ജാലകം നിത്യജീവൻ: ഉപവി - ദൈവത്തിന്റെ പ്രധാന ലക്ഷണം

nithyajeevan

nithyajeevan

Saturday, September 17, 2011

ഉപവി - ദൈവത്തിന്റെ പ്രധാന ലക്ഷണം

ഈശോ പറയുന്നു: "എന്നെ ശ്രദ്ധിച്ചു കേൾക്കുക. ഒരു ദിവസം വളരെ ധനികരായ ദമ്പതികൾ നിങ്ങളുടെ വാതിൽക്കൽ മുട്ടി, അവരെ ജീവിതകാലം മുഴുവൻ നിങ്ങളുടെ അതിഥികളായി സ്വീകരിക്കാമോ എന്നു ചോദിക്കുന്നുവെന്നു സങ്കൽപ്പിക്കുവിൻ. ഭർത്താവിനെ ഞങ്ങൾ സ്വീകരിക്കാം; ഭാര്യയെ സ്വീകരിക്കയില്ല എന്നു പറയാൻ നിങ്ങൾക്കു കഴിയുമോ? അങ്ങനെ  പറഞ്ഞാൽ ഭർത്താവ് മറുപടി പറയുന്നതിങ്ങനെയായിരിക്കും; 'അതു സാദ്ധ്യമല്ല. കാരണം എന്റെ മാംസത്തിന്റെ മാംസമായ ഇവളെ പിരിയുക സാദ്ധ്യമല്ല. ഇവളെ സ്വീകരിക്കയില്ലെങ്കിൽ എനിക്കു നിങ്ങളോടൊത്തു വസിക്കുക സാദ്ധ്യമല്ല. നിങ്ങളുമായി പങ്കിടുവാൻ ഞാൻ ഉദ്ദേശിച്ചിരുന്ന എന്റെ നിധികൾ സഹിതം ഞാൻ പൊയ്ക്കൊള്ളാം.'

ദൈവം ഉപവിയോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. ഉപവി സത്യമായും അഭേദ്യമായും യഥാർത്ഥമായും ദൈവത്തിന്റെ അരൂപിയുടെ അരൂപിയാണ്. വിവാഹിതരായ ദമ്പതിമാരുടെ ഏറ്റം ആഴമേറിയ സ്നേഹബന്ധത്തേക്കാൾ ആഴമായ ബന്ധമാണത്.  ദൈവം തന്നെ ഉപവിയാണ്. ദൈവത്തിന്റെ ഏറ്റം വ്യക്തമായ ലക്ഷണവും സ്വഭാവവും ഉപവിയാണ്. ദൈവത്തിന്റെ മറ്റെല്ലാ ലക്ഷണങ്ങളും ഉപവിയിൽ നിന്നാണു് ഉത്ഭവിക്കുന്നത്. ശക്തി, പ്രവർത്തനനിരതമായ ഉപവിയല്ലാതെ മറ്റെന്താണ്? ജ്ഞാനം, പ്രബോധനപരമായ ഉപവിയല്ലാതെ മറ്റെന്താണ്? കാരുണ്യം, മാപ്പു നൽകുന്ന ഉപവിയല്ലാതെ മറ്റെന്താണ്? നീതി ഭരണപരമായ ഉപവിയല്ലാതെ മറ്റെന്താണ്? ഇങ്ങനെ ദൈവത്തിന്റെ എണ്ണമില്ലാത്ത നന്മകളെക്കുറിച്ച് തുടർന്നു പറയാൻ കഴിയും. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തിൽ ഉപവിയില്ലാത്തവന് ദൈവം ഉണ്ട് എന്നു നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? ഇല്ല, അവനു ദൈവമില്ല. അവൻ ദൈവത്തെ സ്വീകരിക്കും; പക്ഷേ ഉപവി സ്വീകരിക്കയില്ല എന്നു പറയാൻ സാധിക്കുമോ? ഒരൊറ്റ ഉപവി മാത്രമേയുള്ളൂ. അത് സ്രഷ്ടാവിനെയും സൃഷ്ടികളേയും ഉൾക്കൊള്ളുന്നു.   അതിന്റെ പകുതി  മാത്രം ഒരാൾക്കുണ്ടായിരിക്കുക സാദ്ധ്യമല്ല. അതായത് സഹോദരനോട്  ഉപവിയില്ലാതെ  സ്രഷ്ടാവിനോട് ഉപവിയുണ്ടാവുക സാദ്ധ്യമല്ല."