ജാലകം നിത്യജീവൻ: ജോണും ജയിംസും പത്രോസിനോടു മിശിഹായെപ്പറ്റി സംസാരിക്കുന്നു.

nithyajeevan

nithyajeevan

Saturday, October 2, 2010

ജോണും ജയിംസും പത്രോസിനോടു മിശിഹായെപ്പറ്റി സംസാരിക്കുന്നു.

       ഗലീലിയാ തടാകത്തിനടുത്തുള്ള ബത്സയ്ദാ ഗ്രാമം. ഒരു ചെറിയ തെരുവിൽനിന്നും ജോൺ വേഗം നടന്നുവരുന്നു. സഹോദരൻ ജയിംസ് അവന്റെ പിന്നാലെ സാവധാനം നടന്നുവരുന്നു. തടാകത്തിന്റെ കരയിലേക്കാണവർ നടക്കുന്നത്. കരയിൽ കയറ്റിവച്ചിരിക്കുന്ന വള്ളങ്ങൾ ജോൺ പരിശോധിക്കുന്നു. അവൻ അന്വേഷിക്കുന്ന വള്ളം അവിടെയില്ല. കരയിൽനിന്നും കുറച്ചകലെയായി തുറമുഖത്ത് അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ വള്ളം കണ്ണിൽപ്പെടുന്നു. കൈ വായ്ക്കുചുറ്റും പിടിച്ച് ഉച്ചത്തിൽ വള്ളത്തിലുള്ളവരെ വിളിക്കുന്നു.

വള്ളത്തിലുള്ളവർ ആഞ്ഞുതുഴഞ്ഞ് വേഗം കരയ്ക്കടുക്കുന്നു. പത്രോസും ആൻഡ്രൂവുമാണ്

വള്ളത്തിൽ. ജോണിനെ കണ്ടപ്പോൾ ആൻഡ്രൂ ചോദിക്കുന്നു; " നിങ്ങൾ രണ്ടാളും എന്തേ വരാഞ്ഞത്?"

പത്രോസു് പരിഭവിച്ചിരിക്കയാണ്. ഒരക്ഷരംമിണ്ടുന്നില്ല.


ജോൺ തിരിച്ചു ചോദിക്കുന്നു; " നിങ്ങൾ രണ്ടാളും എന്തേ ഞങ്ങളുടെ കൂടെ വരാഞ്ഞത്?


"ഞാൻ മീൻപിടിക്കാൻ പോയി. വെറുതെ കളയാൻ സമയമില്ല."


"ഞങ്ങൾ മിശിഹായെ കാണാൻ പോയി. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കേണ്ടതു തന്നെയാണ്. നിങ്ങളും വരൂ എന്ന്പറയാനാണ് ഞങ്ങൾ വന്നിരിക്കുന്നത്."


"അതു യഥാർത്ഥത്തിൽ മിശിഹാ തന്നെയാണോ?"

' അവൻ തന്നെ. അവൻ അതു നിഷേധിക്കുന്നില്ല.

പതോസ് പിറുപിറുക്കുന്നു ; "മണ്ടന്മാരെകളിപ്പിക്കാൻ ആർക്കും എന്തു വേണമെങ്കിലും പറയാം." അയാൾക്ക് ഇതൊന്നും പിടിക്കുന്നില്ല.


ഏയ് സൈമൺ, നീ അങ്ങനെ പറയരുത്. ഇതു മിശിഹായാണ്. അവന് എല്ലാമറിയാം. നീ പറയുന്നതും അവൻ കേൾക്കുന്നുണ്ട്." പത്രോസിന്റെ വാക്കുകൾ കേട്ടിട്ട് ജോണിന് ഭയവും സങ്കടവും തോന്നി.


"ഉവ്വുവ്വ്, മിശിഹാ ! ജയിംസിനും ആൻഡ്രൂവിനും നിനക്കും മിശിഹാ പ്രത്യക്ഷനായി ! അക്ഷരവൈരികളായ മൂന്നു മുക്കുവന്മാർക്ക് !!! മിശിഹായിൽനിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. ഞാൻ പറയുന്നത് മിശിഹാ കേൾക്കുന്നന്നോ? കഷ്ടം ! എടാ കൊച്ചനേ, കാലത്ത് വെയിലുകൊണ്ട് നിന്റെ തലക്കെന്തോ സംഭവിച്ചിരിക്കുന്നു. വന്നേ, വന്നു കുറച്ചുപണിയെടുത്തേ, ഈ പഴംകഥകളൊക്കെ മറന്നേക്കൂ."


