ജാലകം നിത്യജീവൻ: ചുങ്കക്കാരന്റെയും ഫരിസേയന്റേയും ഉപമ

nithyajeevan

nithyajeevan

Thursday, September 8, 2011

ചുങ്കക്കാരന്റെയും ഫരിസേയന്റേയും ഉപമ


ഈശോ ജറീക്കോ പട്ടണത്തിൽ പ്രസംഗിക്കുകയാണ്. മാനസാന്തരപ്പെട്ട ചുങ്കക്കാരൻ സക്കേവൂസിന്റെ പരിശ്രമത്താൽ മനസ്സുതിരിഞ്ഞ, തങ്ങളുടെ പാപജീവിതം വെടിയാനാഗ്രഹിക്കുന്ന ഒരു കൂട്ടമാളുകളും ശ്രോതാക്കളുടെ കൂട്ടത്തിലുണ്ട്.
ഈശോ പറയുന്നു: "ഞാൻ പറയുന്ന ഈ ഉപമ ശ്രദ്ധിച്ചു ശ്രവിക്കുവിൻ. ദൈവസന്നിധിയിൽ വിലയള്ള കാര്യങ്ങൾ എന്തെല്ലാമെന്ന് നിങ്ങൾക്കു മനസ്സിലാകും. ഹൃദയത്തിലെ മോശമായ ചിന്തകൾ തിരുത്തുന്നതിന് അതു സഹായിക്കും.
അധികമാളുകളും തങ്ങളുടെ തന്നെ വിധികർത്താക്കളാണ്. ആയിരം മനുഷ്യരിൽ ഒരുവൻ മാത്രമേ എളിമയുള്ളവനായിരിക്കൂ. അതിനാൽ ഇതാണു സംഭവിക്കുക: ഓരോരുത്തരും അവനവനെ പൂർണ്ണനായിക്കരുതും; അയൽക്കാരനിൽ നൂറുകണക്കിനു കുറ്റങ്ങൾ കണ്ടെത്തുകയും ചെയ്യും.
ഒരു ദിവസം രണ്ടു മനുഷ്യർ ദേവാലയത്തിലേക്കു പോയി. അവർ ഓരോരോ കാര്യാന്വേഷണത്തിനായി ജറുസലേമിൽ എത്തിയതാണ്. ഇവരിൽ ഒരാൾ ഫരിസേയനും അപരൻ ചുങ്കക്കാരനുമായിരുന്നു. ഫരിസേയൻ വന്നത് ചില കടകളുടെ വാടക പിരിക്കാനും പട്ടണത്തിനു സമീപം താമസിച്ചിരുന്ന കാര്യസ്ഥന്മാരുമായി കണക്കു തീർക്കാനുമാണ്. ചുങ്കക്കാരൻ വന്നത് അയാൾ പിരിച്ചെടുത്ത കരമടയ്ക്കാനും ദരിദ്രയായ ഒരു വിധവയ്ക്ക് കരമടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ അവൾക്കു വേണ്ടി സഹാനുഭൂതി നേടാനുമാണ്.
ദേവാലയത്തിലേക്കു  പോകുന്നതിനു മുമ്പ് ഫരിസേയൻ കടകൾ എടുത്തിരിക്കുന്ന എല്ലാവരേയും പോയിക്കണ്ടു. കടകളെല്ലാം നന്നായി നടക്കുന്നു. അതിനാൽ അയാൾ അവരോട് ഇരട്ടി വാടക ആവശ്യപ്പെട്ടു. അവരുടെ സങ്കടം അയാൾ ശ്രവിച്ചില്ല.
അതിലൊരാൾക്ക് ഒരു വലിയ കുടുബം പോറ്റാനുണ്ടായിരുന്നതിനാൽ അയാൾ എതിർത്തു. കോപിഷ്ഠനായ ഫരിസേയൻ കടക്കാരനെ പുറത്താക്കി കട പൂട്ടിച്ച് മുദ്രയും വയ്പിച്ചു.
ഇതുപോലെതന്നെ, പാവപ്പെട്ട കാര്യസ്ഥന്മാരോടും അയാൾ വർത്തിച്ചു.
ചുങ്കക്കാരൻ, നേരെ മറിച്ച് അവന്റെ അധികാരിയുടെ പക്കൽ ചെന്ന് അന്നത്തെ
