ജാലകം നിത്യജീവൻ: ഈശോ തീക്ഷ്ണമതിയായ സൈമണെ സുഖപ്പെടുത്തുന്നു.

nithyajeevan

nithyajeevan

Sunday, October 3, 2010

ഈശോ തീക്ഷ്ണമതിയായ സൈമണെ സുഖപ്പെടുത്തുന്നു.

      പെസഹാ തിരുനാളിന്റെ ദിവസങ്ങളായതിനാൽ ജറുസലേമിൽ ധാരാളം ആളുകളുണ്ട്. ഈശോയും പത്രോസും ജോണും കൂടി ഈശോ താമസിക്കുന്ന വീട്ടിലേക്കു പോകുന്നു. വീടിനടുത്തെത്തുമ്പോൾ ഈശോയെ കാത്ത് രണ്ടാളുകൾ നിൽപ്പുണ്ടെന്ന് വീടിന്റെ ഉടമസ്ഥൻ വന്നറിയിക്കുന്നു. ഈശോ ചോദിക്കുന്നു; "അവർ എവിടെ?ആരാണവർ?"
"എനിക്കറിഞ്ഞുകൂടാ. ഒരാൾ യൂദയായിൽ നിന്നാണ്. മറ്റേയാൾ....... എനിക്കറിയില്ല. ഞാൻ ചോദിച്ചില്ല.'
"അവർ എവിടെ?" ജോൺ ചോദിച്ചു
"അടുക്കളയിൽ കാത്തിരിക്കുകയാണ്. ഇവരെക്കൂടാതെ വേറൊരാൾ കൂടിയുണ്ട്. അയാളുടെ ദേഹം മുഴുവനും വൃണമാണ്. അയാളോടു കുറച്ചു മാറിനിൽക്കാൻ ഞാൻ പറഞ്ഞു. അയാൾക്കു് കുഷ്ഠരോഗമാണോ എന്നെനിക്കു സംശയമുണ്ട്. ദേവാലയത്തിൽ പ്രസംഗിച്ച പ്രവാചകനെ കാണണം എന്നയാൾ പറയുന്നു."
              ഇതുവരെ നിശ്ശബ്ദനായിരുന്ന ഈശോ പറഞ്ഞു: "നമുക്ക് ആദ്യം അയാളെപ്പോയിക്കാണാം. മറ്റുരണ്ടുപേരോടും വേണമെങ്കിൽ അങ്ങോട്ടു വരാൻ പറയൂ. തോട്ടത്തിൽവച്ച് അവരോട് ഞാൻ സംസാരിക്കാം." ഇതുപറഞ്ഞിട്ട് ഈശോ വൃണമുള്ളവൻ നിന്നിരുന്ന സ്ഥലത്തേക്കു പോയി.
 "ഞങ്ങളെന്തു ചെയ്യണം?" പത്രോസ് ചോദിച്ചു
"വേണമെങ്കിൽ എന്റെകൂടെ പോരൂ."
         തോട്ടത്തിന്റെ അതിർത്തിയിൽ കഴുത്തിനുചുറ്റും തുണികെട്ടിയ ഒരാൾ നിൽപ്പുണ്ട്. ഈശോ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ അയാൾ വിളിച്ചുപറയുന്നു, "അടുത്തേക്കു വരരുതേ...തിരിച്ചുപോകൂ...എന്നോടു കനിവു തോന്നേണമേ."
"നീ കുഷ്ഠരോഗിയാണോ?ഞാൻനിനക്കുവേണ്ടി എന്തുചെയ്യണം ?"

