ജാലകം നിത്യജീവൻ: February 2012

nithyajeevan

nithyajeevan

Tuesday, February 28, 2012

പത്തുകല്‍പ്പനകളുടെ പ്രാധാന്യം

  ഈശോ പറയുന്നു: "പത്തുകല്‍പ്പനകള്‍  എന്താണെന്നും അവയനുസരിച്ച്    ജീവിക്കേണ്ടത്    എത്ര     പ്രാധാന്യമുള്ള     കാര്യമാണെന്നും     നിങ്ങളെ    മനസ്സിലാക്കുവാന്‍  ഞാന്‍  ഒരുപമ പറയാം.  ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
                       ഒരു കുടുംബത്തിലെ പിതാവിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവരെ രണ്ടുപേരെയും പിതാവ്തുല്യമായ സ്നേഹത്താല്‍സ്നേഹിച്ചു. അവര്‍ വസിച്ചിരുന്ന വീടും പുരയിടവും കൂടാതെ അയാള്‍ക്കു് വളരെ ദൂരെ കുറെ ഭൂമിയുണ്ടായിരുന്നു. അയാളുടെ നിക്ഷേപങ്ങളെല്ലാം അവിടെയാണ് രഹസ്യമായി സൂക്ഷിച്ചുവച്ചിരുന്നത്. അങ്ങനെ നിക്ഷേപങ്ങളുണ്ടെന്ന് പുത്രന്മാർക്കറിയാമായിരുന്നു. പക്ഷേ  അവിടെയെത്തുന്ന വഴി അജ്ഞാതമായിരുന്നു. കാരണം  എന്തോ ന്യായങ്ങളാല്‍  ആ പിതാവ് വഴികള്‍  മക്കളെ പഠിപ്പിച്ചില്ല. അനേകം വർഷങ്ങൾക്കുശേഷം പിതാവ് പുത്രന്മാരെ രണ്ടുപേരെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: "നമ്മുടെ നിക്ഷേപങ്ങള്‍  എവിടെയാണെന്ന് നിങ്ങൾ അറിയേണ്ട സമയം വന്നിരിക്കുന്നു. നിങ്ങള്‍ക്കായി ഞാൻ നീക്കിവച്ചിരിക്കുന്ന ആ നിധികള്‍  ഞാന്‍   പറയുന്ന സമയത്ത് പോയി കരസ്ഥമാക്കണം. വഴിതെറ്റിപ്പോകാതിരിക്കേണ്ടതിന്, റോഡും റോഡില്‍  ഞാന്‍   സ്ഥാപിച്ചിരിക്കുന്ന അടയാളങ്ങളും നിങ്ങള്‍  മനസ്സിലാക്കണം. അല്ലങ്കില്‍  വവഴിതെറ്റിപ്പോകാനിടയുണ്ട്. അതിനാല്‍  ശ്രദ്ധിച്ചുകേൾക്കുക. നിധികള്‍   സൂക്ഷിച്ചുവച്ചിരിക്കുന്നത് വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പുനിലത്തല്ല; അവിടെ കഠിനവെയില്‍  തട്ടി സ്ഥലം പൊരിയും. പൊടി എല്ലാറ്റിനേയും ചീത്തയാക്കും. മുൾപ്പടര്‍പ്പു കൊണ്ടു നിറയും; കൊള്ളക്കാര്‍   എളുപ്പത്തില്‍  വന്ന് എല്ലാം അപഹരിക്കും. നിധികളെല്ലാം ആ കൂര്‍ത്തുമൂര്‍ത്ത പാറക്കെട്ടുകളുടെ പർവതത്തിനു മുകളിലാണ് ഞാന്‍    വച്ചിരിക്കുന്നത്. അവ നിങ്ങളെ  കാത്തിരിക്കുന്നു. പര്‍വതത്തിലൂടെ പലവഴികള്‍  പോകുന്നുണ്ട്. എന്നാല്‍   മുകളിലേക്കു പോകുന്ന  ഒരുവഴി മാത്രമേയുള്ളൂ. മറ്റുവഴികളെല്ലാം പലഭാഗത്തേക്കുള്ളവയാണ്. ചിലതു ചെന്നുചേരുന്നത് കുത്തനെയുള്ള ഗര്‍ത്തങ്ങളുടെ വക്കിലേക്കാണ്. ചിലതു് ആഴമേറിയ ചേറ്റുകുഴികളിലേക്ക്; ചിലതു്  അണലിക്കൂട്ടിലേക്ക്, ചിലതു്  ഗന്ധകം കത്തിപ്പുകയുന്ന പാറപ്പിളര്‍പ്പുകളിലേക്ക്. ശരിയായ വഴി വളരെ ബുദ്ധിമുട്ടുള്ളതാണ്. എങ്കിലും ഗര്‍ത്തങ്ങളോ മറ്റു തടസ്സങ്ങളോ കൂടാതെ  അത് പര്‍വതത്തിനു  മുകളിലെത്തുന്നുണ്ട്. ആ റോഡു തിരിച്ചറിയാനായി റോഡരികില്‍  തുല്യ അകലത്തില്‍  ഞാന്‍   പത്തു സ്മാരകങ്ങള്‍ കല്ലില്‍  പണിതു വച്ചിട്ടുണ്ട്. തിരിച്ചറിയാന്‍  ഈ മൂന്നു വാക്കുകൾ ഓരോ കല്ലിലും കൊത്തിയിട്ടുണ്ട്. സ്നേഹം, അനുസരണ, വിജയം എന്നിവയാണ് ആ വാക്കുകൾ. ആ വഴിയിലൂടെ  പോവുക. നിക്ഷേപങ്ങളുള്ള സ്ഥലത്ത് നിങ്ങളെത്തും. വേറൊരു വഴിയിലൂടെ,  എനിക്കു മാത്രമറിയാവുന്ന ഒരു വഴിയിലൂടെ ഞാനും അവിടെയെത്തി വാതിലുകൾ തുറന്നുതരും. അപ്പോള്‍  നിങ്ങള്‍ക്കു  സന്തോഷമാകും."
                                          പുത്രന്മാര്‍  രണ്ടും അപ്പനോടു വിടവാങ്ങി യാത്ര പുറപ്പെട്ടു. അവരുടെ പിന്നിൽനിന്ന് അപ്പന്‍  വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു; 'ഞാന്‍  പറഞ്ഞ വഴിയിലൂടെ മാത്രമേ പോകാവൂ. നിങ്ങളുടെ  നന്മയ്ക്കായിട്ടാണിതു പറയുന്നത്. മറ്റു വഴിയിലൂടെ പോകുവാനുള്ള പ്രലോഭനങ്ങള്‍ക്കു വശംവദരാകരുത്. അവ മെച്ചപ്പെട്ട വഴികളാണെന്നു നിങ്ങള്‍ക്കു   തോന്നിയെന്നു വരും. അങ്ങനെ പോയാൽ നിക്ഷേപവും ഞാനും നിങ്ങള്‍ക്കു നഷ്ടപ്പെടും.' മക്കള്‍ക്കു കേള്‍ക്കുവാന്‍  സാധിക്കാത്ത വിധത്തിൽ അകന്നു കഴിഞ്ഞപ്പോൾ മാത്രമേ അയാൾ വാക്കുകൾ നിര്‍ത്തിയുള്ളൂ.
                                         അവര്‍  മലയുടെ അടിവാരത്തിലെത്തി. വഴി  ആരംഭിക്കുന്ന സ്ഥലത്ത് ആ സ്മാരകക്കല്ല് കണ്ടു.  നാനാഭാഗങ്ങളിലേക്കുള്ള പല വഴികളുടെ മദ്ധ്യത്തിലേതായിരുന്നു ശരിയായ വഴി. ആ നല്ലവഴിയിലൂടെ രണ്ടു സഹോദരന്മാരും നടന്നു. ആദ്യം വഴി വളരെ നല്ലതായിരുന്നു. പക്ഷേ അൽപ്പംപോലും തണലില്ലാത്ത വഴി.  വലിയ പ്രകാശവും കഠിനമായ ചൂടും... ശരീരം ചുട്ടുപൊള്ളും വിധം വെയില്‍ ... എങ്കിലും സന്മനസ്സ് അവരെ നയിച്ചു. അപ്പനെക്കുറിച്ചുള്ള ഓര്‍മ്മയും അപ്പന്റെ ഉപദേശവുമോര്‍ത്ത് സന്തോഷത്തോടെ മുകളിലേക്കു  കയറി. അവിടെ രണ്ടാമത്തെ  വഴികാട്ടിയായ കല്ല്.... കുറേദൂരം പിന്നിട്ടപ്പോൾ മൂന്നാമത്തേത്... വഴി കൂടുതല്‍   ബുദ്ധിമുട്ടുള്ളതും ചൂടുള്ളതുമായി... മറ്റുവഴികളൊന്നും കാണാന്‍  കഴിയാത്ത അകലമായി. 
                               "മുകളിലെത്തുമ്പോള്‍  നമ്മള്‍  മരിച്ചിരിക്കണമെന്നാണ് അപ്പന്‍  ആഗ്രഹിക്കുന്നത്." നാലാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തിയപ്പോള്‍  ഒരുവന്‍  പറഞ്ഞു. അവന്‍   നടപ്പു സാവധാനത്തിലാക്കി. മറ്റവന്‍  അവനെ സമാധാനിപ്പിക്കാനായി പറയുന്നു: "അവന്‍   അവന്റെ സ്വന്തമായി നമ്മളെ സ്നേഹിക്കുന്നു. അതിലും കൂടുതല്‍  സ്നേഹിക്കുന്നു... കാരണം ഈ നിക്ഷേപങ്ങളെല്ലാം ഇത്ര വിസ്മയകരമായ വിധത്തില്‍   നമുക്കായി സൂക്ഷിച്ചല്ലോ. പാറയില്‍  ഈ വഴി വെട്ടി പാറയുടെ അടിമുതല്‍  മുകൾ വരെ, വഴിതെറ്റുവാനുള്ള ഒരു  സാദ്ധ്യതയുമില്ല.  പിന്നെ നമുക്കു വഴികാട്ടിയായി ഈ കല്ലുകളും സ്ഥാപിച്ചു. ഒന്നോര്‍ത്തുനോക്കൂ... നമുക്കുവേണ്ടി ഇതെല്ലാം അപ്പന്‍   തനിയെ ചെയ്തു... ഈ നിക്ഷേപങ്ങളെല്ലാം നമുക്കു തരുവാന്‍ .. തെറ്റാതെ, അപകടത്തില്‍പ്പടാതെ നമ്മൾ അവിടെയെത്തുമെന്ന് ഉറപ്പു വരുത്താനല്ലേ ഇതെല്ലാം ചെയ്തത് ?"
                                                           അവര്‍  നടപ്പു  തുടർന്നു. എന്നാല്‍   ഇടയ്ക്കിടെ മറ്റുവഴികള്‍  കണ്ടുതുടങ്ങി. എത്ര നല്ല വഴികള്‍ ... തണലും നടക്കാന്‍  സുഖവുമുള്ളവ!
           
 "എനിക്കു തോന്നുന്നത് ആ വഴിയിലൂടെ  പോകാമെന്നാണ്." അതൃപ്തനായ മകന്‍  പറഞ്ഞു. അവര്‍  ആറാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തി. ആ വഴിയും മുകളിലേക്കാണു പോകുന്നത്. 
            "നമ്മുടെ അപ്പന്‍  പറഞ്ഞത് ശരിയായിട്ടുള്ള ഈ വഴി വിട്ടുപോകരുതെന്നാണല്ലോ."  മറ്റേയാള്‍  പറഞ്ഞു. അസ്വസ്ഥനായ ആദ്യത്തെയാള്‍ , അവന്റെ ഇഷ്ടത്തിനു വിരുദ്ധമായി അൽപ്പംകൂടി കയറി. ഏഴാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തിയപ്പോൾ  അവന്‍  പറഞ്ഞു: "ഓ ! ഞാന്‍  തീർച്ചയായും പോകയാണ്."
"സഹോദരാ.. അരുത്.."
                                              രണ്ടുപേരുംകൂടി വീണ്ടും നടന്നു. വഴി ഇപ്പോള്‍  വളരെ  ബുദ്ധിമുട്ടുള്ളതായി. എങ്കിലും  മലയുടെ  മുകളിലെത്താറായി.  എട്ടാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തിയപ്പോള്‍  അതിനോടു വളരെയടുത്തായി ഇരുവശങ്ങളിലും പൂക്കള്‍  കാണുന്ന  ഒരു വഴി.

"ഓ! ഈ വഴിയും മുകളിലേക്കുള്ളതാണെന്നു നിനക്ക് കാണാന്‍  കഴിയുന്നില്ലേ?"
"ആ വഴി  തന്നെയാണോ എന്നു നമുക്കറിഞ്ഞുകൂടാ."
"എനിക്കറിയാം... എനിക്കതു മനസ്സിലായി."
"നിനക്കു തെറ്റു പറ്റിയിരിക്കയാണ്."
"അല്ല, ഞാന്‍  പോകയാണ്."
"പോകരുതേ... അപ്പനെ ഓര്‍മ്മിക്കുക. ആപത്തുകളെക്കുറിച്ച് ഓര്‍മ്മിക്കുക.. നിക്ഷേപങ്ങള്‍  ഓര്‍ക്കുക.."
                                                          "അതെല്ലാം നായ്ക്കള്‍ക്കു വിട്ടിരിക്കുന്നു. മുകളിലെത്തുമ്പോള്‍   മരിച്ചതിനു തുല്യമായാല്‍  ഈ നിക്ഷേപങ്ങള്‍  കൊണ്ട് എന്തു പ്രയോജനം?  ഈ വഴിയേക്കാള്‍  അപകടം മറ്റേതു വഴിക്കാണ് ഉണ്ടാവുക? അപ്പന്റെ വിരോധത്തേക്കാള്‍  കൂടുതല്‍    വിരോധം ആർക്കാണുള്ളത്? നമ്മള്‍   മരിക്കുവാനായി ഈ വഴി പറഞ്ഞുതന്ന് അപ്പന്‍    നമ്മെ കബളിപ്പിക്കയല്ലേ ചെയ്തത്? ഞാന്‍   പോകുന്നു. നീയെത്തുന്നതിനു മുമ്പ് ഞാനവിടെയെത്തും. ജീവനോടെ." ഇങ്ങനെ പറഞ്ഞുകൊണ്ട് അവന്‍    മറ്റേവഴിയിലേക്കു ചാടി. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അവന്‍   വൃക്ഷങ്ങളുടെയിടയില്‍  മറഞ്ഞുകഴിഞ്ഞു.
                                           അവന്റെ സഹോദരന്‍  ദുഃഖത്തോടെ നടപ്പു തുടര്‍ന്നു. ഓ! വഴിയുടെ അവസാനം ശരിക്കും ഭയാനകമായിരുന്നു. അവന്‍  അവശനായി. ഒന്‍പതാമത്തെ കല്ലിന്റെയടുത്ത്  അവന്‍     നിന്നു കിതച്ചു. അതില്‍  എഴുതിരിക്കുന്ന വാക്കുകള്‍   യാന്ത്രികമായി വായിക്കാനേ കഴിഞ്ഞുള്ളൂ. അടുത്ത് തണലുള്ള ഒരു വഴി കണ്ടു. വെള്ളവും പൂക്കളും... "ഞാന്‍    ആകെ... ഇല്ല... അവിടെ  എഴുതിയിട്ടുണ്ടല്ലോ... എന്റെ അപ്പനാണ് അവിടെ  എഴുതിരിക്കുന്നത്... 'സ്നേഹം, അനുസരണ, വിജയം'... ഞാന്‍     അവന്റെ സ്നേഹത്തിൽ വിശ്വസിക്കണം... എന്റെ സ്നേഹം അറിയിക്കാന്‍  ഞാന്‍  അനുസരിക്കണം.. നമുക്കു പോകാം... സ്നേഹം  എന്നെ സഹായിക്കട്ടെ!" 
                                                            അവന്‍  പത്താമത്തെ കല്ലിനടുത്തെത്തി. വെയിലുകൊണ്ട് കരിഞ്ഞ്, തളര്‍ന്ന് കുനിഞ്ഞാണ് അവന്‍  നടന്നത്. ഭാരമുള്ള നുകം വഹിക്കുന്നതുപോലെ... അത് സ്നേഹത്തിന്റെയും വിശ്വസ്തതയുടേയും അനുസരണയുടേയും, ശക്തി, പ്രത്യാശ, നീതി, വിവേകം, എല്ലാറ്റിന്റെയും വിശുദ്ധമായ ഒരു   നുകമായിരുന്നു..വഴികാട്ടിക്കല്ലിൽ ചാരുന്നതിനു പകരം അതു നിലത്തുവീശിയ നിഴലിൽ അവന്‍  ഇരുന്നു. താന്‍  മരിക്കാന്‍  പോവുകയാണെന്ന് അവനു തോന്നി... അടുത്തുള്ള വഴിയിൽനിന്ന് അരുവി ഒഴുകുന്ന സ്വരം, വനത്തിന്റെ ഗന്ധം... പിതാവേ... നിന്റെ അരൂപി തന്ന് ഈ പ്രലോഭനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ... അന്ത്യം വരെ വിശ്വസ്തത പാലിക്കുവാന്‍  എന്നെ സഹായിക്കണമേ."
                                                  വിദൂരതയില്‍നിന്ന് അവന്റെ സഹോദരന്‍   സന്തോഷത്തോടെ  വിളിച്ചുപറയുന്നത് അവന്‍      കേട്ടു: "വരൂ, ഞാന്‍  നിനക്കായി കാത്തിരിക്കാം. ഏദന്‍തോട്ടം   ഇവിടെയാണ്. വരൂ..."