"ഞാൻ പറയുന്നു അവൻ മിശിഹാ തന്നെ. ജോൺ(സ്നാപകൻ) വിശുദ്ധമായ കാര്യങ്ങൾ സംസാരിച്ചു. ഇവൻ ദൈവത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ക്രിസ്തുവിനല്ലാതെ ആർക്കും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല." ജോൺ വീണ്ടുംപറഞ്ഞു.


ഈ സമയം ജയിംസ് പറയുന്നു; "സൈമൺ, ഞാനൊരു കൊച്ചുകുട്ടിയല്ല. പ്രായപൂർത്തിയായവനാണ്. എനിക്കു ഭ്രാന്തില്ല. ആലോചിച്ചേ ഞാൻ സംസാരിക്കൂ. നിനക്കും അതറിയാമല്ലോ. ദൈവത്തിന്റെ കുഞ്ഞാടിനോടുകൂടി മണിക്കൂറുകൾ ഞാൻ ചിലവഴിച്ചു. അവൻ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു. ഞാൻ ഉറപ്പിച്ചുപറയുന്നു: അവൻ മിശിഹാ തന്നെയാണ്. നീഎന്തുകൊണ്ടു വിശ്വസിക്കുന്നില്ല ? അവന്റെ വാക്കുകൾ നീ കേട്ടിട്ടില്ല. അതുകൊണ്ടാണു നീ വിശ്വസിക്കാത്തത്. ഞാൻ അവനിൽ വിശ്വസിക്കുന്നു. നമ്മൾ ദരിദ്രരും അറിവില്ലാത്തവരുമാണ്, അല്ലേ ? സ്വർഗ്ഗരാജ്യത്തെപ്പറ്റി പാവങ്ങളോടും എളിയവരോടും സംസാരിക്കാനാണ് താൻ വന്നിരിക്കുന്നത് എന്നാണവൻ പറയുന്നത്. ഉന്നതന്മാരേക്കാൾ നമ്മേപ്പോലുള്ളലരോടാണ് അവനു താൽപര്യം. അവൻ പറഞ്ഞു; വലിയവർക്ക് അവരുടേതായ സന്തോഷങ്ങളുണ്ട്. നിങ്ങൾക്കു ഞാൻ നൽകാൻ പോകുന്ന സന്തോഷവുമായി തട്ടിച്ചുനോക്കുമ്പോൾ അവരുടേത് വലിയ സന്തോഷമൊന്നുമല്ല. ഞാൻ വന്നിരിക്കുന്നത് ഇസ്രായേലിലും ലോകത്തെങ്ങുമുള്ള ചെറിയ മനുഷ്യരുടെയടുത്തേക്കാണ്. കരയുകയും ആശിക്കുകയുംചെയ്യുന്നവരുടെ അടുത്തേക്കു്. ഇങ്ങനെയുള്ള പാവങ്ങൾക്ക് പണ്ഡിതന്മാർ വെളിച്ചവും അപ്പവും കൊടുക്കുന്നില്ല. ഇരുട്ടും ചങ്ങലയും പരിഹാസവുമാണ് പാവങ്ങൾക്ക് അവർ കൊടുക്കുന്നത്. ഞാൻ പാവങ്ങളെ വിളിക്കുന്നു. ഈ ലോകത്തെ കീഴ്മേൽമറിക്കാനാണു ഞാൻ വന്നിരിക്കുന്നത്. ഇന്നു മഹത്വമേറിയതെന്നു മനുഷ്യൻ കരുതുന്നതിനെ ഞാൻ നിസ്സാരമാക്കും. സത്യവും സമാധാനവും വേണമെന്നുള്ളവർ, നിത്യജീവൻ വേണമെന്നുള്ളവർ, എന്റെ അടുത്തേക്കു വരട്ടെ. അവൻ അങ്ങനെയൊക്കെയല്ലേ പറഞ്ഞത് ജോൺ ?"


