ജാലകം നിത്യജീവൻ: മഗ്ദലനാ മേരിയുമായുള്ള കൂടിക്കാഴ്ച

nithyajeevan

nithyajeevan

Saturday, September 24, 2011

മഗ്ദലനാ മേരിയുമായുള്ള കൂടിക്കാഴ്ച

  ഈശോ സുവിശേഷ ഭാഗ്യങ്ങളെപ്പറ്റി പ്രസംഗിച്ച മലയിലാണ്.  അവിടുന്ന്  പ്രസംഗം ആരംഭിച്ചു. "നിങ്ങൾക്കു സമാധാനം ഉണ്ടാകട്ടെ. നിങ്ങൾ പിന്തുടരേണ്ട ദൈവികമാർഗ്ഗങ്ങൾ ഞാൻ വിശദീകരിക്കാം.   ഇവിടെ നിന്നും ഇടതുവശത്തുള്ള വഴിയിലൂടെ പോകുന്ന ഒരാൾക്ക്, അതേസമയത്തുതന്നെ വലതുവശത്തുകൂടി താഴേക്കു പോകുന്ന വഴിയിലൂടെ സഞ്ചരിക്കാൻ കഴിയുമോ ? ഇല്ല, എന്തെന്നാൽ ഒരു വഴിയേ പോകുമ്പോൾ നിങ്ങൾക്ക്  മറ്റേ വഴി ഉപേക്ഷികേണ്ടി വരും.  രണ്ടുവഴികളും  അടുത്തടുത്തു    വന്നാൽപ്പോലും  ഒരു  കാൽ ഒരു  വഴിയിലും മറ്റേക്കാൽ മറ്റേ വഴിയിലും ചവിട്ടി നിങ്ങൾക്ക് ഏറെ ദൂരം പോകാൻ കഴിയില്ല. എന്നാൽ ദൈവത്തിന്റെയും സാത്താന്റെയും
 വഴികൾക്കു തമ്മിൽ വളരെ അകലമുണ്ട്. അത് കൂടിക്കൂടി വരികയുമാണ്. താഴേക്കു  പോകുന്തോറും ആ കാണുന്ന വഴികൾ തമ്മിൽ  അകലം കൂടിവരുന്നതുപോലെ. ഒരു വഴിയേ  പോയാൽ കഫർണാമിലെത്തും; മറ്റേ വഴിയിലൂടെ പോകുന്നവൻ ടോളോമയ്സിലായിരിക്കും എത്തുക. 

            ജീവിതവും ഇപ്രകാരമാണ്. ഭൂതവും ഭാവിയും തമ്മിലും നന്മയും തിന്മയും തമ്മിലും ഉള്ള അകലം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കും. തന്റെ ഇച്ഛാശക്തിയുമായി മനുഷ്യൻ ഇവയുടെ മദ്ധ്യത്തിൽ നിൽക്കുന്നു. ഒരു പാത അവസാനിക്കുന്നത് ദൈവത്തിലും സ്വർഗ്ഗത്തിലുമാണ്. മറ്റേത് സാത്താനിലുംനരകത്തിലും എത്തുന്നു. ഇവയിൽ ഒന്ന് മനുഷ്യനു തെരഞ്ഞെടുക്കാം. ആരും അവനെ നിർബന്ധിക്കുന്നില്ല. സാത്താൻ ഞങ്ങളെ പ്രലോഭിപ്പിച്ചു എന്ന് നിങ്ങൾ എന്നോടു പറയരുത്. തെറ്റായ പാതയിൽക്കൂടിപ്പോയതിന് അതൊരു ഒഴിവുകഴിവല്ല. അതേസമയത്തുതന്നെ തന്റെ അതിശക്തമായ സ്നേഹത്താലും പരമപരിശുദ്ധമായ വചനത്താലും ഏറ്റവും ആകർഷകമായ വാഗ്ദാനങ്ങളാലും  ദൈവവും നിങ്ങളെ പ്രലോഭിപ്പിച്ചിരുന്നല്ലോ ? ഇവയിൽ ഒന്നിനാൽമാത്രം നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുവാൻ കാരണമെന്താണ് ? ഏറ്റവും അനർഹമായതിന് നിങ്ങൾ  ചെവി കൊടുത്തതെന്തിനാണ് ? സാത്താന്റെ വിഷത്തെ അതിജീവിക്കുവാൻ ദൈവത്തിന്റെ വചനങ്ങൾക്കും വാഗ്ദാനങ്ങൾക്കും സ്നേഹത്തിനും കഴിവില്ലെന്നോ ?