                                        "ഞാന്‍ പോകണമോ? ഞാന്‍  പോകാതിരിക്കണമോ? ആരെന്നെ സഹായിക്കും?...  ഞാന്‍      പോകും..." അവന്‍  ഇരുകരങ്ങളും നിലത്തുകുത്തി എഴുന്നേറ്റു. അങ്ങനെ  എഴുന്നേറ്റപ്പോള്‍  അവന്‍  കണ്ടു...വഴിചൂണ്ടിക്കല്ലിലെ വാക്കുകള്‍  മറ്റുള്ളവയിലേതിനോളം തെളിഞ്ഞിട്ടില്ല എന്ന്. ഓരോ കല്ലിലെയും അക്ഷരങ്ങള്‍  അവയ്ക്കു മുമ്പുണ്ടായിരുന്നവയേക്കാൾ തെളിവു കുറഞ്ഞവയായിരുന്നു.... എന്റെ അപ്പന്‍  ക്ഷീണിതനായി  അവ കൊത്തിവയ്ക്കുവാന്‍  ബുദ്ധിമുട്ടു് അനുഭവിച്ചതുപോലെ തോന്നുന്നു.. നോക്കൂ.. ഇവിടെയും ആ കറുത്ത ചെമപ്പിലുള്ള അടയാളം കാണുന്നു... അഞ്ചാമത്തെ കല്ലുമുതല്‍  ഇതു കാണുന്നു... ഒരു വ്യത്യാസമുണ്ട്. ഇവിടെ അക്ഷരങ്ങളുടെ കുഴിവില്‍  അതു നിറഞ്ഞു നിൽക്കുന്നു.. അത് കവിഞ്ഞൊഴുകിയതുപോലെയുമുണ്ട്. പാറയില്‍   ചാലുവീണിട്ടുമുണ്ട്. കറുത്ത  കണ്ണീര്‍  രക്തക്കണ്ണീര്‍  പോലെ തോന്നിക്കുന്നു.. " അതു പരന്ന് രണ്ടു കൈപ്പത്തി വലിപ്പത്തില്‍  കണ്ട ഭാഗം ഒരു  വിരലുകൊണ്ട് അവന്‍  മാന്തിനോക്കി. കട്ടപിടിച്ചിരുന്ന ആ സാധനം പൊടിഞ്ഞുപോയി. എന്നാല്‍   അതിന്നടിയില്‍  ഈ വാക്കുകൾ  വ്യക്തമായി കാണാമായിരുന്നു. "ഇങ്ങനെ ഞാന്‍  നിങ്ങളെ  സ്നേഹിച്ചു.  സമ്പത്തിലേക്ക് നിങ്ങളെ  നയിക്കുവാന്‍  എന്റെ രക്തം ചിന്തത്തക്കവിധം അത്രയധികം നിങ്ങളെ  സ്നേഹിച്ചു."
                          "ഓ! പിതാവേ, പിതാവേ, എന്നിട്ടും ഞാന്‍  നിന്നോട് അനുസരണയില്ലായ്മ കാണിക്കുവാന്‍  ഒരുങ്ങുകയായിരുന്നു. പിതാവേ, എന്നോടു ക്ഷമിക്കേണമേ..." പാറയില്‍   ചാരിയിരുന്ന് ആ മകന്‍  കരഞ്ഞു. അപ്പോള്‍  ആ വാക്കുകളില്‍  നിറഞ്ഞു നിന്ന രക്തം സജീവ രക്തമായി...മാണിക്യക്കല്ലിന്റെ നിറമായി... കണ്ണീർ അവന് ഭക്ഷണവും പാനീയവുമായി. അവന് ശക്തി കിട്ടി.... അവൻ എഴുന്നേറ്റു... സ്നേഹം  നിമിത്തം അവന്റെ  സഹോദരനെ കൂകിവിളിച്ചു. അവൻ കണ്ടെത്തിയതിനെക്കുറിച്ച്,  അപ്പന്റെ സ്നേഹത്തെക്കുറിച്ച്, സഹോദരനോടു പറയാന്‍ ... തിരിച്ചുവരൂ എന്നു പറയാന്‍ ...... എന്നാല്‍   അവന്റെ വിളിയ്ക്ക് മറുപടി ഉണ്ടായില്ല.
                                      അവന്‍  വീണ്ടും  നടന്നു. മുട്ടിന്മേല്‍  നീന്തുന്നതുപോലെ ക്ളേശകരമായ നടപ്പ്. അവന്റെ  ശരീരം ക്ഷീണത്താല്‍  തളര്‍ന്നിരുന്നെങ്കിലും അരൂപി പ്രശാന്തമായിരുന്നു. അതാ പർവതത്തിന്റെ ഉച്ചി... അവിടെ  അവന്റെ പിതാവ് നില്‍ക്കുന്നു.

"അപ്പാ.."
"എന്റെ പ്രിയ മകനേ.."
                                                     അവന്‍  അപ്പന്റെ മാറിലേക്കു വീണു. അപ്പന്‍  അവനെ ആശ്ളേഷിച്ചു. ചുംബിച്ചു.   "നീ തനിയെയാണോ വന്നത് ?"


"അതെ, പക്ഷേ എന്റെ സഹോദരന്‍   വേഗമെത്തും."
                                   "ഇല്ല; അവന്‍  ഒരിക്കലും വരികയില്ല. അവന്‍  പത്തു കൽപ്പനകളുടെ മാര്‍ഗ്ഗം ഉപേക്ഷിച്ചു. ആദ്യത്തെ നിരാശകള്‍  നൽകിയ മുന്നറിയിപ്പുകൾക്കനുസരിച്ച് അവന്‍  തിരിച്ചുവന്നില്ല. നിനക്ക് അവനെ കാണണമോ? അതാ... അവിടെ... തീയെരിയുന്ന പാതാളത്തിൽ..അവന്‍  തെറ്റിൽ ഉറച്ചുനിന്നു... അവന്‍  അവന്റെ  തെറ്റു മനസ്സിലാക്കിയപ്പോള്‍,   തിരിച്ചുവന്ന്, താമസിച്ചാണെങ്കിലും സ്നേഹം കടന്നുപോയ വഴിയിലൂടെ വന്നിരുന്നുവെങ്കിൽ   ഞാൻ     അവനോടു  ക്ഷമിച്ച് അവനുവേണ്ടി കാത്തുനിൽക്കുമായിരുന്നു. ഞാൻ സ്നേഹത്താൽ  നിങ്ങള്‍ക്കുവേണ്ടി എന്റെ  ഏറ്റം വിലയേറിയ സ്വത്ത്, എന്റെ രക്തം  ചിന്തിയതല്ലേ?"

"അപ്പാ, അവൻ അതറിഞ്ഞില്ല."
                                                     "ആ പത്തു സ്മാരകക്കല്ലുകളിൽ  സ്നേഹത്തോടുകൂടി അവൻ നോക്കിയിരുന്നുവെങ്കിൽ അവന്‍  അതിന്റെ യഥാര്‍ത്ഥ അർത്ഥം ഗ്രഹിക്കുമായിരുന്നു. നീ അഞ്ചാമത്തെ കല്ലുമുതൽ  അതു മനസ്സിലാക്കി. നീ സ്നേഹമുള്ളവനും അനുസരണയുള്ളവനും എന്നെന്നേക്കും വിജയിയും ആയതിനാൽ ആ സമ്പത്ത് സ്വന്തമാക്കിക്കൊള്ളുക."
ഇതാണ് ഉപമ.
                                        
                                   പത്തു സ്മാരകക്കല്ലുകള്‍  പത്തു കൽപ്പനകളാണ്. നിങ്ങളുടെ ദൈവം നിങ്ങളുടെ   വഴിയരികിൽ അവ കൊത്തിവച്ചു. ആ വഴി നിത്യമായ സമ്പത്തിലേക്കു നയിക്കുന്നു. ആ വഴിയിൽ നിങ്ങളെ  എത്തിക്കുവാൻ അവൻ സഹിച്ചു. നിങ്ങള്‍  സഹിക്കുന്നുണ്ടോ? ദൈവവും സഹിക്കുന്നുണ്ട്. നിങ്ങള്‍ക്കു് നിങ്ങളോടു തന്നെ ബലം പ്രയോഗിക്കിക്കേണ്ടതുണ്ടോ? ദൈവത്തിനുമുണ്ട്. അത് എത്രയധികമാണെന്ന് നിങ്ങൾക്കറിയാമോ? തന്നിൽനിന്നു തന്നെ സ്വയം വേർപെടുത്തിക്കൊണ്ട് ഒരു   മനുഷ്യനായിത്തീരുകയെന്നാൽ അതിന്റെ അർത്ഥം എന്താണെന്നറിയുവാൻ ചെയ്ത ശ്രമം! മനുഷ്യരാശിയുടെ ദുരിതങ്ങളെല്ലാം; ജനിക്കുക, തണുപ്പ്, പട്ടിണി, ക്ഷീണം, നിന്ദനം, എതിര്‍പ്പ്, വിദ്വേഷം, കെണികൾ, അവസാനം രക്തം   മുഴുവൻ ചിന്തിക്കൊണ്ടുള്ള മരണം. നിങ്ങളെ   രക്ഷിക്കുവാൻ താണിറങ്ങിയ ദൈവം അതെല്ലാം സഹിക്കുന്നു. സ്വർഗ്ഗത്തിൽ ദൈവം അതെല്ലാം സഹിക്കുന്നു. അത് സഹിക്കുവാൻ സ്വയം അനുവദിക്കുന്നു. 
                                        ഞാൻ ഗൗരവമായിപറയുന്നു: സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയിൽ ഒരു മനുഷ്യനും മനുഷ്യപുത്രന്റേതിനേക്കാള്‍  കൂടുതല്‍   കഷ്ടപ്പെടുവാന്‍ കഴിയുകയില്ല.  കൽപ്പനകളുടെ പലകകളില്‍  എന്റെ രക്തം  ഇപ്പോള്‍ത്തന്നെയുണ്ട്. എന്റെ രക്തം   പ്രവഹിക്കുമ്പോഴാണ് നിധിയുടെ വാതിൽ തുറക്കപ്പെടുന്നത്. നിങ്ങളുടെ ആത്മാക്കൾ പരിശുദ്ധിയുള്ളതും ശക്തിയുള്ളതുമായിത്തീരുന്നത് എന്റെ രക്തം അവയെ  വിശുദ്ധീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. എന്നാല്‍   ആ രക്തം    വാർക്കുന്നത് വ്യർത്ഥമായിപ്പോകാതിരിക്കുവാന്‍  നിങ്ങൾ ഒരിക്കലും മാറ്റമില്ലാത്ത പത്തു   കൽപ്പനകള്‍  അനുസരിക്കണം.

ഇനി നമുക്കു വിശ്രമിക്കാം. കർത്താവിന്റെ സമാധാനം നിങ്ങളോടു കൂടെയുണ്ടായിയിക്കട്ടെ!"

Friday, February 24, 2012

ഹൃദയത്തിന്റെ ഉപവാസം

                ഈശോ പറയുന്നു: "സമ്പൂർണമായി ദൈവത്തിന്റെതാകുവാൻ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നവർ പോലും അനുദിന ആവശ്യങ്ങൾ നിമിത്തം പലവിചാരങ്ങൾക്ക് അധീനരാകുന്നു.         അവയ്ക്ക്       അടിപ്പെട്ടതു         നിമിത്തം ആയിരിക്കണമെന്നില്ല ഈ അലട്ടൽ. ശരീരത്തെക്കാൾ കൂടുതൽ അരൂപിയാണെങ്കിൽത്തന്നെ, ആത്മാവിന് വസ്ത്രമായി ശരീരമുള്ള കാലത്തോളം, ഒരു പഴത്തിന്റെ തൊലി എന്നപോലെ ശരീരത്തിന്റെ   ആവശ്യങ്ങൾക്കു്   മനുഷ്യൻ   അധീനനായിരിക്കും.
ഏറ്റം കുറഞ്ഞ രീതിയിലാണെങ്കിലും ഞാനും അതു സ്വീകരിച്ചു. അതു പാപമല്ല; ഒരു കടമയും വിവേകവുമാണ്. മാംസത്തെ നശിപ്പിക്കണമെന്ന് ഞാൻ പ്രസംഗിച്ചിട്ടില്ല. അതിനെ ക്രൂരമായി ആക്രമിക്കേണ്ട. ലോകത്തിലെല്ലാംതന്നെ ചിതറിക്കിടക്കുന്ന ചില താപസർ ചെയ്യുന്നതു ചെയ്യണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ  പഠിപ്പിച്ചതും ഞാൻ  മാതൃക നൽകിയതും മരണമുള്ള മാംസത്തെക്കുറിച്ച് ആകുലരാകേണ്ട; അമർത്യമായ ആത്മാവിനെക്കുറിച്ച് ചിന്തയുള്ളവരാകുവിൻ എന്നാണ്. ശരീരത്തെ കൊല്ലുന്നവയെ ഭയപ്പെടാതെ അരൂപിയെ കൊല്ലുന്നവയെ  ഭയപ്പെടണമെന്നാണ് ഞാൻ പ്രസംഗിച്ചിട്ടുള്ളത്. ശരീരത്തെയോ ആത്മാവിനെയോ ഏതിനെയാണു സൂക്ഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടി വരുമ്പോൾ, എപ്പോഴും നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ആത്മാവിനെയാണ്. 

           നിങ്ങളുടെ വായിൽ ഉപവാസവും എന്നാൽ ഹൃദയത്തിൽ ഉപവാസമില്ലായ്മയും  ആയാൽ, നിങ്ങളുടെ  ഉപവാസം എന്റെ പക്കൽ ഒരു അപമാനമാണ്. ഹൃദയത്തിന്റെ  ഉപവാസം എന്തെന്നാൽ,  നിങ്ങളുടെ പ്രവൃത്തികൾ, സംസാരം, ചിന്തകൾ ഇവയാൽ അയൽക്കാരെ ഉപദ്രവിക്കാതിരിക്കലാണ്.  ഞാൻ നിങ്ങളോടു പറയുന്നു; മാംസത്തിന്റെ പ്രവൃത്തികൾ കൊണ്ട് ആത്മാവിനെ നിങ്ങൾ വധിക്കാതിരിക്കുവിൻ. ഇങ്ങനെയും ഞാൻ  പറയുന്നു; വിശുദ്ധി നിമിത്തമല്ലാതെ വെറും പെരുമയ്ക്കു വേണ്ടി നിങ്ങളുടെ      മാംസത്തെ   (ശരീരത്തെ )   നിഹനിക്കത്തക്കവധം 
വർത്തിക്കാതിരിക്കുവിൻ. അരൂപിയിലും ചിന്തയിലും വികാരങ്ങളിലും പ്രവൃത്തികളിലും മാംസത്തിലും പരിശുദ്ധരായിരിക്കുവിൻ.
            
എങ്കിൽപ്പിന്നെ എങ്ങനെ പലവിചാരങ്ങൾ ഒഴിവാക്കാം? രാജ്ഞിയായ ആത്മാവിനു കീഴിലാക്കി മാംസത്തെ  എങ്ങനെ ഭരിക്കാം?     സ്നേഹം കൊണ്ട്....  സ്നേഹമായിരിക്കണം നിന്റെ യജമാനൻ.  ഒരു ഗായകസംഘത്തലവനെപ്പോലെ നിന്റെ എല്ലാ പ്രവൃത്തികളേയും നിയന്ത്രിക്കുന്നത് സ്നേഹമായിരിക്കട്ടെ. വിവിധ സംഗീതോപകരണങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ തമ്മിൽ ചേർന്ന് ഇമ്പകരമായ ഒരു ശബ്ദമായിത്തീരുന്നു. അത് ഒരു  പാദമാകാം; ഒരു  ഭാഗമാകാം; ഒരു   സമ്പൂർണ്ണ അവതരണമാകാം. ഇത് സ്നേഹിക്കുവാനുള്ള കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്.  സ്നേഹരാക്ഷസന്മാർ ശരിക്കുള്ള ഒരു   ഗാനമേള തന്നെ നടത്തും. ദൈവദൂതന്മാരും വിശുദ്ധരും അതിനോടു ചേരും. 
              
             സാധാരണ സ്നേഹക്കാർക്ക് അവരുടെ രാഗം ആലപിക്കുവാനറിയാം. ദൈവദൂതന്മാരും വിശുദ്ധരും ചാഞ്ഞ് അത് ശ്രദ്ധിക്കും. തീക്ഷ്ണതയുള്ളതിനാൽ സാധാരണ സ്നേഹത്തിന്റെ പദവിയിൽ നിന്നുയർന്ന് സ്നേഹരാക്ഷസ പദവിയിലേക്ക് അവർ ഉയരുമെന്ന് അവർക്കറിയാം. സ്നേഹത്തിന്റെ  രാക്ഷസന്മാർ ആരാണ്? ബലിയായിട്ടുള്ള ആത്മാക്കൾ തന്നെ.  സ്നേഹം  ശക്തിയാണ്. അതാണ്‌ പ്രപഞ്ചത്തെ ഭരിക്കുന്നത്. സ്നേഹമാണ് ലോകത്തെ രക്ഷിക്കുന്നത്. പട്ടാളമേധാവികളല്ല, ശാസ്ത്രജ്ഞന്മാരല്ല, പണ്ഡിതന്മാരല്ല, പിന്നെയോ, സ്നേഹിക്കുന്നവരാണ് വിജയത്തിന്റെ പാതകൾ  കണ്ടുപിടിക്കുന്നതും അതിലൂടെ നന്മയിലേക്ക് (ദൈവത്തിലേക്ക്) നയിക്കുന്നതും. കാരണം അവരുടെ സ്നേഹത്തിന്റെ   തീക്ഷ്ണതയാൽ, സാത്താന്റെ ചങ്ങലകൾ, നിങ്ങളെ തിന്മയുടെ അടിമകളാക്കുന്ന ചങ്ങലകൾ       അവർപൊട്ടിക്കുന്നു.

               വിശ്വാസികളുടെ സ്നേഹം  കാലങ്ങൾ നല്ലതാക്കുന്ന അത്ഭുതം നേടിയെടുക്കുന്നുവെങ്കിൽ, ബലിയർപ്പിതരായിരിക്കുന്ന ആത്മാക്കളുടെ സ്നേഹം, സാത്താന്റെ  ആക്രമണത്തിനെതിരേയുള്ള പ്രതിരോധശക്തിയാണ്. ശരണമില്ലാത്ത ദുരിതത്തിൽ നിങ്ങളെ നശിപ്പിക്കാനാണ് സാത്താൻ ആഗ്രഹിക്കുന്നത്. ബലിയർപ്പിതരായിരിക്കുന്ന ആത്മാക്കളുടെ സ്നേഹമാണ്  പാപപ്പൊറുതിയുടെ വാതായനങ്ങൾ തുറക്കുന്നത്. ബലിയുടെ അഗ്നി കൊണ്ട് അവർ ആ വാതിലുകൾ ഉരുക്കിക്കളയുന്നു." 