"അതേ, അവൻ അങ്ങനെയൊക്കെയാണു പറഞ്ഞത്. അവൻ വീണ്ടും ഇങ്ങനെ പറഞ്ഞു; ലോകം എന്നെ സ്നേഹിക്കില്ല. വിഗ്രഹാരാധന കൊണ്ടും പാപംകൊണ്ടും ദുഷിച്ചുപോയ വലിയവരുടെ ഈ ലോകം എന്നെ സ്നേഹിക്കില്ല. ഇരുട്ടിന്റെ സന്തതിയായ ഈ ലോകത്തിനു് എന്നെ വേണ്ട. അതു വെളിച്ചത്തെ സ്നേഹിക്കുന്നില്ല. എന്നാൽ ഈ ഭൂമിയിൽ വലിയവരുടെ ഈ ലോകം മാത്രമല്ലഉള്ളത്. ഈ ലോകത്തിലാണെങ്കിലും ലോകത്തിന്റതല്ലാത്ത ആളുകളുമുണ്ട്. ഈ രണ്ടുതരമാളുകളും കൂടിക്കലർന്നു കഴിയുന്നു. ഒരു വലയിൽപ്പെട്ട മീനിനേപ്പോലെ, ലോകമാകുന്ന കാരാഗൃഹത്തിലടക്കപ്പെട്ടതുകൊണ്ട് ലോകത്തിന്റന്റെതായിത്തീർന്ന ആളുകളുമുണ്ട്. ഞങ്ങൾ തടാകത്തിന്റെ തീരത്തുനിൽക്കുകയായിരുന്നു. വലയിൽ കടുങ്ങിയ മൽസ്യങ്ങളെ കരയ്ക്കടുപ്പിക്കുന്നതു ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ ഇങ്ങനെ തുടർന്നു; ആ മൽസ്യങ്ങൾക്കൊന്നിനും വലയിൽപ്പെടണമെന്ന് ആഗ്രഹമില്ലായിരുന്നു. അതുപോലെതന്നെ മനുഷ്യർക്ക് മാമ്മോന് ഇരയായിത്തീരണമെന്ന് യഥാർത്ഥത്തിൽ ആഗ്രഹമില്ലായിരുന്നു. ഏറ്റവും വലിയ ദുഷടർക്കുപോലും, അഹങ്കാരംകൊണ്ട് തിമിരം ബാധിച്ചവർക്കുപോലും അവർ ചെയ്യുന്ന തെറ്റ് തെറ്റാണ് എന്നറിയാം. തെറ്റു ചെയ്യാതിരുന്നാൽക്കൊള്ളാമെന്ന് ആഗ്രഹവും കാണും. അവരുടെ യഥാർത്ഥപാപം അഹങ്കാരമാണ്. മറ്റുപാപങ്ങളെല്ലാം അഹങ്കാരത്തിൽനിന്നു മുളക്കുന്നവയാണ്. ദുഷടത പാരമ്യത്തിൽ എത്തിയിട്ടില്ലെങ്കിൽ മാമ്മോന്റെ കൈയിൽപ്പെടാൻ ആരും ആഗ്രഹിക്കില്ല. ഗൗരവമുള്ള കാര്യങ്ങൾ നിസ്സാരമായിട്ടെടുക്കുന്നതും ആദാമിന്റെ പാപത്തിന്റെ ഫലമായി അവർക്ക് തിന്മയിലേക്കുണ്ടാകുന്ന ചായ്ചിലും അവരെ മാമ്മോന്റെ കൈയിലെത്തിക്കുന്നു. ഞാൻ വന്നിരിക്കുന്നത് ആദാമിന്റെ പാപഫലം ഇല്ലാതാക്കാനാണ്. രക്ഷയുടെ സമയം കാത്തിരിക്കുന്നവർക്ക്. എന്നിൽ വിശ്വസിക്കുന്നവർക്ക്, കെണിയിൽനിന്നു രക്ഷപ്പെടാനുള്ള ശക്തി ഞാൻ നൽകും. ഈശോ ഇങ്ങനെയെല്ലാമാണു പറഞ്ഞത്.'


