ജാലകം നിത്യജീവൻ: കൊള്ളക്കാരുടെ മാനസാന്തരം

nithyajeevan

nithyajeevan

Monday, September 26, 2011

കൊള്ളക്കാരുടെ മാനസാന്തരം

                      ഈശോയും അപ്പസ്തോലന്മാരും  സുവിശേഷ പ്രഘോഷണത്തിനായുള്ള   യാത്രയിലാണ്. 
ദുർഘടമായ വഴികളിലൂടെയാണ്  ഇന്നത്തെ അവരുടെ യാത്ര. കയറ്റവും ഇറക്കവും മാറി മാറി വരുന്ന, വീതി കുറഞ്ഞ, കല്ലുകൾ നിറഞ്ഞ വഴി...കുന്നുകൾ പലതും പിന്നിടുന്നു. ഒടുവിൽ, വളരെ താഴ്ചയുള്ള ഒരു താഴ്വരയിലെത്തുന്നു. അവിടെ അവർക്കു് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യാം.
താഴ്വരയിലെ പുൽത്തകിടികളിലും കുറ്റിക്കാടുകളിലുമായി ചെറിയ സംഘങ്ങൾ നേരത്തേ അവിടെയെത്തി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജറുസലേമിലേക്കും ജോർദാനിലേക്കും പോകുന്ന ആടു വിൽപ്പനക്കാർ, ആട്ടിൻപറ്റങ്ങളും അവയുടെ ഇടയന്മാരും, ഇങ്ങനെ നാനാതരത്തിൽപ്പെട്ട ആളുകൾ അവിടെയുണ്ട്. ചിലരെല്ലാം കുതിരപ്പുറത്താണ് യാത്ര ചെയ്യുന്നത്; എന്നാൽ അധികമാളുകളും കാൽനടക്കാർ തന്നെ.
ഒരു വിവാഹപ്പാർട്ടി ഇപ്പോൾ അവിടെ  വന്നു ചേർന്നിരിക്കുന്നു. വധുവിന്റെ ആവരണത്തിലൂടെ സ്വർണ്ണാഭരണങ്ങൾ മിന്നിത്തിളങ്ങുന്നു. കഷ്ടിച്ചു കൗമാരം കുഴിഞ്ഞുവെന്നു തോന്നിക്കുന്ന വധുവിന്റെ കൂടെ പ്രായം ചെന്ന രണ്ടു സ്ത്രീകളുമുണ്ട്. അവർക്കു കൂട്ടായി ഒരു  മനുഷ്യനും രണ്ടു ഭൃത്യരുമുണ്ട്. വധു ആരാണ്, എങ്ങോട്ടു പോകുന്നു എന്നൊക്കെ അറിയാൻ ജിജ്ഞാസ പൂണ്ട ആളുകൾ, ഉപ്പു വാങ്ങാൻ അല്ലെങ്കിൽ കത്തിയുണ്ടോ എന്നൊക്കെ ചോദിച്ച് ഇടനിലക്കാരനെന്നു തോന്നിക്കുന്ന മനുഷ്യനെ സമീപിച്ച് കുശലമന്വേഷിക്കുന്നു.
അവിടെയുള്ള മറ്റൊരു യാത്രക്കാരന് വധുവിനെയും കുടുംബത്തെയും അറിയാം. അയാൾ അതൊക്കെ സന്തോഷത്തോടെ വിവരിക്കുന്നു. വേറൊരുവൻ വീഞ്ഞു കൂടെക്കൂടെ പകർന്നുകൊണ്ട് അയാളുടെ സംസാരപ്രിയം വർദ്ധിപ്പിക്കുന്നു. അൽപ്പസമയത്തിനകം വധൂവരന്മാരെയും അവരുടെ കുടുംബങ്ങളെയും പറ്റിയുള്ള കാര്യങ്ങളെല്ലാം പരസ്യമായി. വധു ജോപ്പായിലെ ധനികനായ ഒരു ജൗളിവ്യാപാരിയുടെ മകളാണ്. അവളെ വിവാഹം ചെയ്യാൻ പോകുന്നത് ജറുസലേമിലെ ധനാഢ്യനായ ഒരു കച്ചവടക്കാരന്റെ മകനാണ്.   വരനും സംഘവും മുൻപേ പോയിട്ടുണ്ട്.
