ജാലകം നിത്യജീവൻ: യുഗാന്തം - ദാനിയേലിന്റെ പ്രവചനം (ദാനിയേൽ 12)

nithyajeevan

nithyajeevan

Monday, September 19, 2011

യുഗാന്തം - ദാനിയേലിന്റെ പ്രവചനം (ദാനിയേൽ 12)

 ഈശോ പറയുന്നു: "ലൂസിഫറിനെ തോൽപ്പിച്ച, എന്റെ രാജ്യത്തെയും അതിന്റെ മക്കളെയും കാത്തുസൂക്ഷിക്കുന്ന മുഖ്യദൂതനായിരിക്കും  (St. Michael)  അവസാന കാലത്തെ സ്വർഗ്ഗീയ   അടയാളമായി  ഉയരുന്നത്.  ഈ സമയത്തായിരിക്കും ഇസ്രായേൽ ക്രിസ്തുവിന്റെ റോമ്മായുമായി വീണ്ടും ഒന്നായിച്ചേരുന്നത്. ദൈവജനത്തിന്റെ രണ്ടു ശാഖകൾ ഇനി ഉണ്ടായിരിക്കയില്ല. അനുഗ്രഹിക്കപ്പെട്ട ഒന്നും ശപിക്കപ്പെട്ട ഒന്നും; ദൈവഘാതകരായതിനാൽ ശപിക്കപ്പെട്ടവർ. ഇനി ഒരു തായ്ത്തടി മാത്രമേ ഉണ്ടായിരിക്കയുള്ളൂ. അത് ക്രിസ്തുവിന്റെതായിരിക്കും. കാരണം, സഭ എന്നിൽ സജീവമായിരിക്കും."

 "ആ ദിവസങ്ങളിൽ രക്ഷിക്കപ്പെടുന്നവരുടെ എണ്ണം പൂർത്തിയായിരിക്കയാൽ ശരീരത്തിന്റെ ഉയിർപ്പ് സംഭവിക്കും. ഉറങ്ങിക്കിടക്കുന്ന ഒരു ജനസമൂഹം, അതിനെ ഒരുമിച്ചുകൂട്ടാൻ വിളിക്കുന്ന കാഹളശബ്ദം കേട്ട് ഉണരുന്നതുപോലെ  എണ്ണമില്ലാത്ത കുഴിമാടങ്ങളിൽ കിടക്കുന്നവർ, മരുഭൂമികളിൽ, സമുദ്രങ്ങളിൽ, മനുഷ്യരുടെ ജഡങ്ങൾ എവിടെയെല്ലാം മറയ്ക്കപ്പെട്ടുവോ അവിടെ നിന്നെല്ലാം ഉയർന്നു് ഏറ്റം ഉന്നത വിധിയാളനായ എന്റെ പക്കലേക്കു വരും.

ഓ! പ്രകാശമേ, എന്റെ സവിശേഷതയായ നീ ഒരു വിഭാഗത്തെ പ്രകാശിപ്പിക്കും. ജ്ഞാനം ഉണ്ടായിരുന്നവരുടെ മേൽ, നീതി പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തവരുടെ മേൽ നിന്റെ പ്രകാശം നീ വീശുന്നത് എത്ര സന്തോഷത്തോടെ ആയിരിക്കും! അവർ എന്റെ അനുഗൃഹീതരായ മക്കളായിരിക്കും.

അവസാനത്തെ മൂന്നു വർഷങ്ങളും ആറുമാസവും, മനുഷ്യവർഗ്ഗം ഇന്നോളം അനുഭവിച്ചിട്ടുള്ളതിലധികം കഷ്ടതകൾ നിറഞ്ഞതായിരിക്കും.  
സാത്താൻ ഏറ്റവുമധികം പകയോടെ കത്തിജ്ജ്വലിക്കുകയായിരിക്കും. കാരണം, ദൈവജനത്തിനിടയിലുണ്ടായിരുന്ന പിളർപ്പു പോലും നീങ്ങിയിരിക്കുന്നു! അതോടുകൂടി ധാർമ്മികവും ആത്മീയവും ഭൗതികവുമായ തിന്മയുടെ കാരണങ്ങളും ഇല്ലാതായി. സാത്താൻ അവന്റെ സന്തതി വഴി അവന്റെ അവസാനത്തെ അടവുകളെല്ലാം പ്രയോഗിച്ചു് ക്രിസ്തുവിന്റേതായിരിക്കുന്ന ഹൃദയങ്ങളെ വധിക്കുവാനും ഹൃദയങ്ങളിലുള്ള ക്രിസ്തുവിനെ വധിക്കുവാനും ശ്രമിക്കും.

