ജാലകം നിത്യജീവൻ: പ്രലോഭിപ്പിക്കപ്പെടുന്നത് പാപമല്ല.

nithyajeevan

nithyajeevan

Sunday, September 25, 2011

പ്രലോഭിപ്പിക്കപ്പെടുന്നത് പാപമല്ല.

ഈശോ പറയുന്നു: ഒരാത്മാവ് പ്രലോഭനത്തിലൂടെ കടന്നു പോകുന്നു എന്നുള്ളത് ഒരുത്തരെയും വിസ്മയിപ്പിക്കേണ്ടതില്ല. യഥാർത്ഥത്തിൽ ഒരാത്മാവ് എന്റെ പാതയിൽ കൂടുതൽ കൂടുതൽ മുന്നേറുമ്പോൾ പ്രലോഭനം കൂടുതൽ കഠിനമാകുന്നു.
സാത്താൻ അസൂയാലുവും വക്രബുദ്ധിയുമാണ്. അതിനാൽ ഒരാത്മാവിനെ സ്വർഗ്ഗത്തിൽ നിന്നു പറിച്ചു മാറ്റുന്നതിന് കൂടുതൽ ബുദ്ധിമുട്ടേണ്ടതായി കാണുമ്പോൾ അവൻ തന്റെ ബുദ്ധി മുഴുവൻ പ്രയോഗിക്കുന്നു. ജഡികനായി ജീവിക്കുന്ന ഒരുവനെ പ്രലോഭിപ്പിക്കേണ്ട ആവശ്യമില്ല. അവൻ സ്വയം അതിനായി അദ്ധ്വാനിച്ചുകൊള്ളുമെന്ന് സാത്താനറിയാം. പക്ഷേ, ദൈവത്തിന്റേതു മാത്രമാകാൻ ആഗ്രഹിക്കുന്ന ഒരാത്മാവിൽ അവൻ തന്റെ സകല ദുഷ്ടതകളും പ്രയോഗിക്കുന്നു.
എങ്കിലും ആത്മാക്കൾ ഭയപ്പെട്ട് വിറകൊള്ളേണ്ടതില്ല; മനസ്സിടിയുകയും വേണ്ട. പ്രലോഭിപ്പിക്കപ്പെടുന്നത് പാപമല്ല. പ്രലോഭനങ്ങൾക്ക് വഴിപ്പെടുന്നതാണ് പാപം. 


              വലിയ പ്രലോഭനങ്ങളുണ്ട്. അവ നേരിടുമ്പോൾ നീതിനിഷ്ഠരായ ആത്മാക്കൾ ഉടനടി എതിർക്കും. എന്നാൽ അറിയുക പോലുമില്ലാത്ത ചെറിയ പ്രലോഭനങ്ങളുമുണ്ട്. ഇവയാണ് ശത്രുവിന്റെ പുതിയ ആയുധങ്ങൾ. ഒരാത്മാവ് വലുതും പ്രകടവുമായ പ്രലോഭനങ്ങളെ ജാഗ്രതയോടെ വീക്ഷിക്കുന്നു എന്നു  കാണുമ്പോഴാണ്  ശത്രു ഈ പരിഷ്കൃതായുധങ്ങൾ പ്രയോഗിക്കുന്നത്. ഈ പ്രലോഭനങ്ങൾ ഏതു സ്ഥലത്തു നിന്നും കടന്നു വരാവുന്നവയാണ്.
എന്തുകൊണ്ടാണ് ഞാൻ ഇവ അനുവദിക്കുന്നത്? ബുദ്ധിമുട്ട് അശേഷമില്ലെങ്കിൽ സമ്മാനത്തിന് എന്തർഹത? എന്റെ കാസയിൽ നിന്ന് കുടിക്കാത്തവരാണ് നിങ്ങളെങ്കിൽ നിങ്ങളെ എന്റേതെന്നു വിളിക്കാൻ എങ്ങനെ കഴിയും? 

എന്റെ കാസാ വേദനയുടേതു മാത്രമായിരുന്നോ? അല്ല; നിങ്ങൾ അനുഭവിക്കുന്നതിനു മുമ്പ് ഞാൻ പ്രലോഭനം അനുഭവിച്ചു.  എനിക്ക് മരുഭൂമിയിലെ ഒരു പരീക്ഷ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? 

 അല്ല; ക്രിസ്തുവായ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, മറ്റവസരങ്ങളിലും എനിക്കു പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. സുവിശേഷം  അതു  പറയുന്നില്ല.  എന്നാൽ എന്റെ സ്നേഹിക്കപ്പെട്ട അപ്പസ്തോലൻ പറയുന്നു; 'ഈശോ ചെയ്ത എല്ലാ അത്ഭുതങ്ങളും രേഖപ്പെടുത്തുകയാണെങ്കിൽ ആ പുസ്തകങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിനു് ഇടം പോരാതെ വരും.

പ്രിയ ശിഷ്യരേ, ഇതേപ്പറ്റി ചിന്തിക്കുവിൻ. മനുഷ്യപുത്രനെ സുവിശേഷ പ്രഘോഷണത്തിൽ നിന്നു പിന്തിരിപ്പിക്കുവാൻ എത്രയധികം പ്രാവശ്യം സാത്താൻ ശ്രമിച്ചുകാണും!! തുടർച്ചയായുള്ള പര്യടനത്തിൽ ശരീരത്തിന് എത്രയധികം ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്!  എന്റെ ആത്മാവിന്റെ തളർച്ച എത്രയധികമായിരുന്നു!!  എന്റെ ചുറ്റിലും ശത്രുക്കളും ജിജ്ഞാസുക്കളും  മാനുഷികമായ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചവരും എത്രയധികമായിരുന്നു! ഏകാന്തതയുടെ നിമിഷങ്ങളിൽ എത്രയധികം പ്രാവശ്യം പരീക്ഷകൻ എന്നെ മടുപ്പു കൊണ്ടു് പരീക്ഷിച്ചിരുന്നു!  ഗദ്സമെനിലെ രാത്രിയിൽ അവസാന യുദ്ധത്തിൽ - മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനും നരകവും തമ്മിലുള്ള യുദ്ധത്തിൽ - വിജയിക്കുവാൻ എത്ര കൗശലത്തോടെ സാത്താൻ ശ്രമിച്ചു!! 

            ദൈവികതയും പൈശാചികതയും തമ്മിലുള്ള മൽപ്പിടുത്തത്തിന്റെ രഹസ്യം അറിയുവാനും അതിലേക്ക് ചൂഴ്ന്നിറങ്ങുവാനുമുള്ള  കൃപ മനുഷ്യന്  നൽകപ്പെട്ടിട്ടില്ല. അതിലൂടെ  കടന്നുപോയ എനിക്കു മാത്രമേ  അതറിയൂ. അതിനാൽ  ഞാൻ നിങ്ങളോടു പറയുന്നു: ഒരു നല്ല കാര്യത്തിനായി സഹിക്കുന്ന മനുഷ്യനോടു കൂടെ ഞാനുണ്ട്. 
  ഒരു ബലി പൂർത്തിയാക്കുന്നിടത്ത് ഞാനുണ്ട്.
മറ്റുള്ളവർക്കായി പരിഹാരം ചെയ്യുന്ന നിങ്ങളോടു ഞാൻ പറയുന്നു: 'ഭയപ്പെടേണ്ട; അവസാനം വരെ ഞാൻ നിങ്ങളോടു കൂടിയുണ്ട്."