ആ വായാടി മനുഷ്യന്റെ സംസാരം കേട്ടു കൊണ്ടിരുന്ന അപ്പസ്തോലന്മാർ തമ്മിൽ തമ്മിൽ സംസാരിക്കുന്നു.
"ആ വായാടി വിഡ്ഡിയെക്കൊണ്ട് എല്ലാം പറയിച്ച ആ മനുഷ്യനെ എനിക്കു തീരെ പിടിച്ചില്ല." ബർത്തലോമിയോ പറയുന്നു. "അവനാഗ്രഹിച്ചതെല്ലാം കേട്ടു  കഴിഞ്ഞപ്പോൾ അവൻ പർവതത്തിലേക്കു കയറിപ്പോയി. ഇതൊരു ചീത്ത സ്ഥലമാണ്. കാലാവസ്ഥയാണെങ്കിൽ പിടിച്ചുപറിക്കാർക്ക് ഏറ്റം അനുകൂലവും. നിലാവുള്ള രാത്രി..........  ഈ സ്ഥലം എനിക്കൊട്ടും   ഇഷ്ടപ്പെടുന്നില്ല.......   തുടർന്ന് യാത്രയാകുന്നതായിരുന്നു നല്ലത്."
"പണത്തിന്റെ കാര്യമെല്ലാം വിളമ്പിയ ആ മണ്ടൻ, വലിയ കാവൽക്കാരൻ - നിഴലിനെ പേടിക്കുന്നവൻ - കൊള്ളാം... തീ കൂട്ടിയിരിക്കുന്നതിനടുത്ത് ഞാൻ പോയി കാവലിരിക്കാം... എന്റെ കൂടെ ആരാണ് വരുന്നത്?" പത്രോസ് ചോദിക്കുന്നു.
"ഞാൻ വരാം സൈമൺ... എനിക്ക് ഉറക്കം നഷ്ടപ്പെട്ടാലും ബുദ്ധിമുട്ടില്ല." തീക്ഷ്ണനായ സൈമൺ പറയുന്നു. തനിച്ചു യാത്ര ചെയ്യുന്ന പലരും പല പ്രാവശ്യമായി എഴുന്നേറ്റു പോയിക്കഴിഞ്ഞു. ഇടയന്മാരും അവരുടെ ആട്ടിൻപറ്റവും വിവാഹസംഘവും മൂന്നു്  ആടുവിൽപ്പനക്കാരും അപ്പസ്തോലസംഘവും  മാത്രം അവശേഷിച്ചു. ആടുവിൽപ്പനക്കാർ ഉറക്കം പിടിച്ചു. വധു കൂടാരത്തിൽ ഉറങ്ങാൻ തുടങ്ങി.   ഭൃത്യന്മാർ നേരത്തേ തന്നെ കൂടാരം സ്ഥാപിച്ചിരുന്നു. 
അപ്പസ്തോലന്മാർ  വിശ്രമിക്കാനൊരുങ്ങുമ്പോൾ ഈശോ ഏകനായി പ്രാർത്ഥിക്കാൻ പോയി. പത്രോസും സൈമണും കൂടെ ആ മനുഷ്യൻ പർവതത്തിലേക്കു കയറിപ്പോയ വഴിയുടെ ഭാഗത്ത്   വലിയ  ആഴി കൂട്ടി.  ആ മനുഷ്യനാണ് ബർത്തലോമിയോയിൽ സംശയം ജനിപ്പിച്ചത്.