(അവലംബം:  Victim Souls by Maria Valtorta)

Monday, February 20, 2012

തപസ്സുകാലം

പരിശുദ്ധഅമ്മയുടെ  സന്ദേശം


               "വലിയനോമ്പുകാലം ഇതാ സമാരംഭിക്കാൻ പോവുകയാണ്.  പരസ്നേഹത്തിന്റെയും പരിഹാരത്തിന്റെയും പ്രവൃത്തികൾ ചെയ്യാൻ തിരുസ്സഭ ഓരോരുത്തരേയും സ്നേഹത്തോടുകൂടി ക്ഷണിക്കുന്ന സമയമാണിത്. ഈ നോമ്പുകാലം നന്നായി ചെലവഴിക്കുവാൻ നിങ്ങളുടെ  സ്വർഗ്ഗീയമാതാവായ ഞാൻ   നിങ്ങളോടഭ്യർത്ഥിക്കുന്നു. മാനസാന്തരപ്പെട്ട് ഇന്ദ്രിയനിഗ്രഹത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴിയിൽക്കൂടി കർത്താവിങ്കലേക്കു മടങ്ങുക.
             
             ആദ്യമായി ഞാനാഗ്രഹിക്കുന്നത്, സാത്താനെയും അവന്റെ എല്ലാ ദുഷ്പ്രവൃത്തികളേയും ലോകത്തേയും അതിന്റെ വഴിപിഴച്ച വിവിധ   മാർഗ്ഗങ്ങളേയും  ഉപേക്ഷിച്ചുകൊണ്ട്   നിങ്ങൾ   ഓരോരുത്തരും കൂടുതൽ ശക്തിയാർജ്ജിച്ചുകൊണ്ട് ദൈവവരപ്രസാദത്തിൽ നിലനിൽക്കാനുള്ള  ചുമതല ഏറ്റെടുക്കുക എന്നതാണ്. ശുദ്ധതയുടേയും സ്നേഹത്തിന്റെയും വിശുദ്ധിയുടേയും മാർഗ്ഗത്തിൽ നിങ്ങൾ നടക്കുക. 
           ഇന്ദ്രിയനിഗ്രഹവും പ്രായശ്ചിത്തവും ഇന്നുഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്.  പാപമാർഗ്ഗത്തിൽ സ്ഥിരമായി ജീവിക്കുകവഴി സാത്താന്റെ അടിമത്വത്തിൽ കഴിയുന്ന അനവധിയായ സഹോദരങ്ങളുടെ രക്ഷയ്ക്കായി,  നിങ്ങൾ, നിങ്ങളുടെ ചെറുതെങ്കിലും രഹസ്യമായ ഇന്ദ്രിയനിഗ്രഹങ്ങൾ ദിവസേന എന്റെ വിമലഹൃദയത്തിന് ഒരു കിരീടമായി കാഴ്ചവയ്ക്കുക.
വീണ്ടും ഞാൻ  നിങ്ങളോടാവശ്യപ്പെടുന്നത്,  നിങ്ങളുടെ ഹൃദയപരിശുദ്ധിയേയും ജീവിതവിരക്തിയേയും വഷളാക്കാനിടയുള്ള  സാഹചര്യങ്ങളിൽ നിന്നും  നിങ്ങൾ    അകന്നു  നിൽക്കണം എന്നാണ്. 
           ഇത് അനുരഞ്ജനത്തിന്റെ ദിനങ്ങളാണ്. പ്രതീക്ഷയുടേയും കാരുണ്യത്തിന്റെയും പ്രസാദവരത്തിന്റെയും ദിനങ്ങൾ!!

1.   ആന്തരിക പ്രായശ്ചിത്തം
            നിങ്ങളെത്തന്നെ അറിയുന്നതിനും  വികാരങ്ങളെ മെരുക്കിയെടുത്ത് എളിമയിലും പുണ്യത്തിലും വളരുന്നതിനും ഇതു സഹായിക്കുന്നു.


2. നിങ്ങളുടെ മൗനവും പ്രായശ്ചിത്തവും
         നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, ദൈവഹിതം മാത്രം നിറവേറ്റി, എളിമയോടും വിശ്വാസത്തോടും കൂടി നിങ്ങളുടെ കടമകൾ പൂർണ്ണമായി നിറവേറ്റുന്നതിലാണ് ഇത് അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ  പുഞ്ചിരി, ശാലീനത, ശാന്തത, ക്ഷമ, ദൈവത്തിൽ നിന്നു ലഭിക്കുന്നവയെല്ലാം സ്വീകരിക്കുന്നതിനും അർപ്പിക്കുന്നതിനുമുള്ള സന്മനസ്സ് എന്നിവ നിങ്ങളുടെ  മൗനസഹനങ്ങളാണ്. ഇവ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നിങ്ങൾക്കു് വളരെയധികം മൂല്യം നൽകും.

3. ബാഹ്യമായ പ്രായശ്ചിത്തം
            ഈ പ്രായശ്ചിത്ത പ്രവൃത്തികൾ നിങ്ങളുടെ  ഭോഗാസക്തിയെ നിയന്ത്രിക്കുന്നതിനും പഞ്ചേന്ദ്രിയങ്ങളെ - പ്രത്യേകമായി,  കണ്ണുകളെ, നാവിനെ, കേൾവിയെ,  രുചിയെ - തിന്മയ്ക്കെതിരെ    കാത്തുസൂക്ഷിക്കുന്നതിനും    സഹായിക്കുന്നു. 
നിങ്ങളെ വലയം ചെയ്യുന്ന ഇരുളിന്റെ വഴികളെയും തെരുവുകളിൽ കാണുന്ന അശ്ലീലങ്ങളേയും നിങ്ങളുടെ ശ്രദ്ധയിൽ നിന്നും അകറ്റുക. നിങ്ങളുടെ ആത്മാവിന്റെ വെളിച്ചത്തെ കാത്തുസൂക്ഷിക്കുന്നതിനും പ്രാർത്ഥനയ്ക്കും ധ്യാനത്തിനും കൂടുതൽ സമയം ലഭ്യമാക്കുന്നതിനുമായി, ടെലിവിഷൻ തുടങ്ങിയ മാദ്ധ്യമങ്ങളിൽ നിന്നും കഴിയുന്നത്ര അകലുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുവാൻ കരുതലുള്ളവനായിരിക്കുക. വിനീതരായി, മറ്റുള്ളവരെ വിമർശിക്കുന്നതിൽനിന്നും, പിറുപിറുക്കുന്നതിൽനിന്നും, നിങ്ങളുടെ അന്തസ്സിനു ചേരാത്ത എല്ലാവിധ സംസാരങ്ങളിൽ നിന്നും നിങ്ങൾ അകലുക. അങ്ങനെ നിങ്ങളെത്തന്നെ     നിത്യനാശത്തിൽ      നിന്നും     ഒഴിവാക്കുക. 
നിങ്ങളുടെ കാതുകളും മനസ്സും ഇന്നത്തെ ശബ്ദായമാനമായ ചുറ്റുപാടുകളിൽ നിന്നും  അകറ്റി നിർത്തുക. നിങ്ങൾക്കു സന്തോഷം പകരുന്ന ഏതെങ്കിലും ഭക്ഷണസാധനങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തോടുള്ള നിങ്ങളുടെ അമിതപ്രിയത്തെ നിയന്ത്രിക്കുക. 
                  
         ഞാൻ   ആവശ്യപ്പെട്ടതിൻപ്രകാരം നിങ്ങൾ  പ്രവർത്തിക്കുന്ന പക്ഷം,  നിങ്ങൾ  എന്റെ കൈകളിൽ ശക്തിയേറിയ മാദ്ധ്യസ്ഥവും പരിഹാരവും കണ്ടെത്തും. എങ്കിൽ മഹത്വപൂർണ്ണവും ഭയജനകവും നീതിപൂർണ്ണവും പരിശുദ്ധവുമായ കർത്താവിന്റെ തിരുസിംഹാസനത്തിൻ മുമ്പാകെ നിങ്ങൾക്കു വേണ്ടി ഞാൻ  സന്നിഹിതയായി ദൈവത്തിന്റെ സ്വർഗ്ഗീയ കാരുണ്യത്തിനായി ഞാൻ   യാചിക്കുന്നതായിരിക്കും. "ഓ ! കർത്താവേ, അങ്ങയുടെ അമൂല്യമായ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട അങ്ങയുടെ  ജനത്തോട് അങ്ങ് പൊറുക്കണമേ!"         

(അവലംബം:  നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു)

Saturday, February 18, 2012

ആദവും ഹവ്വയും - ഈശോയുടെ പ്രബോധനം

             ഈശോ പറയുന്നു: "മനുഷ്യൻ സൃഷ്ടിക്കപ്പെട്ടപ്പോൾ എങ്ങനെയായിരുന്നോ ആ സ്ഥിതിയിലേക്ക് അവരെ തിരിച്ചു കൊണ്ടുവരാനുള്ളവരായിരുന്നു ഈശോയും മേരിയും. ആദവും ഹവ്വയും ചെയ്തതെല്ലാം നീക്കിക്കളയാനുള്ളവരായിരുന്നു അവർ. 
                            സൃഷ്ടിയുടെ ആരംഭത്തിൽ ആദവും ഹവ്വയും കൃപാവരത്തിൽ സമ്പന്നരും സകല കൃപകളും ഉള്ളവരുമായിരുന്നു. പരിശുദ്ധനായ പിതാവ്, അവർക്ക് പരിധിയില്ലാത്ത സമ്പത്ത് കൊടുത്തിരുന്നു. ആദവും ഹവ്വയും പാപം ചെയ്തുകഴിഞ്ഞപ്പോൾ അവർക്കുണ്ടായിരുന്ന സകലതും നഷ്ടപ്പെട്ടു. മാരകമായ രോഗങ്ങൾ, ദാരിദ്ര്യം, അംഗവൈകല്യം, ഏറ്റവുമധികമായി ആത്മീയദാരിദ്ര്യം എന്നിവയ്ക്കെല്ലാം കാരണം അവരുടെ പ്രവൃത്തിയായിരുന്നു. 
   ഈശോയുടേയും മേരിയുടേയും പ്രവൃത്തികളിലൂടെ മനുഷ്യവർഗ്ഗം ഒരു പുനർജനനത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു. അങ്ങനെ അവർ മനുഷ്യകുടുംബത്തിന്റെ പുതിയ സ്ഥാപകരായിത്തീർന്നു. പുതിയ യുഗത്തിൽ പുതിയ ഹവ്വാ, പൂർണ്ണമായി വ്യത്യസ്തയായി, സൃഷ്ടികർമ്മത്തിന്റെ തകിടം മറിക്കലിലൂടെ കർത്താവിന്റെ പ്രവർത്തനത്താൽ അവളുടെ നിർമ്മലമായ ഉദരത്തിലൂടെ പുതിയ  ആദത്തിനു ജന്മംനൽകി. 

         ആദത്തിന്റേയും  ഹവ്വായുടേയും പ്രവൃത്തി തുടച്ചുമാറ്റുവാൻ ഈശോയും  മേരിയും അവരുടെ അനുസരണം പൂർണ്ണതയിൽ നൽകണമായിരുന്നു;  സ്വന്തം ശരീരം ബലിയാക്കണമായിരുന്നു;  വിചാരവികാരങ്ങളും ചിന്തകളും ആഗ്രഹങ്ങളും ബലിയാക്കണമായിരുന്നു; ദൈവം  ആവശ്യപ്പെടുന്നതെല്ലാം സ്വീകരിക്കണമായിരുന്നു. അതിനാൽ അവർക്ക് തങ്ങളുടെ പരിശുദ്ധി,  സമ്പൂർണ്ണ കന്യാത്വത്തിൽ നേടണമായിരുന്നു.  അതിനാൽ  മാംസം (ജഡം) - പരിശുദ്ധരായ  ഞങ്ങൾക്കു്  മാംസം എന്തായിരുന്നു? ആധിപത്യം പുലർത്തുന്ന അരൂപിയുടെ മേൽ വീശുന്ന  മന്ദമാരുതന്റെ ഒരു  തലോടൽ മാത്രം; അരൂപിയെ പൊതിയുന്ന ഒരു  പളുങ്കു മാത്രം; ഞങ്ങൾക്കു്  മാംസം ഇങ്ങനെയായിരുന്നു. ഒരു ലിനൻ വസ്ത്രത്തെക്കാൾ  നേർത്തതും ചലനാത്മകവും;  അതിമാനുഷികമായ വ്യക്തിത്വത്തിന്റെ പ്രകാശത്തിനും ലോകത്തിനും ഇടയ്ക്കു വയ്ക്കപ്പെട്ട ലോലമായ ഒരു   വസ്തു - ദൈവം  ആവശ്യപ്പെട്ടതു നിറവേറ്റാൻ മാത്രമുള്ള ഒന്ന് - മറ്റൊന്നുമായിരുന്നില്ല.
            
        ഞങ്ങൾക്കു സ്നേഹമുണ്ടായിരുന്നോ? തീർച്ചയായും ഞങ്ങൾക്കു സ്നേഹമുണ്ടായിരുന്നു. പരിപൂർണ്ണമായ സ്നേഹമുണ്ടായിരുന്നു. മനുഷ്യരേ, ഐന്ദ്രികാനുഭവത്തിനുള്ള വിശപ്പ് - മാംസം  കൊണ്ടു നിങ്ങളെത്തന്നെ നിറയ്ക്കാനുള്ള ആവേശം - അതു സ്നേഹമല്ല - ജഡികതയാണ്; മറ്റൊന്നുമല്ല. അങ്ങനെ പരസ്പരം വിശപ്പടക്കുമ്പോൾ അതു  സ്നേഹമാണെന്നു നിങ്ങൾ  വിചാരിക്കുന്നു. എന്നാൽ നിങ്ങൾക്ക്  പരസ്പരം സഹിക്കുവാനും സഹായിക്കുവാനും ക്ഷമിക്കുവാനും കഴിയുന്നില്ല!!!  അപ്പോൾ  നിങ്ങളുടെ സ്നേഹം എന്താണ്? അതു  വിരോധമാണ്. നല്ല രുചികരമായ, ആരോഗ്യവും ഉന്മേഷവും പകരുന്ന ഭക്ഷണത്തിനു പകരം ചീഞ്ഞഴുകിയ വസ്തുക്കൾ ഭക്ഷിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്ന ഭ്രാന്തിന്റെ ഉന്മത്തത മാത്രമാണത്. ഞങ്ങൾക്കു പരിപൂർണ്ണമായ സ്നേഹമുണ്ടായിരുന്നു.  പരിപൂർണ്ണമായ ചാരിത്ര്യശുദ്ധിയുണ്ടായിരുന്നു. ഈ സ്നേഹം സ്വർഗ്ഗത്തിൽ ദൈവത്തെ ആശ്ളേഷിച്ചു. ദൈവത്തോട് യോജിച്ച് ഐക്യപ്പെട്ടുകൊണ്ട് അതു  പടർന്നു താഴേക്കിറങ്ങി;   വിശ്രമം, അഭയം, പോഷണം, ആശ്വാസം എന്നിവയെല്ലാം ഭൂമിയുടേയും അവിടെ വസിക്കുന്നവരുടേയും മേൽ ചൊരിഞ്ഞു. ഈ സ്നേഹത്തിൽ നിന്ന് ഒരുത്തരും ഒഴിവാക്കപ്പെട്ടിരുന്നില്ല. ഞങ്ങളുടെ  സഹജീവികളാകട്ടെ, താഴ്ന്ന സൃഷ്ടികളോ സസ്യങ്ങളോ ജലമോ നക്ഷത്രങ്ങളോ അതിൽനിന്ന്  ഒഴിവാക്കപ്പെട്ടില്ല. ദുഷ്ടന്മാർപോലും ഈ സ്നേഹത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ല. കാരണം, അവർ  മൃതമായ അവയവങ്ങളാണെങ്കിലും സൃഷ്ടപ്രപഞ്ചമാകുന്ന ശരീരത്തിന്റെ ഭാഗമാണ് അവരും. അതിനാൽ മലിനമാക്കപ്പെടുകയും വിരൂപമാക്കപ്പെടുകയും ചെയ്തെങ്കിലും,  അവരെ സൃഷ്ടിച്ച കർത്താവിന്റെ പരിശുദ്ധമായ ഛായ  അവരിലുമുണ്ട്.
          
         ഞങ്ങൾ നല്ല മനുഷ്യരോടുകൂടെ സന്തോഷിക്കുന്നു; നല്ലവരല്ലാത്തവരെ ഓർത്തു കരയുന്നു; നന്മയുടെയും തിന്മയുടേയും പാതകളിൽ ഏതു സ്വീകരിക്കണമെന്നു സന്ദേഹിക്കുന്നവർക്ക് നന്മയിൽ ഉറച്ചുനിൽക്കുവാൻ സ്ഥിരത നൽകണമെന്ന് പ്രാർത്ഥിക്കുന്നു. ആരും സ്നേഹിച്ചിട്ടില്ലാത്ത വിധത്തിൽ ഞങ്ങൾ  സ്നേഹിച്ചു. പൂർണ്ണതയുടെ പരകോടിയിലേക്ക് സ്നേഹത്തെ ഞങ്ങൾ  വഹിച്ചു. ഞങ്ങളുടെ  സ്നേഹസമുദ്രം കൊണ്ട് ആദിമാതാപിതാക്കൾ അവരുടെ  സ്നേഹരാഹിത്യം കൊണ്ട് കുഴിച്ച അഗാധഗർത്തം ഞങ്ങൾ   നിറയ്ക്കുവാൻ ശ്രമിക്കുന്നു. അവർ  ദൈവത്തെ സ്നേഹിക്കുന്നതിനു പകരം തങ്ങളെത്തന്നെയാണ് സ്നേഹിച്ചത്. ദൈവത്തേക്കാൾ ശ്രേഷ്ടരായിത്തീരുവാൻ കൽപ്പന ലംഘിച്ചുകൊണ്ട് അവർ  ശ്രമിച്ചു."

