ജാലകം നിത്യജീവൻ: ഈശോ മഗ്ദലനാ മേരിയെ രണ്ടാം പ്രാവശ്യം കാണുന്നു

nithyajeevan

nithyajeevan

Wednesday, September 28, 2011

ഈശോ മഗ്ദലനാ മേരിയെ രണ്ടാം പ്രാവശ്യം കാണുന്നു

          ഈശോയും അപ്പസ്തോലന്മാരും ഒരു
ദീര്‍ഘയാത്രക്കുശേഷം അരുവിക്കരയിലുള്ള ഒരു മരത്തണലില്‍  ഒത്തുകൂടിയിരുന്ന് ഭക്ഷണം കഴിക്കയാണ്. ഒന്നു വിശ്രമിച്ചാല്‍ക്കൊള്ളാമെന്ന് അപ്പസ്തോലന്മാര്‍ക്കുണ്ട്.  എന്നാല്‍ "ക്ഷീണിക്കാത്ത ആ നടപ്പുകാര"ന്റെ മനഃസ്ഥിതി അതായിരുന്നില്ല. ഈശോ എഴുന്നേറ്റ്
റോഡില്‍പ്പോയിനോക്കിയിട്ടു പറഞ്ഞു; 'നമുക്ക് പോകാം". മറ്റൊന്നും പറഞ്ഞില്ല.
അവര്‍  ഒരു നാല്‍ക്കവലയിലെത്തിയപ്പോൾ ഈശോ വടക്കുകിഴക്കു ദിശയിലേക്കുള്ള പാതയിലൂടെ ദൃഢനിശ്ചയത്തോടെ നടന്നു.
"നാം കഫര്‍ണാമിലേക്ക് മടങ്ങിപ്പോവുകയാണോ ?" പത്രോസ് ജിജ്ഞാസാപൂര്‍വം അന്വേഷിച്ചു.


"അല്ല." ഈശോ മറുപടി പറഞ്ഞു.


'എങ്കില്‍ തിബര്യാസിലേക്കായിരിക്കും ?' വീണ്ടും പത്രോസ് ചോദിച്ചു

"അങ്ങോട്ടുമല്ല."
"എന്നാല്‍  ഈ വഴി ഗലീലിയായിലേക്കുള്ളതാണ്. കഫര്‍ണാമും തിബര്യാസും ഈ വഴിക്കാണ്."

"മഗ്ദലായും ഈ വഴിക്കാണ്."

