ഈശോ ജനക്കൂട്ടത്തിന് ദിവസത്തിന്റെ അവസാനത്തെ പ്രബോധനം നൽകുകയാണ്: "എപ്പോഴാണ് തെറ്റുണ്ടാകുന്നത്? പാപം ചെയ്യാൻ മനസ്സാകുമ്പോൾ. പാപത്തെക്കുറിച്ച് അറിവും അറിഞ്ഞിട്ടും പാപം ചെയ്യാൻ നിശ്ചയിച്ച് ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് പാപമാകുന്നത്. ഒരു പ്രവൃത്തി പാപമാണോ അല്ലയോ എന്നു വിവേചിച്ചറിയുന്നത് അതു ചെയ്യുമ്പോഴുള്ള മനോഭാവത്തെ ആശ്രയിച്ചാണ്.
നന്മയായിട്ടുള്ള ഒരു കാര്യം, തിന്മ വിചാരിച്ചുകൊണ്ട് ചെയ്യുകയാണെങ്കിൽ അതു പാപമാണ്. അതുപോലെ, തിന്മയായിട്ടുള്ള ഒന്ന് തിന്മയല്ല എന്നു വിചാരിച്ചു ചെയ്യുമ്പോൾ അതു പാപമാകയില്ല.
ഉദാഹരണത്തിന്, ഒരു മനുഷ്യന് രോഗമായപ്പോൾ യാതൊരു കാരണവശാലും തണുത്ത വെള്ളം കുടിക്കരുത്; വെള്ളം അൽപ്പം പോലും കുടിക്കരുത് എന്നു വൈദ്യൻ കൽപ്പിച്ചു. ഈ വിവരം അയാളുടെ ശത്രു അറിഞ്ഞു. അയാൾ സ്നേഹം നടിച്ചുകൊണ്ട് രോഗിയായ മനുഷ്യനെ സന്ദർശിച്ചു. രോഗി വെള്ളം ചോദിച്ചു കൊണ്ടു കരയുകയാണ്. അപ്പോൾ സഹതാപവും സ്നേഹവും നടിച്ചുകൊണ്ട് ശത്രു വെള്ളം കൊടുക്കുന്നു. 'എന്റെ സ്നേഹിതാ, നീ കുടിച്ചുകൊള്ളൂ.. കാരണം, രോഗികളെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം വളരെ വലുതാണ്. ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നതും അങ്ങനെതന്നെ..' അങ്ങനെ കുടിക്കാൻ വെള്ളം കൊടുത്ത് അയാൾ മരിക്കുവാൻ ഇടയാക്കുന്നു. ആ പ്രവൃത്തി അതിൽത്തന്നെ നല്ലതായിരുന്നല്ലോ. രണ്ടു നന്മകളാണ് അതിലടങ്ങിയിരുന്നത്. എങ്കിലും ദുഷ്ടത ഉദ്ദേശിച്ചിരുന്നതിനാൽ അത് നന്മയായോ? ഇല്ല; തീർച്ചയായും ഇല്ല.
വീണ്ടും വേറൊരുദാഹരണം! മദ്യപനായ ഒരു പിതാവിന്റെ മകൻ വീഞ്ഞു വച്ചിരിക്കുന്ന അറ പൂട്ടുന്നു. പൂട്ടിയില്ലെങ്കിൽ പിതാവ് മദ്യപിച്ചു മരിക്കും. പിതാവിന്റെ പക്കലുള്ള പണം പിടിച്ചെടുക്കുന്നു; അപ്പന്റെ മേൽ കർശനമായ നിയന്ത്രണം വയ്ക്കുന്നു. വച്ചില്ലെങ്കിൽ അയാൾ ഗ്രാമം മുഴുവൻ ചുറ്റി നടന്ന് കുടിച്ചു നശിക്കും. ഈ മകൻ നാലാം പ്രമാണത്തിനെതിരേ പാപം ചെയ്യുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നോ? അവൻ അപ്പനെ ശകാരിക്കയും കുടുംബഭരണം നടത്തുകയും ചെയ്യുന്നു. അപ്പനെ വേദനിപ്പിക്കുന്നതു നിമിത്തം അവൻ പാപം ചെയ്യുകയല്ലേ എന്നു തോന്നും. യഥാർത്ഥത്തിൽ അവനൊരു നല്ല പുത്രനാണ്. കാരണം അവന്റെ മനസ്സു നല്ലതാണ്. അപ്പനെ മരണത്തിൽ നിന്നു രക്ഷിക്കുവാനാണ് അവനാഗ്രഹിക്കുന്നത്.
വീണ്ടും; ഒരു യുദ്ധത്തിൽ എതിരാളികളെ കൊല്ലുന്നവൻ കൊലപാതകിയാണോ? അവന്റെ അരൂപിയ്ക്ക് അതു സമ്മതമല്ലെങ്കിലും നിർബ്ബന്ധിക്കപ്പെടുന്നതു കൊണ്ട് അവൻ യുദ്ധം ചെയ്യുന്നു. യുദ്ധത്തിന്റെ നിയമങ്ങൾ മനുഷ്യത്വരഹിതമാണ്. എന്നാൽ അവന്റെ അധികാരവിധേയമായ സ്ഥിതി അതാവശ്യപ്പെടുന്നു.
എല്ലായ്പ്പോഴും ഒരുവന്റെ മനസ്ഥിതിയാണ് പ്രവൃത്തികളുടെ വില നിർണ്ണയിക്കുന്നത്. അതുകൊണ്ട് വിവേചിച്ചറിയുവാൻ കഴിയണം. ദൈവം വിട്ടുവീഴ്ചയില്ലാത്തവൻ എന്നതിലുമധികമായി കാരുണ്യവാനാണ്. ദൈവം ഒരു പിതാവാണ്; ദൈവം സ്നേഹമാണ്. അവൻ തന്റെ ഹൃദയം എല്ലാവർക്കുമായി തുറക്കുന്നു.
നിങ്ങളോടു്, ഇസ്രായേൽക്കാരോട് ഞാൻ യാചിക്കുന്നു. നീതിയുള്ളവരായിരിക്കുവിൻ. ഇക്കാര്യങ്ങളെല്ലാം ഓർമ്മിക്കുവിൻ. നിങ്ങൾ അശുദ്ധരെന്നു കരുതുന്നവർ (വിജാതീയർ) അതു മനസ്സിലാക്കുകയും നിങ്ങൾക്കു് അതു മനസ്സിലാകാതിരിക്കയും ചെയ്യുന്ന സ്ഥിതിയുണ്ടാകാതെ സൂക്ഷിക്കുവിൻ."