Sunday, February 12, 2012

ഈശോ അപ്പം വർദ്ധിപ്പിക്കുന്നു

        അപ്പത്തിന്റെ രണ്ടാമത്തെ അത്ഭുതം

              ഗലീലിയക്കടലിന്റെ തീരത്തുള്ള ഒരു  ഉന്നത തടത്തിൽ വലിയൊരു ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ട് ഈശോ നിൽക്കുന്നു.  ശിഷ്യരെല്ലാം ചുറ്റുമുണ്ട്.  സമയം  സന്ധ്യയോടടുക്കുന്നു.
               ഈശോ  അത്ഭുതങ്ങൾ പലതും അവർക്കായി ചെയ്തുകഴിഞ്ഞു.  അവരോടു്  ഇങ്ങനെ പറയുന്നുമുണ്ട്: "എന്നെ അയച്ചവനെ നിങ്ങൾ സ്തുതിക്കണം. അവനോടു നന്ദി പറയണം. എനിക്കല്ല നന്ദി പറയേണ്ടത്.  അത് ഹൃദയത്തിൽ നിന്നുയരണം; കാറ്റ് ശബ്ദമുണ്ടാക്കുന്നതു പോലെ ശ്രദ്ധയില്ലാതെ അധരങ്ങൾ ശബ്ദിച്ചാൽപ്പോരാ; യഥാർത്ഥ സ്തുതി ഹൃദയത്തിലെ വികാരങ്ങൾ ഉയർത്തുന്നു. അത് ദൈവത്തിനു പ്രീതികരമാണ്. രോഗവിമുക്തരായവർ വിശ്വസ്തതയോടെ കർത്താവിനെ സ്നേഹിക്കട്ടെ. അവരുടെ ബന്ധുക്കളും അതുപോലെതന്നെ കർത്താവിനെ സ്നേഹിക്കട്ടെ. വീണ്ടുകിട്ടിയ ആരോഗ്യം ദുരുപയോഗിക്കരുത്. ശരീരത്തിന്റെ രോഗത്തെക്കാൾ ആത്മാവിന്റെ രോഗത്തെ ഭയപ്പെടുവിൻ. പാപം ചെയ്യരുത്. കാരണം, ഓരോ പാപവും ഓരോ രോഗമാണ്. അവയിൽ ചിലത് മരണത്തിനിടയാക്കാം.. അതിനാൽ ഇപ്പോൾ സന്തോഷിക്കുന്ന നിങ്ങളെല്ലാവരും പാപം ചെയ്ത് കർത്താവിന്റെ അനുഗ്രഹങ്ങൾ നശിപ്പിക്കരുത്..... ദൈവത്തിന്റെ സമാധാനം നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ..."
                 അനന്തരം ഈശോ മൗനത്തിലാഴുന്നു.   കൈകൾ നെഞ്ചോടു ചേർത്തുപിടിച്ച് ചുറ്റുമുള്ള ജനക്കൂട്ടത്തെ നോക്കുന്നു. പിന്നിട് ചുറ്റും നോക്കുന്നു.  മങ്ങുന്ന വെളിച്ചത്തിൽ കൂടുതൽ കൂടുതൽ ഇരുളുന്ന ആകാശത്തിലേക്കും നോക്കുന്നു.  ഈശോ നിന്നിരുന്ന പാറപ്പുറത്തു നിന്നു താഴെയിറങ്ങി.  അനന്തരം അപ്പസ്തോലന്മാരോടു പറയുന്നു: "ഈ  ജനത്തെ ഓർത്ത് എനിക്കു ദുഃഖം തോന്നുന്നു. മൂന്നു ദിവസമായി അവർ എന്നെ അനുഗമിക്കയാണ്. അവർക്കിനി ഭക്ഷണമൊന്നും ലഭിക്കാൻ മാർഗ്ഗമില്ല. അടുത്തെങ്ങും ഒരു ഗ്രാമവുമില്ലല്ലോ. ഭക്ഷണം കൊടുക്കാതെ അവരെ പറഞ്ഞു വിട്ടാൽ അവരിൽ ദുർബ്ബലരായവർക്ക് വലിയ സഹനത്തിനിടയാകും."

"അതെങ്ങനെ സാധിക്കും ഗുരുവേ? നീ തന്നെ പറഞ്ഞല്ലോ നമ്മൾ ഗ്രാമങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന്.  വിജനമായ ഈ സ്ഥലത്ത് അപ്പം എവിടെ നിന്നു കിട്ടാനാണ്?  എല്ലാവർക്കും കൊടുക്കാനുള്ള അപ്പം വാങ്ങാൻ ആര് ഇത്രയധികം പണം തരും?"

"നിങ്ങളുടെ പക്കൽ എന്തെങ്കിലുമുണ്ടോ?"
"ഏതാനും മൽസ്യവും കുറച്ചു് അപ്പക്കഷണങ്ങളുമുണ്ട്."
"നിങ്ങൾക്കുള്ളത് ഇങ്ങു കൊണ്ടുവരൂ."
അവർ ഒരു ചെറിയ കൂടയിൽ ഏഴു കഷണം അപ്പവും തീയിൽ ചുട്ട ഏതാനും മൽസ്യങ്ങളും  കൊണ്ടുവന്നു.
"അമ്പതു വീതമുള്ള ഗണങ്ങളായി ജനത്തെ ഇരുത്തുക." ഈശോ പറഞ്ഞു.
     ശിഷ്യർ ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി, ഈശോ ആവശ്യപ്പെട്ടതു പോലെ ആളുകളെ ക്രമമായി ഇരുത്തുന്നു. ഈശോ അപ്പക്കഷണങ്ങൾ - രണ്ടു ചെറു കഷണങ്ങൾ എടുത്ത് രണ്ടു കൈയിലും പിടിച്ചു് സമർപ്പിച്ച ശേഷം അതു താഴെ വച്ചു; അവയെ ആശീർവദിച്ചു. മൽസ്യവും ഇരുകരങ്ങളിലും എടുത്ത് സമർപ്പിച്ച ശേഷം താഴെ വച്ച്  അവയെയും ആശീർവദിച്ചു.
 

"ഇനി ഇവയെടുത്ത് എല്ലാവർക്കും ധാരാളം കൊടുക്കൂ."
ശിഷ്യർ അനുസരിക്കുന്നു.

ഈശോ അതുനോക്കി പുഞ്ചിരി തൂകുന്നു.  

        ശിഷ്യർ അപ്പം വിതരണം ചെയ്ത് അങ്ങകലെ വരെ എത്തുന്നു. കുട്ടകൾ എപ്പോഴും നിറഞ്ഞാണിരിക്കുന്നത്. ജനങ്ങളെല്ലാം ഭക്ഷിച്ചു. നേരം രാത്രിയായി. വലിയ നിശ്ശബ്ദതയും സമാധാനവും... 

ഈശോ പറയുന്നു:  "ഈ അത്ഭുതവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും തമ്മിലുള്ള സാധർമ്മ്യം ഞാൻ വിശദീകരിക്കാം.
       നോക്കൂ, ഞാൻ വചനം നൽകുന്നു. നിങ്ങൾക്കു മനസ്സിലാക്കാൻ കഴിവുള്ള,  നിങ്ങൾക്കു് സ്വാംശീകരിച്ച് നിങ്ങളുടെ ആത്മാക്കൾക്കു് പോഷണമാക്കിത്തീർക്കാവുന്നവ എല്ലാം ഞാൻ നിങ്ങൾക്കു തരുന്നുണ്ട്.  എന്നാൽ നിങ്ങളുടെ ക്ഷീണവും കഴമ്പില്ലായ്കയും നിമിത്തം എന്റെ വചനത്തിലുള്ള പോഷണം മുഴുവൻ സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല. നിങ്ങൾക്കതിന്റെ ആവശ്യം ധാരാളമായിട്ടുണ്ട്. എന്നാൽ ധാരാളം സ്വീകരിക്കാൻ നിങ്ങൾക്കു കഴിവില്ല.  ആത്മീയശക്തി നിങ്ങൾക്കു് വളരെക്കുറവാണ്. ഇവ നിങ്ങൾക്കു് രക്തവും ശക്തിയും പ്രദാനം ചെയ്യാതെ നിങ്ങളെ ഭാരപ്പെടുത്തുകയാണു ചെയ്യുക.  അപ്പോൾ അരൂപി നിങ്ങൾക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കുന്നു. വചനം
വർദ്ധിപ്പിക്കുന്ന ആത്മീയഅത്ഭുതം...  അരൂപി നൽകുന്ന പ്രകാശത്താൽ വചനത്തിന്റെ ഏറ്റവും നിഗൂഡമായ അർത്ഥങ്ങൾ പോലും വർദ്ധിപ്പിച്ച് നിങ്ങൾക്കു നൽകുന്നു. അങ്ങനെ അവ ഭക്ഷിച്ചു് ജീവിതമാകുന്ന മരുഭൂമിയിൽ ക്ഷീണം കൊണ്ട് തളർന്നുവീഴാതെ നിങ്ങളെ ശക്തിപ്പെടുത്തും. അങ്ങനെ, നിങ്ങൾക്കുപകാരമില്ലാത്ത ഭാരവും പേറി നിങ്ങൾ ഞെരുങ്ങേണ്ടതായി വരികയില്ല.

                
            പെന്തക്കോസ്താ ദിനത്തിൽ അപ്പസ്തോലന്മാരുടെ മേൽ ആവസിച്ച അരൂപി,  അവരുടെ വാക്കുകൾ പാർത്തിയ, മേദിയ, സിറിയ, കപ്പദോച്ചിയ, പോന്തസ്, ഫ്രീജിയാ, ഈജിപ്ത്, റോമാ, ഗ്രീസ്, ലിബിയാ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മനസ്സിലാക്കിക്കൊടുത്തല്ലോ.  അതുപോലെ നിങ്ങൾ കരയുമ്പോൾ അരൂപി നിങ്ങളെ ആശ്വസിപ്പിക്കും;  ഉപദേശം തേടുമ്പോൾ നിങ്ങളെ ഉപദേശിക്കും;  നിങ്ങൾ സന്തോഷിക്കുമ്പോൾ അതിൽ പങ്കുചേരും; ഒരേ വാക്കിനാൽ ഇതെല്ലാം ചെയ്യും.
                 "സമാധാനത്തിൽ പോകൂ;  എന്നിട്ട് ഇനിയും പാപം ചെയ്യരുത്"  എന്ന വാക്യത്തിന്റെ അർത്ഥം അരൂപി നിങ്ങൾക്കു് വ്യക്തമാക്കിത്തന്നിരുന്നെങ്കിൽ!!  പാപം ചെയ്തിട്ടില്ലാത്തവർക്ക് ഈ വാക്കുകൾ ഇപ്പോൾത്തന്നെ ഒരു പ്രതിസമ്മാനമാണ്;  ബലഹീനരെങ്കിലും പാപം ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് ഈ വാക്കുകൾ പ്രോത്സാഹനമാണ്;  പശ്ചാത്തപിക്കുന്ന ആത്മാക്കൾക്കു് അവ പാപപ്പൊറുതിയാണ്; അനുതാപത്തിന്റെ നിഴൽ മാത്രം കാണിക്കുന്നവർക്ക് കരുണാമസൃണമായ ഒരു നേരിയ ശാസനയുമാണ്.  എന്നാലോ,  ഇത് ഒറ്റ വാക്യം മാത്രം!  അതും വളരെ ലളിതമായ വാക്യങ്ങളിലൊന്ന്... എന്റെ സുവിശേഷത്തിൽ എത്രയധികം വാക്യങ്ങളുണ്ട്!  എത്രയധികം!! വസന്തകാലത്ത് ഒരു മഴ കഴിഞ്ഞ് സൂര്യപ്രകാശം ഏറ്റു കഴിയുമ്പോൾ ഒരു പുഷ്പം മാത്രമുണ്ടായിരുന്ന വൃക്ഷക്കൊമ്പിൽ വളരെയേറെ പൂമൊട്ടുകൾ വിരിയുന്നതു പോലെയാണത്. അതു കാണുന്നവരെല്ലാം വിസ്മയഭരിതരാകുന്നു.

'സ്നേഹത്തിന്റെ' സമാധാനം നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ!"

Saturday, February 11, 2012

ഈശോ യൂദാസിനെ ഉപദേശിക്കുന്നു

മെയ്റോൺ എന്ന ഗ്രാമത്തിലെ സുവിശേഷ പ്രഘോഷണത്തിനു ശേഷം  ഈശോയും അപ്പസ്തോലന്മാരും അവിടം വിട്ടു പോകയാണ്. യൂദാ സ്കറിയോത്താ ഈശോയോടൊപ്പം മുന്നിലുണ്ട്. മെയ്റോണിൽ വച്ച് ദാനം കിട്ടുകയും മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്ത പണത്തിന്റെ കണക്ക് അയാൾ ഈശോയോടു പറയുകയാണ്.  അവസാനം ഇങ്ങനെ ചോദിക്കുന്നു; "ഗുരുവേ, പണം ഞാൻ തന്നെ തുടർന്നു സൂക്ഷിക്കണമോ? നിനക്ക് എന്നെ വിശ്വാസമുണ്ടോ?"

"യൂദാസേ, നീ തന്നെ എല്ലാം പറയുന്നു. എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. എന്നെ സംബന്ധിച്ചിടത്തോളം മാറ്റമൊന്നും വന്നിട്ടില്ലെന്ന് നീ അറിഞ്ഞുകൊള്ളൂ... കാരണം, നിനക്കു വ്യത്യാസം വരുമെന്നും കഴിഞ്ഞ കാലങ്ങളിൽ ആയിരുന്നതു പോലെ ഒരു ശിഷ്യനായിത്തീരുമെന്നും ഞാൻ പ്രത്യാശിക്കുന്നു. നീ ഒരു നീതിമാനായ മനുഷ്യനാകണമെന്നാഗ്രഹിച്ച്, നിന്റെ മാനസാന്തരത്തിനായി ഞാൻ പ്രാർത്ഥിക്കയും വേദനയനുഭവിക്കയും ചെയ്യുന്നുണ്ട്."

"ഗുരുവേ, നീ പറഞ്ഞതു ശരിയാണ്.. എന്നാൽ നിന്റെ സഹായം കൊണ്ട് തീർച്ചയായും ഞാൻ അങ്ങനെയായിത്തീരും. എന്തായാലും ... അവയെല്ലാം നിസ്സാരമായ അപൂർണ്ണതകളാണ്. ഒട്ടും പ്രധാനമല്ലാത്ത കാര്യങ്ങൾ... പോരാ,  നമ്മുടെ സഹോദരങ്ങളെ മനസ്സിലാക്കാനും അവരെ സുഖപ്പെടുത്താനും അവ നമ്മെ സഹായിക്കുന്നു."

:യൂദാസേ, നിന്റെ ധാർമ്മികത വളരെ വിചിത്രം തന്നെ! അതിലും കൂടുതൽ ഞാൻ പറയേണ്ടതാണ്.  ചികിൽസക്കു വരുന്ന രോഗികളോട്, "ഇപ്പോൾ ഈ രോഗമുള്ളവരെ ചികിൽസിച്ചു സുഖപ്പെടുത്തേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം.."  എന്നു  പറയാനായി മനപ്പൂർവം രോഗിയായിത്തീരുന്ന വൈദ്യനെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല.   അപ്പോൾ ഞാൻ കഴിവില്ലാത്ത ആളാണോ?"

"ഗുരുവേ, ആരാണ് അങ്ങനെ പറഞ്ഞത്?"

"നീയാണു പറഞ്ഞത്.  ഞാൻ പാപം ചെയ്യാത്തതുകൊണ്ട് എനിക്കു പാപികളെ സുഖപ്പെടുത്താൻ കഴിവില്ല."
"നീ, നീയാണ്... എന്നാൽ ഞങ്ങൾ നീയല്ല.. ഞങ്ങൾ പഠിക്കുന്നതിന് അനുഭവ ജ്ഞാനം വേണം."

"അതു നിന്റെ പഴയ ആശയമാണ്. ഇരുപതു മാസം മുമ്പുണ്ടായിരുന്ന അതേ ആശയം തന്നെ.. അന്നു നീ വിചാരിച്ചിരുന്നത്, രക്ഷാകർമ്മം നിർവ്വഹിക്കണമെങ്കിൽ ഞാൻ പാപം ചെയ്യണമെന്നാണ്; ആ ഒരു വ്യത്യാസം മാത്രം വന്നിട്ടുണ്ട്. ഇതുവരെ നീ ആ തെറ്റ് തിരുത്താത്തതിൽ ഞാൻ വിസ്മയിക്കുന്നു. നിന്റെ അഭിപ്രായത്തിൽ എന്റെ തെറ്റാണത്; പാപികളെ മനസ്സിലാക്കാനുള്ള കഴിവ് എനിക്കു തരാൻ അങ്ങനെ നീ ആഗ്രഹിക്കുകയും ചെയ്യുന്നു."

"ഗുരുവേ, നീ തമാശ പറയുകയാണ്... അതിനാൽ ഞാൻ സന്തോഷിക്കുന്നു. നിന്നെക്കുറിച്ച് ഞാൻ ദുഃഖിക്കയായിരുന്നു.. നീ വളരെ ദുഃഖം അനുഭവിക്കുന്നുണ്ടായിരുന്നു.. നീ ഇപ്പോൾ തമാശ പറയുവാൻ ഇടയാക്കിയതിനാൽ ഞാൻ ഇരട്ടി സന്തോഷമുള്ളവനാണ്. എന്നാൽ നിന്റെ ഗുരുവാണെന്ന് അവകാശപ്പെടാൻ ഞാനൊരിക്കലും ആഗ്രഹിച്ചില്ല. കാര്യം എങ്ങനെയായാലും എന്റെ ചിന്താഗതി ഞാൻ തന്നെ തിരുത്തി. ഇപ്പോൾ ഞാൻ പറയുന്നത്, ഈ അനുഭവ ജ്ഞാനം ഞങ്ങൾക്കു മാത്രം മതിയെന്നാണ്; സാധു മനുഷ്യരായ ഞങ്ങൾക്കു മാത്രം... നീ ദൈവത്തിന്റെ പുത്രനാണ്. അതിനാൽ നിന്റെ ജ്ഞാനം ആയിരിക്കുന്നതു പോലെ തന്നെ എപ്പോഴും ആയിരിക്കുന്നതിന് അനുഭവം ആവശ്യമില്ല."