സമയം കുറെ കടന്നു പോയി. ഈശോ പ്രാർത്ഥിക്കയാണ്.
ഇടയന്മാരുടെ ഒരു വലിയ കാവൽനായ മുരളുന്നു. ഒരിടയൻ തല പൊക്കി നോക്കുന്നു. നായ വല്ലാതെ മുരളുകയും ചീറുകയും ചെയ്യുന്നു. സൈമൺ തലയുയർത്തി നോക്കുകയും ഉറക്കം പിടിച്ച പത്രോസിനെ വിളിച്ചുണർത്തുകയും ചെയ്യുന്നു. വനത്തിൽ ഇലകളനങ്ങുന്ന നേരിയ ശബ്ദം കേൾക്കുന്നുണ്ട്.
ഈ സമയം ആടുവിൽപ്പനക്കാരിലൊരുവൻ ഉണർന്ന് കൂട്ടുകാരെ ഉണർത്തുന്നു. ശബ്ദമുണ്ടാക്കാതെ എല്ലാവരും ശ്രദ്ധിക്കയാണ്.

                 ഈശോ എഴുന്നേറ്റു് പത്രോസും സൈമണും ഇരിക്കുന്നിടത്തേക്കു നടക്കാൻ തുടങ്ങി. മറ്റുള്ളവരെല്ലാം ഇടയന്മാരുടെ അടുത്ത് ഒരുമിച്ചുകൂടി. അവരുടെ നായ കൂടുതൽ ശൗര്യത്തോടെ കുരയ്ക്കുന്നു.

"ഉറങ്ങുന്നവരെയെല്ലാം വിളിച്ചുണർത്തൂ...എല്ലാവരും ശബ്ദമുണ്ടാക്കാതെ ഇങ്ങു പോരാൻ പറയുക; പ്രത്യേകിച്ച് സ്ത്രീകളും പണപ്പെട്ടി സൂക്ഷിക്കുന്ന ഭൃത്യന്മാരും.. ഒരുപക്ഷേ കൊള്ളക്കാർ അടുത്തെത്തിയിട്ടുണ്ടാവാം എന്ന് അവരോടു പറയുക. എന്നാൽ സ്ത്രീകളോട് ഒന്നും പറയേണ്ട."
അപ്പസ്തോലന്മാർ എല്ലാ ഭാഗത്തേക്കും പോയി അവരോടു കൽപ്പിച്ചതു പോലെ ചെയ്യുന്നു. ഇടയന്മാരോട് ഈശോ പറയുന്നു: "നല്ല പ്രകാശം കിട്ടത്തക്കവിധം കുറെയേറെ വിറകിട്ട് തീ ആളിക്കുക. ഭയപ്പെടേണ്ട. ഒരുപിടി രോമം പോലും നിങ്ങളിൽ നിന്ന് അപഹരിക്കപ്പെടുകയില്ല.
സ്ത്രീകൾ പേടിച്ച് കരഞ്ഞുകൊണ്ടാണു വരുന്നത്. അവരുടെ ധീരനായ ഇടനിലക്കാരൻ ഭയം കൊണ്ട് വിറച്ച് വിലപിക്കുന്നു; "ഇതു നമ്മുടെ അന്ത്യമായിരിക്കും. കൊള്ളക്കാർ  തീർച്ചയായും നമ്മെക്കൊല്ലും."
"ഭയപ്പെടേണ്ട. ഒരുത്തരും നിങ്ങളെ തൊടുകയില്ല." ഇങ്ങനെ പറഞ്ഞുകൊണ്ട് ഈശോ സ്ത്രീകളെ പുരുഷന്മാരുടെ സംഘത്തിന്റെയും പേടിച്ചരണ്ട ആടുകളുടെയും മദ്ധ്യത്തിൽ കൊണ്ടുചെന്നു നിർത്തുന്നു.