"എന്നെ കല്ലെറിയരുതേ...കഴിഞ്ഞദിവസം ദേവാലയത്തിൽ ദൈവത്തിന്റ സ്വരമായും അനുഗ്രഹദാതാവായും നീ സ്വയം വെളിപ്പെടുത്തിയെന്ന് ആളുകൾ പറയുന്നു. നിന്റെ അടയാളം ഉയർത്തി എല്ലാ രോഗങ്ങളും സുഖപ്പെടുത്തുമെന്നും നീ പറഞ്ഞതായിക്കേട്ടു. ദയവായി ആ അടയാളം എന്റെമേൽ ഉയർത്തേണമേ. ഞാൻ അങ്ങകലെയുള്ള കുഴിമാടങ്ങളിൽനിന്നാണ് വന്നിരിക്കുന്നത്. ഒരു പാമ്പിനെപ്പോലെ ചെടികൾക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞാണ് ഇവിടെ വരെയെത്തിയത്. ഇരുട്ടാകുന്നതുവരെ ഞാനിവിടെ ഒളിച്ചിരുന്നു. ഈ മനുഷ്യനെ, വീടിന്റെ ഉടമസ്ഥനെ ഞാൻ കണ്ടുമുട്ടി. അയാൾ നല്ലവനാണ്. അയാൾ എന്നെ കൊന്നില്ല. എന്നോടു കരുണ തോന്നേണമേ." ഈശോ തനിയേ അവന്റെ സമീപത്തേക്കു പോയി. ശിഷ്യന്മാരും വീട്ടുടമയും പുതുതായി വന്നരണ്ട് അപരിചിതരും അങ്ങകലെ അറച്ചുനിൽക്കുകയാണ്. ഈശോ അടുത്തുവരുന്നതുകണ്ട് രോഗി വിളിച്ചുപറഞ്ഞു,

"എന്റെ അടുത്തുവരരുതേ, ഈ രോഗം പകരുന്നതാണ്." ഈ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഈശോ മുമ്പോട്ടു നീങ്ങി. കാരുണ്യം നിറഞ്ഞ കണ്ണുകൾകൊണ്ട് അവനെ നോക്കി. അയാൾ കരഞ്ഞുതുടങ്ങി. മുട്ടിൽനിന്ന് തലകുനിച്ചു തേങ്ങിക്കരഞ്ഞു. "നിന്റെ അടയാളം, നിന്റെ അടയാളം!"
"സമയമാകുമ്പോൾ ആ അടയാളം ഉയർത്തപ്പെടും. ഇപ്പോൾ ഞാൻ നിന്നോടു പറയുന്നു: എഴുന്നേറ്റു നിൽക്കൂ, സുഖം പ്രാപിക്കൂ. ഇത് എന്റെ ആജ്ഞയാണ്. എന്നെ തിരിച്ചറിയുന്നതിന് ഈ പട്ടണത്തിനു നൽകുന്ന അടയാളം നീ ആയിരിക്കട്ടെ ! എഴുന്നേൽക്കൂ, ഇനി പാപം ചെയ്യരുത്. അങ്ങനെ ദൈവത്തോട് നന്ദികാണിക്കണം."
              ആ മനുഷ്യൻ മെല്ലെ എഴുന്നേൽക്കുന്നു. നീണ്ട പുൽക്കൊടികൾക്കിടയിൽനിന്ന് അയാൾ പുറത്തേക്കുവന്നു. ഇതാ അയാൾ സുഖം പ്രാപിച്ചിരിക്കുന്നു ! ദിനാന്ത്യത്തിലുള്ള അരണ്ട വെളിച്ചത്തിൽ അയാൾ തന്റെ ശരീരം നോക്കിക്കണ്ടു. താൻ സുഖം പ്രാപിച്ചിരിക്കുന്നു ! അയാൾ ഉച്ചത്തിൽ ആർത്തുവിളിച്ചു. "എന്റെ രോഗംമാറി. അങ്ങേയ്ക്കുവേണ്ടി ഇനി ഞാൻ എന്തുചെയ്യണം ?"