"മഗ്ദലായോ ?"
"അതേ, "മഗ്ദലായിലേക്കുതന്നെ. ആ പട്ടണത്തിലേക്കു പ്രവേശിക്കുന്നത് ഉചിതമല്ലെന്നു നിനക്കു തോന്നുന്നുണ്ടോ ? പത്രോസേ.... പത്രോസേ...എന്നെപ്രതി നീ ഒരു കാര്യം ചെയ്യുക. നീ പോകേണ്ടത് സുഖസൗകര്യങ്ങളിലേക്കല്ല, യഥാര്‍ത്ഥ വേശ്യാലയങ്ങളിലേക്കാണ്. രക്ഷിക്കപ്പെട്ടു കഴിഞ്ഞവരെ രക്ഷിക്കാനല്ല ക്രിസ്തു വന്നിരിക്കുന്നത്, നേരെ മറിച്ച് നഷ്ടപ്പെട്ടു പോയവരെ രക്ഷിക്കാനാണ്. നീ സൈമണല്ല, പത്രോസ് അഥവാ പാറയാണ്. ഇക്കാര്യത്തിൽ നീ പാറപോലെ ഉറപ്പുള്ളവനായിരിക്കണം. അവിടെപ്പോയാൽ മലിനപ്പെടുമെന്ന് നിനക്കു ഭയമുണ്ടോ ? ഇല്ല, ഇതാ ഈ നിൽക്കുന്നവനുപോലും (ഏറ്റം പ്രായം കുറഞ്ഞ ജോണിനെ ചൂണ്ടിക്കാട്ടി) കുഴപ്പമൊന്നും വരികയില്ല. എന്തെന്നാൽ അവൻ അതൊന്നും ആഗ്രഹിക്കുന്നില്ല. നീയും അപ്രകാരം തന്നെ. നിന്റെ സഹോദരനും ജോണിന്റെ സഹോദരനും നിങ്ങളിലാരും തന്നെ അതാഗ്രഹിക്കുന്നില്ല. ഒരാൾക്ക് ആഗ്രഹമില്ലാത്തിടത്തോളം കാലം ഒരുപദ്രവവും ഉണ്ടാവുകയില്ല. എന്നാൽ ആഗ്രഹിക്കാതിരിക്കുന്നത് ദൃഢചിത്തത്തോടെയും സ്ഥിരപരിശ്രമത്തോടെയും ആയിരിക്കണം
സദുദ്ദേശത്തോടെ പ്രാർത്ഥിച്ചാൽ പിതാവു നിങ്ങൾക്കു മനഃശക്തി പ്രദാനം ചെയ്യും. യൂദാസ്, നീ എന്തു പറയുന്നു ? ആത്മവിശ്വാസം അധികമായിപ്പോകരുത്. ക്രിസ്തുവായ ഞാൻ സാത്താനെതിരെ ശക്തി പ്രാപിക്കുവാൻവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടാണിരിക്കുന്നത്. നീ എന്നേക്കാൾ ശ്രേഷ്ടനാണോ? സാത്താൻ നുഴഞ്ഞുകയറുന്ന ദ്വാരമാണ് അഹംഭാവം. യൂദാസ്, ജാഗ്രതയോടെയും വിനയത്തോടെയുമിരിക്കുക. മാത്യു, നിനക്ക് ഈ സ്ഥലം സുപരിചിതമാണല്ലോ ? നീ എന്നോടു പറയുക, ഈ പട്ടണത്തക്ക് ഈ വഴി പോകുന്നതാണോ മറ്റേതെങ്കിലും വഴിയേ പോകുന്നതാണോ നല്ലത്?"


"ഗുരോ, അത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. മുക്കുവരും പാവപ്പെട്ടവരും താമസിക്കുന്ന മഗ്ദലായിലാണ് അങ്ങു പോകാനാഗ്രഹിക്കുന്നതെങ്കിൽ ഇതുതന്നെയാണു വഴി. അതല്ല, ധനവാന്മാര്‍  താമസിക്കുന്ന സ്ഥലമാണ് അങ്ങുദ്ദേശിക്കുന്നതെങ്കിൽ ഈ വഴി വിട്ടിട്ട് വേറൊരു വഴിയേ പോകണം. കുറെ പിന്നോക്കം പോവുകയും വേണം."

"നമുക്ക് തിരിയെപ്പോകാം. എന്തെന്നാൽ ധനവാന്മാരുടെ വാസസ്ഥലത്തു പോകാനാണ് ഞാനാഗ്രഹിക്കുന്നത്. യൂദാസ് എന്തു പറയുന്നു ?"

"ഗുരോ, എനിക്കൊന്നും പറയാനില്ല. അങ്ങിതു രണ്ടാംതവണയാണ് എന്നോടു ചോദിക്കുന്നത്. എന്നാൽ ഞാൻ യാതൊന്നും പറഞ്ഞില്ലല്ലോ."

"ഇല്ല, നിന്റെ അധരങ്ങൾകൊണ്ട് നീ ഒന്നും പറഞ്ഞില്ല. എന്നാല്‍  നീ നിന്റെ ഹൃദയത്തില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു."


ആ സംഘം നിശ്ശബ്ദമായി മുമ്പോട്ടുപോയി. പ്രധാനപാത കുറെ ചെന്നപ്പോഴേക്കും ഒരു നഗരവീഥിയുടെ മട്ടായി. ചുറ്റുപാടും ആഡംബരസമന്വിതമായ ഉദ്യാനങ്ങളും ഫലവൃക്ഷത്തോപ്പുകളും കാണാം. ഈശോ മുമ്പോട്ടു തന്നെ പോയി. എങ്ങോട്ടാണു പോകുന്നതെന്നു് ഈശോയ്ക്കു മാത്രമേ അറിയാവൂ.

