ജാലകം നിത്യജീവൻ: വിവാഹമോചനം - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Saturday, September 10, 2011

വിവാഹമോചനം - ഈശോയുടെ പ്രബോധനം

 ഈശോ പറയുന്നു: "വിവാഹമോചനം നിയമപ്രകാരമുള്ള വേശ്യാവൃത്തിയാണ്. കാരണം, ജഡികപാപങ്ങൾ ചെയ്യുവാനുള്ള അവസ്ഥയിലേക്ക് പുരുഷനെയും സ്ത്രീയേയും അത് എത്തിക്കുന്നു. വിവാഹമോചിതയായ ഒരുവൾ വളരെ അപൂർവ്വമായി മാത്രമേ ജീവിച്ചിരിക്കുന്ന മനുഷ്യന്റെ വിശ്വസ്ത വിധവയായി തുടരുകയുള്ളൂ. വിവാഹമോചിതനായ ഒരു മനുഷ്യൻ  ഒരിക്കലും അവന്റെ ആദ്യവിവാഹത്തോടു വിശ്വസ്തനായിരിക്കയില്ല. മറ്റു ബന്ധങ്ങളിലേക്കു നീങ്ങുമ്പോൾ അവനും അവളും മനുഷ്യന്റെ സ്ഥിതിയിൽ നിന്ന് മൃഗങ്ങളുടെ സ്ഥിതിയിലേക്ക് അധഃപതിക്കുന്നു.  നിയമപ്രകാരമുള്ള പരസ്ത്രീഗമനം കുടുംബങ്ങൾക്കും പിതൃരാജ്യത്തിനും ആപൽക്കരമായ തിന്മയും നിഷ്ക്കളങ്കരായ കുട്ടികൾക്കെതിരെ ചെയ്യുന്ന ശിക്ഷാർഹമായ കുറ്റവുമാണ്. വിവാഹമോചിതരായ ദമ്പതിമാരുടെ മക്കൾ അവരുടെ മാതാപിതാക്കളെ വിധിക്കേണ്ടതായി വരുന്നു. മക്കളുടെ വിധി വളരെ കഠിനമാണ്. കുറഞ്ഞപക്ഷം, മാതാപിതാക്കളിൽ ഒരാളെ മക്കൾ കുറ്റക്കാരനോ കുറ്റക്കാരിയോ ആയി വിധിക്കും. മാതാപിതാക്കളുടെ സ്വാർത്ഥത നിമിത്തം,  ആ കുട്ടികൾ,  വിച്ഛേദിക്കപ്പെട്ട സ്നേഹത്തിൽ ജീവിക്കേണ്ടി വരുന്നു. ഇതിനും പുറമേ, കുട്ടികളുടെ രക്ഷിതാവായ മാതാവോ പിതാവോ വീണ്ടും വിവാഹം ചെയ്താൽ ഒരു വിച്ഛേദനം കൂടെ അവരുടെ സ്നേഹത്തിന്മേൽ ഉണ്ടാകുന്നു.

വിവാഹമോചിതനായ ഒരു പുരുഷനെയോ സ്ത്രീയെയോ സംബന്ധിച്ച് പുതിയൊരു വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതു തന്നെ വിവാഹത്തിന്റെ അന്തഃസ്സത്തയെയും
അർത്ഥത്തെയും അശുദ്ധമാക്കലാണ്. ഒരു  പങ്കാളിയുടെ മരണം മാത്രമേ ഇതര പങ്കാളിയുടെ  വിവാഹത്തെ സാധൂകരിക്കുന്നുള്ളൂ. മരണം, വിവാഹജീവിതത്തിന് അന്ത്യം കുറിക്കുമ്പോൾ  വീണ്ടും വിവാഹം ചെയ്യാതെ ചാരിത്ര്യശുദ്ധിയിൽ ജീവിക്കുകയും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും മരിച്ചുപോയ ജീവിതപങ്കാളിയെ ആ കുട്ടികളിൽ കണ്ട് സ്നേഹിക്കുകയും ചെയ്യണം. അങ്ങനെയുള്ള സ്നേഹം പരിശുദ്ധവും യഥാർത്ഥവും 

ഐന്ദ്രികതയുടെ കലർപ്പില്ലാത്തതുമായിരിക്കും. 

എന്റെ മതത്തിൽ വിവാഹമോചനം ഉണ്ടായിരിക്കയില്ല. കോടതി വഴി വിവാഹമോചനം വാങ്ങി പുതിയ വിവാഹത്തിനു ശ്രമിക്കുന്നവൻ വ്യഭിചാരിയും പാപിയുമാണ്. മാനുഷികനിയമം എന്റെ കൽപ്പനയെ വ്യത്യാസപ്പെടുത്തുകയില്ല. എന്റെ മതത്തിൽ  വിവാഹം, രാജ്യനിയമമനുസരിച്ചുള്ള ഒരുടമ്പടി ആയിരിക്കയില്ല; സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു  ധാർമ്മിക ഉടമ്പടി ആയിരിക്കയില്ല. നേരെമറിച്ച്, അത് ഒരിക്കലും വേർപെടുത്താൻ പാടില്ലാത്ത ഒരു ബന്ധമായിരിക്കും. ആ ബന്ധം സ്ഥാപിക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത്, ഒരു   കൂദാശ എന്ന നിലയിൽ അതിനു ഞാൻ നൽകുന്ന വിശുദ്ധീകരണശക്തി കൊണ്ടാണ്. 

ഇത്രയും കാലം, വിവാഹമെന്നത്  ഒരു പുരുഷനും സ്ത്രീയും തമ്മിൽ സ്വാഭാവികമായി, ധാർമ്മികമായി നടത്തുന്ന ഒരുടമ്പടി ആയിരുന്നു. എന്റെ നിയമം നടപ്പിലായിക്കഴിയുമ്പോൾ അത് ദമ്പതിമാരുടെ ആത്മാക്കളിലേക്ക് കടന്നുചെല്ലും. അതിനാൽ അത് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരാത്മീയ ഉടമ്പടിയായി തന്റെ ശുശ്രൂഷകളിൽക്കൂടി നൽകപ്പെടും. ദൈവത്തിനു മുകളിൽ ഒന്നുമില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനാൽ ദൈവം യോജിപ്പിച്ചതിനെ, യാതൊന്നിനും വേർപെടുത്താൻ കഴിയില്ല. മരണം ഒരവസാനമല്ല; പ്രത്യുത ഭാര്യയും ഭർത്താവും തമ്മിലുള്ള താൽക്കാലിക വേർപാടു മാത്രമാണ്. സ്നേഹിക്കാനുള്ള കടമ മരണശേഷവും നിലനിൽക്കുന്നു."