"നിയമം വിധിച്ചിരിക്കുന്നതെന്തോ അതു ചെയ്യുക. നീ പുരോഹിതനെപ്പോയി കാണുക. ഭാവിയിൽ നന്മ ചെയ്യുക. പൊയ്ക്കോളൂ." എന്നാൽ
                 അയാൾ അകലെ നിന്ന് ഈശോയ്ക്ക് സ്വസ്തി പറഞ്ഞിട്ട് വീണ്ടും കരയുകയാണ്.
                മറ്റുള്ളവർ അത്ഭുതംകണ്ട് സംസാരശേഷി നഷ്ടപ്പെട്ടവരെപ്പോലെ നിന്നു. ഈശോ തിരിഞ്ഞ് അവരെനോക്കി പുപുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു; "ഈ മനുഷ്യന്റെ കുഷ്ഠം ശരീരത്തെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. ഹൃദയത്തിന്റെ കുഷ്ഠം മാറുന്നതും നിങ്ങൾ കാണും." അപരിചിതരായ രണ്ടുപേരോട് ഈശോ ചോദിച്ചു; "നിങ്ങളാണോ എന്നെക്കാണണമെന്നു പറഞ്ഞത് ? നിങ്ങളാരാണ് ?"

"കഴിഞ്ഞദിവസം ഞങ്ങൾ അങ്ങയുടെ പ്രസംഗം കേട്ടു. ദേവാലയത്തിൽ ചെയ്ത പ്രസംഗം. അങ്ങ് അനുവദിക്കുമെങ്കിൽ അങ്ങയെ പിൻതുടരാൻ ഞങ്ങളാഗ്രഹിക്കുന്നു. അങ്ങയുടെ വാക്കുകൾ സത്യത്തിന്റെ വാക്കുകളാണ്."

"ഞാൻ എങ്ങോട്ടാണു പോകുന്നതെന്ന് നിങ്ങൾക്കറായാമോ?"

"അറിഞ്ഞുകൂടാ. അങ്ങ് മഹത്വത്തിലേക്കാണു പോകുന്നതെന്ന് ഉറപ്പാണ്."

"അതുശരി തന്നെ. എന്നാലത് ഈ ലോകത്തിലെ മഹത്വമല്ല. സ്വർഗ്ഗീയ മഹത്വത്തിലേക്കാണു ഞാൻ പോകുന്നത്. ത്യാഗത്തിലൂടെയും പുണ്യകർമ്മങ്ങളിലൂടെയും കീഴടക്കേണ്ട ഒന്നാണത്. നിങ്ങൾ എന്തിനാണ് എന്നെ പിൻതുടരാൻ ആഗ്രഹിക്കുന്നത്?"

"അങ്ങയുടെ മഹത്വത്തിൽ പങ്കാളികളാകാൻ."

" സ്വർഗ്ഗീയ മഹത്വത്തിൽ ?"

"അതേ, സ്വർഗ്ഗീയ മഹത്വത്തിൽ തന്നെ."

"ആർക്കു വേണമെങ്കിലും എത്തിച്ചേരാവുന്ന ഒരു സ്ഥലമല്ല സ്വർഗ്ഗം. അവിടെയെത്താൻ ആഗ്രഹിക്കുന്നവരെ കുരുക്കിൽ വീഴ്ത്താൻ മാമ്മോൻ അഥവാ ധനമോഹം നിരവധി കെണികൾ ഒരുക്കിയിട്ടുണ്ട്. നല്ല തന്റേടവും ധൈര്യവുമുള്ളവർക്കേ ഈ പരീക്ഷണത്തെ അതിജീവിക്കാനാവൂ. നമ്മിൽത്തന്നെയുള്ള ശത്രുവിനെതിരായി നിരന്തരം പോരാടുക, ഈ ലോകത്തിനെതിരായി പോരാടുക, പിശാചിനെതിരായി പോരാടുക ഇതെല്ലാമാണ് എന്നെ പിൻതുടരുക എന്നു പറയുന്നതിനർത്ഥം. നിങ്ങൾക്ക് എന്റെ അനുയായികളാകണമെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ ?എന്തുകൊണ്ട് ? "

"ഞങ്ങളുടെ അന്തരാത്മാവിനെ അങ്ങ് കീഴടക്കിക്കഴിഞ്ഞു. അന്തരാത്മാവിന്റെ ആഗ്രഹമാണ്, ദാഹമാണ്, അങ്ങയെ പിൻതുടരണമെന്നത്. അങ്ങ് പരിശുദ്ധനാണ്, ശക്തിമാനാണ്. അങ്ങയുടെ ചങ്ങാതിമാരാകാൻ ഞങ്ങളാഗ്രഹിക്കുന്നു."