    നിങ്ങളുടെ  ഈ സമീപനം നിങ്ങൾക്കു  പ്രയോജനകരമല്ലെന്നു മനസ്സിലാക്കുക. അതിനാൽ രണ്ടു പാതകളിൽ നല്ലതു തെരഞ്ഞെടുക്കുകയും അതിലൂടെ മുന്നേറുകയും ചെയ്യുക. ഇന്ദ്രിയങ്ങൾ, ലോകം, ശാസ്ത്രം, സാത്താൻ എന്നിവയുടെ പ്രലോഭനങ്ങളെ അതിജീവിച്ചു മുന്നേറുക. നിങ്ങളുടെ  പ്രവൃത്തികൾ നന്മതിന്മകൾ ഇടകലർന്നതായാൽ നിങ്ങൾക്കു യാതൊരു പ്രയോജനവുമില്ല. ദുഷ്ടന്മാരുടെ സാമീപ്യത്തിൽ നിങ്ങളിലെ നന്മ മുഴുവൻ നിർവീര്യമാകും. അവശേഷിക്കുന്ന തിന്മ നിങ്ങളെ നയിക്കുന്നത് നേരെ സാത്താന്റെ  കരങ്ങളിലേക്കായിരിക്കും. നിങ്ങളുടെ   പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായിരിക്കണം. രണ്ടു മനസ്സോടെ രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല. അയാൾ ഒരാളെ സ്നേഹിക്കും; മറ്റേയാളെ വെറുക്കും. നിങ്ങൾക്ക് ഒരേസമയം ദൈവത്തേയും മാമ്മോനെയും സ്നേഹിക്കാൻ കഴിയുകയില്ല. ദൈവത്തിന്റെ  ആത്മാവിന് ലോകത്തിന്റെ ആത്മാവുമായി സമരസപ്പെടാൻ സാദ്ധ്യമല്ല. ആദ്യത്തേത് നിങ്ങളെ  ഉയർത്തുന്നു. രണ്ടാമത്തേത് നിങ്ങളെ  താഴ്ത്തുന്നു. ആദ്യത്തേത് നിങ്ങളെ ശുദ്ധീകരിക്കുന്നു. രണ്ടാമത്തേത് നിങ്ങളെ അശുദ്ധനാക്കുന്നു. ദുഷ്ടനിൽ ഇന്ദ്രിയങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും അവ ആസക്തികളുടെ പിന്നാലെ പോവുകയും ചെയ്യുന്നു.   ദുഷ്ടനായ ഒരു  വ്യക്തി മറ്റൊരാളേക്കൂടി ദുഷ്ടതയിലേക്ക് വലിച്ചിഴയ്ക്കുന്നു. രണ്ടാമത്തെയാൾ ശരിയായ അർത്ഥത്തിൽ ഒരു  വിശുദ്ധനാണെങ്കിൽ ഇങ്ങനെ വലിച്ചിഴയ്ക്കാൻ കഴിയുകയില്ല.  
      
                  അതിനാൽ അല്ലയോ ദൈവമക്കളേ, നിങ്ങൾക്കെതിരായി നിങ്ങളെത്തന്നെ കാത്തുകൊള്ളുക. പ്രലോഭനങ്ങൾക്കെതിരായി നിതാന്തജാഗ്രത പുലർത്തുക. പ്രലോഭനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നുഎന്നതു പാപമല്ല. ഏറ്റുമുട്ടലിൽ വിജയം വരിക്കുവാൻ കായികതാരങ്ങൾ തയാറെടുപ്പുനടത്താറുണ്ടല്ലോ. വേണ്ടത്ര തയാറെടുപ്പില്ലാത്തതു കൊണ്ടോ നിങ്ങൾ അലസനായതുകൊണ്ടോ മൽസരത്തിൽ പരാജയപ്പെടേണ്ടി വന്നാൽ അതു മോശമാണ്. ഓരോ കാര്യവും പ്രലോഭനമായി പരിണമിച്ചേക്കാമെന്ന് എനിക്കറിയാം. അപ്പോൾ  പ്രതിരോധശക്തി കുറഞ്ഞുപോകുമെന്നും എനിക്കറിയാം. ഈ ഏറ്റുമുട്ടൽ ക്ഷീണിപ്പിക്കുന്നതാണെന്നും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇവയിൽനിന്ന് എന്താണ് നിങ്ങൾക്കു  ലഭിക്കാൻ പോകുന്നതെന്ന് ആലോചിച്ചുനോക്കുക. ഏതു തരത്തിലുള്ളതായാലും ഒരു മണിക്കൂർനേരത്തെ സുഖത്തിനുവേണ്ടി നിത്യമായ സമാധാനം നഷ്ടപ്പെടുത്തുവാൻ നിങ്ങൾ ആഗ്രഹിക്കുമോ ? മാംസമോ സ്വർണ്ണമോ ചിന്തയോ നിങ്ങൾക്കു നേടിത്തരുന്ന സുഖം അൽപ്പമെങ്കിലും ബാക്കി നിൽക്കുമോ ? ഇല്ല. അത്തരം  സുഖം ഉപേക്ഷിച്ചാൽ നിങ്ങൾക്ക് എന്തുകിട്ടും ? എല്ലാം കിട്ടും.  ശരി, നിങ്ങൾ  എന്നോട് സത്യംപറയുക. ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുകഴിയുമ്പോൾ നിങ്ങളുടെ അത്യാഗ്രഹവും അഹങ്കാരവും വർദ്ധിക്കുകയല്ലേ ചെയ്യുന്നത് ? ഇന്ദ്രിയസംതൃപ്തി നേടിയശേഷം അതേപ്പറ്റി ആലോചിക്കുമ്പോൾ സന്തോഷം ലഭിച്ചതായി നിങ്ങൾക്ക് ശരിക്കും തോന്നാറുണ്ടോ ? ഇന്ദ്രിയസുഖത്തിന്റെ അപ്പം ഞാൻ ഒരിക്കലും രുചിച്ചിട്ടില്ല. എങ്കിലും നിങ്ങൾക്കുവേണ്ടി ഞാൻ മറുപടി പറയാം. "ഇല്ല, ആ സുഖത്തിനുവേണ്ടി ചെലവഴിച്ച ആ സമയത്തുനിന്ന് ഊറിക്കിട്ടിയത് ഇതൊക്കെയാണ്;  ഓക്കാനം, തളർച്ച, അസന്തുഷ്ടി, ഭയം, അസ്വാസ്ഥ്യം."

    ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. "ഒരിക്കലും അങ്ങനെ ചെയ്യരുത്' എന്നു  ഞാൻ പറയുമ്പോൾ "തെറ്റുകൾ ചെയ്യുന്നവരുടെ അടുക്കൽ നിങ്ങൾ വഴങ്ങിക്കൊടുക്കരുത്" എന്നുകൂടി ഞാൻ അർത്ഥമാക്കുന്നു. നിങ്ങളെല്ലാവരും സഹോദരന്മാരാണെന്ന ഓർമ്മ വേണം.

     ഒരേ മാംസവും ഒരേ ആത്മാവുമാണ് നിങ്ങളുടേത്. ഒരാൾ പാപത്തിലേക്ക് നയിക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ടാവാം. നിങ്ങൾ  പാപികളോടു കരുണ കാണിക്കുകയും ദയാപൂർവം അവരെ സഹായിക്കുകയും വേണം. അങ്ങനെ അവരെ ദൈവത്തിലേക്കു തിരിയെ കൊണ്ടുവരണം. അങ്ങനെ ചെയ്താൽ നിങ്ങൾക്കു  വലിയ പ്രതിഫലം ലഭിക്കും. എന്തെന്നാൽ സ്വർഗ്ഗസ്ഥനായ പിതാവ് നല്ലവരോട് കാരുണ്യമുള്ളവനാണ്. അർഹതയുള്ളവർക്ക് നൂറുമടങ്ങായി നൽകേണ്ടതെങ്ങിനെയെന്ന് അവിടുത്തേക്കറിയാം. അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു........."

  ഈ സമയം ഈശോയുടെ പ്രസംഗം തടസ്സപ്പെട്ടു. ജനങ്ങൾക്ക് വലിയ വികാരാവേശമുണ്ടായി. അവർ ഈശോ നിന്നിരുന്ന പീഠത്തിനടുത്തു തടിച്ചുകൂടി. ഈശോ  പ്രസംഗം നിർത്തി തിരിഞ്ഞുനോക്കി. മറ്റുള്ളവർ നോക്കിയിടത്തേക്ക് അവിടുന്നും നോക്കി. മോടിയായി വസ്ത്രധാരണം ചെയ്ത നാലു പൂവാലന്മാർ, കൈകൾ കൂട്ടിപ്പിണച്ച് ഒരു ഇരിപ്പിടമുണ്ടാക്കി അതിന്മേലിരുത്തി മഹാപാപിനിയായ മേരിമഗ്ദലനയെ അങ്ങോട്ടു കൊണ്ടുവരികയാണ്. അവരിൽ ഒരാൾ ഒരു  റോമാക്കാരനാണ്.  മനോഹരമായ അധരങ്ങൾകൊണ്ട് അവൾ പുഞ്ചിരിക്കയാണ്. അവളുടെ ശിരസ്സും സ്വർണ്ണനിറത്തിലുള്ള തലമുടിയും ആകർഷകമായിരുന്നു. പിന്നിയിട്ടിരിക്കുന്ന ആ ചുരുണ്ടമുടിയിൽ വിലയേറിയ ഹെയർപ്പിന്നുകളും മുത്തുകൾ പതിച്ച ഒരു  സ്വർണ്ണ പതക്കവും കുത്തിവച്ചിട്ടുണ്ട്. നെറ്റിയുടെ മുകൾഭാഗത്തെ ആവരണം ചെയ്തിരുന്ന പതക്കം ഒരു കിരീടം പോലെയിരിക്കുന്നു. അതിനിടയിലൂടെ വീണുകിടക്കുന്ന അളകങ്ങൾ അവളുടെ അതിസുന്ദരമായ കണ്ണുകളെ അൽപ്പാൽപ്പം മറയ്ക്കുന്നുണ്ട്. പിൻവശത്ത് അവളുടെ സമൃദ്ധമായ തലമുടിയുടെ താഴെയായി അതിവെൺമയാർന്ന നഗ്നകണ്ഠം കാണാം. ഒട്ടും കൈകളില്ലാത്ത ഉടുപ്പ് രണ്ട് സ്വർണ്ണശൃംഖലകൾ കൊണ്ട്   ബന്ധിച്ചിരിക്കുന്നു. അവൾ ഇടയ്ക്കിടെ തിരിഞ്ഞ് തന്റെ കാമുകരിൽ ഓരോരുത്തരോടും എന്തൊക്കെയോ പറയുന്നു. അവരിൽ ആ റോമാക്കാരനോടാണ് അവൾക്ക് കൂടുതൽ ഇഷ്ടമെന്നു തോന്നുന്നു. എന്തെന്നാൽ ഇടയ്ക്കിടെ അവൾ അയാളെ നോക്കി പുഞ്ചിരിക്കയും അവളുടെ തല അയാളുടെ തോളിൽ ചാരുകയും ചെയ്യുന്നു.