കണക്കേൽപ്പിച്ചു. അവൻ പിരിച്ചെടുത്ത തുകയിൽ അൽപ്പം കുറവു വന്നതിന്റെ കാരണം അധികാരി അന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു; "കാരണമിതാണ്; ഗ്രാമത്തിൽ ഒരു വിധവയുണ്ട്. അവൾക്കു് ഏഴു കുട്ടികളുണ്ടെങ്കിലും അവരിൽ ജോലി ചെയ്യാൻ കഴിവുള്ളത് മൂത്തകുട്ടിക്കു മാത്രം. അവരോടു കരം പിരിക്കാൻ എന്റെ മനസ്സനുവദിച്ചില്ല."
"ശരി; പക്ഷേ നിയമം നിയമം തന്നെയാണ്. കരമടക്കാതെ പറ്റില്ല."
"എങ്കിൽ കുറവുള്ള തുക ഞാനടച്ചുകൊള്ളാം."
പിന്നീട് രണ്ടുപേരും ദേവാലയത്തിലേക്കു പോയി. 
ഭണ്ഡാരത്തിനു സമീപെ എത്തിയപ്പോൾ ഫരിസേയൻ മടിയിൽ നിന്ന് തടിച്ച മടിശ്ശീലയെടുത്ത് അവസാനത്തുട്ടു വരെ അതിലിട്ടു. ചുങ്കക്കാരനാകട്ടെ, ഒരുപിടി നാണയങ്ങൾ - തിരിച്ചു വീട്ടിലേക്കു പോകാനാവശ്യമായത് - എടുത്തശേഷം ബാക്കിയുള്ളത് ഭണ്ഡാരത്തിലിട്ടു.
പിന്നീട് അവർ കർത്താവിന്റെ പക്കലേക്കു പോയി. ഫരിസേയൻ ഏറ്റം മുമ്പിൽ, ചുങ്കക്കാരൻ വളരെ പിന്നിൽ. രണ്ടുപേരും പ്രാർത്ഥിച്ചു.
ഫരിസേയൻ പറഞ്ഞു; "ഇതാ ഞാൻ ഇവിടെ വന്നിരിക്കുന്നു. ഞങ്ങളുടെ മഹത്വമായ ഈ ഭവനത്തിൽ നിന്നെ ബഹുമാനിക്കാൻ എത്തിയിരിക്കുന്നു. ഞാൻ ഇങ്ങനെയായിരിക്കുന്നത് എന്റെ കഴിവു കൊണ്ടാണെങ്കിലും നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ നിനക്കു ഞാൻ നന്ദി പറയുന്നു. ഭണ്ഡാരത്തിലേക്ക് ഒരുപിടി  നാണയങ്ങൾ മാത്രം എറിഞ്ഞ ആ ചുങ്കക്കാരനെപ്പോലെ ഞാൻ അത്യാഗ്രഹിയോ അനീതിക്കാരനോ വ്യഭിചാരിയോ പാപിയോ അല്ല. നീ കണ്ടതുപോലെ എന്റെ കൈയിലുണ്ടായിരുന്നതു മുഴുവൻ നിനക്കു ഞാൻ തന്നു. അത്യാഗ്രഹിയായ അവൻ, അവന്റെ പണം രണ്ടായിപ്പകുത്ത് കുറവുള്ള ഭാഗം നിനക്കു തന്നു. മറ്റേ ഭാഗം അവൻ സൂക്ഷിക്കുന്നത് തീർച്ചയായും സ്ത്രീകളുമായി കൂത്താടുന്നതിനാണ്. എന്നാൽ ഞാൻ  പരിശുദ്ധനും നീതിമാനുമാണ്. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഞാൻ ഉപവസിക്കുന്നു; എനിക്കുള്ളതിന്റെയെല്ലാം ദശാംശം കൊടുക്കുന്നു. ഓ, കർത്താവേ, നീയിത് ഓർക്കണമേ."
ചുങ്കക്കാരൻ അങ്ങകലെ ഒരു മൂലയിൽ നിന്നിട്ട് ദേവാലയത്തിന്റെ അതിവിശിഷ്ടഭാഗത്തേക്കു കണ്ണുകളുയർത്താൻ പോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു:
