ഈശോ പറയുന്നു: "അമ്മയുടെ ഉദരത്തിൽ നാം ഒരു മൃഗശരീരമായി രൂപപ്പെട്ടപ്പോൾ ദൈവം സ്വർഗ്ഗത്തിൽ ഒരാത്മാവിനെ സൃഷ്ടിച്ചു. അവന്റെ സാദൃശ്യത്തിൽ ഒരു മനുഷ്യനെ രൂപപ്പെടുത്തുവാനാണ് ഇതു ചെയ്തത്. ആ ആത്മാവിനെ ഉദരത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ശരീരത്തിലേക്കു നിവേശിപ്പിക്കുന്നു. ജനനത്തിനു സമയമാകുമ്പോൾ ആത്മാവോടു കൂടി മനുഷ്യൻ ജനിക്കുന്നു. വിവേചനാശക്തിയുണ്ടാകുന്നതു വരെ ആ വ്യക്തിയുടെ ആത്മാവ് കൃഷി ചെയ്യത്ത ഭൂമി പോലെയാണ്. എന്നാൽ ചിന്തിക്കുവാനുള്ള കഴിവു പ്രാപിച്ചു കഴിയുമ്പോൾ നന്മയും തിന്മയും വേർതിരിച്ചറിയുവാൻ കഴിയുന്നു. അപ്പോൾ തന്റെ ഹിതം പോലെ കൃഷി ചെയ്യുവാൻ ഒരു സ്ഥലം തനിക്കുണ്ടെന്ന് അവൻ ഗ്രഹിക്കയാണ്. അവന്റെ കൃഷിസ്ഥലം ഒരു മുന്തിരിത്തോട്ടമാണെന്നും അതിൽ കൃഷി ചെയ്യുന്ന ഒരു പണിക്കാരൻ ഉണ്ടെന്നും അവൻ മനസ്സിലാക്കുന്നു. അവന്റെ സ്വതന്ത്രമനസ്സാണ് ആ പണിക്കാരൻ. വാസ്തവത്തിൽ, ദൈവം തന്റെ പുത്രനായ മനുഷ്യനു നൽകിയ സ്വാതന്ത്ര്യം, ആത്മാവാകുന്ന മുന്തിരിത്തോട്ടത്തെ ഫലദായകമാക്കുന്നതിനാണ് കൊടുത്തിരിക്കുന്നത്. നല്ല കാര്യപ്രാപ്തിയുള്ള ഒരു പണിക്കാരനാണ് സ്വതന്ത്രമനസ്സ്.
സമ്പന്നനാകുന്നതിന് അദ്ധ്വാനിക്കാതെ, നിത്യസൗഭാഗ്യത്തിന്റെ ഒരു ഭാവി പടുത്തുയർത്താൻ ശ്രമിക്കാതെ, എല്ലാം ദൈവത്തിൽ നിന്നു സ്വീകരിക്കുകയാണെങ്കിൽ മനുഷ്യന് എന്തു വിലയാണുള്ളത്? ആദി മാതാപിതാക്കൾക്ക് ഇഷ്ടദാനമായി ദൈവം കൊടുത്തിരുന്ന അപങ്കിലമായ പരിശുദ്ധി ലൂസിഫർ നശിപ്പിച്ചു കളഞ്ഞത് പുനഃസ്ഥാപിക്കാൻ, വിശുദ്ധി വീണ്ടും സൃഷ്ടിക്കുവാൻ മനുഷ്യൻ അദ്ധ്വാനിക്കേണ്ടതല്ലേ? ജന്മാവകാശമായ പാപത്തിൽ വീണ മനുഷ്യന് വീണ്ടും വിശുദ്ധി പ്രാപിക്കുവാനും അതിനു സമ്മാനം നേടുവാനും ദൈവം അനുവദിച്ചിരിക്കുന്നതു തന്നെ ഒരു മഹാദാനമാണ്. സ്വമനസ്സാലെ സൃഷ്ടിയുടെ ആദ്യത്തെ പൂർണ്ണതയിലേക്ക് വീണ്ടും ജനിക്കുവാൻ ദൈവം അനുവദിക്കുന്നു. സ്രഷ്ടാവ്, ആദത്തിനും ഹവ്വായ്ക്കും, അവർ പാപം ചെയ്യാതിരുന്നെങ്കിൽ അവരുടെ മക്കൾക്കും കൊടുക്കുവാനിരുന്ന ആദ്യത്തെ പരിപൂർണ്ണാവസ്ഥയിലേക്കാണ് തിരിച്ചു പോകേണ്ടത്. വീണുപോയ മനുഷ്യൻ സ്വതന്ത്രമനസ്സാലെ തിരഞ്ഞെടുക്കപ്പെട്ട ഒരുവനായിത്തീരണം. എന്നാൽ ആത്മാക്കൾക്ക് എന്താണു സംഭവിക്കുന്നത്? മനുഷ്യൻ അവന്റെ ആത്മാവിനെ സ്വതന്ത്രമനസ്സിനു വിട്ടുകൊടുക്കുന്നു. ഇതുവരെ ഒരു കൃഷിയും ഇറക്കിയിട്ടില്ലാത്ത, ശൂന്യമായ സ്ഥലമെന്നു പറയാവുന്ന ആത്മാവിനെ ഒരു മുന്തിരിത്തോട്ടമാക്കുവാൻ സ്വതന്ത്രമനസ്സാകുന്ന പണിക്കാരൻ ആരംഭിക്കുകയായി. ആദ്യകാലത്ത് ആത്മാവാകുന്ന സ്ഥലത്ത് ദുർബലമായ പുല്ലും അതിവേഗം കൊഴിയുന്ന പൂക്കളും മാത്രമേ വളരുന്നുള്ളൂ. നന്മതിന്മകൾ തിരിച്ചറിയാൻ കഴിയാത്ത ഒരു മാലാഖയാണ് ആ കുട്ടി. സ്വഭാവത്താലെയുള്ള നന്മ മാത്രമാണവ.
നിങ്ങൾ ചോദിച്ചേക്കാം; "എത്രകാലം അവൻ അങ്ങനെയായിരിക്കും?" നാം സാധാരണ പറയാറുള്ളത് ആദ്യത്തെ ആറു വർഷം എന്നാണ്. പക്ഷേ ചില കുട്ടികൾക്ക് അത്രയും പ്രായമാകുന്നതിനു മുമ്പുതന്നെ വിവേചനാശക്തിയുണ്ട്. അങ്ങനെയുള്ളവർ തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദിയായിരിക്കും. കാരണം നന്മയേത് തിന്മയേത് എന്നവർക്കറിയാം. എന്നാൽ ഒരു വിഡ്ഡിക്ക് നൂറു വയസ്സായാലും ഉത്തരവാദിത്വമില്ല; എന്നാൽ അവന്റെ സ്ഥാനത്ത് അവന്റെ രക്ഷിതാക്കൾക്ക് ഉത്തരവാദിത്വമുണ്ട്. അതിനാൽ അവന്റേയും അവൻ ഉപദ്രവിക്കാനിടയുള്ള അയൽക്കാരുടേയും മേൽ അവർക്കു് ജാഗ്രതയുണ്ടാകണം. അവൻ തന്നെത്തന്നെയും മറ്റുള്ളവരെയും ഉപദ്രവിക്കാതെ സൂക്ഷിക്കണം. എന്നാൽ നാം സംസാരിക്കുന്നതു് ആത്മാവിലും ശരീരത്തിലും ശരിയായ ബുദ്ധിയുള്ള വ്യക്തികളെക്കുറിച്ചാണ്.
അപ്പോൾ, മനുഷ്യൻ ഇതുവരെ കൃഷി ചെയ്തിട്ടില്ലാത്ത ഭൂമി - മുന്തിരിത്തോപ്പ്, ജോലിയറിയാവുന്ന ഒരുവനെ - അവന്റെ സ്വതന്ത്രമനസ്സാകുന്ന പണിക്കാരനെ ഏൽപ്പിക്കുന്നു. അവൻ അതു കൃഷി ചെയ്യാൻ ആരംഭിക്കുകയായി. ആത്മാവാകുന്ന മുന്തിരിത്തോപ്പിന് ഒരു സ്വരമുണ്ട്. അത് സ്വഭാവാതീതമായ ഒരു സ്വരമാണ്; ജ്ഞാനത്തിന്റെ സ്വരം; ദൈവം അയയ്ക്കുന്ന അരൂപികളുടെ സ്വരം; എല്ലാ ആത്മാക്കൾക്കും ദൈവം നൽകുന്ന സ്വഭാവാതീതമായ ഓർമ്മകൾ എന്നിവയെല്ലാം.. അങ്ങനെ മുന്തിരിത്തോപ്പ് സ്വതന്ത്രമനസ്സിനോട് അപേക്ഷാരൂപത്തിൽ കാരുണ്യത്തോടെ ആവശ്യപ്പെടുന്നത് നല്ല ചെടികൾ കൊണ്ടു് അതിനെ അലങ്കരിക്കണമെന്നാണ്. എപ്പോഴും നല്ല സൂക്ഷവും ജാഗ്രതയും പുലർത്തണം; കാടും മുള്ളും വിഷച്ചെടികളും അവിടെയുണ്ടാകരുത്. പാമ്പുകളും തേളും കുറുക്കന്മാരും മറ്റു ജന്തുക്കളും അതിൽ കയറിപ്പറ്റാൻ അനുവദിക്കരുത് എന്നെല്ലാം സ്വതന്ത്രമനസ്സിനോടു കേണപേക്ഷിക്കുന്നു.
