മലയിലെ പ്രസംഗത്തിനു ശേഷം ഈശോയും ശിഷ്യന്മാരും ഈശോയെ അനുഗമിച്ച ജനക്കൂട്ടവും താഴ്വാരത്തിലള്ള സമതലത്തിൽ തങ്ങി. താഴ്വാരത്തിലെ നിരവധി പുഷ്പങ്ങൾക്കിടയിൽ വൃണങ്ങൾ കൊണ്ട് ശരീരം മുഴുവൻ നിറഞ്ഞ ഭീകരരൂപിയായ ഒരു കുഷ്ഠരോഗിയെ അവർ കാണുന്നു. ആളുകൾ പേടിച്ച് ബഹളം വയ്ക്കുകയും അയാളെ എറിയാനായി കല്ലുകളെടുക്കുകയും ചെയ്യുന്നു.
എന്നാൽ ഈശോ കൈകൾ രണ്ടും നീട്ടി അഭ്യർത്ഥിച്ച; "സമാധാനമായിരിക്കുക. എല്ലാവരും ഇരിക്കുക. ഭയപ്പെടേണ്ട, കല്ലുകൾ താഴെയിടുക. പാവപ്പെട്ട ഈ സഹോദരനോട് കരുണ കാണിക്കുക. അവനും ദൈവത്തിന്റെ പുത്രനാണ്."
ഗുരുവിന്റെ ആജ്ഞയുടെ ശക്തിയാൽ ജനം അനുസരിച്ചു. പൂത്തുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ ഈശോ മുമ്പോട്ടു നടന്നപ്പോൾ കുഷ്ഠരോഗി ഈശോയുടെ അടുത്തേക്കു നടന്നു. അടുത്തെത്തിയപ്പോൾ അവിടുത്തെ പാദങ്ങളിൽ അയാൾ സാഷ്ടാംഗം പ്രണമിച്ചു. " കർത്താവേ അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തുവാൻ കഴിയും. എന്നോടും കരുണ കാണിക്കേണമേ." അയാൾ ദീനനായി വിലപിച്ചു.
"നീ തലപൊക്കി എന്നെ നോക്കുക. സ്വർഗ്ഗത്തിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിലേക്കു നോക്കണം. നീ വിശ്വസിക്കുന്നുണ്ട്. എന്തെന്നാൽ നീ ദൈവകൃപ യാചിക്കുന്നു.''
അയാൾ മുഖമുയർത്തി ഈശോയെ നോക്കുന്നു. ഈശോ തന്റെ മനോഹരമായ വിരലുകൾ അയാളുടെ വൃണബാധിതമായ നെറ്റിയിൽ സ്പർശിച്ചുകൊണ്ട് പറഞ്ഞു; " ഞാൻ ആഗ്രഹിക്കുന്നു. നീ ശുദ്ധി പ്രാപിക്കുക."
ഉടൻതന്നെ അയാളുടെ വൈകൃതവും വൃണങ്ങളും മാറി. ശുദ്ധജലത്തിൽ കഴുകിയെടുത്തപോലെ അയാളുടെ ശരീരം ശുദ്ധമായി. ആദ്യം സുഖപ്പെട്ടത് വൃണങ്ങളാണ്. പിന്നെ തൊലിയുടെ വൈകൃതം മാറി. വലതുകണ്ണിന്റെ സ്ഥാനത്തു ഒരു കുഴിയാണു് മുമ്പുണ്ടായിരുന്നത്. അവിടെയും വലിയ വൃണം ഉണ്ടായിരുന്ന തലയിലും അയാൾ തപ്പിനോക്കി. എല്ലാം സുഖമായിരിക്കുന്നു. അയാൾ എഴുന്നേറ്റു നിന്ന് ആപാദചൂഢം തന്നെ പരിശോധിച്ചു. അയാൾ പൂർണ്ണമായും ശുദ്ധനായിരിക്കുന്നു. സന്തോഷാധിക്യത്താൽ കരഞ്ഞുകൊണ്ട് പൂത്തുനിൽക്കുന്ന പുല്ലുകൾക്കിടയിലേക്ക് അയാൾ ഒരിക്കൽക്കൂടി സാഷ്ടാംഗം വീണു.
"കരയരുത്; എഴുന്നേറ്റു നിന്ന് ഞാൻ പറയുന്നത് കേൾക്കുക. മുറപ്രകാരമുള്ള ജീവിതത്തിലേക്കു മടങ്ങിപ്പോവുക. അക്കാര്യങ്ങൾ പൂർത്തിയാകുന്നതുവരെ ഇതാരോടും പറയേണ്ട. നിന്നെത്തന്നെ നീ പുരോഹിതനു കാണിച്ചുകൊടുക്കുക."
അത്ഭുതകരമായിസുഖപ്പെട്ട ആ മനുഷ്യന്റെ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ജനക്കൂട്ടം ചെയ്തുകൊടുക്കുന്നു. ചിലർ നാണയത്തുട്ടുകളും ചിലർ അപ്പവും ഭക്ഷണസാധനങ്ങളും എറിഞ്ഞു കൊടുത്തു. അയാളുടെ കീറിപ്പറിഞ്ഞ വസ്ത്രങൾ കണ്ട് അലിവു തോന്നിയ ഒരാൾ തന്റെ മേലുടുപ്പ് ഊരി ചുരുട്ടിക്കെട്ടി അയാളുടെ നേരെ എറിഞ്ഞു. ഔദാര്യം പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്നതാകയാൽ വേറൊരാൾ തന്റെ ചെരിപ്പുകൾ അയാൾക്കു നൽകി. ഇതുകണ്ട് ഈശോ ചോദിച്ചു; "നിങ്ങളിനി എങ്ങിനെ പോകും ?"
" ഞാനിവിടെ അടുത്താണു ഗുരോ താമസിക്കുന്നത്. ഞാൻ നഗ്നപാദനായി പൊയ്ക്കൊള്ളാം. അയാൾക്കു് വളരെ ദൂരം പോകാനുണ്ടല്ലോ."
"ദൈവം നിന്നെയും ആ സഹോദരനെ സഹായിച്ച മറ്റെല്ലാവരേയും അനുഗ്രഹിക്കുട്ടെ !"
സുഖം പ്രാപിച്ച മനുഷ്യൻ സന്തോഷത്തോടെ പോകുന്നു.