    'ഈ ദേവതയുടെ ആഗ്രഹം സാധിച്ചു." റോമാക്കാരൻ പറയുന്നു. അതാ, അവിടെ ഭവതി കാണാനാഗ്രഹിച്ച അപ്പോളോ ദേവൻ. അതിനാൽ അദ്ദേഹത്തെ വശീകരിക്കൂ. എന്നാൽ ഭവതിയുടെ സൗന്ദര്യധാരയുടെ ഉച്ഛിഷ്ടമെങ്കിലും ഞങ്ങൾക്കുവേണ്ടി ബാക്കിവച്ചേക്കണേ."


മഗ്ദലനാമേരി പുഞ്ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെ ചാടിയിറങ്ങി. നേർമ്മയുള്ള വെളുത്ത കമ്പിളിവസ്ത്രം കൊണ്ട് അവൾ ശരീരം മൂടിയിട്ടുണ്ട്. സ്വർണ്ണനിർമ്മിതമായ ഒരു വലിയ ബൽറ്റ് അരയിൽ കെട്ടിയിരിക്കുന്നു. ആ പുൽപ്പരപ്പിലെ ലില്ലിപ്പുഷ്പങ്ങൾക്കിടയിൽ ആഭിചാരകർമ്മത്താൽ ആവിർഭവിച്ച ഒരു അവിശുദ്ധ മാംസപുഷ്പത്തേപ്പോലെ അവൾ നിന്നു. അവളുടെ ഇളംചുവപ്പുള്ള ചുണ്ടുകൾക്കിടയിലൂടെ അതിമനോഹരമായ ദന്തനിര പുറത്തു കാണാം. സൗന്ദര്യവും ആകാരഭംഗിയും ഒത്തിണങ്ങിയതായിരുന്നു അവളുടെ ശരീരം.


     ഈശോ അവളെ തുറിച്ചുനോക്കി. അവൾ ധിക്കാരപൂർവം അതിനെ നേരിട്ടു. ഈശോ നോട്ടം പിൻവലിച്ചുകൊണ്ട് പ്രസംഗം പുനരാരംഭിച്ചു.  എരിഞ്ഞടങ്ങാൻ തുടങ്ങിയ ആ പ്രസംഗം ആ മായാരൂപിണിയുടെ ആഗമനത്തോടെ വീണ്ടും കത്തിജ്ജ്വലിക്കുകയാണ്.
"നിയമത്തോടു വിശ്വസ്തത പുലർത്താനും വിനയവും കാരുണ്യവും ഉള്ളവരാകുവാനും രക്തബന്ധത്തിലുള്ളവരെ മാത്രമല്ല, മനുഷ്യരായി ജനിച്ച എല്ലാവരേയും സഹോദരന്മാരായി സ്നേഹിക്കുവാനും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളോടു പറയുന്നതെന്തെന്നാൽ നിങ്ങൾ  അപലപിക്കുവാൻ ആഗ്രഹിക്കുന്ന പാപത്തിൽനിന്നു വിമുക്തരല്ലെങ്കിൽ നിങ്ങൾ  ആ പാപത്തെ അപലപിക്കരുതെന്നാണ്. തങ്ങളോടുതന്നെ ഒഴികെ മറ്റെല്ലാവരോടും കർക്കശമായി പെരുമാറുന്ന പരീശന്മാരെപ്പോലെ നിങ്ങൾ  പെരുമാറരുത്. അവർ ബാഹ്യമായതിനെയാണ് അശുദ്ധമെന്നു വിളിക്കുന്നത്. എന്നാൽ അതിന് ബാഹ്യമായതിനെ മാത്രമേ അശുദ്ധമാക്കാൻ കഴിയൂ. അവരാകട്ടെ, ഉള്ളിന്റെ ഉള്ളിൽ അവരുടെ ഹൃദയത്തിൽ അശുദ്ധിയെ കൈക്കൊള്ളുന്നവരാണ്.