കഴുതകളെല്ലാം കരയുന്നു. പട്ടി കുര തന്നെ കുര... ആടുകളെല്ലാം കൂട്ടത്തോടെ കരയുന്നു... സ്ത്രീകൾ ഏങ്ങലടിച്ചു കരച്ചിലാണ്... പുരുഷന്മാർ സ്ത്രീകളെക്കാൾ കഷ്ടമായി കരയുന്നു..
 യാതൊന്നും സംഭവിക്കാത്തപോലെ ഈശോ ശാന്തനാണ്. സ്വരത്തിന്റെ ബഹളം കൊണ്ട് വനത്തിൽ നിന്നുള്ള ശബ്ദം കേൾക്കാനില്ല. എന്നാൽ മരച്ചില്ലകൾ ഒടിക്കയും പാറകൾ ഉരുട്ടിയിടുകയും ചെയ്യുന്നതു കേൾക്കുന്നതിനാൽ കൊള്ളക്കാർ  അടുത്തെത്തിയെന്നു വ്യക്തമായി. "ശബ്ദമുണ്ടാക്കരുത്." ഈശോ ആജ്ഞാപിക്കുന്നു. എല്ലാം നിശ്ശബ്ദമായി.
ഈശോ നിന്നിരുന്ന സ്ഥലത്തു നിന്ന് വനത്തിന്റെ ഭാഗത്തേക്കു തിരിഞ്ഞ് നടന്നു. വനത്തിനു പുറംതിരിഞ്ഞു നിന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി.



"സ്വർണ്ണത്തോടുള്ള ഹീനമായ ആർത്തി മനുഷ്യനെ നികൃഷ്ട വികാരങ്ങളിലേക്കു തള്ളിവിടുന്നു. വശീകരണ ശക്തിയുള്ള, എന്നാൽ ഉപകാരമില്ലാത്ത അതിന്റെ തിളക്കം എത്രയധികം തിന്മകൾക്കു കാരണമാകുന്നുവെന്ന് ചിന്തിച്ചു നോക്കൂ... എനിക്കു തോന്നുന്നത് നരകത്തിലെ വായുവിന് ഇതിന്റെ നിറം തന്നെയാകുന്നുവെന്നാണ്. മനുഷ്യൻ പാപം ചെയ്തതു മുതൽ
സ്വർണ്ണം നാരകീയമായിത്തീർന്നിട്ടുണ്ട്. ഒരു ബൃഹത്തായ ഇന്ദ്രനീലക്കല്ലായി ഭൂമിയെ സൃഷ്ടിച്ച ദൈവം, അതിന്റെ ഉദരകോശങ്ങളിൽ ഈ ലോഹത്തേയും വച്ചിട്ടുണ്ട്. അങ്ങനെ വച്ചതിന്റെ ഉദ്ദേശം, അതിന്റെ ലവണങ്ങൾ മനുഷ്യന് ഉപകാരപ്പെടട്ടെ എന്നും ദേവാലയത്തിന് അലങ്കാരമാകട്ടെ എന്നുമായിരുന്നു. എന്നാൽ സാത്താൻ ഹവ്വായുടെ കണ്ണുകളെ ചുംബിക്കുകയും മനുഷ്യന്റെ അഹന്തയെ കടിക്കയും ചെയ്തുകൊണ്ട് ലോഹത്തിന് - നിർദ്ദോഷിയായ ഈ ലോഹത്തിന് വലുതായ മാന്ത്രികശക്തിയുടെ രുചി പകർന്നു കൊടുത്തു. അന്നു തുടങ്ങി മനുഷ്യൻ സ്വർണ്ണത്തിനു വേണ്ടി പാപം ചെയ്യുകയും കൊലപാതകം വരെ നടത്തുകയും ചെയ്യുന്നു. സ്ത്രീകൾ സ്വർണ്ണത്തിനു  വേണ്ടി കാമവിലോലകളായി മാറി ജഡികപാപങ്ങൾക്കു പ്രേരിപ്പിക്കപ്പെടുന്നു. കള്ളൻ, പിടിച്ചുപറിക്കാരൻ, കൊലപാതകി, സഹോദര വിദ്വേഷി, സ്വയ വിദ്വേഷി ഇങ്ങനെയെല്ലാമായിത്തീരുകയാണ് മനുഷ്യൻ... ക്ഷണഭംഗുരമായ വസ്തുക്കൾക്കു വേണ്ടി അവന്റെ യഥാർത്ഥ പിതൃസ്വത്ത് നഷ്ടപ്പെടുത്തുന്നു. മിന്നുന്ന ഏതാനും ചെതുമ്പലുകൾക്കു വേണ്ടി - മരണത്തോടെ ഉപേക്ഷിക്കേണ്ടി വരുന്ന ഈ സാധനത്തിനായി - നിത്യമായ നിധി അവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
