുത്തെങ്ങും ഒരു ഗ്രാമവുമില്ലല്ലോ. ഭക്ഷണം കൊടുക്കാതെ അവരെ പറഞ്ഞു വിട്ടാൽ അവരിൽ ദുർബ്ബലരായവർക്ക് വലിയ സഹനത്തിനിടയാകും."

"അതെങ്ങനെ സാധിക്കും ഗുരുവേ? നീ തന്നെ പറഞ്ഞല്ലോ നമ്മൾ ഗ്രാമങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന്.  വിജനമായ ഈ സ്ഥലത്ത് അപ്പം എവിടെ നിന്നു കിട്ടാനാണ്?  എല്ലാവർക്കും കൊടുക്കാനുള്ള അപ്പം വാങ്ങാൻ ആര് ഇത്രയധികം പണം തരും?"

"നിങ്ങളുടെ പക്കൽ എന്തെങ്കിലുമുണ്ടോ?"
"ഏതാനും മൽസ്യവും കുറച്ചു് അപ്പക്കഷണങ്ങളുമുണ്ട്."
"നിങ്ങൾക്കുള്ളത് ഇങ്ങു കൊണ്ടുവരൂ."
അവർ ഒരു ചെറിയ കൂടയിൽ ഏഴു കഷണം അപ്പവും തീയിൽ ചുട്ട ഏതാനും മൽസ്യങ്ങളും  കൊണ്ടുവന്നു.
"അമ്പതു വീതമുള്ള ഗണങ്ങളായി ജനത്തെ ഇരുത്തുക." ഈശോ പറഞ്ഞു.
     ശിഷ്യർ ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി, ഈശോ ആവശ്യപ്പെട്ടതു പോലെ ആളുകളെ ക്രമമായി ഇരുത്തുന്നു. ഈശോ അപ്പക്കഷണങ്ങൾ - രണ്ടു ചെറു കഷണങ്ങൾ എടുത്ത് രണ്ടു കൈയിലും പിടിച്ചു് സമർപ്പിച്ച ശേഷം അതു താഴെ വച്ചു; അവയെ ആശീർവദിച്ചു. മൽസ്യവും ഇരുകരങ്ങളിലും എടുത്ത് സമർപ്പിച്ച ശേഷം താഴെ വച്ച്  അവയെയും ആശീർവദിച്ചു.
 

"ഇനി ഇവയെടുത്ത് എല്ലാവർക്കും ധാരാളം കൊടുക്കൂ."
ശിഷ്യർ അനുസരിക്കുന്നു.

ഈശോ അതുനോക്കി പുഞ്ചിരി തൂകുന്നു.  

        ശിഷ്യർ അപ്പം വിതരണം ചെയ്ത് അങ്ങകലെ വരെ എത്തുന്നു. കുട്ടകൾ എപ്പോഴും നിറഞ്ഞാണിരിക്കുന്നത്. ജനങ്ങളെല്ലാം ഭക്ഷിച്ചു. നേരം രാത്രിയായി. വലിയ നിശ്ശബ്ദതയും സമാധാനവും... 