ധനികർക്കും അമിതമായ സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കും ഹാ കഷ്ടം ! എന്തെന്നാൽ  ഇങ്ങനെയുള്ളവരിലാണ് ഏറ്റവുമധികം അശുദ്ധി കാണപ്പെടുന്നത്. അലസതയും പണവും അവരുടെ കിടക്കയും തലയിണയുമാണ്. നിങ്ങൾക്ക് ഇപ്പോൾ ചെടിച്ചിരിക്കും. ഭോഗാസക്തിയാകുന്ന ഭക്ഷണം തൊണ്ടയിലെത്തി നിങ്ങളെ ശ്വാസം മുട്ടിക്കുന്നു. എങ്കിലും നിങ്ങൾ വിശപ്പുള്ളവരായിരിക്കും. നിങ്ങളുടെ  വിശപ്പ് അതിഭയങ്കരമായിരിക്കും. നിങ്ങൾക്ക് ഒരിക്കലും പൂർണ്ണമായ തൃപ്തി കൈവരികയില്ല. നിങ്ങൾ   ഇപ്പോൾ ധനികരാണ്. ഈ ധനംകൊണ്ട് എത്രത്തോളം നന്മചെയ്യാൻ നിങ്ങൾക്കു  കഴിഞ്ഞു ? നേരെമറിച്ച് നിങ്ങൾക്കും മറ്റുള്ളവർക്കും കഴിയുന്നത്ര തിന്മയാണു നിങ്ങൾ   ചെയ്തത്. എന്നാൽ ഒരിക്കലും അവസാനിക്കാത്ത ഒരു  ദിനത്തിൽ നിങ്ങൾക്ക് ഭയങ്കരമായ ദാരിദ്ര്യം അനുഭവപ്പെടും. നിങ്ങൾ   ഇപ്പോൾ ചിരിക്കുന്നു. എന്നാൽ നിങ്ങളുടെ   കണ്ണുനീർ കൊണ്ട് ഗഹെന്നായിലെ കുളങ്ങൾ നിറയും. അത് ഒരിക്കലും അവസാനിക്കുകയില്ല.

    വ്യഭിചാരത്തിന്റെ അഭയസ്ഥാനം എവിടെയാണ് ? യുവതികളുടെ ഈ തിന്മയുടെ ഗൂഢസങ്കേതം ഏതാണ് ? വിവാഹബന്ധത്തിലുള്ള കിടക്കയ്ക്കു പുറമേ വേറെ രണ്ടോ മൂന്നോ കിടക്കകൾ കൂടി തേടിപ്പോകുന്നതാരാണ്? തന്റെ പണം ധൂർത്തടിക്കുകയും ജോലി ചെയ്ത് തന്റെ കുടുംബത്തെ പുലർത്താനായി ദൈവം തന്നിരിക്കുന്ന ശരീരം അവിശുദ്ധകളായ വേശ്യകൾക്കു നൽകി അതിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു കളയുകയും ചെയ്യുന്നതാരാണ് ? നിങ്ങൾ   വ്യഭിചാരം ചെയ്യരുത് എന്ന കൽപ്പന നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നതെന്തെന്നാൽ കാമാസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവനും പരപുരുഷനോടൊപ്പം പോകാൻ ആഗ്രഹിക്കുന്നവളും അതുകൊണ്ടുതന്നെ തന്റെ ഹൃദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്നാണ്. യാതൊരു ന്യായംകൊണ്ടും   വ്യഭിചാരത്തെ ന്യായീകരിക്കുവാൻ കഴിയുകയുമില്ല -  യാതൊന്നുകൊണ്ടും. ഭർത്താവിന്റെ നിരാകരണമോ ഭാര്യയുടെ ദുശ്ശീലങ്ങളോ ഒന്നും ഇതിനുള്ള ന്യായീകരണമല്ല. നിങ്ങൾക്ക് ഒരേയൊരു ആത്മാവേയുള്ളൂ. പരസ്പര വിശ്വാസത്തിലൂടെ അത് മറ്റൊരു ആത്മാവുമായി യോജിച്ചുകഴിഞ്ഞാൽ പിന്നെ വഞ്ചന കാണിക്കരുത്. അല്ലയോ ദുഷ്ടാത്മാക്കളേ, നേരെമറിച്ചായാൽ മനോഹരമായ ശരീരം വരുത്തിവക്കുന്ന പാപം നിങ്ങളെ  ഒടുങ്ങാത്ത അഗ്നിയിലേക്കു നയിക്കും. അല്ലയോ ധനവാന്മാരേ, ദുഷ്ടതയുടെ അഴുക്കുവെള്ളം കെട്ടിനിർത്തിയിരിക്കുന്ന സംഭരണികളേ, നിങ്ങളുടെ ധാർമ്മികബോധം വീണ്ടെടുക്കുക. അങ്ങനെ നിങ്ങൾ സ്വർഗ്ഗത്തെ വെറുക്കാതിരിക്കുവാൻ ഇടവരട്ടെ !"

