ജാലകം നിത്യജീവൻ: ദർശനം - ഈശോ പരിശുദ്ധ അമ്മയെപ്പറ്റി

nithyajeevan

nithyajeevan

Tuesday, October 12, 2010

ദർശനം - ഈശോ പരിശുദ്ധ അമ്മയെപ്പറ്റി
       നിത്യകന്യകയായ മേരിയെയും നീതിമാനും വിരക്തനുമായ ജോസഫിനെയും പറ്റി 'ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ'  ഈശോ പറയുന്നു :

          "മേരി ഏറ്റം പരിശുദ്ധയാണ്. ദൈവനിശ്വാസത്തിന്റെ ശക്തിയാണവൾ. അതിനാൽ കളങ്കമുള്ള ഒന്നിനും അവളിൽ പ്രവേശനമില്ല. അവൾ ദൈവികനന്മയുടെ പ്രതിച്ഛായയാണ്.

        മുദ്ര വയ്ക്കപ്പെട്ട പുസ്തകമായ അമലോത്ഭവകന്യകയെ ജോസഫ് എങ്ങനെ വായിച്ചു? അമാനുഷികമായ ഒരു രഹസ്യത്തെ എങ്ങനെ കണ്ടു? പ്രവാചകന്മാർ അറിയിച്ചിരുന്ന രഹസ്യത്തിന്റെ പടിക്കൽ എങ്ങനെ  എത്തി? സാധാരണക്കാർ ഒരു വലിയ പുണ്യമായി മാത്രം കണക്കാക്കുന്ന കന്യാത്വം എന്ന രഹസ്യത്തെ ജോസഫ് മാനുഷികമായ അറിവു കൊണ്ടല്ല, സ്വഭാവാതീതമായ ജ്ഞാനത്താലാണ്  കണ്ടത്. ഈ ജ്ഞാനം ദൈവത്തിൽനിന്നുള്ള ഒരു പ്രസരണമാണ്. ഇപ്രകാരമുള്ള ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മേരി എന്ന രഹസ്യത്തിന്മേൽ, കൃപാവരസമുദ്രത്തിന്മേൽ യാത്ര ചെയ്യുവാൻ ജോസഫിനു കഴിഞ്ഞു. അവരുടെ ആദ്ധ്യാത്മിക സമ്പർക്കത്തിൽ അധരങ്ങൾ കൊണ്ടുള്ള സംസാരത്താലല്ലാ, ആത്മാവിന്റെ നിശ്ശബ്ദതയിൽ രണ്ടു ചേതനകൾ സംസാരിക്കുന്നു. ദൈവത്തിനു മാത്രമേ അവരുടെ സ്വരം കേൾക്കാൻ കഴിയുന്നുള്ളു. ദൈവത്തിന്റെ സംപീതരായവർക്കും അതു കേൾക്കാം. കാരണം അവർ അവന്റെ വിശ്വസ്തദാസരാണ്. 

    നീതിമാനായ ജോസഫിന്റെ ജ്ഞാനം,  കൃപാവരപൂർണ്ണയായ മേരിയുടെ സാമീപ്യം വഴി വർദ്ധിക്കുന്നു. നീതിമാനായ മനുഷ്യനെ അതു വിശുദ്ധനാക്കുന്നു. വിശുദ്ധനായ മനുഷ്യനെ ദൈവത്തിന്റെ മണവാട്ടിയുടേയും ദൈവപുത്രന്റെയും സംരക്ഷകനുമാക്കുന്നു.

     വിരക്തനായ മനുഷ്യൻ; തന്റെ ചാരിത്ര്യത്തെ ദൈവദൂതന്മാർക്കടുത്ത ധീരതയിലേയ്ക്കുയർത്തിയ മനുഷ്യന് ദൈവത്തിന്റെ മുദ്ര നീക്കാതെ തന്നെ, ദൈവം, കന്യകയാകുന്ന വജ്രക്കല്ലിൽ അഗ്നി കൊണ്ട് എഴുതിരിക്കുന്ന വാക്കു വായിക്കാൻ കഴിയും. തന്റെ  ജ്ഞാനത്തിന് ആവർത്തിച്ചു പറയാൻ കഴിയാത്ത വാക്കു് ; എന്നാൽ മോശ കൽപ്പലകകളിൽ വായിച്ചതിനേക്കാൾ ശ്രേഷ്ഠമായ വചനം. ഈ രഹസ്യത്തിലേക്ക് ദൈവദൂഷകരുടെ കണ്ണുകൾ കടന്നുചെല്ലാതിരിക്കുവാൻ, മുദ്ര മേൽ മുദ്രയായി തന്നെത്തന്നെ അവൻ സ്ഥാപിക്കുന്നു. പറുദീസയുടെ കാവൽക്കാരനായിരുന്ന ആഗ്നേയനായ മുഖ്യദൂതനെപ്പോലെയായിരുന്നു ജോസഫ്. ഈ പറുദീസയിൽ നിത്യനായ പിതാവ് ആനന്ദം കൊള്ളുന്നു. 
  