സ്വർണ്ണത്തിനു വേണ്ടി വലുതോ ചെറുതോ ആയ പാപങ്ങൾ ചെയ്യുന്ന നിങ്ങൾ, കൂടുതൽ പാപങ്ങൾ ചെയ്യുന്തോറും നിങ്ങളുടെ മാതാപിതാക്കളെയും അദ്ധ്യാപകരേയും കൂടുതലായി പരിഹസിച്ചു ചിരിക്കയാണ്. കാരണം, അവർ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, ഈ ഭൂമിയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രതിസമ്മാനം അഥവാ ശിക്ഷയുണ്ടാകുമെന്ന് - പാപം നിമിത്തം ദൈവത്തിന്റെ സംരക്ഷണം നഷ്ടപ്പെടുമെന്ന്. നിത്യജീവനും സന്തോഷവും നഷ്ടപ്പെടുകയും ഹൃദയത്തിൽ എപ്പോഴും അസ്വസ്ഥതയും കുണ്ഠിതവും അനുഭവപ്പെടുകയും ചെയ്യുമെന്ന് നിങ്ങൾ ചിന്തിക്കുന്നില്ലേ? ഭയം എപ്പോഴും നിങ്ങളുടെ കൂട്ടുകാരനായിരിക്കും. മനുഷ്യർ കണ്ടുപിടിച്ച് ശിക്ഷിക്കുമോ എന്ന ഭയം... ദൈവശിക്ഷയോടു താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യശിക്ഷ വളരെ ലഘുവാണ്. അക്രമികളായിത്തീരത്തക്ക വിധം  നിങ്ങൾ അത്ര അധഃപതിച്ചിട്ടുണ്ടെങ്കിൽ,   നിങ്ങളുടെ ശിക്ഷ നിത്യകാലത്തേക്കായിരിക്കും  എന്നു  നിങ്ങൾ
ചിന്തിക്കുന്നില്ലെങ്കിൽത്തന്നെയും അയൽക്കാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം എന്ന കൽപ്പന നിങ്ങൾ ലംഘിച്ചിരിക്കുന്നതിനാൽ -  നിങ്ങളുടെ അത്യാഗ്രഹം നിമിത്തം പട്ടിണി കിടക്കേണ്ടതായി വരുന്നവർക്ക് നിങ്ങൾ സഹായം നിരസിക്കുന്നതിനാൽ -  അന്യായമായി സ്ഥാനങ്ങളും സമ്പത്തും നിങ്ങൾ കയ്യടക്കിവക്കുന്നതിനാൽ - കള്ളത്രാസുകളുപയോഗിച്ചു  വഞ്ചിച്ചു് പണം സമ്പാദിക്കുന്നതിനാൽ - നിങ്ങൾ തീർച്ചയായും ശിക്ഷിക്കപ്പെടുന്നില്ല. നിങ്ങൾ ഇതൊന്നും ചിന്തിക്കുന്നില്ല. നിങ്ങൾ പറയും; ഇതെല്ലാം വെറും പൊട്ടക്കഥകളാണ്; എന്റെ സ്വർണ്ണത്തിന്റെ ഭാരം ഈ കഥകളെയെല്ലാം ഞെരിച്ചു കളഞ്ഞിട്ടുണ്ട്. അതിനാൽ അവയൊന്നും ഇനി ബാക്കിയില്ല എന്ന്.