     വശീകരണക്ഷമമായ ദിവാസ്വപ്നത്തിലും ഹാസ്യഭാവത്തിലുമിരുന്ന് പ്രസംഗം കേട്ടുകൊണ്ടിരുന്ന മേരി, ആദ്യമൊക്കെ ഇടയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിലായപ്പോഴേക്കും അതു കടുംകോപമായി മാറി. തന്നെ നോക്കിയല്ല പറഞ്ഞതെങ്കിലും പറഞ്ഞതു മുഴുവൻ തന്നോടാണെന്ന് അവൾക്ക് മനസ്സിലായി. കോപം നിയന്ത്രണാതീതമായപ്പോൾ അവൾ അവിടം വിട്ടിറങ്ങി. ആളുകളുടെ പരിഹാസദ്യോതകമായ നോട്ടവും ഈശോയുടെ ശബ്ദവും കുറേനേരത്തേക്ക് അവളെ പിന്തുടരുന്നുണ്ടായിരുന്നു. മലയുടെ താഴ്വാരത്തേക്കിറങ്ങവേ അവളുടെ വസത്രാഞ്ചലം വഴിയോരത്തെ ഞെരിഞ്ഞിലുകളിലും കാട്ടുറോസുകളിലും ഉടക്കി. അവ അവളെ പരിഹസിച്ചു ചിരിക്കുകയാണെന്നു തോന്നി.


          മ്ഗദലനാമേരി പോയിക്കഴിഞ്ഞപ്പോൾ ഈശോ  പ്രസംഗം തുടർന്നു. " ഇവിടെ  സംഭവിച്ച കാര്യങ്ങളിൽ നിങ്ങൾ കോപാകുലരാണ്. കഴിഞ്ഞ ദിവസങ്ങളിലൊന്നും യാതൊരു കുഴപ്പവുമില്ലാതിരുന്ന നമ്മുടെ കൂടാരം സാത്താന്റെ ഫൂൽക്കാരം മൂലം മറിഞ്ഞുവീണിരിക്കുന്നു. ഇനി അത് ഒരു വാസസ്ഥാനമായി ഉപയോഗിക്കാൻ പറ്റില്ല. അതിനാൽ അത് നാം ഉപേക്ഷിക്കയാണ്. എന്നാൽ വിശാലമായ ഈ ചക്രവാളത്തിനു കീഴിൽ നിന്നുകൊണ്ട് "ഏറ്റവും പൂർണ്ണമായ"  ഈ നിയമസംഹിത ഉപസംഹരിക്കുവാൻ ഞാനാഗ്രഹിക്കുന്നു. ദൈവം സൃഷ്ടാവെന്ന നിലയിലുള്ള തന്റെ മഹത്വത്തോടുകൂടി പ്രത്യക്ഷപ്പെടുകയും തന്റെ അത്ഭുതങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. സാത്താനല്ല, ദൈവമാണ് സർവശക്തനെന്നു നമുക്കു ദൃഢമായി വിശ്വസിക്കാം. ഒരു ചെറിയ പുൽക്കൊടിയെപ്പോലും സൃഷ്ടിക്കാൻ സാത്താന് കഴിയുകയില്ല. ഇതു നമ്മെ ആനന്ദിപ്പിക്കണം. നാമിപ്പോൾ തണുപ്പും തണലുമുള്ള താഴ്വാരത്തേക്കു മാറുകയാണ്.