"കൊള്ളാം.. എന്നാൽ കളങ്കമില്ലായ്മയും ജ്ഞാനമാണെന്ന് നീ അറിഞ്ഞുകൊള്ളുക.  പാപികൾക്കുള്ള അധമമായ അറിവിനേക്കാൾ വളരെ മഹത്തായ ജ്ഞാനം... തിന്മയെക്കുറിച്ചുള്ള പരിശുദ്ധമായ അജ്ഞത,  നമ്മെത്തന്നെയും മറ്റുള്ളവരെയും നയിക്കാനുള്ള നമ്മുടെ കഴിവിനെ പരിമിതമാക്കുമ്പോൾ, നിർമ്മലഹൃദയർക്കു ലഭിക്കുന്ന ദൈവദൂതന്മാരുടെ സഹായം ആ പോരായ്മ നികത്തിക്കൊള്ളും. വളരെ പരിശുദ്ധരായ ദൈവദൂതന്മാർക്ക് നന്മതിന്മകൾ വിവേചിച്ചറിയാം. തങ്ങൾ കാത്തുസൂക്ഷിക്കുന്ന പരിശുദ്ധരായ ആത്മാക്കളെ നീതിയുടെ മാർഗ്ഗത്തിലൂടെ നീതിയുടെ പ്രവൃത്തികളിലേക്കു നയിക്കാൻ അവർക്ക് കഴിയുമെന്ന് നീ ഗ്രഹിക്കണം. പാപം ഒരുവനെ ജ്ഞാനിയാക്കുന്നില്ല. അത് പ്രകാശമല്ല; അത് മാർഗ്ഗദർശിയല്ല; ഒരിക്കലുമല്ല. അത് വഷളത്തമാണ്; മനസ്സിന്റെ ക്രമരാഹിത്യമാണ്; അരാജകത്വമാണ്.   പാപം ചെയ്യുന്നവന്, ക്രമത്തിന്റേയും സ്നേഹത്തിന്റേയും അരൂപിയായ ദൈവത്തിന്റെ ദൂതനെ വഴികാട്ടിയായി ലഭിക്കുന്നില്ല. നേരെമറിച്ച്, അവന് സാത്താന്റെ ഒരു ദൂതനെയാണു ലഭിക്കുക.  അവൻ കൂടുതൽ ക്രമക്കേടുകളിലേക്ക് ആത്മാവിനെ നയിക്കും. കാരണം, പൈശാചിക അരൂപികളെ നയിക്കുന്നത് ഒരിക്കലും ശമിക്കാത്ത വിദ്വേഷമാണ്."

  "ഗുരുവേ, കേൾക്കൂ... ദൈവദൂതന്റെ മാർഗ്ഗനിർദ്ദേശം ഒരുവനു വീണ്ടും ലഭിക്കണമെങ്കിൽ? അനുതാപം മതിയാകുമോ? അതോ അനുതപിച്ച് പാപപ്പൊറുതി പ്രാപിച്ചു കഴിഞ്ഞാലും പാപത്തിന്റെ വിഷം തുടർന്നുണ്ടായിരിക്കുമോ? അതായത്... ഉദാഹരണം പറഞ്ഞാൽ, മദ്യപനായ ഒരുവന്റെ കാര്യം.. ഇനിയൊരിക്കലും മദ്യപിക്കയില്ലെന്നു ശപഥം ചെയ്താലും കുടിക്കാനുള്ള പ്രേരണ
അയാൾക്കുണ്ട്; എപ്പോഴും ഉണ്ട്.. അതിനാൽ അയാൾ കഷ്ടപ്പെടുന്നു...."

"തീർച്ചയായും അത് കഷ്ടതയാണ്.  അതിനാൽ ഒരിക്കലും തിന്മയുടെ അടിമയാകരുത്. എന്നാൽ സഹിക്കുന്നത് പാപമല്ല. അത് പരിഹാരം അനുഷ്ഠിക്കലാണ്. അനുതാപിയായ ഒരു മദ്യപൻ, മദ്യം കഴിക്കാനുള്ള പ്രലോഭനത്തെ വീരോചിതമായി എതിർത്ത് നന്മയാർജ്ജിക്കുന്നതു പോലെ, പാപം ചെയ്ത ഒരുവൻ അനുതപിച്ച് പാപത്തിനുള്ള പ്രേരണയെ എതിർത്താൽ, അയാൾ
നന്മയാർജ്ജിക്കുകയും തുടർന്ന് പാപത്തെ എതിർക്കാൻ കൃപയ്ക്ക് അർഹനാവുകയും ചെയ്യുന്നു. പ്രലോഭിപ്പിക്കപ്പെടുന്നതു പാപമല്ല; നേരെമറിച്ച്, വിജയം നേടിത്തരുന്ന യുദ്ധമാണ്. എന്നെ വിശ്വസിക്കൂ... തെറ്റു ചെയ്തെങ്കിലും പിന്നീട് അനുതപിച്ചവരോട് ക്ഷമിക്കാനും അവരെ സഹായിക്കാനുമുള്ള ആഗ്രഹം മാത്രമേ ദൈവത്തിനുള്ളൂ."


യൂദാസ് മൗനിയായി. പിന്നീട് ഈശോയുടെ കരം ഗ്രഹിച്ച് അതു ചുംബിക്കുന്നു. അതിന്മേൽ കമിഴ്ന്നു കിടക്കുന്നു. അനന്തരം പറയുന്നു; "കഴിഞ്ഞ രാത്രി ഞാൻ പരിധി വിട്ടുപോയി... നിന്നെ ഞാൻ നിന്ദിച്ചുപോയി... ഗുരുവേ, നിന്നെ വെറുത്തു കൊണ്ടായിരിക്കും എന്റെ അവസാനം എന്നു പറഞ്ഞുപോയി... ഞാൻ എത്രയധികം ദൈവദൂഷണം ഉച്ചരിച്ചു... എന്നോടു് എന്നെങ്കിലും ക്ഷമിക്കപ്പെടുമോ?"

"യൂദാസേ, ഏറ്റവും വലിയ പാപം, ദൈവത്തിന്റെ കാരുണ്യം ലഭിക്കയില്ലെന്നുള്ള നിരാശയാണ്.  ഞാൻ പറഞ്ഞല്ലോ, "മനുഷ്യപുത്രനെതിരെ ചെയ്യപ്പെടുന്ന എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടും." മനുഷ്യപുത്രൻ വന്നിരിക്കുന്നത് ക്ഷമിക്കുവാനും രക്ഷിക്കുവാനും സുഖപ്പെടുത്തി ആത്മാക്കളെ സ്വർഗ്ഗത്തിലേക്കു നയിക്കാനുമാണ്. എന്തുകൊണ്ടാണ് സ്വർഗ്ഗം നഷ്ടപ്പെടുത്താൻ നീ ആഗ്രഹിക്കുന്നത്? യൂദാസേ, എന്നെ നോക്കൂ... എന്റെ കണ്ണുകളിൽ നിന്നു പ്രസരിക്കുന്ന സ്നേഹത്തിൽ നിന്റെ ആത്മാവിനെ കഴുകി ശുദ്ധിയാക്കൂ..."


"ഞാൻ നിനക്ക് അറപ്പു വരുത്തുന്നില്ലേ?"

"ഉണ്ട്. പക്ഷേ സ്നേഹം അറപ്പിനേക്കാൾ ശക്തമാണ്. യൂദാസേ, സാധുവായ കുഷ്ഠരോഗീ... വരൂ, വന്ന് നിനക്ക് ആരോഗ്യം തരാൻ കുഴിവുള്ളവനിൽ നിന്ന് അതു യാചിച്ചു വാങ്ങൂ.."

"ഗുരുവേ, അതെനിക്കു തരൂ.."

"ഇല്ല; ഇങ്ങനെയല്ല തരുന്നത്. യഥാർത്ഥമായ അനുതാപമോ ദൃഢമായ നിശ്ചയമോ നിനക്കില്ല. എന്നോടുള്ള സ്നേഹവും നിന്റെ ആദ്യകാലത്തെ വിളിയും നിലനിർത്താനുള്ള നേരിയ പരിശ്രമം മാത്രമേ നിന്നിലുള്ളൂ. അനുതാപത്തിന്റെ ചെറിയ ഒരു സൂചനയുണ്ട്; എന്നാൽ അത് തീർത്തും മാനുഷികമാണ്. അത് പൂർണ്ണമായി തെറ്റല്ല; അത് നന്മയിലേക്കുള്ള നീക്കത്തിന്റെ ആദ്യത്തെ ചുവടുവയ്പാണ്. അതിനെ വളർത്തുക; വർദ്ധിപ്പിക്കുക; സ്വഭാവാതീതമായതുമായി അത് ഒട്ടിച്ചു ചേർക്കുക. എന്നോടുള്ള യഥാർത്ഥ സ്നേഹമായി അതിനെ മാറ്റുക. എന്റെ പക്കൽ നീ വന്ന അവസ്ഥയിലേക്കുള്ള യഥാർത്ഥ തിരിച്ചു വരവാക്കുക. കുറഞ്ഞപക്ഷം അത്രയുമെങ്കിലും ചെയ്യുക... യൂദാസേ, ഞാൻ കാത്തിരിക്കും; കാത്തിരിക്കാൻ എനിക്കു കഴിയും. ഞാൻ പ്രാർത്ഥിക്കും; നിന്നോടു് അറപ്പു തോന്നുന്ന നിന്റെ ദൈവദൂതന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കും.  എന്റെ സഹതാപവും ക്ഷമയും സ്നേഹവും പൂർണ്ണതയുള്ളതാണ്.  നിന്നെ സഹായിക്കാൻ വേണ്ടി നിന്നിൽ നിന്നും തിളച്ചു പൊങ്ങുന്ന അറപ്പുള്ള ദുർഗ്ഗന്ധത്തിലും നിന്റെയടുത്തായിരിക്കാൻ എനിക്കു കഴിയും."

യൂദാസിനു മാറ്റം വന്നു. യഥാർത്ഥത്തിൽ ഹൃദയമലിഞ്ഞ്,  ആകെ വിളറി,  ഇടറുന്ന സ്വരത്തിൽ അയാൾ ചോദിക്കുന്നു; "ഞാൻ എന്തെല്ലാമാണ് ചെയ്തതെന്ന് യഥാർത്ഥത്തിൽ നിനക്കറിയാമോ?"

"എനിക്കെല്ലാം അറിയാം യൂദാസേ, ഞാനതു നിന്നോടു പറയണമോ അതോ ഈ എളിമപ്പെടുത്തൽ ഒഴിവാക്കണമോ?"

"എനിക്ക്.. എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല."

"കൊള്ളാം.... വിശ്വസിക്കാൻ കഴിയാത്ത അപ്പസ്തോലനോട് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കാര്യങ്ങൾ, സത്യം ഞാൻ പറയാം.. ഇന്നു രാവിലെ നീ പലപ്രാവശ്യം കള്ളം പറഞ്ഞു - പണത്തിന്റെ കാര്യവും കഴിഞ്ഞ രാത്രി നീ എവിടെ ചെലവഴിച്ചു എന്നുള്ളതിനെക്കുറിച്ചും.  കഴിഞ്ഞ രാത്രിയിൽ നീ നിന്റെ വികാരങ്ങളും വിരോധവും കുറ്റബോധവുമെല്ലാം ജഡികാഗ്നിയിൽ മുക്കിക്കളയാൻ ശ്രമിച്ചു.  നീ....."

"അതുമതി, അതുമതി.. കാരുണ്യത്തിന്റെ പേരിൽ ഇനി ഒന്നും പറയരുതേ.. അല്ലെങ്കിൽ നിന്റെ അരികിൽ നിന്ന് ഞാൻ ഓടിപ്പോകും."

"നേരെമറിച്ച്, നീ എന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ക്ഷമിക്കണമേ എന്നു പറയുകയാണ് വേണ്ടത്."

"അതേ, എന്നോടു ക്ഷമിക്കണമേ ഗുരുവേ,  എന്നോടു ക്ഷമിക്കണമേ.. എന്നെ സഹായിക്കണമേ... അത് എന്നേക്കാൾ ശക്തമാണ്... എല്ലാം എന്നേക്കാൾ ശക്തിയുള്ളവയാണ്..."

"ഈശോയോടു നിനക്കുണ്ടായിരിക്കേണ്ട സ്നേഹം ഒഴികെ മറ്റെല്ലാം... എങ്കിലും ഇവിടെ വരിക;  പ്രലോഭനത്തെ എതിർക്കാനും  പ്രലോഭനം നീക്കാനും നിന്നെ സഹായിക്കാനാണു ഞാൻ വിളിക്കുന്നത്."  യൂദാസിനെ കരങ്ങളിൽ ഒതുക്കി ഈശോ അവന്റെ കറുത്തമുടിയുള്ള ശിരസ്സിന്മേൽ കണ്ണീർ പൊഴിക്കുന്നു.

ഏതാനും മീറ്റർ അകലെയായിരിക്കുന്ന മറ്റപ്പസ്തോലന്മാർ വിവേകപൂർവം അകന്നു തന്നെ നിൽക്കുന്നു.

Friday, February 10, 2012

ഈശോ കൊറാസിമിൽ പ്രസംഗിക്കുന്നു

കൂനിയായ  സ്ത്രീയെ സുഖപ്പെടുത്തുന്നു 

            ഈശോ കൊറാസിമിലെ സിനഗോഗിലാണ്. സിനഗോഗ് നിറഞ്ഞ് ആളുകളുണ്ട്. സാബത്തു ദിവസം സിനഗോഗിൽ പ്രസംഗിക്കണമെന്ന് പട്ടണത്തിലെ പ്രധാനികൾ ആവശ്യപ്പെട്ടതിനാൽ ഈശോ അവരുടെ നിർബ്ബന്ധത്തിനു വഴങ്ങുന്നു.
             ഈശോ പ്രസംഗം തുടങ്ങുന്നു. സങ്കീർത്തനം ആലപിക്കുന്നതുപോലെ ദൃഢമായ സ്വരത്തിൽ സാവധാനത്തിൽ ഇങ്ങനെ പറയുന്നു: "അറൗണാ ദാവീദിനോടു മറുപടിയായി പറഞ്ഞു, "എന്റെ നാഥനായ രാജാവ് ഇഷ്ടംപോലെ എടുക്കുകയും സമർപ്പിക്കയും ചെയ്തുകൊള്ളട്ടെ. ദഹനബലിക്കുള്ള കാളകൾ ഇതാ ഇവിടെ; വിറകിനായി മെതിവണ്ടിയും കാളകളുടെ നുകവും ഉണ്ട്. ഓ, രാജാവേ, അറൗണാ ഇവയെല്ലാം രാജാവിനു നൽകുന്നു. നിന്റെ കർത്താവായ ദൈവം നിന്റെ കാഴ്ച സ്വീകരിക്കട്ടെ." എന്നാൽ രാജാവ് മറുപടിയായി പറഞ്ഞു; "നീ പറഞ്ഞതുപോലെ ചെയ്യുകയില്ല. ഇല്ല, ഞാൻ നിനക്ക് പണം തരും; കാരണം, എനിക്ക് ഒരു ചെലവും ഇല്ലാത്ത ദഹനബലി എന്റെ കർത്താവായ ദൈവത്തിന് ഞാനർപ്പിക്കയില്ല."
         ഇങ്ങനെ പ്രസംഗം ആരംഭിച്ച ശേഷം അതുവരെ മുകളിലേക്കുയർത്തിയിരുന്ന കണ്ണുകൾ ഈശോ താഴ്ത്തുന്നു. പിന്നെ സിനഗോഗ് തലവനേയും അയാളോടൊപ്പമുണ്ടായിരുന്ന നാലു ശ്രേഷ്ഠന്മാരേയും തറപ്പിച്ചു നോക്കിക്കൊണ്ട്  ചോദിക്കുന്നു: "അർത്ഥം നിങ്ങൾക്കു മനസ്സിലായോ?"

"രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ പരിശുദ്ധനായ രാജാവ് അറൗണായുടെ മെതിക്കളം വാങ്ങിയ കാര്യമാണിത്. എന്നാൽ നീ എന്തുകൊണ്ടാണ് ഇത് ഉദ്ധരിച്ചതെന്ന് ഞങ്ങൾക്കു മനസ്സിലാകുന്നില്ല.  ഇവിടെ ബാധകളൊന്നുമില്ല...  ബലിയർപ്പിക്കേണ്ടതുമില്ല. നീ രാജാവുമല്ല... ഇതുവരെ ആയിട്ടില്ല എന്നാണു ഞങ്ങൾ ഉദ്ദേശിക്കുന്നത്."

"ഞാൻ ഗൗരവമായി പറയുന്നു, അടയാളങ്ങൾ ഗ്രഹിക്കുന്നതിൽ നിങ്ങൾ മന്ദഗതിക്കാരും വിശ്വാസത്തിൽ ഉറപ്പില്ലാത്തവരുമാണ്.  വിശ്വാസത്തിൽ ഉറപ്പുള്ളവരായിരുന്നെങ്കിൽ, ഞാൻ പറഞ്ഞതുപോലെ ഇപ്പോൾത്തന്നെ ഞാൻ രാജാവാണെന്ന് മനസ്സിലാക്കുമായിരുന്നു. ഗ്രഹിക്കുന്നതിൽ വേഗതയുള്ളവരായിരുന്നെങ്കിൽ, ദാവീദിനെ വിഷമിപ്പിച്ച മഹാമാരിയേക്കാൾ വലിയ ബാധ ഇവിടെയുണ്ടെന്നു ഗ്രഹിക്കുമായിരുന്നു. വിശ്വാസരാഹിത്യം എന്ന മഹാവ്യാധിയാണ് നിങ്ങളെ പിടികൂടിയിരിക്കുന്നത്. അത് നിങ്ങളുടെ നാശത്തിനു കാരണമായിത്തീർന്നിട്ടുണ്ട്."

             "കൊള്ളാം; ഞങ്ങൾ മന്ദന്മാരും വിശ്വാസമില്ലാത്തവരുമാണെങ്കിൽ ഞങ്ങൾക്കു് ബുദ്ധിയും വിശ്വാസവും തരികയും നീ ഉദ്ദേശിക്കുന്നത് ഞങ്ങൾക്കു് വിശദീകരിച്ചു തരികയും ചെയ്യുക."