      മേരിയുടെ  കന്യാത്വവും ജോസഫിന്റെ ചാരിത്ര്യവും പലരും ശക്തിയായി നിഷേധിക്കുന്നുണ്ട്. തങ്ങൾ തന്നെ ഭോഗാസക്തിയുടെ ചെളിക്കുണ്ടായതിനാൽ തങ്ങളെപ്പോലുള്ള ഒരാൾക്ക് പ്രകാശം പോലെ നിർമ്മലവും തെളിവുറ്റതുമായ പരിശുദ്ധജീവിതം നയിക്കാൻ കഴിയുമെന്ന് അവർ സമ്മതിക്കില്ല. നികൃഷ്ടരായ അവരുടെ ആത്മാക്കൾ അത്യന്തം ദുഷിച്ചതാണ്. തന്മൂലം തങ്ങളെപ്പോലുള്ള ഒരാൾക്ക് ഒരു സ്ത്രീയെ അവളുടെ ശരീരത്തെപ്രതിയല്ലാതെ, ആത്മാവിനെ പ്രതി ബഹുമാനിക്കാൻ കഴിയുമെന്ന്  വിചാരിക്കാൻ അവർക്കു സാധിക്കയില്ല. മാംസമായതിനെ വിട്ടുയർന്ന് സ്വഭാവാതീത തലത്തിൽ ജീവിക്കാനോ ദൈവത്തിനായി മാത്രം  ജീവിക്കാനോ അവർക്കു കഴിയുകയില്ല.
    
    ഏറ്റം  മനോഹരമായ കാര്യങ്ങൾ നിഷേധിക്കുന്ന അവർ ശലഭമാകാൻ കഴിയാത്ത പുഴുക്കളാണ് ; സ്വന്തം ഭോഗാസക്തിയുടെ തുപ്പൽ കൊണ്ടു പൊതിയപ്പെട്ടിരിക്കുന്ന ഇഴജന്തുക്കൾ. ഒരു ലില്ലിപ്പുഷ്പത്തിന്റെ സൗന്ദര്യം മനസ്സിലാക്കാൻ അവർക്കു കഴിവില്ല. അവരോടു പറയാൻ ഞാനാഗ്രഹിക്കുന്നു ; എന്റെ അമ്മ കന്യകയായിരുന്നു; കന്യകയായിത്തന്നെ ജീവിച്ചു; അവളുടെ ആത്മാവു മാത്രം ജോസഫിനോടു വിവാഹിതമായിരുന്നു. ദൈവത്തിന്റെ പ്രവൃത്തിയാൽ, അവൾ തന്റെ ഏകജാതൻ, ഈശോമിശിഹാ ആയ എന്നെ  ഗർഭംധരിച്ചു. 

    ഇത് പിൽക്കാലങ്ങളിൽ കെട്ടിച്ചമച്ച ഒരു പാരമ്പര്യമല്ല. ആദ്യകാലങ്ങൾ മുതൽ അറിഞ്ഞിരുന്ന സത്യമാണ്.
          മേരിയുടെ കന്യാത്വവും ജോസഫിന്റെ ചാരിത്ര്യവും അവരുടെ ശിരസ്സിൽ വിളങ്ങുന്ന പ്രകാശവലയമാണ്. അന്യൂനയായ കന്യക, നീതിമാനും വിരക്തനുമായ മനുഷ്യൻ ; ചാരിത്ര്യത്തിന്റെ സൗരഭ്യം വീശിയിരുന്ന രണ്ടു ലില്ലിപ്പൂക്കൾ; അവരുടെ മദ്ധ്യേ പരിശുദ്ധിയുടെ പരിമളം സ്വീകരിച്ചാണു ഞാൻ വളർന്നത്."