ജ്ഞാനമുള്ളവർക്ക് സാത്താന്റെ ചതികൾ മനസ്സിലാകും. കാരണം യഥാർത്ഥ ജ്ഞാനമുള്ളവർക്ക് ആത്മീയ പ്രകാശം ലഭിക്കും. കൃപാവരത്തോട് അവർ വിശ്വസ്തത
പുലർത്തുന്നതിനാൽ അവർ പരിശുദ്ധരായിത്തീരും; അഗ്നിയിലെന്ന പോലെ ശുദ്ധീകരിക്കപ്പെടും; സ്വർഗ്ഗത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിന് അർഹരാകും. ദൈവമില്ലാത്തവർ തിന്മയെ അനുഗമിക്കും; തിന്മ ചെയ്യും; നന്മയേതെന്നു മനസ്സിലാക്കുവാൻ അവർക്കു കഴിവില്ല. കാരണം, സ്വന്ത ഇഷ്ടത്താൽ അവർ തങ്ങളുടെ ഹൃദയങ്ങളെ തിന്മ കൊണ്ടു നിറയ്ക്കുകയാണു ചെയ്തത്.
 
അതിനുശേഷം ഒരു സമയം വരും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ സഭ തകർക്കപ്പെടും. നിത്യമായ ബലി അർപ്പിക്കുവാൻ സഭയ്ക്കു് സ്വാതന്ത്ര്യമില്ലാതാകും. വിശുദ്ധസ്ഥലം വിജനമാക്കപ്പെട്ട് അറപ്പുളവാക്കുന്നതായി ഉയർത്തിക്കാണിക്കപ്പെടും. പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതു പോലെയും ഞാൻ ആവർത്തിച്ചുറപ്പിച്ചിട്ടുള്ളതു പോലെയും  എല്ലാ വിശുദ്ധസ്ഥലങ്ങളും അങ്ങനെ പരിഗണിക്കപ്പെടും.

ദാനിയേൽ പറയുന്നു: 'ഈ ഞെരുക്കം 1290 ദിവസം നീണ്ടുനിൽക്കും. കാത്തിരുന്നു് 1335 ദിവസം തികയ്ക്കുന്നവർക്ക് ഭാഗ്യം.'
                       ഇതിന്റെ അർത്ഥം, അവസാനത്തിനു തൊട്ടു മുമ്പുള്ള മൂന്നു വർഷവും ആറുമാസവും നീണ്ടുനിൽക്കുന്ന കാലത്തിന്റെ അന്ത്യഘട്ടത്തിൽ കുറച്ചുസമയം വിശ്വാസികൾക്കായി നീക്കി വയ്ക്കപ്പെടും. അവർക്കു് ഒരുമിച്ചുകൂടി അവരുടെ അന്തരാത്മാക്കളിൽ മുഴങ്ങുന്ന അവസാന വാക്കുകൾ, സ്വർഗ്ഗത്തിലേക്കുള്ള ക്ഷണമായി അനുഭവപ്പെടുന്ന വാക്കുകൾ പങ്കു വയ്ക്കുവാനും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വേണ്ടിയാണ്. ആ സമയം മിഖായേലും ദൂതന്മാരും കൂടി സാത്താനെയും അവന്റെ പിശാചുക്കളെയും തകർക്കും. 'കാത്തിരുന്നു് 1335 ദിവസങ്ങളിലേക്കു കടന്നു വരുന്നവനു ഭാഗ്യം' എന്നു പറയുന്നതിന്റെ അർത്ഥം, 'അവസാനം വരെ
നിലനിൽക്കുന്നവനു ഭാഗ്യം; കാരണം, അവൻ രക്ഷിക്കപ്പെടും' എന്നാണ്."