" ചങ്ങാതിമാർ !" ഈശോ നിശ്ശബ്ദനായി ദീർഘശ്വാസമെടുത്തു. ഈ സമയമത്രയും സംസാരിച്ചിരുന്ന യുവാവിനെ സൂക്ഷിച്ചുനോക്കി. അവൻ തന്റെ മേലങ്കി തലയിൽനിന്നു മാറ്റിയിരിക്കുന്നു. അത് യൂദാ സ്കറിയോത്തായാണ്.
          ഈശോ അവനോടു ചോദിക്കുന്നു; "നീ ആരാണ് ? സാധാരണക്കാരുടേതിൽനിന്നും വ്യത്യസ്തമാണല്ലോ നിന്റെ ഭാഷ. അതിന് ഓജസ്സുണ്ട്."

'ഞാൻ സൈമണിന്റെ മകൻ യൂദാസ്സാണ്. കറിയോത്താണ് എന്റെ നാട്. ഞാൻ ദേവാലയത്തിന്റെ ആളാണ്. യഹൂദന്മാരുടെ രാജാവു വരുന്നതു സ്വപ്നം കാണുന്നവനാണു ഞാൻ. അങ്ങ് ഒരു രാജാവിനെപ്പോലെ സംസാരിക്കുന്നത് ഞാൻ കേട്ടു. എന്നെയും അങ്ങയുടെ കൂടെച്ചേർക്കൂ."

"ഇപ്പോഴോ? ഉടനെ ? അതുവേണ്ട."

"എന്തുകൊണ്ട് ഗുരോ ?"

"ഇങ്ങനെയുള്ള ദുർഘടം പിടിച്ച വഴി നടക്കാൻ തുടങ്ങുംമുമ്പ് നീ ഒരാത്മപരിശോധന നടത്തണം. അതാണു നല്ലത്."

"എന്റെ ആത്മാർത്ഥതയിൽ അങ്ങേക്കു വിശ്വാസമില്ലേ ?"

"അതാണു പ്രശ്നം. ഇപ്പോഴത്തെ ചൂടിൽ നീ ഇതുപറയുന്നു. ഈ ചൂട് എത്രകാലം നിലനിൽക്കും എന്നറിഞ്ഞുകൂടാ. യൂദാസ്സേ, നീ ഇക്കാര്യത്തെപ്പറ്റി ഗാഢമായി ചിന്തിക്കൂ. ഇപ്പോൾ ഞാൻ യാത്രപുറപ്പെടുകയാണ്. പെന്തക്കോസ്തയ്ക്കു ഞാൻ മടങ്ങിവരും. നീ ദേവാലയത്തിലുണ്ടെങ്കിൽ അവിടെവച്ചു നമുക്കു കാണാം."

അനന്തരം ഈശോ മറ്റേയാളോടു ചോദിക്കുന്നു; " നീ ആരാണ് ?"

"അങ്ങയെ അന്നു ദേവാലയത്തിൽ വച്ചു കാണാനിടയായ ഒരാൾ. അങ്ങയുടെ കൂടെവരാൻ എനിക്കും മോഹമുണ്ട്. പക്ഷെ ഇപ്പോൾ, അങ്ങു പറഞ്ഞതു കേട്ടപ്പോൾ എനിക്കു പേടി തോന്നുന്നു."

"നിന്റെ പേരെന്താണ്?"

'തോമസ്, ദിദിമൂസിൽനിന്ന്."

"നിന്റെ പേരു ഞാൻ മറക്കില്ല. സമാധാനമായി പോകൂ."

അവരെ പറഞ്ഞയച്ചശേഷം ഈശോ തന്റെ ആതിഥേയന്റെ വീട്ടിൽ പ്രവേശിച്ചു.