"അങ്ങെനയാണോ അവൻ പറഞ്ഞത് ? എങ്കിൽ നമ്മൾ ഉടനെ അവന്റെയടുത്തു പോകണം." എടുത്തുചാട്ടക്കാരനായ പത്രോസ് പറഞ്ഞു. പെട്ടെന്നു തീരുമാനമെടുത്ത് അതനുസരിച്ച് ചെയ്തുതുടങ്ങി. "ആൻഡ്രൂ, നീയേന്തേ ഇവരുടെകൂടെ ഈശോയുടെ അടുത്ത് പോകാതിരുന്നത്, നീ ഒരുമഠയൻ തന്നെ," എന്ന് ആൻഡ്രൂവിനെ ശാസിക്കയും ചെയ്യുന്നു.

ആൻഡ്രൂ പറയുന്നു, "അതെന്താ സൈമൺ നീ ഇപ്പോഴിങ്ങനെ പറയുന്നത് ? ജോണിനെയും ജയിംസിനെയും കൂടെ വരാൻ നിർബ്ബന്ധിക്കാതിരുന്നതിന് നീ രാത്രി മുഴുവനും പിറുപിറുക്കുകയായിരുന്നല്ലോ ? ഇപ്പോൾ നീ മറുകണ്ടം ചാടുകയാണല്ലോ ?

"നീ പറയുന്നത് നേരാണ്.... പക്ഷേ ഞാനവനെ കണ്ടിട്ടില്ലല്ലോ ? നീ കണ്ടു. അവൻ നമ്മെപ്പോലൊരാളല്ലായെന്ന് അപ്പോൾ നിനക്ക് മനസ്സിലായിക്കാണണം. മനുഷ്യരെ തന്നിലേക്കാകർഷിക്കുന്ന എന്തെങ്കിലും അവനുണ്ടായിരിക്കണം."


"അതിനു സംശയമൊന്നുമില്ല. അവന്റെ മുഖം...ആ കണ്ണുകൾ... എത്ര സുന്ദരമായ കണ്ണുകൾ.... നീ ഓർമ്മിക്കുന്നില്ലേ ജയിംസേ ?" ഇതുപറയുന്നത് ജോൺ ആണ്.


"ആ സ്വരം... എന്തൊരു സ്വരം ! അവൻ സംസാരിക്കുമ്പോൾ നമ്മൾ സ്വർഗ്ഗം സ്വപ്നം കാണുകയാണെന്നു തോന്നും."


"നമുക്ക് വേഗം അവനെപ്പോയി കാണാം." പതോസ് പറഞ്ഞു.


അവരെല്ലാം വസ്ത്രംമാറി യാത്രപുറപ്പെട്ടു.

ഏതാനും അടി നടന്നപ്പോൾ പത്രോസ് ജോണിനെ പിടിച്ചുനിർത്തി ചോദിച്ചു; "അവന് എല്ലാം അറിയാം, എല്ലാം കേൾക്കുന്നു എന്നല്ലേ നീ പറഞ്ഞത് ?"


"അതെ, ആകാശത്തിൽ ചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നതുകണ്ടപ്പോൾ ഞാൻ പറഞ്ഞു - ഇപ്പോൾ സൈമൺ എന്തെടുക്കയാണാവോ ? ഈശോ അപ്പോൾ പറഞ്ഞു - സൈമൺ വല വീശുകയാണ്. അവന്റെ മനസ്സിനു സമാധാനമില്ല. കാരണം നീ കൂടി വള്ളത്തിലില്ലാത്തതുകൊണ്ട് എല്ലാം അവൻ തനിയെചെയ്യണം. നാലു മീൻ പിടിക്കാൻ പറ്റയ നല്ലൊരു ദിവസം. നീ കൂടെ ചെല്ലാത്തതാണ് അവനെ ശുണ്ഠി പിടിപ്പിക്കുന്നത്. ഏറെത്താമസിയാതെ വേറെ വലകൾകൊണ്ട് വേറൊരുതരം മീനിനെ അവൻ പിടിച്ചുതുടങ്ങും എന്നവനറിയുന്നില്ല."