"കർത്താവേ, ഇവിടെ നിൽക്കാനുള്ള യോഗ്യത എനിക്കില്ല. എന്നാൽ നീ പരിശുദ്ധനും നീതിമാനുമാണ്. എന്നിട്ടും ഇവിടെ വരാൻ എന്നെ അനുവദിക്കുന്നു. ഓ! എന്റെ
കർത്താവേ, രാവും പകലും നിന്നെ ബഹുമാനിക്കാൻ എനിക്കാഗ്രഹമുണ്ട്. എന്നാൽ അനേക മണിക്കൂറുകൾ ഞനെന്റെ ജോലിയുടെ അടിമയാണ്. എനിക്ക് താത്പര്യമില്ലാത്ത ഒരു ജോലി.
അത് എന്റെ മനസ്സിനെ തളർത്തിക്കളയുന്നു. കാരണം, അത് എന്റെ ഏറ്റം ദരിദ്രരായ
അയൽക്കാർക്ക് ദുഃഖമുളവാക്കുകയാണ്. എന്നാൽ എനിക്ക് എന്റെ അധികാരികളെ അനുസരിക്കണമല്ലോ. കാരണം, അതെന്റെ അനുദിന അപ്പമാണ്. എന്റെ ദൈവമേ, അധികാരികളോടുള്ള കടമയും എന്റെ ദരിദ്രരായ സഹോദരന്മാരോടുള്ള സ്നേഹവും യോജിപ്പിച്ചു കൊണ്ടുപോകാൻ എനിക്കു കഴിവു നൽകണമേ... കർത്താവേ, നിന്നെ കൂടുതൽ ബഹുമാനിക്കാൻ എനിക്കാഗ്രഹമുണ്ട്. നിനക്കതറിയാമല്ലോ. എന്നാൽ ഞാൻ ചിന്തിച്ചു, ദേവാലയത്തിനായി മാറ്റിവച്ച പണത്തിൽ കുറെയെടുത്ത് ദരിദ്രയായ ആ വിധവയ്ക്ക്
നൽകിയാൽ അവർക്കത് ആശ്വാസമാകുമല്ലോ.. എന്നാൽ ഞാൻ തെറ്റാണു ചെയ്യുന്നതെങ്കിൽ എനിക്കതു മനസ്സിലാക്കിത്തരേണമേ.. ഓ! കർത്താവേ, എന്റെമേൽ കരുണയുണ്ടാകണമേ.. കാരണം, ഞാൻ ഒരു വലിയ പാപിയാണ്.."
ഇതാണ് ഉപമ. ഞാൻ  ഗൗരവമായിപ്പറയുന്നു; പ്രീശൻ പുതിയ ഒരു പാപവും കൂടി ചെയ്തിട്ടാണ് ദേവാലയത്തിൽ നിന്നു പോയത്. എന്നാൽ ചുങ്കക്കാരൻ നീതീകരിക്കപ്പെട്ടവനായി പുറത്തുവന്നു. ദൈവാനുഗ്രഹം അവനെ അനുഗമിച്ചു് അവന്റെ വീട്ടിലെത്തി അവിടെ നിറയുകയും ചെയ്തു. കാരണം, അവൻ എളിയവനും കാരുണ്യമുള്ളവനുമായിരുന്നു. അവന്റെ പ്രവൃത്തികൾ വാക്കുകളേക്കാൾ വിശുദ്ധിയുള്ളവയായിരുന്നു.  പ്രീശൻ നേരെമറിച്ച്, ബാഹ്യമായും വാക്കുകളിലും മാത്രമാണ് നന്മ കാണിച്ചത്. ആന്തരികമായി അവൻ ഒരു പിശാചിനെപ്പോലെ ആയിരുന്നു. അവന്റെ ഹൃദയത്തിന് അഹങ്കാരവും കാപട്യവുമാണുണ്ടായിരുന്നത്. അതിനാൽ ദൈവം അവനെ വെറുത്തു.
സ്വയം ഉയർത്തുന്നവൻ ഉടൻ തന്നെയോ പിന്നീടോ താഴ്ത്തപ്പെടും; ഈ ലോകത്തിലല്ലെങ്കിൽ ഭാവി ജീവിതത്തിൽ. സ്വയം താഴ്ത്തുന്നവൻ ഉയർത്തപ്പെടും; പ്രത്യേകിച്ചു് സ്വർഗ്ഗത്തിൽ. അവിടെയാണ് മനുഷ്യരുടെ പ്രവൃത്തികൾ അവയുടെ തനിമയിൽ കാണപ്പെടുന്നത്."