     കൂടാരം താഴേക്കു കൊണ്ടുപോകാൻ ഈശോ പതോസിനോട് പറയുന്നു. അപ്പസ്തോലന്മാരെല്ലാവരും കൂടി  ഉൽസാഹപൂർവം കൂടാരം താഴ്വാരത്തേക്കു മാറ്റുന്നു. ഈസമയം ജനങ്ങൾ ഭക്ഷണം കഴിക്കുന്നു. ബർത്തലോമിയോ പറയുന്നു; " ഗുരോ ഒരു കാര്യം ഓർത്താലും. ഇന്ന് വെള്ളിയാഴ്ചയാണ്. നാളെ അവർക്ക് ഭക്ഷണം കിട്ടുമെന്നോ യഥാസമയം വീട്ടിലെത്താൻ കഴിയുമെന്നോ എനിക്കു തോന്നുന്നില്ല.

"അതു സാരമില്ല, ദൈവം അതിനൊക്കെ വഴികാണും. പക്ഷേ നാം അവരോട് പറയണം."
ഈശോ ജനങ്ങളുടെ അടുത്തേക്കു ചെന്നുപറഞ്ഞു; "ഒരു കാര്യം നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാനാഗ്രഹിക്കുന്നു. അതായത്, ഇന്ന് വെള്ളിയാഴ്ചയാണ്. സമയത്ത് വീട്ടിലെത്താൻ കഴിയില്ലെന്ന് ഭയമുള്ളവരും നാളത്തേക്കുള്ള ഭക്ഷണം ദൈവം തരുമെന്ന് വിശ്വസിക്കാൻ കഴിയാത്തവരും ഉടൻതന്നെ പോവുക. സൂര്യാസ്തമയത്തിനു മുമ്പ് അവർക്കു വീട്ടിലെത്താം."


ആ വലിയ ജനക്കൂട്ടത്തിൽ നിന്ന് ഏകദേശം അമ്പതുപേർ എഴുന്നേറ്റു പോയി. ബാക്കിയുള്ളവർ അവിടെത്തന്നെ ഇരുന്നു. ഈശോ പുഞ്ചിരിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചു.


                    "പഴയ കാലത്ത് ഇപ്രകാരം പറയുന്നത് നിങ്ങൾ കേട്ടിരിക്കും. "നിങ്ങൾ വ്യഭിചാരം ചെയ്യരുത്.' ഈ പാപത്തെപ്പറ്റി ഞാൻ പലസ്ഥലങ്ങളിലും വച്ചു പറയുന്നത് നിങ്ങളിൽ പലരും കേട്ടിരിക്കും. എന്റെ നോട്ടത്തിൽ ഇതു് ഒരാളെ മാത്രമല്ല രണ്ടോ മൂന്നോ പേരെ ബാധിക്കുന്ന പാപമാണ്. ഞാനിത് ഒന്നുകൂടി വ്യക്തമാക്കാം. ഒരു വ്യഭിചാരി തന്നോടുതന്നെ പാപം ചെയ്യുന്നു.  അയാൾ തന്റെ പങ്കാളിയോട്  പാപം ചെയ്യുന്നു; വഞ്ചിതയായ ഭാര്യയോ ഭർത്താവോ പാപം ചെയ്യാൻ ഇതു് കാരണമായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരം വഞ്ചിക്കപ്പെടുന്ന  ഭാര്യാഭർത്താക്കന്മാർ നിരാശയിലാണ്ടു പോകുന്നതിനോ വല്ലകടുംകൈയും ചെയ്യുന്നതിനോ പ്രേരിതരാകുന്നു. ചെയ്തുകഴിഞ്ഞ വ്യഭിചാരപ്രവൃത്തിയെക്കുറിച്ചാണ് ഇപ്പറഞ്ഞത്. എന്നാൽ ഞാൻ ഒന്നുകൂടി പറയുന്നു; ചെയ്തുകഴിഞ്ഞ പാപം മാത്രമല്ല പാപം, ചെയ്യാനുള്ള അഭിലാഷവും പാപം തന്നെയാണ്.  വ്യഭിചാരമെന്നത് എന്താണ് ? നമ്മുടേതല്ലാത്ത ഒരുവനു വേണ്ടിയോ ഒരുവൾക്കു  വേണ്ടിയോ  ഉള്ള ആസക്തിയാണത്. പാപം ആഗ്രഹത്തിൽ തുടങ്ങുന്നു, പ്രലോഭനത്തിൽ തുടരുന്നു, പ്രേരണയിൽ പൂർത്തിയാകുന്നു, പ്രവൃത്തിയിൽ മകുടമണിയുന്നു.

