ജാലകം നിത്യജീവൻ: ഈശോ ജൂട്ടായിൽ പ്രസംഗിക്കുന്നു

nithyajeevan

nithyajeevan

Tuesday, February 7, 2012

ഈശോ ജൂട്ടായിൽ പ്രസംഗിക്കുന്നു

പ്രശാന്തമായ ഒരു പ്രഭാതത്തില്‍  ഈശോ ജൂട്ടായിലെ ജനങ്ങളോട് പ്രസംഗിക്കുന്നു. (ആട്ടിടയശിഷ്യരില്‍  പ്രധാനിയായ ഐസക്കിന്റെ നാടാണ് ജൂട്ടാ) ജൂട്ടാ മുഴുവനും ഈശോയുടെ പാദത്തിങ്കലുണ്ട്. എല്ലാവരും ബഹുമാനത്തോടെ പൂര്‍ണ്ണ നിശ്ശബ്ദത പാലിച്ച് ശ്രദ്ധിച്ചിരിക്കയാണ്. ഈശോയുടെ ഇമ്പമേറിയ സ്വരം അന്തരീക്ഷത്തിന് സ്വസ്ഥത പകരുന്നു.
                    "ദൈവം മനുഷ്യരില്‍  വസിക്കുന്നതും മനുഷ്യര്‍ദൈവത്തില്‍വസിക്കുന്നതും ദൈവത്തിന്റെ നിയമത്തോടുള്ള അനുസരണം വഴിയാണ്. നിയമം ആരംഭിക്കുന്നത് സ്നേഹത്തെക്കുറിച്ചുള്ള ഉപദേശത്തോടു കൂടിയാണ്. പത്തു പ്രമാണങ്ങൾ - ആദ്യത്തേതു മുതല്‍  അവസാനത്തേതു വരെ മുഴുവൻ സ്നേഹമാണ്. ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ വസതി അതാണ്; അതിലാണ് ദൈവം വസിക്കുന്നത്. നിയമത്തോടുള്ള അനുസരണത്തിന് പ്രതിസമ്മാനമായി സ്വര്‍ഗ്ഗത്തില്‍  ലഭിക്കുന്നതാണ് ദൈവത്തോടു കൂടി നിങ്ങൾ വസിക്കുന്ന നിത്യവസതി.  കാരണം, ഏശയ്യാ അറുപത്തിയാറാം അദ്ധ്യായം പറയുന്നത് ഓര്‍ത്തുനോക്കൂ... ദൈവം ഭൂമിയിലല്ല വസിക്കുന്നത്; ഭൂമി അവന്റെ പാദപീഠം മാത്രമാണ്.  അവന്റെ സിംഹാസനം സ്വര്‍ഗ്ഗത്തിലാണ്. എന്നാലത് അവനെ - അപരിമേയനായവനെ ഉൾക്കൊള്ളാൻ പര്യാപ്തമല്ലാത്ത വിധത്തില്‍ തീരെ ചെറുതാണ്. അത് ഒന്നുമല്ല അവന്റെ വസതി മനുഷ്യഹൃദയങ്ങളിലാണ്. എല്ലാ സ്നേഹത്തിന്റെയും പിതാവായ അവന്റെ ഏറ്റം പരിപൂര്‍ണ്ണമായ നന്മയ്ക്കു മാത്രമേ, തന്നെ സ്വീകരിക്കാൻ അവന്റെ മക്കൾക്ക് കഴിവു കൊടുക്കാൻ സാധിക്കൂ.  ഇത് അപരിമേയമായ ഒരു രഹസ്യമാണ്.