അവർ മുമ്പോട്ടു പോകവേ, ഒരു വലിയ വീട്ടില്‍ നിന്നും അത്യുച്ചത്തിലുള്ള ഒരു നിലവിളി കേട്ടു. തുടര്‍ന്ന് ഒരു സ്ത്രീ ദയനീയമായി കരഞ്ഞുകൊണ്ട് പറയുന്നു; "എന്റെ മകൻ, എന്റെ മകൻ."
ഈശോ ചുറ്റും തിരിഞ്ഞ് അപ്പസ്തോലന്മാരെ നോക്കി. അപ്പോൾ യൂദാസ് മുമ്പോട്ടുവന്നു. "നിന്നെയല്ല, മാത്യുവിനെയാണ്. മാത്യൂ, നീ പോയി വിവരം അറിഞ്ഞു വരിക."

മാത്യൂ പോയിട്ടുവന്നു.


"ഗുരോ, ഒരു വഴക്കാണ്. ഒരാൾ മരിക്കാറായിക്കിടക്കുന്നു. യഹൂദനാണ്. ഒരു റോമാക്കാരൻ അയാളെ മുറിവേല്‍പ്പിച്ചിട്ട് കടന്നുകളഞ്ഞു. മുറിവേറ്റവനെ സഹായിക്കുവാൻ അവന്റെ അമ്മയും ഭാര്യയും കുട്ടികളും എത്തിയിട്ടുണ്ട്. എങ്കിലും അയാൾ മരിച്ചുകൊണ്ടിരിക്കുകയാണ്.

"നമുക്ക് അങ്ങോട്ടു പോകാം."

"ഗുരോ, ഗുരോ, ഇതു സംഭവിച്ചത് ഒരു സ്ത്രീയുടെ വീട്ടിലാണ്. അവൾ അയാളുടെ ഭാര്യയല്ല."

'നമുക്ക് പോകാം."

വിശാലമായി തുറന്നുകിടന്ന വാതിലിലൂടെ അവര്‍  അകത്തു കയറി. ഹാളിലൂടെ പ്രവേശിക്കാവുന്ന ഒരു മുറിയിൽ കുറെ സ്ത്രീകൾ കരഞ്ഞുകൊണ്ടിരിക്കുന്നു. ഈശോ മുമ്പോട്ടു ചെന്നു. എന്നാല്‍  സാധാരണ പറയാറുള്ള സമാധാന അഭിവാദനം പറഞ്ഞില്ല.
അവിടെ ഉണ്ടായിരുന്ന പുരുഷന്മാരില്‍  ഒരാൾക്ക് ഈശോയെ അറിയാമായിരുന്നു. "നസ്രായക്കാരനായ റബ്ബി" എന്നുപറഞ്ഞ് അയാൾ ആദരപൂർവം ഈശോയെ അഭിവാദ്യം ചെയ്തു. ഈശോ ചോദിച്ചു; ജോസഫ്, എന്താണു സംഗതി ?"

"ഗുരോ, ഇവന്റെ ചങ്കിനു കുത്തേറ്റിരിക്കുന്നു. ഇവൻ മരിച്ചുകൊണ്ടിരിക്കയാണ്."
" എന്തിനാണ് ?"

നരച്ചുപാറിയ മുടിയുള്ള ഒരു സ്ത്രീ മുട്ടിന്മേലിരുന്ന് കുത്തേറ്റ മനുഷ്യന്റെ കൈ പിടിച്ചുകൊണ്ട് ക്ഷീണിച്ച സ്വരത്തില്‍  പറഞ്ഞു; "അവള്‍ കാരണമാണ്, അവള്‍  കാരണമാണ്, അവള്‍  ഇവനെ ഒരു ചെകുത്താനാക്കി. അമ്മയെയും ഭാര്യയെയും മക്കളെയും എല്ലാം അവന്‍ മറന്നു.
സാത്താനേ, നിനക്കു മരണം തന്നെ കിട്ടും.'