    "ഞാൻ പറയുന്നു, നിർബ്ബന്ധിച്ചു ചെയ്യിക്കുന്ന ദഹനബലി ഞാൻ ദൈവത്തിന് അർപ്പിക്കയില്ല.  ഹീനമായ താൽപ്പര്യങ്ങൾക്കായി അർപ്പിക്കുന്ന ബലികൾ.. പ്രസംഗിക്കാൻ വന്നിരിക്കുന്നവന് അതു മാത്രമാണ് നിങ്ങൾ നൽകുന്നതെങ്കിൽ പ്രസംഗത്തിന് ഞാൻ വിസമ്മതിക്കയാണ്.  പുറത്ത് വെയിലത്തോ നാലു ഭിത്തികൾക്കുള്ളിലോ മലമുകളിലോ താഴ്വരകളിലോ ജോർദ്ദാൻ കരയിലോ എവിടെയായാലും പഠിപ്പിക്കുക എന്നത് എന്റെ കടമയും അവകാശവുമാണ്. അങ്ങനെ എന്റെ ദൈവത്തിനു പ്രീതികരമായ ജോലി കൊണ്ട് ദഹനബലികൾ വാങ്ങി ഞാനർപ്പിക്കണം.  എന്റെ വാക്കുകൾ നിമിത്തം മാനസാന്തരപ്പെട്ട് വിശ്വസ്തതയിലേക്കു വരുന്ന ആത്മാക്കളാണ് ആ ദഹനബലികൾ... ഇവിടെ, കൊറാസിമിലെ ജനങ്ങളായ നിങ്ങൾ, പ്രസംഗിക്കാൻ വചനത്തെ അനുവദിച്ചത് വിശ്വാസമോ ബഹുമാനമോ നിമിത്തമല്ല; പ്രത്യുത, തടി കരളുന്ന ഒരു പുഴുവിനെപ്പോലെ നിങ്ങളെ പീഡിപ്പിക്കുന്ന ഒരു സ്വരം  നിങ്ങൾ ഹൃദയത്തിൽ ശ്രവിക്കുന്നുണ്ട്.. ആ സ്വരം പറയുന്നു: "കൊടുംതണുപ്പു കൊണ്ടുള്ള ഈ ശിക്ഷയുണ്ടായിരിക്കുന്നത് നമ്മുടെ ഹൃദയകാഠിന്യം നിമിത്തമാണ്."   നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടിയല്ല, നിങ്ങളുടെ പണസഞ്ചികളിലെ പോരായ്മ തീർക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. ഓ! വിശ്വാസമില്ലാത്ത, ദുശ്ശാഠ്യക്കാരായ കൊറാസിം നിവാസികൾ!  നിങ്ങളുടെ മേൽ പണിയാൻ സാദ്ധ്യമല്ല. യാതൊന്നും നിങ്ങൾക്കുപകാരപ്പെടുകയില്ല. തീക്ഷ്ണമായ സ്നേഹം, ക്ഷമയോടെയുള്ള പ്രബോധനം, കഠിനമായ ശാസന ഇതൊന്നും നിങ്ങൾക്കുപകാരപ്പെടുകയില്ല. നിങ്ങൾക്കു മാറ്റം വരണമെങ്കിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ... നിങ്ങളെത്തന്നെ പൂർണ്ണമായി എനിക്കു വിട്ടുതരിക. പക്ഷേ, നിങ്ങളതു ചെയ്യുന്നില്ല. ഇനി ചെയ്കയുമില്ല. ആശ്വാസരഹിതനായി, നിങ്ങളെ നിങ്ങളുടെ ഭാഗധേയത്തിനായി ഞാൻ കൈവിടുന്നു. എന്നാൽ, നീതി ആവശ്യപ്പെടുന്നതനുസരിച്ച്, എല്ലാവരേയും ഒരുപോലെ കൈവെടിയുന്നില്ല. അവന്റെ സ്നേഹം അർഹിക്കുന്നവരെ അവൻ ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു."  അനന്തരം, ഭിത്തിയരികിൽ നിൽക്കുന്ന, ചോദ്യഛിഹ്നം പോലെ വളഞ്ഞിരിക്കുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഈശോ പറയുന്നു: "സ്ത്രീയേ, ഇങ്ങു വരൂ.."

ഈശോ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കുന്നു. എന്നാൽ അവർക്ക് സ്ത്രീയെ കാണാൻ കഴിയുന്നില്ല. അവൾക്കും ഈശോയെക്കാണാൻ കഴിയുന്നില്ല. ആളുകളെല്ലാം അവളോടു പറയുന്നു; "മർത്താ, അങ്ങോട്ടു പോകൂ.. അവൻ നിന്നെ വിളിക്കുന്നു.." ആ സ്ത്രീ ഊന്നുവടിയും കുത്തി ഉരുണ്ടുരുണ്ട് മുന്നിലെത്തി. ഈശോ അവളോടു പറയുന്നു: "ഞാൻ ഇതിലേ കടന്നുപോയതിന്റെ ഓർമ്മയ്ക്കും നിന്റെ നിശ്ശബ്ദമായ എളിയ  വിശ്വാസത്തിനു സമ്മാനമായും ഞാനിതു തരുന്നു." അവളുടെ തോളിൽ കൈകൾ വച്ചുകൊണ്ട് ഈശോ ഉച്ചത്തിൽ പറയുന്നു: "നിനക്കു രോഗവിമുക്തിയുണ്ടാകട്ടെ!"

ആ നിമിഷത്തിൽ, കൂനിയായ ആ സ്ത്രീ പന പോലെ നിവർന്നു നിന്നു. കൈകൾ ഉയർത്തിക്കൊണ്ട് അവൾ വിളിച്ചുപറയുന്നു: "ഹോസാനാ! അവൻ എന്നെ സുഖപ്പെടുത്തി! അവൻ തന്റെ വിശ്വസ്ത ദാസിയെക്കണ്ടു; അവളെ തുണച്ചു. രക്ഷകനും ഇസ്രായേലിന്റെ രാജാവുമായവന് സ്തുതി... ദാവീദിന്റെ പുത്രന് ഹോസാനാ.."

ജനക്കൂട്ടം ആ സ്ത്രീയോടൊപ്പം ഹോസാനാ  പാടുന്നുണ്ട്. അവൾ ഈശോയുടെ പാദത്തിങ്കൽ മുട്ടുകുത്തി അവന്റെ അങ്കിയുടെ വിളുമ്പിൽ ചുംബിക്കുന്നു. ഈശോ അവളോടു പറയുന്നു: "സമാധാനത്തിൽ പോവുക. നിന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുക."


സിനഗോഗ് തലവൻ ഉച്ചത്തിൽ വിളിച്ചുപറയുന്നു; "ജോലി ചെയ്യാൻ ആറു ദിവസമുണ്ട്. ചോദിക്കാനും വാങ്ങാനും ആറു ദിവസമുണ്ട്.  അതിനാൽ ആ ആറു ദിവസങ്ങളിൽ വരിക; വന്ന് ചോദിക്കയും വാങ്ങുകയും ചെയ്ക. ആ ദിവസങ്ങളിൽ  വന്ന് സുഖം പ്രാപിക്കുക. പാപികളും വിശ്വാസമില്ലാത്തവരുമായ നിങ്ങൾ സാബത്ത് ലംഘിക്കരുത്....  ദുഷിച്ചവരും നിയമം ദുഷിപ്പിക്കുന്നവരും...."  ഇങ്ങനെ പറഞ്ഞ് എല്ലാവരേയും അയാൾ തള്ളിപ്പുറത്താക്കുന്നു.

കൈകൾ മാറോടു ചേർത്തുപിടിച്ച് സിനഗോഗ് തലവനെ ഗൗരവമായി നോക്കിക്കൊണ്ട് ഉച്ചത്തിൽ ഈശോ ചോദിക്കുന്നു: "കപട നാട്യക്കാരേ, സാബത്തിൽ  നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽ നിന്നിറക്കി വെള്ളം കൊടുക്കാത്തവർ ആരെങ്കിലും നിങ്ങളുടെയിടയിലുണ്ടോ? അതുപോലെ, ഒരുപിടി പുല്ലു കൊണ്ടുപോയിക്കൊടുത്ത് ആടിന്റെ അകിടു നിറഞ്ഞു നിൽക്കുന്ന പാൽ കറന്നെടുക്കാത്ത ആരെങ്കിലും നിങ്ങളുടെയിടയിലുണ്ടോ?  ഇതു ചെയ്യാൻ ആറു ദിവസമുണ്ടായിട്ടും ഇന്നും അതു നിങ്ങൾ ചെയ്തതെന്തുകൊണ്ട്?  അൽപ്പം പാലിനു വേണ്ടി...  വെള്ളമില്ലാതെ ആ മൃഗങ്ങൾ ചത്തു പോകുമെന്നു ഭയന്നിട്ട്... 18 വർഷങ്ങളായി പിശാചിനാൽ ബന്ധിക്കപ്പെട്ടവളായ  ഈ സ്ത്രീയെ, ഇന്നു സാബത്താണെന്നുള്ള കാരണത്താൽ എനിക്കു മോചിപ്പിക്കാൻ പാടില്ലേ? പൊയ്ക്കൊള്ളൂ.. അവൾക്കു വേണ്ടാത്തതായ ഒരു ദൗർഭാഗ്യത്തിൽ നിന്ന് അവൾക്കു വിടുതൽ നൽകാൻ എനിക്കു കഴിഞ്ഞു.  പക്ഷേ, നിങ്ങളുടെ  ദൗർഭാഗ്യത്തിൽ നിന്ന് നിങ്ങൾക്കു  വിടുതൽ നൽകാൻ എനിക്കാവില്ല. കാരണം, ജ്ഞാനത്തിന്റെയും സത്യത്തിന്റെയും ശത്രുക്കളായ നിങ്ങൾക്കു് അവ വേണം."

കൊറാസിമിലെ ആളുകളിൽ നല്ലവർ ഈശോയുടെ വാക്കുകൾ അംഗീകരിക്കയും സ്വീകരിക്കയും ചെയ്യുന്നു. മറ്റുള്ളവർ കോപം പൂണ്ട് ഇറങ്ങി ഓടുന്നു. സിനഗോഗ് തലവൻ ഏകനായി കോപത്തോടെ നിൽക്കുന്നു.

ഈശോയും സിനഗോഗിൽ നിന്നിറങ്ങി. നല്ലയാളുകൾ നാട്ടിൻപുറം വരെ ഈശോയെ അനുഗമിച്ചു.  ഈശോ അവസാനമായി അവരെ അനുഗ്രഹിക്കുന്നു. പിന്നീട് തന്റെ സഹോദരന്മാരോടും പത്രോസ്, തോമസ് എന്നിവരോടും കൂടെ പ്രധാന റോഡിലൂടെ നടന്നുമറഞ്ഞു.

Tuesday, February 7, 2012

ഈശോ ജൂട്ടായിൽ പ്രസംഗിക്കുന്നു

പ്രശാന്തമായ ഒരു പ്രഭാതത്തില്‍  ഈശോ ജൂട്ടായിലെ ജനങ്ങളോട് പ്രസംഗിക്കുന്നു. (ആട്ടിടയശിഷ്യരില്‍  പ്രധാനിയായ ഐസക്കിന്റെ നാടാണ് ജൂട്ടാ) ജൂട്ടാ മുഴുവനും ഈശോയുടെ പാദത്തിങ്കലുണ്ട്. എല്ലാവരും ബഹുമാനത്തോടെ പൂര്‍ണ്ണ നിശ്ശബ്ദത പാലിച്ച് ശ്രദ്ധിച്ചിരിക്കയാണ്. ഈശോയുടെ ഇമ്പമേറിയ സ്വരം അന്തരീക്ഷത്തിന് സ്വസ്ഥത പകരുന്നു.
                    "ദൈവം മനുഷ്യരില്‍  വസിക്കുന്നതും മനുഷ്യര്‍ദൈവത്തില്‍വസിക്കുന്നതും ദൈവത്തിന്റെ നിയമത്തോടുള്ള അനുസരണം വഴിയാണ്. നിയമം ആരംഭിക്കുന്നത് സ്നേഹത്തെക്കുറിച്ചുള്ള ഉപദേശത്തോടു കൂടിയാണ്. പത്തു പ്രമാണങ്ങൾ - ആദ്യത്തേതു മുതല്‍  അവസാനത്തേതു വരെ മുഴുവൻ സ്നേഹമാണ്. ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ വസതി അതാണ്; അതിലാണ് ദൈവം വസിക്കുന്നത്. നിയമത്തോടുള്ള അനുസരണത്തിന് പ്രതിസമ്മാനമായി സ്വര്‍ഗ്ഗത്തില്‍  ലഭിക്കുന്നതാണ് ദൈവത്തോടു കൂടി നിങ്ങൾ വസിക്കുന്ന നിത്യവസതി.  കാരണം, ഏശയ്യാ അറുപത്തിയാറാം അദ്ധ്യായം പറയുന്നത് ഓര്‍ത്തുനോക്കൂ... ദൈവം ഭൂമിയിലല്ല വസിക്കുന്നത്; ഭൂമി അവന്റെ പാദപീഠം മാത്രമാണ്.  അവന്റെ സിംഹാസനം സ്വര്‍ഗ്ഗത്തിലാണ്. എന്നാലത് അവനെ - അപരിമേയനായവനെ ഉൾക്കൊള്ളാൻ പര്യാപ്തമല്ലാത്ത വിധത്തില്‍ തീരെ ചെറുതാണ്. അത് ഒന്നുമല്ല അവന്റെ വസതി മനുഷ്യഹൃദയങ്ങളിലാണ്. എല്ലാ സ്നേഹത്തിന്റെയും പിതാവായ അവന്റെ ഏറ്റം പരിപൂര്‍ണ്ണമായ നന്മയ്ക്കു മാത്രമേ, തന്നെ സ്വീകരിക്കാൻ അവന്റെ മക്കൾക്ക് കഴിവു കൊടുക്കാൻ സാധിക്കൂ.  ഇത് അപരിമേയമായ ഒരു രഹസ്യമാണ്.

    നീതിയുള്ള ഒരാത്മാവിനാല്‍  എനിക്കുവേണ്ടി ഒരുക്കപ്പെട്ട ജൂട്ടായിലെ എന്റെ ഏറ്റം പ്രിയപ്പെട്ട ശിഷ്യരേ, പ്രവാചകനെയും അവന്റെ വാക്കുകളും നിങ്ങൾ ഓര്‍ക്കുവിൻ. കാരണം, കര്‍ത്താവാണ് സംസാരിക്കുന്നത്. കല്ലുകൊണ്ട് ശൂന്യമായ ആലയങ്ങൾ പണിയുന്നവരോടു പറയുന്നു; 'ഏതു ഭവനമാണ് നിങ്ങൾ എനിക്കായി പണിയുക? എന്റെ വിശ്രമത്തിന് ഏതു സ്ഥലം നിങ്ങൾ ഉണ്ടാക്കും? ഈ ആലയങ്ങളില്‍  നീതിയോ സ്നേഹമോ ഇല്ല.'  ദൈവത്തിന്റെ കല്‍പ്പനകൾ അനുസരിച്ചു കൊണ്ട് തങ്ങളില്‍ത്തന്നെ അവന് സിംഹാസനം പണിയുവാൻ അവർക്ക് കഴിവില്ല. ദൈവം ഇതാണു ചോദിക്കുന്നത്: "കേവലം ഭിത്തികൾ കെട്ടുന്നതു കൊണ്ട് എന്നെ സ്വന്തമാക്കാമെന്നാണോ നിങ്ങൾ കരുതുന്നത്? പരിശുദ്ധമായ ജീവിതത്തിന്റെ അടിസ്ഥാനമില്ലാതെ, തെറ്റായ ചില അഭ്യാസങ്ങൾ വഴി എനിക്കു സന്തോഷം നൽകാമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്?" ഇല്ല; വ്യർത്ഥമായ വെറും ബാഹ്യപ്രകടനങ്ങൾ കൊണ്ടു് ദൈവത്തെ നേടുവാൻ സാധിക്കയില്ല. ആത്മാവിന്റെ ജീവൻ ഇല്ലാത്ത, അകം പൊള്ളയായ, ഒരു മൺപ്രതിമയെ, അഥവാ വ്രണങ്ങളുള്ള ഒരു കുഷ്ഠരോഗിയെ സ്വര്‍ണ്ണമേലങ്കി കൊണ്ടു പൊതിയുന്നതു പോലെയാണത്. ലോകത്തിന്റെ നാഥനായ കർത്താവു പറയുന്നു: "വളരെക്കുറച്ച് പ്രജകൾ മാത്രമുള്ള ദരിദ്രനായ രാജാവാണു താൻ എന്നും തന്റെ വീട്ടില്‍  നിന്നും അനേകം മക്കൾ ഒളിച്ചോടിപ്പോയ സാധു പിതാവാണ് താൻ" എന്നും...  വീണ്ടും അവൻ പറയുന്നു: "എന്റെ വചനത്തില്‍  വിറകൊള്ളുന്ന, അനുതാപവും എളിമയുമുള്ള അരൂപി നിറഞ്ഞ മനുഷ്യന്റെ നേർക്കല്ലാതെ വേറെ ആരുടെ പക്കലേക്ക് ഞാൻ കണ്ണുകൾ തിരിക്കും?"   അവൻ വിറകൊള്ളുന്നത് എന്തുകൊണ്ടാണ്? ദൈവത്തോടുള്ള ഭയം കൊണ്ടു മാത്രമാണോ? അല്ല; ആഴമായ ബഹുമാനവും യഥാര്‍ത്ഥമായ സ്നേഹവും കൊണ്ട്;  കാരണം, അവൻ എളിയ പ്രജയും പുത്രനും ആണ്.  അവൻ, കര്‍ത്താവ് എല്ലാമാണെന്നു പറയുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതേസമയം,  താൻ ഇല്ലായ്മയാണെന്നുള്ള വിചാരത്താല്‍  അവൻ വിറച്ചു പോവുകയും ചെയ്യുന്നു. കാരണം, അവന്റെ പാപങ്ങൾ പൊറുത്തിരിക്കുന്നുവെന്ന് അവൻ മനസ്സിലാക്കുന്നു; അവന് അത് അനുഭവപ്പെടുന്നു.