സ്വതന്ത്രമനസ്സ് എപ്പോഴും ഒരു നല്ല കൃഷിക്കാരനായിട്ടല്ല ജോലി ചെയ്യുന്നത്. മുന്തിരിത്തോപ്പിന്റെ ഭദ്രതയുടെ കാര്യത്തിൽ നല്ല ശ്രദ്ധയില്ല. നല്ല വേലി ചുറ്റും ഉയർത്തുകയില്ല. അതായത് നന്മയെക്കുറിച്ചുള്ള ദൃഢനിശ്ചയമില്ല. കവർച്ചക്കാർ, ജന്തുക്കൾ, വലിയ കാറ്റ് ഇവയൊന്നും മുന്തിരിത്തോട്ടത്തെ നശിപ്പിക്കരുതെന്നുള്ള ചിന്തയില്ല. നന്മ ചെയ്യണമെന്നുള്ള നിശ്ചയങ്ങളാകുന്ന ചെറുപുഷ്പങ്ങൾ മുളയ്ക്കുമ്പോൾത്തന്നെ കാറ്റ് അവയെ നശിപ്പിക്കാനിടയാകുന്നു. ഓ! എത്ര ഉയരമുള്ള, ബലമുള്ള വേലി ചുറ്റും കെട്ടിയാലാണ് തിന്മയിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുവാൻ കഴിയുന്നത്!
ആ വേലി ബലം പ്രയോഗിച്ചു് പൊളിക്കുന്നുണ്ടോ എന്നറിയുവാൻ എത്ര ജാഗ്രതയോടെ കാത്തിരിക്കണം! വേലിയിൽ വിടവുണ്ടായി ഇഴജന്തുക്കൾ - അണലിപ്പാമ്പുകൾ (പ്രധാനപ്പെട്ട തിന്മകളാണ് പാമ്പുകൾ) നുഴഞ്ഞു കയറാതെ സൂക്ഷിക്കണം. ഇടയ്ക്ക് ഭൂമി കിളച്ച് കളകൾ ചുട്ടു കളയണം. ചാലുകൾ കീറി വെള്ളം നിർത്തണം; വളമിടണം. ആശാനിഗ്രഹവും ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹമാകുന്ന വളം നൽകണം. മുന്തിരിമുളകൾ ആദ്യന്തം നന്നായിട്ടുള്ളവയാണോ എന്ന് കണ്ണു തുറന്നു നോക്കണം. ചീത്തയാണെന്നു കണ്ടാൽ കാരുണ്യം കൂടാതെ നശിപ്പിച്ചു കളയണം.
നമുക്കു് ഹൃദയമുണ്ട്. നമ്മുടെ ഹൃദയങ്ങൾ എപ്പോഴും കൃഷി ചെയ്യപ്പെടുന്ന മുന്തിരിത്തോട്ടങ്ങളാണ്. അതിൽ കൃഷിക്കാരൻ പുതിയ പുതിയ ചെടികൾ ധാരാളമായി നടുന്നു. അയാൾക്കു് ആശയങ്ങൾ ധാരാളമുണ്ട്. അവയൊന്നും ദുഷ്ടമല്ലതാനും. എന്നാലയാൾ അവയെ അവഗണിക്കയാണു ചെയ്യുന്നത്. അവഗണിക്കപ്പെടുന്നതു നിമിത്തം അവ ചീത്തയായിപ്പോകുന്നു. എത്രയോ നന്മകൾ നശിക്കുന്നു!! കാരണം, അവ ഐന്ദ്രികസ്നേഹത്തിന്റെ കലർപ്പുള്ളവയാണ്. അവ പരിപാലിക്കപ്പെടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സ്വതന്ത്രമനസ്സ് സ്നേഹത്താൽ ശക്തിപ്പെടുന്നില്ല. കവർച്ചയ്ക്കായി എത്ര കള്ളന്മാർ കയറുന്നു! കാരണം മനസ്സാക്ഷി ഉറങ്ങുകയാണ്. ജാഗ്രത പാലിക്കുന്നില്ല. കാരണം, സ്വതന്ത്രമനസ്സ് അതിന്റെ ശക്തി നഷ്ടപ്പെടുത്തി; ദുഷിച്ചു. സ്വതന്ത്രമാണെങ്കിലും തിന്മ അതിനെ വശീകരിച്ചു. അത് തിന്മയുടെ അടിമയായിത്തീർന്നു. എന്നാൽ ചിന്തിച്ചുനോക്കൂ.. ദൈവം അതിനു