    നീതിയുള്ള ഒരാത്മാവിനാല്‍  എനിക്കുവേണ്ടി ഒരുക്കപ്പെട്ട ജൂട്ടായിലെ എന്റെ ഏറ്റം പ്രിയപ്പെട്ട ശിഷ്യരേ, പ്രവാചകനെയും അവന്റെ വാക്കുകളും നിങ്ങൾ ഓര്‍ക്കുവിൻ. കാരണം, കര്‍ത്താവാണ് സംസാരിക്കുന്നത്. കല്ലുകൊണ്ട് ശൂന്യമായ ആലയങ്ങൾ പണിയുന്നവരോടു പറയുന്നു; 'ഏതു ഭവനമാണ് നിങ്ങൾ എനിക്കായി പണിയുക? എന്റെ വിശ്രമത്തിന് ഏതു സ്ഥലം നിങ്ങൾ ഉണ്ടാക്കും? ഈ ആലയങ്ങളില്‍  നീതിയോ സ്നേഹമോ ഇല്ല.'  ദൈവത്തിന്റെ കല്‍പ്പനകൾ അനുസരിച്ചു കൊണ്ട് തങ്ങളില്‍ത്തന്നെ അവന് സിംഹാസനം പണിയുവാൻ അവർക്ക് കഴിവില്ല. ദൈവം ഇതാണു ചോദിക്കുന്നത്: "കേവലം ഭിത്തികൾ കെട്ടുന്നതു കൊണ്ട് എന്നെ സ്വന്തമാക്കാമെന്നാണോ നിങ്ങൾ കരുതുന്നത്? പരിശുദ്ധമായ ജീവിതത്തിന്റെ അടിസ്ഥാനമില്ലാതെ, തെറ്റായ ചില അഭ്യാസങ്ങൾ വഴി എനിക്കു സന്തോഷം നൽകാമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്?" ഇല്ല; വ്യർത്ഥമായ വെറും ബാഹ്യപ്രകടനങ്ങൾ കൊണ്ടു് ദൈവത്തെ നേടുവാൻ സാധിക്കയില്ല. ആത്മാവിന്റെ ജീവൻ ഇല്ലാത്ത, അകം പൊള്ളയായ, ഒരു മൺപ്രതിമയെ, അഥവാ വ്രണങ്ങളുള്ള ഒരു കുഷ്ഠരോഗിയെ സ്വര്‍ണ്ണമേലങ്കി കൊണ്ടു പൊതിയുന്നതു പോലെയാണത്. ലോകത്തിന്റെ നാഥനായ കർത്താവു പറയുന്നു: "വളരെക്കുറച്ച് പ്രജകൾ മാത്രമുള്ള ദരിദ്രനായ രാജാവാണു താൻ എന്നും തന്റെ വീട്ടില്‍  നിന്നും അനേകം മക്കൾ ഒളിച്ചോടിപ്പോയ സാധു പിതാവാണ് താൻ" എന്നും...  വീണ്ടും അവൻ പറയുന്നു: "എന്റെ വചനത്തില്‍  വിറകൊള്ളുന്ന, അനുതാപവും എളിമയുമുള്ള അരൂപി നിറഞ്ഞ മനുഷ്യന്റെ നേർക്കല്ലാതെ വേറെ ആരുടെ പക്കലേക്ക് ഞാൻ കണ്ണുകൾ തിരിക്കും?"   അവൻ വിറകൊള്ളുന്നത് എന്തുകൊണ്ടാണ്? ദൈവത്തോടുള്ള ഭയം കൊണ്ടു മാത്രമാണോ? അല്ല; ആഴമായ ബഹുമാനവും യഥാര്‍ത്ഥമായ സ്നേഹവും കൊണ്ട്;  കാരണം, അവൻ എളിയ പ്രജയും പുത്രനും ആണ്.  അവൻ, കര്‍ത്താവ് എല്ലാമാണെന്നു പറയുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതേസമയം,  താൻ ഇല്ലായ്മയാണെന്നുള്ള വിചാരത്താല്‍  അവൻ വിറച്ചു പോവുകയും ചെയ്യുന്നു. കാരണം, അവന്റെ പാപങ്ങൾ പൊറുത്തിരിക്കുന്നുവെന്ന് അവൻ മനസ്സിലാക്കുന്നു; അവന് അത് അനുഭവപ്പെടുന്നു.


          ഓ! അഹങ്കാരികളായ ആളുകളുടെ ഇടയില്‍  ദൈവത്തെ അന്വേഷിക്കേണ്ട.  അവൻ അവിടെയില്ല. ഹൃദയകാഠിന്യമുള്ളവരുടെ ഇടയിലും അവനെ അന്വേഷിക്കേണ്ട.  അവൻ അവിടെയില്ല. അനുതാപമില്ലാത്ത ആത്മാക്കളുടെ ഇടയിലും അവനെ അന്വേഷിക്കേണ്ട. അവൻ അവിടെയുമില്ല. അവൻ പാവപ്പെട്ടവരുടെ കൂടെ, പരിശുദ്ധരും കാരുണ്യമുള്ളവരും അരൂപിയില്‍  ദരിദ്രരും ശാന്തരും ശപിക്കാതെ കരയുന്നവരും നീതി അന്വേഷിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരും സമാധാനമുള്ളവരുമായ ആളുകളുടെ കൂടെയാണുള്ളത്. ദൈവം അവിടെയുണ്ട്. പശ്ചാത്താപിച്ചു് പാപമോചനം ആഗ്രഹിക്കുകയും പരിഹാരം ചെയ്യാൻ ശ്രമിക്കയും ചെയ്യുന്നവരിൽ അവനുണ്ട്. ഇവരാരും കാളയെയോ ആടിനെയോ മറ്റെന്തിനെയെങ്കിലുമോ ബലിയായി അർപ്പിക്കുന്നില്ല. സ്തുതിക്കപ്പെടാനായോ അഥവാ ശിക്ഷ കിട്ടുമെന്ന ഭയം നിമിത്തമോ അഹങ്കാരം നിമിത്തമോ അവർ ബലിയർപ്പിക്കുന്നില്ല. നേരെമറിച്ച്, അവർ പാപികളാണെങ്കിൽ, അവരുടെ അനുതപിക്കുന്ന, എളിമപ്പെട്ട ഹൃദയങ്ങളുടെ ബലിയാണർപ്പിക്കുന്നത്. അവർ നീതിമാന്മാരാണെങ്കിൽ, വീരോചിതമെന്നു പറയാവുന്ന അനുസരണയിലെത്തിയ ഹൃദയങ്ങളുടെ ബലിയാണർപ്പിക്കുന്നത്. ഇതാണു കർത്താവ് ഇഷ്ടപ്പെടുന്നത്!"