          ഓ! അഹങ്കാരികളായ ആളുകളുടെ ഇടയില്‍  ദൈവത്തെ അന്വേഷിക്കേണ്ട.  അവൻ അവിടെയില്ല. ഹൃദയകാഠിന്യമുള്ളവരുടെ ഇടയിലും അവനെ അന്വേഷിക്കേണ്ട.  അവൻ അവിടെയില്ല. അനുതാപമില്ലാത്ത ആത്മാക്കളുടെ ഇടയിലും അവനെ അന്വേഷിക്കേണ്ട. അവൻ അവിടെയുമില്ല. അവൻ പാവപ്പെട്ടവരുടെ കൂടെ, പരിശുദ്ധരും കാരുണ്യമുള്ളവരും അരൂപിയില്‍  ദരിദ്രരും ശാന്തരും ശപിക്കാതെ കരയുന്നവരും നീതി അന്വേഷിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരും സമാധാനമുള്ളവരുമായ ആളുകളുടെ കൂടെയാണുള്ളത്. ദൈവം അവിടെയുണ്ട്. പശ്ചാത്താപിച്ചു് പാപമോചനം ആഗ്രഹിക്കുകയും പരിഹാരം ചെയ്യാൻ ശ്രമിക്കയും ചെയ്യുന്നവരിൽ അവനുണ്ട്. ഇവരാരും കാളയെയോ ആടിനെയോ മറ്റെന്തിനെയെങ്കിലുമോ ബലിയായി അർപ്പിക്കുന്നില്ല. സ്തുതിക്കപ്പെടാനായോ അഥവാ ശിക്ഷ കിട്ടുമെന്ന ഭയം നിമിത്തമോ അഹങ്കാരം നിമിത്തമോ അവർ ബലിയർപ്പിക്കുന്നില്ല. നേരെമറിച്ച്, അവർ പാപികളാണെങ്കിൽ, അവരുടെ അനുതപിക്കുന്ന, എളിമപ്പെട്ട ഹൃദയങ്ങളുടെ ബലിയാണർപ്പിക്കുന്നത്. അവർ നീതിമാന്മാരാണെങ്കിൽ, വീരോചിതമെന്നു പറയാവുന്ന അനുസരണയിലെത്തിയ ഹൃദയങ്ങളുടെ ബലിയാണർപ്പിക്കുന്നത്. ഇതാണു കർത്താവ് ഇഷ്ടപ്പെടുന്നത്!"

Sunday, February 5, 2012

ജീവന്റെ ജലം

           ഈശോ അപ്പസ്തോലന്മാരുമൊത്ത്  സുവിശേഷ പ്രഘോഷണത്തിനായി എഫ്രായിമിൽ എത്തിയിരിക്കയാണ്.  അപ്പസ്തോലനായ യൂദാ സ്കറിയോത്താ,  സമരിയാക്കാരുടെ നാടായ എഫ്രായിമിൽ തങ്ങുന്നതിൽ അസ്വസ്ഥനും  അസംതൃപ്തനുമായി കാണപ്പെടുന്നു.  ഇതു ശ്രദ്ധിച്ച ഈശോ,  വിശ്രമവേളകളിലൊന്നിൽ അപ്പസ്തോലന്മാർക്ക്  പ്രബോധനം നൽകുന്നു. 

"മൊവാബു രാജാവിനെതിരേ യുദ്ധം ചെയ്യാൻ ഇസ്രായേൽ രാജാവും ഏദോം, യൂദാ എന്നീ സ്ഥലങ്ങളിലെ രാജാക്കന്മാരും ഒരുമിച്ചുകൂടിയപ്പോൾ അവൻ ഏലീശാ പ്രവാചകനോട് ഉപദേശം തേടി.  രാജദൂതനോട് അവർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്; "യൂദായുടെ രാജാവായ ജഹോഷാഫാത്തിനെ ഞാൻ ബഹുമാനിച്ചിരുന്നില്ലെങ്കിൽ, ഞാൻ നിങ്ങളെ നോക്കുക പോലും ചെയ്യുമായിരുന്നില്ല.  ഇപ്പോൾ, കിന്നരം വായിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ടുവരിക."  കിന്നരം വായന നടന്ന സമയത്ത് ദൈവം പ്രവാചകനോട് സംസാരിച്ചു. നീർച്ചാലിൽ കഴിക്കുവാൻ, കുഴിയുടെ മേൽ കുഴിക്കുവാൻ കൽപ്പിച്ചു. അതു നിറയെ ജലം - മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ട ജലം നിറയും എന്നറിയിച്ചു. അടുത്ത ദിവസം രാവിലെ സമർപ്പണ സമയത്ത്, കാറ്റോ മഴയോ ഉണ്ടായില്ലെങ്കിലും നീർച്ചാലിൽ വെള്ളം വന്നു നിറഞ്ഞു. കർത്താവ് പറഞ്ഞത് സംഭവിച്ചു. നിങ്ങളുടെ അഭിപ്രായത്തിൽ, ഈ സംഭവം എന്താണു പഠിപ്പിക്കുന്നത്?"

അപ്പസ്തോലന്മാർ തമ്മിൽ ചർച്ച ചെയ്തു. അനന്തരം ചിലർ പറയുന്നു; "അസ്വസ്ഥമായ ഹൃദയത്തോടു് ദൈവം സംസാരിക്കയില്ല. ഇസ്രായേൽ രാജാവ് ദൈവസ്വരം കേൾക്കാൻ വന്നതുകണ്ടപ്പോൾ പ്രവാചകന് ദേഷ്യം വന്നു. അതു മാറ്റാൻ അയാൾ ആഗ്രഹിച്ചു." വേറെ ചിലർ പറയുന്നു; "അത് നീതിയെക്കുറിച്ചുള്ള ഒരു പാഠമാണ്. നിർദ്ദോഷിയായ യൂദാ രാജാവിനെ രക്ഷിക്കാനായി ഏലീശാ കുറ്റക്കാരനായവനെയും രക്ഷിക്കുന്നു." മറ്റു ചിലർ പറയുന്നു; "അത് വിശ്വാസത്തിന്റെയും അനുസരണയുടേയും പാഠമാണ് പഠിപ്പിക്കുന്നത്. ഒട്ടും കഴമ്പില്ലാത്ത ഒരു കൽപ്പനയെന്നു തോന്നാവുന്ന ഒരു വാക്കനുസരിച്ച് അവർ കുഴി കുഴിച്ചു; അത് കാറ്റോ മഴയോ ഇല്ലാത്ത ദിവസമായിരുന്നെങ്കിലും അവർ വെള്ളത്തിനായി കാത്തിരുന്നു."

"നിങ്ങളുടെ മറുപടികളെല്ലാം ശരിയാണ്; എന്നാൽ പൂർണ്ണമല്ല.  അസ്വസ്ഥമായ ഹൃദയത്തിൽ ദൈവം സംസാരിക്കയില്ല. അതു സത്യമാണ്. എന്നാൽ ഒരു ഹൃദയം ശാന്തമാക്കാൻ കിന്നരം ആവശ്യമില്ല. സ്നേഹമുണ്ടായിരുന്നാൽ മതി. പറുദീസായിലെ സ്വരങ്ങളുള്ള ആത്മീയ കിന്നരമാണ് സ്നേഹം. ഒരാത്മാവ് സ്നേഹത്തിൽ ജീവിക്കുമ്പോൾ അതിന്റെ ഹൃദയം ശാന്തമാണ്; അതിന് ദൈവസ്വരം കേൾക്കാനും മനസ്സിലാക്കാനും കഴിയും."

"അപ്പോൾ ഏലീശാ അസ്വസ്ഥനായപ്പോൾ അവനു സ്നേഹം ഇല്ലായിരുന്നോ?"

"ഏലീശാ നീതിയുടെ കാലത്താണ് ജീവിച്ചിരുന്നത്. പഴയകാലത്തെ സംഭവങ്ങളെ സ്നേഹത്തിന്റെ കാലത്തേക്കു മാറ്റിക്കാണുവാൻ നമ്മൾ പഠിക്കണം. ഇടിമിന്നലിന്റെ മദ്ധ്യത്തിലല്ല അവയെ കാണേണ്ടത്. നിങ്ങൾ പുതിയ കാലത്തിന്റേതാണ്. എന്നിട്ട് എന്തുകൊണ്ടാണ് നിങ്ങൾ പഴയകാലത്തെ ആളുകളേക്കാൾ അസ്വസ്ഥരും അറിവില്ലാത്തവരുമായി കാണപ്പെടുന്നത്?

പഴയതു മുഴുവൻ ദൂരെക്കളയുക. യൂദാസിന് ഇതു കേൾക്കുന്നത് ഇഷ്ടമല്ലെങ്കിലും ഞാനത് ആവർത്തിച്ചു പറയുന്നു.  പഴയതു പറിച്ചു കളയുകയോ നന്നായി വെട്ടിയൊരുക്കുകയോ ഒട്ടിക്കുകയോ പുതിയവ നടുകയോ ചെയ്യുവിൻ. നിങ്ങളെത്തന്നെ പുതുതാക്കുക;  ആഴമായി കുഴികൾ കുഴിക്കുക.  ആ രാജാക്കന്മാർക്ക് അതു ചെയ്യാൻ കഴിഞ്ഞു.  അവരിൽ രണ്ടുപേർ യൂദായിൽ നിന്നു വന്നവരല്ല; അവർ ദൈവവചനം കേട്ടിട്ടുമില്ല. പ്രവാചകൻ അത്യുന്നതന്റെ കൽപ്പന ആവർത്തിച്ചു പറഞ്ഞതു കേട്ടതേയുള്ളൂ.  അവർ അനുസരിച്ചില്ലായിരുന്നുവെങ്കിൽ ദാഹിച്ചു വരണ്ട് അവർ മരിച്ചുപോകുമായിരുന്നു.  എന്നാൽ അവർ അനുസരിച്ചു; അതിനാൽ ജലം കുഴികളിൽ നിറഞ്ഞു. അവർ ദാഹത്താൽ മരിച്ചില്ലെന്നു മാത്രമല്ല, അവരുടെ ശത്രുക്കളെ തോൽപ്പിക്കയും ചെയ്തു.  ജീവന്റെ ജലം ഞാനാകുന്നു. എന്നെ സ്വീകരിക്കുവാൻ പ്രാപ്തരാകേണ്ടതിന് നിങ്ങളുടെ ഹൃദയത്തിൽ കുഴികൾ കുഴിക്കുവിൻ. എളിമയുടേയും അനുസരണയുടേയും വിശ്വാസത്തിന്റെയും കുഴികൾ!"

Saturday, February 4, 2012

ഈശോ എയീറായിൽ പ്രസംഗിക്കുന്നു

                  എയീറായിലെ പ്രധാന മൈതാനത്ത് ഈശോ  പ്രസംഗിക്കുകയാണ്:  "യൂദയാ രാജാവായ ഹെസക്കിയായെ സെന്നാക്കരീബ് ആക്രമിച്ച അവസരത്തിൽ സെന്നാക്കരീബിന്റെ പ്രബലരായ മൂന്നു ദൂതന്മാർ ചെന്ന് സന്ധിവ്യവസ്ഥകൾ പാലിക്കാതിരിക്കുന്ന കാര്യവും സൈന്യങ്ങൾ യൂദയായെ വളഞ്ഞിരിക്കുന്ന കാര്യവും പറഞ്ഞ് ഹെസക്കിയായെ ഭയപ്പെടുത്തി. അപ്പോൾ ഏലിയാക്കിം, ഷെബ്നാ, യോവാ എന്നിവർ ആ ദൂതന്മാരോടു പറഞ്ഞു; "ജനങ്ങൾക്ക് നിങ്ങളെ മനസ്സിലാകാത്ത വിധത്തിൽ ഞങ്ങളോട്  സംസാരിക്കുക. ഭയചകിതരായി ജനം നിങ്ങളോടു് സന്ധി ആവശ്യപ്പെടാതിരിക്കട്ടെ.." സെന്നാക്കരീബിന്റെ ദൂതന്മാർക്ക് അതായിരുന്നു ആവശ്യം. അതിനാൽ അവർ സ്വരം ഉയർത്തി ജനങ്ങൾക്ക് മനസ്സിലാകുന്ന ഹീബ്രു ഭാഷയിൽ സംസാരിച്ചു. "ഹെസക്കിയാ നിങ്ങളെ ചതിക്കാൻ ഇടയാകരുത്. നിങ്ങൾക്കു് ഉപകാരപ്രദമായ രീതിയിൽ ഞങ്ങളോട് പെരുമാറുകയും കീഴടങ്ങുകയും ചെയ്യുക. എങ്കിൽ നിങ്ങളെല്ലാവരും നിങ്ങളുടെ സ്വന്തം മുന്തിരിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലങ്ങൾ ഭക്ഷിക്കും.  നിങ്ങളുടെ സ്വന്തം  ജലസംഭരണികളിൽ നിന്ന് വെള്ളം കുടിക്കും. പിന്നീട് ഞങ്ങൾ വന്ന് നിങ്ങളെ വേറൊരു നാട്ടിലേക്ക്  - നിങ്ങളുടെ സ്വന്തം നാടുപോലുള്ള ഒരു നാട്ടിലേക്ക് നാടു കടത്തും. അവിടെ ധാന്യവും മുന്തിരിയും ഉണ്ടായിരിക്കും. അപ്പവും മുന്തിരിത്തോപ്പുകളും ഒലിവു വൃക്ഷങ്ങളും എണ്ണയും തേനുമുള്ള ഒരു രാജ്യം.. നിങ്ങളെല്ലാവരും നിങ്ങളുടെ സ്വന്തം മുന്തിരിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം അനുഭവിക്കും.  സ്വന്തം  ജലസംഭരണികളിൽ നിന്ന് വെള്ളം കുടിക്കും. നിങ്ങൾ ജീവിക്കും; മരിക്കയില്ല."  അനന്തരം ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. ജനങ്ങൾ മറുപടി പറഞ്ഞില്ല. കാരണം, അവർ മറുപടി പറയരുതെന്ന് രാജാവ് ആജ്ഞ കൊടുത്തിരുന്നു. 
         
             ആത്മാവിനെ നശിപ്പിക്കാൻ കഴിവില്ലാത്ത, ശരീരത്തിനു മാത്രം ഉപദ്രവം വരുത്താൻ കഴിയുന്ന സെന്നാക്കരിബിന്റെ സൈന്യത്തേക്കാൾ ഭീകരരായവർ നിങ്ങളെ ആക്രമിക്കുന്നതിനാൽ എനിക്ക് നിങ്ങളോട് ദയ തോന്നുന്നു. നിങ്ങളുടെ ആത്മാക്കൾക്കെതിരേ, സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റം ക്രൂരരും ഭീകരരുമായവരാൽ നയിക്കപ്പെടുന്ന ശത്രുസൈന്യം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങളിലൂടെ എന്നെ നശിപ്പിക്കാൻ, എന്നേയും നിങ്ങളേയും കഠിനമായ ശിക്ഷകൾ ഉണ്ടാകുമെന്നു പറഞ്ഞ്  ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്ന അവന്റെ ദൂതന്മാരോടു ഞാൻ യാചിച്ചു: "എന്നോടു മാത്രം സംസാരിക്കുക; എന്നാൽ പ്രകാശത്തിലേക്കു ജനിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെ സമാധാനത്തിൽ വിടൂ.. എന്നെ ശല്യപ്പെടുത്തുകയോ  പീഡിപ്പിക്കയോ കുറ്റമാരോപിക്കയോ വധിക്കയോ ചെയ്യുക;  എന്നാൽ പ്രകാശത്തിന്റെ ഈ മക്കൾക്കെതിരെ ആക്രോശിക്കാതിരിക്കൂ.. അവർ ഇപ്പോൾ ബലഹീനരാണ്; ഒരുദിവസം അവർ ശക്തിയുള്ളവരായിത്തീരും. എന്നാലിപ്പോൾ അവർ ബലഹീനരാണ്; അവരോടു കാരുണ്യമില്ലാത്തവരാകരുത്. തങ്ങളുടെ സ്വന്തം പാത തെരഞ്ഞെടുക്കാനുള്ള ആത്മാക്കളുടെ സ്വാതന്ത്ര്യത്തിനെതിരേ കഠിനത കാണിക്കരുത്. നിഷ്ക്കളങ്കമായ സ്നേഹത്താൽ ദൈവത്തെ അന്വേഷിക്കുന്നവരെ തന്നിലേക്കു വിളിക്കാനുള്ള ദൈവത്തിന്റെ അവകാശത്തിന്മേൽ കരുണയില്ലാത്തവരാകരുത്.

          വിദ്വേഷം പിടിപെട്ടിരിക്കുന്നവർക്ക് സ്നേഹം എന്താണെന്ന് അറിയാൻ കഴിയുമോ? ഇല്ല. അതിനാൽ കൂടുതൽ കാഠിന്യവും ക്രൂരതയുമാർജ്ജിച്ചുകൊണ്ട് അവർ വന്നു നിങ്ങളോടു പറയും, "ക്രിസ്തു നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഞങ്ങളുടെ കൂടെ വരിക. നിങ്ങൾക്കു് എല്ലാ നന്മകളും ലഭിക്കും.  വീണ്ടും അവർ നിങ്ങളോടു പറയും,  "അവനെ അനുഗമിച്ചാൽ നിങ്ങൾക്കു ദുരിതം; നിങ്ങൾ പീഡിപ്പിക്കപ്പെടും."  കാപട്യം നിറഞ്ഞ കാരുണ്യം അഭിനയിച്ച് നിങ്ങളെ പ്രേരിപ്പിച്ചു പറയും,  "നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുക; അവൻ  (ക്രിസ്തു)  സാത്താനാണ്."   പ്രകാശത്തെ ഉപേക്ഷിക്കുന്നതിനായി ഇങ്ങനെ പല കാര്യങ്ങൾ അവർ എനിക്കെതിരേ പറയും.

ഞാൻ നിങ്ങളോടു പറയുന്നു, 'നിങ്ങളുടെ മൗനം കൊണ്ടു് നിങ്ങളുടെ പരീക്ഷകർക്കു മറുപടി നൽകുക.'

മ്ശിഹായും രക്ഷകനുമായ യേശുക്രിസ്തുവിൽ നിങ്ങൾ വിശ്വസിക്കുമ്പോൾ കർത്താവിന്റെ ശക്തി നിങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങും. അപ്പോൾ നിങ്ങൾക്കു സംസാരിക്കാൻ കഴിയും. കാരണം, നിങ്ങളായിരിക്കയില്ല, ദൈവത്തിന്റെ അരൂപി തന്നെയായിരിക്കും നിങ്ങളുടെ അധരങ്ങൾ വഴി സംസാരിക്കുക. കൃപാവരത്തിൽ നിങ്ങളുടെ ആത്മാക്കൾ ഉറച്ചിരിക്കും. നിങ്ങളുടെ വിശ്വാസം അജയ്യമാംവിധം ശക്തമായിരിക്കും.