അവരുടെ വിറക്കുന്ന കൈകൾ ചൂണ്ടിയ ഭാഗത്തേക്ക് ഈശോ തലയുയര്‍ത്തി നോക്കി. ഒരു മൂലയ്ക്ക് ഇരുണ്ട ഭിത്തിക്കെതിരെ ധിക്കാരമട്ടില്‍  മേരി മഗ്ദലന നില്‍ക്കുന്നു. സഭ്യേതരമായ രീതിയിലാണവളുടെ വസ്ത്രധാരണം. ഈശോ ആ അമ്മയോട് പറഞ്ഞു;

''സ്ത്രീയേ, ശപിക്കരുത്. എന്നോടു പറയൂ, നിങ്ങളുടെ മകൻ എന്തിനാണിവിടെ വന്നത്?"

"ഞാൻ പറഞ്ഞുകഴിഞ്ഞു; അവൾ എന്റെ മകനെ വശീകരിച്ചതാണ്."

"നിശ്ശബ്ദയായിരിക്കൂ.  അവള്‍ പാപത്തിലായിരിക്കുന്നതുപോലെ അവനും വ്യഭിചാരിയാണ്. അവന്റെ കടമകള്‍ അവൻ മറന്നു. ഈ പിഞ്ചുകുഞ്ഞുങ്ങളെ മറന്നു. അതിനാല്‍  അവൻ ഈ ശിക്ഷ അർഹിക്കുന്നു. പശ്ചാത്തപിക്കാത്തവർക്ക് ഈ ലോകത്തിലും പരലോകത്തിലും കരുണ ലഭിക്കുകയില്ല. എങ്കിലും നിങ്ങളുടെ ദുഃഖത്തില്‍  എനിക്കു കരുണ തോന്നുന്നു. ഈ കുഞ്ഞുങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. നിങ്ങളുടെ വീട് എത്രയകലെയാണ്?"

'ഏകദേശം നൂറുവാര അകലെയാണ്."

"ഈ മനുഷ്യനെ എടുത്ത് അങ്ങോട്ടു കൊണ്ടുപോകൂ."

"ഗുരോ, അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അയാൾ അന്ത്യശ്വാസം വലിക്കയാണ്." ഈശോയെ പരിചയമുള്ള ജോസഫ് എന്നയാൾ പറഞ്ഞു.

"ഞാൻ പറഞ്ഞപ്രകാരം ചെയ്യുക.'


മരണാസന്നനായ മനുഷ്യന്റെ അടിയിൽ ഒരു പലക വച്ച് അവർ അയാളെ എടുത്തു. ആ സംഘം പതുക്കെ നീങ്ങി. നിരത്തു കടന്ന് അവർ ഒരു

ഉദ്യാനത്തിന്റെ തണലില്‍  പ്രവേശിച്ചു. സ്ത്രീകൾ ഉച്ചത്തില്‍  കരഞ്ഞുകൊണ്ടേയിരുന്നു.

ഉദ്യാനത്തില്‍  പ്രവേശിച്ച ഉടനെ ഈശോ അമ്മയോടു ചോദിച്ചു; "നിങ്ങൾക്കു ക്ഷമിക്കുവാൻ കഴിയുമോ ? നിങ്ങൾ ക്ഷമിക്കുമെങ്കിൽ ദൈവം ക്ഷമിക്കും. നാം കാരുണ്യമുള്ളവരായിരിക്കണം. ദൈവകൃപ ലഭിക്കുന്നതിന് ഇതാവശ്യമാണ്. ഇയാൾ പാപം ചെയ്തു. ഇനിയും ചെയ്യും. അതിനാല്‍  അവൻ മരിക്കുന്നതാണ് നല്ലത്. എന്തെന്നാല്‍  ജീവിച്ചിരുന്നാല്‍  ഇവൻ വീണ്ടും പാപത്തില്‍  വീഴും. തന്നെ രക്ഷിച്ച ദൈവത്തോടു കാണിച്ച നന്ദികേടിനും അവൻ സമാധാനം പറയേണ്ടി വരും. എന്നാല്‍  നിങ്ങളും നിഷ്കളങ്കരായ ഇവരും (ഭാര്യയെയും മക്കളെയും ചൂണ്ടിക്കൊണ്ട്) നിരാശരാകരുത്. ഞാൻ വന്നത് രക്ഷിക്കാനാണ്; നശിപ്പിക്കാനല്ല. മനുഷ്യാ, എഴുന്നേറ്റു നില്‍ക്കൂ, സുഖം പ്രാപിക്കൂ."