സ്വാതന്ത്ര്യം നൽകി. എന്നാലുമത് തിന്മയുടെ അടിമയായിപ്പോകുന്നു. അഹങ്കാരം, അത്യാഗ്രഹം, അരിശം, ജഡികാസക്തി, ഇവ ആദ്യം നല്ല ചെടികളുടെ കൂടെ വളരും; പിന്നീട് അവയെ കീഴ്പ്പെടുത്തും. ചെടികളെ ഉണക്കിക്കളയുന്ന വരൾച്ച എത്രയധികം! കാരണം, ആളുകൾ പ്രാർത്ഥിക്കുന്നതേയില്ല. പ്രാർത്ഥന ദൈവത്തോടുള്ള ഐക്യമാണ്. അതിനാൽ അത് ചെടിയ്ക്കുപകാരമുള്ള മഞ്ഞുതുള്ളികളാകുന്നു. ദൈവത്തോടും അയൽക്കാരോടും സ്നേഹമില്ലാത്തതിനാൽ എത്ര തണുപ്പ് ! ചെടിയുടെ വേരുകളെ മഞ്ഞുറഞ്ഞു മരവിപ്പിച്ചു നശിപ്പിക്കുന്നു. ഇന്ദ്രിയനിഗ്രഹവും എളിമയുമാകുന്ന വളമില്ലാത്തതിനാൽ മണ്ണ് ഫലദായകമല്ലാതായി.
നമുക്കു് ഹൃദയമുണ്ട്. നമ്മുടെ ഹൃദയങ്ങൾ എപ്പോഴും കൃഷി ചെയ്യപ്പെടുന്ന മുന്തിരിത്തോട്ടങ്ങളാണ്. അതിൽ കൃഷിക്കാരൻ പുതിയ പുതിയ ചെടികൾ ധാരാളമായി നടുന്നു. അയാൾക്കു് ആശയങ്ങൾ ധാരാളമുണ്ട്. അവയൊന്നും ദുഷ്ടമല്ലതാനും. എന്നാലയാൾ അവയെ അവഗണിക്കയാണു ചെയ്യുന്നത്. അവഗണിക്കപ്പെടുന്നതു നിമിത്തം അവ ചീത്തയായിപ്പോകുന്നു. എത്രയോ നന്മകൾ നശിക്കുന്നു!! കാരണം, അവ ഐന്ദ്രികസ്നേഹത്തിന്റെ കലർപ്പുള്ളവയാണ്. അവ പരിപാലിക്കപ്പെടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സ്വതന്ത്രമനസ്സ് സ്നേഹത്താൽ ശക്തിപ്പെടുന്നില്ല. കവർച്ചയ്ക്കായി എത്ര കള്ളന്മാർ കയറുന്നു! കാരണം മനസ്സാക്ഷി ഉറങ്ങുകയാണ്. ജാഗ്രത പാലിക്കുന്നില്ല. കാരണം, സ്വതന്ത്രമനസ്സ് അതിന്റെ ശക്തി നഷ്ടപ്പെടുത്തി; ദുഷിച്ചു. സ്വതന്ത്രമാണെങ്കിലും തിന്മ അതിനെ വശീകരിച്ചു. അത് തിന്മയുടെ അടിമയായിത്തീർന്നു. എന്നാൽ ചിന്തിച്ചുനോക്കൂ.. ദൈവം അതിനു സ്വാതന്ത്ര്യം നൽകി. എന്നാലുമത് തിന്മയുടെ അടിമയായിപ്പോകുന്നു. അഹങ്കാരം, അത്യാഗ്രഹം, അരിശം, ജഡികാസക്തി, ഇവ ആദ്യം നല്ല ചെടികളുടെ കൂടെ വളരും; പിന്നീട് അവയെ കീഴ്പ്പെടുത്തും. ചെടികളെ ഉണക്കിക്കളയുന്ന വരൾച്ച എത്രയധികം! കാരണം, ആളുകൾ പ്രാർത്ഥിക്കുന്നതേയില്ല. പ്രാർത്ഥന ദൈവത്തോടുള്ള ഐക്യമാണ്. അതിനാൽ അത് ചെടിയ്ക്കുപകാരമുള്ള മഞ്ഞുതുള്ളികളാകുന്നു. ദൈവത്തോടും അയൽക്കാരോടും സ്നേഹമില്ലാത്തതിനാൽ എത്ര തണുപ്പ് ! ചെടിയുടെ വേരുകളെ മഞ്ഞുറഞ്ഞു മരവിപ്പിച്ചു നശിപ്പിക്കുന്നു. ഇന്ദ്രിയനിഗ്രഹവും എളിമയുമാകുന്ന വളമില്ലാത്തതിനാൽ മണ്ണ് ഫലദായകമല്ലാതായി.