ഈശോ പറയുന്നു:  "ഈ അത്ഭുതവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും തമ്മിലുള്ള സാധർമ്മ്യം ഞാൻ വിശദീകരിക്കാം.
       നോക്കൂ, ഞാൻ വചനം നൽകുന്നു. നിങ്ങൾക്കു മനസ്സിലാക്കാൻ കഴിവുള്ള,  നിങ്ങൾക്കു് സ്വാംശീകരിച്ച് നിങ്ങളുടെ ആത്മാക്കൾക്കു് പോഷണമാക്കിത്തീർക്കാവുന്നവ എല്ലാം ഞാൻ നിങ്ങൾക്കു തരുന്നുണ്ട്.  എന്നാൽ നിങ്ങളുടെ ക്ഷീണവും കഴമ്പില്ലായ്കയും നിമിത്തം എന്റെ വചനത്തിലുള്ള പോഷണം മുഴുവൻ സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല. നിങ്ങൾക്കതിന്റെ ആവശ്യം ധാരാളമായിട്ടുണ്ട്. എന്നാൽ ധാരാളം സ്വീകരിക്കാൻ നിങ്ങൾക്കു കഴിവില്ല.  ആത്മീയശക്തി നിങ്ങൾക്കു് വളരെക്കുറവാണ്. ഇവ നിങ്ങൾക്കു് രക്തവും ശക്തിയും പ്രദാനം ചെയ്യാതെ നിങ്ങളെ ഭാരപ്പെടുത്തുകയാണു ചെയ്യുക.  അപ്പോൾ അരൂപി നിങ്ങൾക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കുന്നു. വചനം
വർദ്ധിപ്പിക്കുന്ന ആത്മീയഅത്ഭുതം...  അരൂപി നൽകുന്ന പ്രകാശത്താൽ വചനത്തിന്റെ ഏറ്റവും നിഗൂഡമായ അർത്ഥങ്ങൾ പോലും വർദ്ധിപ്പിച്ച് നിങ്ങൾക്കു നൽകുന്നു. അങ്ങനെ അവ ഭക്ഷിച്ചു് ജീവിതമാകുന്ന മരുഭൂമിയിൽ ക്ഷീണം കൊണ്ട് തളർന്നുവീഴാതെ നിങ്ങളെ ശക്തിപ്പെടുത്തും. അങ്ങനെ, നിങ്ങൾക്കുപകാരമില്ലാത്ത ഭാരവും പേറി നിങ്ങൾ ഞെരുങ്ങേണ്ടതായി വരികയില്ല.

                
            പെന്തക്കോസ്താ ദിനത്തിൽ അപ്പസ്തോലന്മാരുടെ മേൽ ആവസിച്ച അരൂപി,  അവരുടെ വാക്കുകൾ പാർത്തിയ, മേദിയ, സിറിയ, കപ്പദോച്ചിയ, പോന്തസ്, ഫ്രീജിയാ, ഈജിപ്ത്, റോമാ, ഗ്രീസ്, ലിബിയാ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മനസ്സിലാക്കിക്കൊടുത്തല്ലോ.  അതുപോലെ നിങ്ങൾ കരയുമ്പോൾ അരൂപി നിങ്ങളെ ആശ്വസിപ്പിക്കും;  ഉപദേശം തേടുമ്പോൾ നിങ്ങളെ ഉപദേശിക്കും;  നിങ്ങൾ സന്തോഷിക്കുമ്പോൾ അതിൽ പങ്കുചേരും; ഒരേ വാക്കിനാൽ ഇതെല്ലാം ചെയ്യും.
                 "സമാധാനത്തിൽ പോകൂ;  എന്നിട്ട് ഇനിയും പാപം ചെയ്യരുത്"  എന്ന വാക്യത്തിന്റെ അർത്ഥം അരൂപി നിങ്ങൾക്കു് വ്യക്തമാക്കിത്തന്നിരുന്നെങ്കിൽ!!  പാപം ചെയ്തിട്ടില്ലാത്തവർക്ക് ഈ വാക്കുകൾ ഇപ്പോൾത്തന്നെ ഒരു പ്രതിസമ്മാനമാണ്;  ബലഹീനരെങ്കിലും പാപം ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് ഈ വാക്കുകൾ പ്രോത്സാഹനമാണ്;  പശ്ചാത്തപിക്കുന്ന ആത്മാക്കൾക്കു് അവ പാപപ്പൊറുതിയാണ്; അനുതാപത്തിന്റെ നിഴൽ മാത്രം കാണിക്കുന്നവർക്ക് കരുണാമസൃണമായ ഒരു നേരിയ ശാസനയുമാണ്.  എന്നാലോ,  ഇത് ഒറ്റ വാക്യം മാത്രം!  അതും വളരെ ലളിതമായ വാക്യങ്ങളിലൊന്ന്... എന്റെ സുവിശേഷത്തിൽ എത്രയധികം വാക്യങ്ങളുണ്ട്!  എത്രയധികം!! വസന്തകാലത്ത് ഒരു മഴ കഴിഞ്ഞ് സൂര്യപ്രകാശം ഏറ്റു കഴിയുമ്പോൾ ഒരു പുഷ്പം മാത്രമുണ്ടായിരുന്ന വൃക്ഷക്കൊമ്പിൽ വളരെയേറെ പൂമൊട്ടുകൾ വിരിയുന്നതു പോലെയാണത്. അതു കാണുന്നവരെല്ലാം വിസ്മയഭരിതരാകുന്നു.

'സ്നേഹത്തിന്റെ' സമാധാനം നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ!"