എന്നാൽ ഇതൊന്നും പൊട്ടക്കഥകളല്ല. ഇതു  സത്യമാണ്. 'കൊള്ളാം, ഞാൻ മരിക്കുമ്പോൾ എല്ലാം തീരും' എന്നു പറയരുത്. ഇല്ല; മരണം ആരംഭമാണ്. വരാനിരിക്കുന്ന ജീവിതം  നീതിമാന്മാർക്ക്  സന്തോഷമുള്ള പ്രതീക്ഷയായിരിക്കും; നശിച്ചുപോയവർക്ക് ഭയാനകമായ പ്രതീക്ഷയും.
പാപികളായ നിങ്ങൾ ഇതേക്കുറിച്ച് ചിന്തിക്കൂ... അനുതപിക്കുന്നതിന് ഇപ്പോഴും സമയം വൈകിപ്പോയിട്ടില്ല. നിങ്ങളെ ഭയപ്പെടുന്ന മനുഷ്യർക്ക് സമാധാനം നൽകൂ... വളരെ നികൃഷ്ട സ്ഥിതിയിലെത്തിയിരിക്കുന്ന സാധുക്കളായ നിങ്ങൾക്കുതന്നെ നിങ്ങൾ സമാധാനം നൽകൂ... സഹോദരന്മാരുടെ രക്തം ഇറ്റിറ്റു വീഴുന്ന നിങ്ങളുടെ കൈകൾ പരിശുദ്ധമാക്കൂ... നിങ്ങളുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കൂ...
എനിക്ക് നിങ്ങളിൽ  പ്രത്യാശയുണ്ട്. അതുകൊണ്ടാണ് നിങ്ങളോടു ഞാൻ സംസാരിക്കുന്നത്. കാരണം ലോകം മുഴുവൻ നിങ്ങളെ  ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നെങ്കിലും ഞാൻ നിങ്ങളെ  ഭയപ്പെടുകയോ വെറുക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച് എന്റെ കരങ്ങൾ നീട്ടി ഞാൻ നിങ്ങളെ  വിളിക്കുന്നു. എഴുന്നേൽക്കൂ... വരൂ.. ജനങ്ങളുടെ ഇടയിൽ ശാന്തതയുള്ളവരായി വർത്തിക്കൂ... ഇവിടെയുള്ള ആളുകളോടു ഞാൻ പറയുന്നു, എല്ലാവരും തിരിച്ചുപോയി വിശ്രമിക്കൂ... നിങ്ങളുടെ പാവം സഹോദരങ്ങളോട് അൽപ്പം പോലും വെറുപ്പു തോന്നരുത്. നിങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കണം."
അനന്തരം എല്ലാവരോടുമായി ഈശോ പറയുന്നു: "നിങ്ങൾക്കെല്ലാവർക്കും ഇനി പോകാം. ഒട്ടും ഭയപ്പെടേണ്ട. തിന്മ പ്രവർത്തിക്കുന്നവർ ഇനി അവിടെയെങ്ങുമില്ല. വിസ്മയം പൂണ്ടു് വിലപിക്കുന്ന മനുഷ്യർ മാത്രമേയുള്ളൂ. കരയുന്നവർ ഒരുപദ്രവും ചെയ്കയില്ല. അവർ ഇപ്പോൾ ആയിരിക്കുന്നതു പോലെ തുടരണമേ, ദൈവമേ, ഇത് അവരുടെ രക്ഷയായിരിക്കും."