തിന്മയിലേക്കു ചായ് വുള്ള, അമിത സ്വാതന്ത്ര്യമുള്ള, സ്വതന്ത്രമനസ്സാകുന്ന കൃഷിക്കാരൻ നടത്തുന്ന കൃഷി ഇപ്രകാരമായിരിക്കും. ആത്മാവാകുന്ന മുന്തിരിത്തോട്ടം നശിക്കും.
എന്നാൽ ഒരാത്മാവിന്റെ സ്വതന്ത്രമനസ്സ് ക്രമമായി പ്രവർത്തിക്കുമ്പോൾ, അതായത് നിയമം അനുസരിച്ചു ജീവിക്കുമ്പോൾ ആത്മാവ് മനോഹരമായ മുന്തിരിത്തോട്ടമായിത്തീരുന്നു. അങ്ങനെ ജീവിക്കുന്ന ആത്മാവ് വീരോചിതമായി നന്മയോടു വിശ്വസ്തത പുലർത്തും. നന്മ മനുഷ്യനെ ഉയർത്തും; ദൈവത്തോട് സാധർമ്മ്യമുള്ളവനാക്കും. നേരെമറിച്ച് തിന്മ മനുഷ്യനെ മൃഗീയനാക്കും. സ്വതന്ത്രമനസ്സ് നന്മ മാത്രം ചെയ്യുമ്പോൾ ആത്മാവാകുന്ന മുന്തിരിത്തോട്ടത്തിൽ വിശ്വാസമാകുന്ന നിർമ്മലജലം ധാരാളമായി ഒഴുകും; പ്രത്യാശയാകുന്ന വൃക്ഷങ്ങളുടെ തണൽ ലഭിക്കും; സ്നേഹമാകുന്ന സൂര്യന്റെ ചൂടും ലഭിക്കും. മനസ്സ് അതിനെ നിയന്ത്രിക്കും; ഇന്ദ്രിയനിഗ്രഹം അതിനു പക്വത നൽകും; മുന്തിരിവള്ളികൾ അനുസരണയെന്ന ചരടു കൊണ്ടു് കെട്ടിവയ്ക്കപ്പെട്ടിരിക്കും. ആത്മശക്തിയാൽ വെട്ടി ശരിയാക്കപ്പെടും; നീതിയാൽ നയിക്കപ്പെടും. അപ്പോൾ കൃപാവരം വർദ്ധിക്കും. വിശുദ്ധിയിൽ വളരും. മുന്തിരിത്തോട്ടം അതിമനോഹരമായിത്തീരും. വ്യക്തിയുടെ മരണം വരെ ഈ വിശ്വസ്തതയിൽ തുടർന്നാൽ, മുന്തിരിത്തോട്ടം എന്നും മനോഹരമായിരുന്നാൽ ദൈവം തന്റെ ദൂതനെ അയച്ച് സ്വതന്ത്രമനസ്സിന്റെ നിശ്ചയത്താൽ നേടിയ ഈ പൂവനത്തെ സ്വർഗ്ഗത്തിലെ നിത്യമനോഹര ഉദ്യാനത്തിലേക്ക് എടുപ്പിക്കും.
ഈ ഭാഗ്യമാണ് നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത്. അതിനാൽ ജാഗ്രത പാലിക്കുക. പിശാച്, ലോകം, മാംസം എന്നിവ നിങ്ങളുടെ സ്വതന്ത്രമനസ്സിനെ വശീകരിച്ചു് അധീനമാക്കി നിങ്ങളുടെ ആത്മാക്കളെ നശിപ്പിക്കാനിടയാക്കരുത്. നിങ്ങളിൽ സ്നേഹമുണ്ടെന്ന് ഉറപ്പു വരുത്തുക. എങ്കിൽ നിറയെ ഫലങ്ങളുമായി നിത്യസമ്മാനത്തിനായി നിങ്ങൾ കർത്താവിന്റെ സന്നിധിയിലേക്കു പ്രവേശിക്കും."