നൈജീരിയക്കാരനായ ബര്‍ണബാസ് നോയെ എന്നയാള്‍ക്ക് 1995 - ല്‍ നമ്മുടെ കര്‍ത്താവായ ഈശോ പ്രത്യക്ഷനാവുകയും മനുഷ്യപാപങ്ങള്‍ നിമിത്തം പീഡയനുഭവിക്കുന്ന തന്നെ ആശ്വസിപ്പിക്കാനും തന്റെ അമൂല്യമായ തിരുരക്തത്തെ ആരാധിക്കുവാനും ആഹ്വാനം ചെയ്യുകയും ചെയ്തു. ദൈവകരുണയുടെ മണിക്കൂറായ ഉച്ച തിരിഞ്ഞുള്ള മൂന്നു മണിക്കാണ് അവിടുന്ന് പ്രത്യക്ഷനായത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതെ സമയത്ത് തന്നെ അവിടുന്ന് ബാര്‍ണബാസിന് ദര്‍ശനം നല്‍കുകയും തിരുരക്ത ജപമാല പ്രാര്‍ത്ഥനകള്‍ നല്‍കുകയും ചെയ്തു. ഈശോയുടെ അഞ്ചു തിരുമുറിവുകളെ പ്രത്യേകമായ വിധത്തില്‍ ഈ പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കുകയും ആ തിരുമുറിവുകളുടെ യോഗ്യതായാല്‍ സഭയുടെയും ലോകം മുഴുവന്റെയും നിയോഗങ്ങളും അര്‍ത്ഥനകളും നിത്യപിതാവിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.
നിത്യപിതാവിനോടുള്ള ഹൃസ്വ പ്രാര്‍ത്ഥന
നിത്യപിതാവെ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് പരിഹാരമായി അങ്ങയുടെ വത്സല സുതനായ ഈശോമിശിഹായുടെ എല്ലാ തിരുമുറിവുകളും അവിടുത്തെ തിരുഹൃദയത്തിന്റെ യാതനകളും നൊമ്പരങ്ങളും അവിടുത്തെ എല്ലാ തിരുമുറിവുകളില്‍ നിന്നും ഒഴുകിയ ഏറ്റവും അമൂല്യമായ തിരുരക്തവും അവിടുത്തേക്ക് ഞങ്ങള്‍ കാഴ്ച വെയ്ക്കുന്നു, ആമേൻ.