            ഉറച്ചു നിൽക്കുക; അതു മാത്രമാണ് ഞാനാവശ്യപ്പെടുന്നത്.  സൗഖ്യം കിട്ടിയ നിങ്ങളുടെ രോഗികൾ - സമാധാനം ലഭിച്ച ആത്മാക്കൾ - നിങ്ങളോടു സംസാരിക്കട്ടെ. എന്റെ വാക്കുകളേക്കാൾ കൂടുതൽ എന്റെ പ്രവൃത്തികൾ പ്രസംഗിക്കുന്നുണ്ട്.  ഒരു തെളിവും കൂടാതെ വിശ്വസിക്കാൻ കഴിയുന്നതാണ് ഏറ്റം അനുഗൃഹീതമായ അവസ്ഥയെങ്കിലും ദൈവത്തിന്റെ അത്ഭുതങ്ങൾ കാണാൻ നിങ്ങളെ ഞാൻ അനുവദിച്ചു. അത് നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങളെ ഉറപ്പിക്കുന്നതിനു വേണ്ടിയാണ്. പ്രകാശത്തിന്റെ ശത്രുക്കൾ നിങ്ങളുടെ ചെറിയ ബുദ്ധിയെ പ്രലോഭിപ്പിക്കുമ്പോൾ ആത്മാവിന്റെ ഭാഷയിൽ നിങ്ങൾ ഇങ്ങനെ മറുപടി നൽകുക; "ഞാൻ വിശ്വസിക്കുന്നു. കാരണം, ദൈവത്തെ അവന്റെ പ്രവൃത്തികളിൽ ഞാൻ കണ്ടുകഴിഞ്ഞു."  കർമ്മനിരതമായ മൗനത്തിലൂടെയും ശത്രുക്കൾക്ക് മറുപടി നൽകുക.  ഈ രണ്ടു മറുപടികളും നൽകിക്കൊണ്ട് പ്രകാശത്തിലേക്കു നീങ്ങുക. സമാധാനം എപ്പോഴും നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ."

 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Thursday, February 2, 2012

ഈശോ കഫർണാമിൽ പ്രസംഗിക്കുന്നു

        ഒരു സാബത്ത് ദിവസം.. ഈശോ  കഫർണാമിലെ സിനഗോഗിൽ പ്രസംഗിക്കുകയാണ്. സിനഗോഗ് തിങ്ങി നിറഞ്ഞ് ആളുകളുണ്ട്. സിനഗോഗിൽ കടക്കുവാൻ കഴിയാതിരുന്നവർ അതിന്റെ പിന്നിലുള്ള വൃക്ഷത്തോട്ടത്തിലേക്കു പോകുന്നു. സിനഗോഗ് തലവനായ ജായിറൂസ്,  പ്രസംഗം ശ്രദ്ധാപൂർവം ശ്രവിച്ചുകൊണ്ട് ഈശോയുടെ അടുത്തു നിൽക്കുന്നു.  അപ്പസ്തോലന്മാർ ഒരു സംഘമായി വാതിൽക്കൽ നിൽക്കുന്നു. ശിഷ്യകൾ, ഈശോയുടെ അമ്മയോടൊത്ത് ജായിറൂസിന്റെ വീടിനോടു ചേർന്നുള്ള ഒരു പന്തലിൽ ഇരിക്കുന്നു. ജായിറൂസിന്റെ പുത്രി മിർജിയാമും (ഈശോ മരണത്തിൽ നിന്ന് ഉയിർപ്പിച്ചവൾ) അപ്പസ്തോലൻ ഫിലിപ്പിന്റെ രണ്ടു പുത്രിമാരും ഈശോയുടെ അമ്മയുടെ പാദത്തിങ്കൽ ഇരിക്കുകയാണ്.

പെട്ടെന്ന് ജനക്കൂട്ടത്തിൽ അസ്വസ്ഥത പരക്കുന്നു. കാരണം, പതിവുപോലെ ഏതാനും പ്രീശന്മാർ ഈശോയെ പരീക്ഷിക്കാൻ ശ്രമിക്കുന്നു. ക്ഷമിക്കുവാനും സമാധാനമായിരിക്കുവാനും ഈശോ ജനങ്ങളെ ശക്തിയായി ഉപദേശിക്കുന്നു.  അസ്വസ്ഥമായിരിക്കുന്ന ഹൃദയത്തിൽ ദൈവവചനം ഫലമുളവാക്കുകയില്ല എന്നവരെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നു.

"നിന്നെ നിന്ദിക്കുന്നത് ഞങ്ങൾ സഹിക്കയില്ല."  ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചുപറയുന്നു.
"എന്റേയും നിങ്ങളുടേയും പിതാവിനായി അതു വിട്ടുകളയുക. എന്നെ അനുകരിക്കൂ... ക്ഷമിക്കുകയും മാപ്പു കൊടുക്കുകയും ചെയ്യുക. നിന്ദയ്ക്കു നിന്ദ കൊടുക്കുന്നതുകൊണ്ട് ശത്രുക്കൾക്ക് ബോദ്ധ്യം വരികയില്ല."

"നിരന്തരമുള്ള ശാന്തത കൊണ്ടും അവർക്ക് ബോദ്ധ്യം വരികയില്ല. നിന്നെ ചവിട്ടി നടക്കാൻ നീ അവരെ അനുവദിക്കുകയാണു ചെയ്യുന്നത്." യൂദാ സ്കറിയോത്താ ഉച്ചത്തിൽ പറയുന്നു.

"നിന്റെ അപ്പസ്തോലൻ പറഞ്ഞതു ശരിയാണ്.  അവന്റെ വാക്കുകൾ നീതിയുള്ളവയാണ്."  ജനക്കൂട്ടം പ്രതികരിക്കുന്നു.

"അതു പറയുന്ന ഹൃദയം നീതിയുള്ളതല്ല. അതു ശ്രവിക്കുന്ന ഹൃദയവും നീതിയുള്ളതല്ല.  എന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുകരിക്കണം. ഞാൻ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു. ഞാൻ ശാന്തശീലനും എളിമയും സമാധാനവും ഉള്ളവനുമാകുന്നു. വിദ്വേഷത്തിന്റെ
മക്കൾക്ക്  എന്റെ കൂടെ വസിക്കാൻ കഴിയുകയില്ല.  കാരണം, അവർ ഈ കാലഘട്ടത്തിന്റെയും അതിന്റെ ദുരാശകളുടെയും മക്കളാണ്. രാജാക്കന്മാരുടെ പുസ്തകം നാലാം ഭാഗം നിങ്ങൾ ഓർക്കുന്നുണ്ടോ? തനിക്ക് എന്തും ചെയ്യാൻ കഴിയും എന്നു ചിന്തിച്ച സെന്നാക്കരീബിനെതിരായി ഏശയ്യാ സംസാരിച്ചു. ദൈവശിക്ഷയിൽ നിന്ന് അവനു മോചനമില്ലെന്ന് പ്രവചിക്കയും ചെയ്തു. മൂക്കിൽ വളയവും വായിൽ കടിഞ്ഞാണുമിട്ട് നിയന്ത്രിക്കപ്പെടുന്ന ഒരു ക്രൂരമൃഗത്തോട് സെന്നാക്കരീബിനെ താരതമ്യപ്പെടുത്തി...  സെന്നാക്കരീബ് സ്വന്തം പുത്രന്മാരുടെ കരങ്ങളാൽ വധിക്കപ്പെട്ട കാര്യം നിങ്ങൾക്കറിയാം.  വാസ്തവത്തിൽ ക്രൂരരായ മനുഷ്യർ, തങ്ങളുടെ തന്നെ ക്രൂരത നിമിത്തം നശിക്കുന്നു. അവരുടെ ശരീരവും ആത്മാവും നശിക്കുന്നു. ക്രൂരരായ മനുഷ്യരെ, അഹങ്കാരികളെ, വിദ്വേഷവും ജഡികാസക്തിയും അത്യാഗ്രഹവും ഉള്ളവരെ ഞാൻ സ്നേഹിക്കുന്നില്ല. അങ്ങനെയുള്ള കാര്യങ്ങൾ, വാക്കു കൊണ്ടോ മാതൃക നൽകിയോ ശരിയാണെന്നു് ഞാൻ ഒരിക്കലും സ്ഥാപിച്ചിട്ടില്ല. നേരെമറിച്ച്,  ഇത്തരം ദുരാശകൾക്കെതിരായ പുണ്യങ്ങളെക്കുറിച്ചാണ് നിങ്ങളെ ഞാൻ പഠിപ്പിച്ചിട്ടുള്ളത്. ദാവീദു രാജാവിന്റെ പ്രാർത്ഥന എത്ര മനോഹരമാണ്! പാപങ്ങൾ ചെയ്തുപോയതിനെക്കുറിച്ചുള്ള ആത്മാർത്ഥമായ അനുതാപത്താൽ അയാൾ വീണ്ടും വിശുദ്ധീകരിക്കപ്പെട്ടു. ജ്ഞാനത്തോടെ അനേക  വർഷങ്ങൾ വർത്തിച്ചു. പുതിയ ദേവാലയം പണിയാൻ ദൈവം അയാളെ അനുവദിച്ചില്ല. ആ ദൈവനിശ്ചയത്തിന് എളിമയോടെ വഴങ്ങിക്കൊണ്ട് ദൈവത്തെ അയാൾ സ്തുതിച്ചു... നമുക്കു് ആ സങ്കീർത്തനം ആലപിച്ചുകൊണ്ട് അത്യുന്നതനായ കർത്താവിനെ സ്തുതിക്കാം......"   ഈശോ   ദാവീദിന്റെ   പ്രാർത്ഥന   ആരംഭിച്ചു.
 ഇരുന്നിരുന്നവരെല്ലാം എഴുന്നേറ്റു. ഭിത്തിയിൽ ചാരി നിന്നിരുന്നവർ ബഹുമാനപൂർവം നേരെനിന്നു.
 

പ്രാർത്ഥനയ്ക്ക ശേഷം ഈശോ തുടർന്നു: "എല്ലാ ഉദ്യമങ്ങളും എല്ലാ വിജയങ്ങളും ദൈവത്തിന്റെ തൃക്കരങ്ങളിലാണെന്ന് നിങ്ങൾ എപ്പോഴും ഓർത്തുകൊള്ളണം. പ്രതാപവും ശക്തിയും മഹത്വവും വിജയവും കർത്താവിന്റേതാകുന്നു.  ഒരു നല്ലകാര്യം നടക്കേണ്ടതിന് തക്കസമയത്ത് അതിനുള്ള കൃപ അവിടുന്ന് മനുഷ്യനു നൽകുന്നുണ്ട്. എന്നാൽ മനുഷ്യനു് ഒന്നും ഭാവിക്കുവാൻ അർഹതയില്ല. ദാവീദിന്റെ പാപം ദൈവം പൊറുത്തു; എങ്കിലും ദേവാലയം പണിയുവാൻ അനുവദിച്ചില്ല. കാരണം, തെറ്റുകൾ ചെയ്തശേഷം സ്വയം വിജയിക്കുവാനുള്ള കഴിവ് വേണ്ടവിധം ആർജ്ജിച്ചിട്ടില്ലായിരുന്നു.  "നീ ധാരാളം യുദ്ധങ്ങൾ ചെയ്തു; ധാരാളം രക്തം ചിന്തി. എന്റെ നാമത്തിൽ ഒരാലയം പണിയുന്നത് നിനക്കു വിധിച്ചിട്ടില്ല. കാരണം, എന്റെ മുമ്പിൽ നീ ധാരാളം രക്തം ചിന്തി. എന്നാൽ നിനക്ക് ഒരു പുത്രൻ ജനിക്കും. അവൻ സമാധാനത്തിന്റെ മനുഷ്യനായിരിക്കും. എന്റെ നാമത്തിൽ ഒരാലയം അവൻ പണിയും." അതാണ് അത്യുന്നതൻ തന്റെ ദാസനായ ദാവീദിനോടു പറഞ്ഞത്. ഇതു തന്നെ ഞാനും നിങ്ങളോടു പറയുന്നു. കർത്താവിന്റെ ഭവനം നിങ്ങളുടെ ഹൃദയത്തിൽ പണിയുന്നതിന് നിങ്ങളുടെ വിദ്വേഷം നിമിത്തം
അർഹതയില്ലാത്തവരായിത്തീരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനാൽ സ്നേഹമല്ലാതുള്ള എല്ലാ വികാരങ്ങളും ഹൃദയത്തിൽ നിന്നു തള്ളിക്കളയുവിൻ. ദാവീദു് തന്റെ മകനുവേണ്ടി പ്രാർത്ഥിച്ച പരിപൂർണ്ണതയുള്ള ഹൃദയം നിങ്ങൾക്കുണ്ടാകട്ടെ!  ആ മകനാണ് ദേവാലയം പണിയിച്ചത്. അതുപോലുള്ള ഒരു ഹൃദയത്തോടുകൂടെ എന്റെ കൽപ്പനകൾ അനുസരിക്കുകയും ഞാൻ നിങ്ങളെ പഠിപ്പിച്ചതുപോലെ എല്ലാം ചെയ്യുകയും ചെയ്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ ദൈവത്തിന് ആലയം പണിയുകയായിരിക്കും ചെയ്യുക."

Wednesday, February 1, 2012

ഉപവിയെക്കുറിച്ചുള്ള പ്രബോധനം

 ഈശോ പറയുന്നു: "രാജാക്കന്മാരുടെ ഒന്നാം പുസ്തകം എട്ടാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതെന്താണെന്ന് നിങ്ങൾ ഓർമ്മിക്കുന്നുവോ? ഇസ്രായേലിലെ മൂപ്പന്മാർ ഒരുമിച്ചുകൂടി സാമുവൽ താമസിച്ചിരുന്ന റാമായിലേക്കു പോയി അവനോടു പറഞ്ഞു; 'നോക്കൂ, നിനക്കു പ്രായാധിക്യമായി; നിന്റെ മക്കൾ നിന്റെ മാർഗ്ഗത്തിൽ ചരിക്കുന്നുമില്ല.  അതിനാൽ ഞങ്ങൾക്കു മറ്റു രാജ്യങ്ങളിലുള്ളതുപോലെ ഞങ്ങളെ വിധിക്കാൻ ഒരു രാജാവിനെ തരിക.'   അപ്പോൾ, രാജാവ് വിധിക്കുന്ന ആളായിരിക്കണം.  അധീനർ അസംതൃപ്തരാകാതിരിക്കണമെങ്കിൽ രാജാവ് നീതിയായി വിധിക്കുന്നവനായിരിക്കണം.

യുദ്ധങ്ങൾ, അധികാര ദുർവിനിയോഗം, അധികമായ കരം ചുമത്തൽ എന്നിവയാൽ ഈ ഭൂമിയിലും, അനിയന്ത്രിതമായ ജീവിതം, ദുർഗ്ഗുണങ്ങൾ എന്നിവയാൽ നിത്യജീവിതത്തിലും പ്രജകൾ  ദുഃഖിക്കുവാനിടയാകരുത്.  തങ്ങളുടെ ശുശ്രൂഷയിൽ പരാജയപ്പെടുന്ന രാജാക്കന്മാർക്കു ദുരിതം!  രാജ്യത്തിലെ തിന്മകൾക്കു നേരെ കണ്ണടയ്ക്കുന്നവർക്കു ദുരിതം! അധീനരുടെ സ്വരത്തിനു ചെവി കൊടുക്കാത്തവർക്കു ദുരിതം!

അതുപോലെ,  തങ്ങളുടെ കടമകളിൽ വീഴ്ച വരുത്തുന്ന പിതാക്കന്മാർക്കും ദുരിതം! കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കും  കുറ്റങ്ങൾക്കും നേരെ കണ്ണടയ്ക്കുന്നവർക്കു ദുരിതം!  കുടുംബത്തിന് ഇടർച്ചക്കും ദുഃഖത്തിനും കാരണമാകുന്നവർക്ക് ദുരിതം!  ഒത്തുതീർപ്പു നടത്തി അനുചിതമായ വിവാഹങ്ങൾ നടത്തുന്നവർക്കു ദുരിതം!  സമ്പത്തുള്ള കുടുംബങ്ങളുമായി ബന്ധുത നേടുന്നതിന്, വിവാഹത്തിന്റെ ലക്ഷ്യങ്ങൾ പരിഗണിക്കാതിരിക്കുന്നവർക്കു ദുരിതം!  വിവാഹം സന്താനോൽപ്പാദനത്തിനു മാത്രമല്ല, പുരുഷന്റെയും സ്ത്രീയുടേയും ഉയർച്ചയ്ക്കും ആശ്വാസത്തിനും വേണ്ടിക്കൂടെയാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.  വിവാഹം ഒരു കച്ചവടമല്ല; കടമയാണ്; ഒരു ശുശ്രൂഷയാണ്. അത് ദുഃഖത്തിനുള്ളതല്ല; ഭാര്യയുടേയോ ഭർത്താവിന്റെയോ തരംതാഴ്ത്തലിനുള്ളതല്ല. അത് സ്നേഹമാണ്; ദ്വേഷമല്ല.  അതിനാൽ കുടുംബത്തിന്റെ തലവൻ നീതിമാനായിരിക്കണം. അധിക കാർക്കശ്യമോ അഭിനയമോ കൂടാതെയും അതിരുകടന്ന കരുണയും ബലഹീനതയും കാണിക്കാതെയും വർത്തിക്കണം. ഈ രണ്ടിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടതായി വന്നാൽ രണ്ടാമത്തെത് തെരഞ്ഞെടുക്കണം. കാരണം, അപ്പോൾ ദൈവം അതേക്കുറിച്ച് ഇങ്ങനെയായിരിക്കും നിന്നോടു ചോദിക്കുക: "നീ എന്തുകൊണ്ടാണ് ഇത്രയും നന്മയായി വർത്തിച്ചത്?"  ദൈവം നിന്നെ വിധിക്കുകയില്ല.  കാരണം, അധിക കാരുണ്യം മനുഷ്യനും ഈ ഭൂമിയിൽ ഒരു ശിക്ഷ തന്നെയാണ്... മറ്റുള്ളവരെ ഭരിക്കാൻ പ്രവണതയുള്ള ആളുകൾ നല്ലയാളുകളുടെ മേൽ ആധിപത്യം പുലർത്തും. എന്നാൽ ഹൃദയകാഠിന്യത്തിന് ദൈവം എപ്പോഴും നിന്നെ ശകാരിക്കും. കാരണം, അതു നിന്റെ ഏറ്റം അടുത്ത അയൽക്കാരനോടുള്ള സ്നേഹരാഹിത്യമാണ്.