"ഓ ദൈവമേ ! അതു നേരാണ് ! ഞാൻ പറഞ്ഞ മറ്റുകാര്യങ്ങളും അവൻ കേട്ടിരിക്കും..നുണ പറയുന്നവൻ എന്നു ഞാനവനെ പച്ചയ്ക്കുവിളിച്ചില്ല എന്നുമാത്രം... വേണ്ട...ഞാനവന്റെ അടുത്തേക്കു വരുന്നില്ല.."


' സാരമില്ല, ഈശോ നല്ലവനാണ്. നിന്റെ മനസ്സിലെ വിചാരങ്ങൾ ഈശോയ്ക്കറിയാം.നേരത്തതന്നെ അറിയാമായിരുന്നു. നിന്റെയടുത്തേക്കാണു പോകുന്നത് എന്നുപറഞ്ഞ് ഞങ്ങൾ യാത്രചോദിച്ചപ്പോൾ ഈശോ പറഞ്ഞു: പൊയ്ക്കൊള്ളൂ, അവൻ ആദ്യം പറയുന്ന കുത്തുവാക്കുകൾകേട്ടു വിഷമിക്കേണ്ട.ലോകത്തിന്റെ പരിഹാസവും ബന്ധുക്കളുണ്ടാക്കുന്ന തടസ്സങ്ങളും നേരിടാൻ തയ്യാറായിവേണം എന്റെ അനുയായികൾ എന്റെകൂടെ വരാൻ. എനിക്കു രക്തബന്ധങ്ങളില്ല, സാമൂഹികബന്ധങ്ങളില്ല. ഞാൻ അവയെ കീഴടക്കിക്കഴിഞ്ഞു. എന്റെകൂടെ നിൽക്കുന്നവനും അവയെ കീഴടക്കിക്കും.

ഈശോ ഒരുകാര്യംകൂടി പറഞ്ഞു; കാര്യങ്ങൾ തുറന്നുപറയാൻ ഭയപ്പെടേണ്ട, എല്ലാംകേട്ടിട്ട് അവനിങ്ങുവരും. അവൻ ആത്മാർത്ഥതയുള്ളവനാണ്. നല്ലതു ചെയ്യണമെന്ന് ആഗ്രഹിക്കുന്നവനാണ്.'


"ഈശോ അങ്ങനെ പറഞ്ഞോ ? എന്നാൽ ഞാൻ വരികയാണ്. അവനെപ്പറ്റി അറിയാവുന്നതൊക്കെ നീ പറയൂ. ഈശോ എവിടെയാണ് താമസിക്കുന്നത് ?"


"ഒരു കുടിലിലാണ്. അത് ഈശോയുടെ ബന്ധുക്കളുടേതാവണം,"


"അവൻ പാവപ്പെട്ടവനാണോ ?"


"നസ്രസ്സിൽനിന്നുവന്ന ഒരു ആശാരിപ്പണിക്കാരൻ. ഈശോ സ്വയം പരിചയപ്പെടുത്തിയത് അങ്ങനെയാണ്.'


"അവൻ ഇപ്പോൾ പണിയൊന്നുമെടുക്കുന്നില്ലെങ്കിൽ എങ്ങനെ ചെലവു കഴിയുന്നു ?"


"അതു ഞങ്ങൾ ചോദിച്ചില്ല. ഒരുപക്ഷെ അവന്റെ ബന്ധുക്കൾ സഹായിക്കുന്നുണ്ടാവാം."


"നമ്മൾ കുറച്ചുമീനും റൊട്ടിയും പഴവും കൊണ്ടുപോകേണ്ടതായിരുന്നു. ഒരു ഗുരുവിനെക്കാണാൻ പോവുകയല്ലേ ? അവൻ ഒരു റബ്ബിയെപ്പോലെയാണ്, റബ്ബിയെക്കാൾ വലിയവനാണ്. എന്നിട്ടും നാം വെറുംകൈയോടെ ചെല്ലുന്നു. നമ്മുടെ റബ്ബിമാർക്ക് ഇതിഷ്ടപ്പെടില്ല."