അയാൾ സുഖം പ്രാപിച്ചുതുടങ്ങി. കണ്ണുകൾ തുറന്നപ്പോൾ തന്റെ അമ്മയെയും ഭാര്യയെയും മക്കളെയും കണ്ടു.

"മകനെ, മകനെ, ഇദ്ദേഹം നിന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍  നീ മരിച്ചുപോകുമായിരുന്നു. നിന്റെ സുബോധം വീണ്ടെടുക്കുക. നീ മതിമറന്ന്........"

ഈശോ വൃദ്ധയെക്കൊണ്ട് കൂടുതല്‍  പറയിക്കുന്നില്ല. "മിണ്ടാതിരിക്കൂ. നിങ്ങളോടു കരുണ കാണിച്ചതുപോലെ നിങ്ങളും കരുണ കാണിക്കുക. ഒരത്ഭുതത്താല്‍  ഇവിടം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഈ പരിശുദ്ധി കാത്തുസൂക്ഷിക്കുക. പാപമുള്ളിടത്തുവച്ച് എനിക്ക് അത്ഭുതം പ്രവർത്തിക്കാനാവില്ല. സ്ത്രീയേ, നീയും കുഞ്ഞുങ്ങളും നല്ലവരായിരിക്കുക. ഞാൻ പോകട്ടെ."
പുറത്തേക്കുപോയ ഈശോ മഗ്ദലനയുടെ വീടിന്റെ മുമ്പിലൂടെയാണു കടന്നുപോയത്. കുത്തേറ്റയാളിനെ എടുത്തുകൊണ്ടുപോയ ആളുകളോടൊപ്പം അവൾ വീട്ടുപടിക്കലോളം വന്നിരുന്നു. ഒരു മരത്തില്‍  ചാരി അവിടെ നില്‍ക്കുമ്പോഴാണ് ഈശോ തിരിയെ അതുവഴി വന്നത്. അവിടെ എത്തിയപ്പോൾ ഈശോ നടപ്പിന്റെ വേഗം കുറച്ചു. പിന്നാലെ വരുന്ന ശിഷ്യന്മാർ ഈശോയുടെ ഒപ്പമെത്തി. അവൾക്കു പറ്റിയ ഒരു വിശേഷണം പിറുപിറുക്കാതിരിക്കാൻ പത്രോസിനു കഴിഞ്ഞില്ല. അതുകേട്ട് അവൾ പൊട്ടിച്ചിരിക്കയാണ് ചെയ്തത്. എന്നാല്‍  പത്രോസ് പറഞ്ഞ വാക്ക് ഈശോ കേട്ടു. അവിടുന്ന് പത്രോസിനെ ശകാരിച്ചു. "സൈമൺ, ഞാൻ ആരെയും കുറ്റപ്പെടുത്താറില്ല. നിങ്ങളും ആരെയും കുറ്റപ്പെടുത്തരുത്. പാപികൾക്കുവേണ്ടി പ്രാർത്ഥിക്കുക. മറ്റൊന്നും വേണ്ടാ."


മഗ്ദലനമേരി പൊട്ടിച്ചിരി അവസാനിപ്പിച്ച് തല കുനിച്ചുകൊണ്ട് വീട്ടിനകത്തേക്ക് ഓടിപ്പോയി.