   ഒരാൾ എങ്ങിനെയാണ് ഈ പാപത്തിനു തുടക്കം കുറിക്കുന്നത് ? സാധാരണഗതിയിൽ ശുദ്ധമല്ലാത്ത ഒരു നോട്ടം മുഖേന ആയിരിക്കും. പരിശുദ്ധമായ കണ്ണുകൾക്ക് അദൃശ്യമായവ,  പരിശുദ്ധിയില്ലാത്ത കണ്ണുകൾ കാണുന്നു. കണ്ണിലൂടെ പ്രവേശിക്കുന്ന ദാഹം തൊണ്ടയിലും വിശപ്പ് ശരീരത്തിലുമെത്തി രക്തത്തെ ചൂടു പിടിപ്പിക്കുന്നു. ഇത് അയാളെ ഉന്മാദത്തിലേക്കു നയിക്കുന്നു. മറ്റേ വ്യക്തി വഴങ്ങാത്ത ആളാണെങ്കിൽ ഉന്മാദിയായ വിഷയാസക്തൻ ഉത്കണ്ഠാകുലനായിത്തീരുന്നു; അല്ലെങ്കിൽ പ്രതികാരേഛുവായിത്തീരുന്നു. എന്നാൽ മറ്റേ വ്യക്തി ധാർമ്മികബോധമില്ലാത്ത ആളാണെങ്കിൽ വിഷയാസക്തമായ നോട്ടത്തിന് അനുകൂലമായി പ്രതികരിക്കുന്നു. പാപത്തിലേക്കുള്ള അധഃപതനം അതോടെ ആരംഭിക്കുന്നു.

                  അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു; കാമാസക്തിയോടുകൂടി ഒരു പുരുഷൻ സ്ത്രീയെ നോക്കുന്നുവെങ്കിൽ അയാൾ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. എന്തെന്നാൽ അവൻ അഭിലഷിക്കുന്ന പ്രവൃത്തി ചിന്ത ചെയ്തുകഴിഞ്ഞു.നിന്റെ വലതുകണ്ണ് പാപകാരണമായിത്തീരുന്നുവെങ്കിൽ അതു ചൂഴ്ന്നെടുത്ത് ദൂരെക്കളയുക. രണ്ടു കണ്ണുള്ളവനായി നരകാന്ധകാരത്തിൽ എന്നേക്കും എറിയപ്പെടുന്നതിനേക്കാൾ നല്ലത് ഒരു കണ്ണ് ഇല്ലാതെ ഇരിക്കുന്നതാണ്. വലതുകൈ പാപം ചെയ്യാൻ നിന്നെ പ്രേരിപ്പിക്കുന്നുവെങ്കിൽ
അത് മുറിച്ചെടുത്ത് ദൂരെക്കളയുക. നിന്റെ മുഴുവൻ ശരീരവും നരകത്തിൽ  പോകുന്നതിനെക്കാൾ നല്ലത് ശരീരത്തിന്റെ ഒരു ഭാഗം ഇല്ലാതിരിക്കുന്നതാണ്.

      ഇതും ഓർത്തുകൊള്ളുക: നിന്റെ ഇണയുടെ പേരിൽ നിനക്ക് അസന്തുഷ്ടിയണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഒരു കുരിശുപോലെ ചുമക്കുക. അസന്തുഷ്ടരെങ്കിലും രണ്ടുപേരും പരിശുദ്ധരായിരുന്നാൽ കുട്ടികളെ സന്തുഷ്ടരായിത്തന്നെ വളർത്താം. നിർഭാഗ്യകരങ്ങളായ സ്ഥിതിവിശേഷങ്ങൾ കൂടുതൽ ബാധിക്കുക നിങ്ങളുടെ കുട്ടികളെയായിരിക്കും.  കുട്ടികളോട് സ്നേഹമുണ്ടെങ്കിൽ നൂറുതവണ ആലോചിച്ചേ നിങ്ങൾ എന്തും ചെയ്യുകയുള്ളൂ.

    എന്റെ മക്കളേ, ഞാൻ പ്രസംഗം അവസാനിപ്പിക്കുകയാണ്.എന്തെന്നാൽ സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു. മലയിൽ ചേർന്ന ഈ യോഗത്തിൽ ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങളുടെ ഓർമ്മയിലിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. അവയെ നിങ്ങളുടെ ഹൃദയത്തിൽ കൊത്തിവയ്ക്കുക. വീണ്ടും വീണ്ടും വായിക്കുക. അവ നിങ്ങളെ എന്നെന്നും വഴി നടത്തട്ടെ !   ത്രിയേകദൈവത്തിന്റെ നാമത്തിൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങൾക്കു സമാധാനം ഉണ്ടായിരിക്കട്ടെ ! "


       പ്രസംഗശേഷം ഈശോ അവിടെനിന്നും യാത്രയായി. ശിഷ്യന്മാരും ജനക്കൂട്ടവും അവിടുത്തെ അനുഗമിച്ചു. താമസിയാതെ അവർ പർവതത്തിന്റെ അടിഭാഗത്തുള്ള സമതലത്തിലെത്തി. അവിടം ഇലകളും പൂക്കളും കൊണ്ട് അലംകൃതമായിരുന്നു. അവർ അവിടെ തങ്ങി.