'പക്ഷേ ഈശോയ്ക്ക് ഇഷ്ടമാണ്. എന്റേയും ജയിംസിന്റെയും കൈയിൽ ആകെ ഇരുപതു കാശേ ഉണ്ടായിരുന്നുള്ളൂ. റബ്ബിമാർക്ക് സാധാരണ സമ്മാനിക്കുന്നപോലെ ഇതുഞങ്ങൾ കൊടൂത്തു. എന്നാൽ ഈശോ അതു വേണ്ടെന്നു പറഞ്ഞു. ഞങ്ങൾ നിർബ്ബന്ധിച്ചപ്പോൾ പറഞ്ഞു, "സാധുക്കളുടെ അനുഗ്രഹങ്ങൾ ദൈവംനിങ്ങൾക്കു സമ്മാനമായി നൽകട്ടെ. എന്റെകൂടെവരൂ." എന്നിട്ടു് ഈ കാശെടുത്ത് കുറേ പാവങ്ങൾക്കു വീതിച്ചുകൊടുത്തു. ഞങ്ങൾ ചോദിച്ചു, ഗുരോ, അങ്ങേയ്ക്കായി ഒന്നും മാറ്റിവക്കുന്നില്ലേ? "ദൈവഹിതം നിറവേറ്റുന്നതിലുള്ളസന്തോഷം മാത്രം" എന്നാണ് ഈശോ മറുപടി പറഞ്ഞത്. "ഗുരോ, അങ്ങു ഞങ്ങളെ വിളിക്കുകയാണ്, ഞങ്ങൾ സാധുക്കളാണ്, ഗുരുദക്ഷിണയായി ഞങ്ങൾ എന്താണു കൊണ്ടുവരേണ്ടത്" എന്നുഞങ്ങൾ ചോദിച്ചു. അതിനു പുഞ്ചിരിച്ചുകൊണ്ടു് ഈശോ മറുപടി പറഞ്ഞു; നിങ്ങൾ വലിയൊരു നിധി എനിക്കു തരണം. എന്നാൽ ഞങ്ങൾ പാവങ്ങളാണെന്നു പറഞ്ഞപ്പോൾ ഈശോ പറഞ്ഞു; "ഏഴു പേരുള്ള ഒരു നിധിയുണ്ട്. ഏതു പാവപ്പെട്ടവനും ഈ നിധി കാണും. ധനവാന്റെ കൈയിൽ ഒരുപക്ഷെ ഇതുകണ്ടില്ലെന്നുവരാം. നിങ്ങൾക്കതുണ്ട്. അതെനിക്കു തരണം. ആ നിധിയുടെ പേരുകൾ കേൾക്കൂ: സ്നേഹം, വിശ്വാസം, സന്മനസ്സ്, ഉദ്ദേശശുദ്ധി, ഇന്ദ്രിയനിഗ്രഹം, ആത്മാർത്ഥത, പരിത്യാഗത്തിന്റെ അരൂപി. എന്റെ അനുയായികളിൽനിന്നു ഞാൻ പ്രതീക്ഷിക്കുന്നത് ഇതുമാത്രമാണ്. നിങ്ങൾക്ക് ഈ നിധിയുണ്ട്. ശീതകാലത്ത് മഞ്ഞിനടിയിൽ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന വിത്തുപോലെ നിശ്ചലമായിക്കിടക്കയാണത്. വസന്തം വരുമ്പോൾ, സൂര്യൻ വീണ്ടും തെളിയുമ്പോൾ, അതു പൊട്ടിമുളയ്ക്കും. ഏഴു ശിഖരങ്ങളുള്ള ഒരു ചെടിയായി വളരും."


"നമ്മുടെ യഥാർത്ഥറബ്ബി ഇതാണ് എന്നെനിക്കുതോന്നുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ അവൻതന്നെ. പാവങ്ങളെ അവൻ ഭത്സിക്കുന്നില്ല, പണം ചോദിക്കുന്നില്ല. ദൈവത്തിന്റെ വിശുദ്ധപുരുഷൻ എന്ന് അവനെ വിളക്കാൻ ഇത്രയുംമതി. നമുക്കു പേടിക്കാതെ ഈശോയെപ്പോയിക്കാണാം."