ജാലകം നിത്യജീവൻ: മലയിലെ പ്രസംഗം - അഞ്ചാം ദിവസം

nithyajeevan

nithyajeevan

Tuesday, October 5, 2010

മലയിലെ പ്രസംഗം - അഞ്ചാം ദിവസം

              അഞ്ചാം ദിവസത്തെ പ്രഭാതം മനോഹരമായിരുന്നു. ഗുരുവിന്റെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തയാറായി ഇരിക്കുന്നു. പല ഭാഗങ്ങളിൽനിന്നായി കൂടുതൽ ആളുകൾ വന്നുകൊണ്ടുമിരിക്കുന്നു. പ്രായം ചെന്നവരും രോഗികളും ആരോഗ്യമുള്ളവരും കുട്ടികളും യുവമിഥുനങ്ങളും അക്കൂട്ടത്തിലുണ്ട്. വലിയ പണക്കാരെയും യാചകരെയും അവിടെക്കാണാം. ധനവാന്മാർ അപ്പസ്തോലന്മാരെ വിളിച്ച് ആളൊഴിവുള്ള സ്ഥലത്തേക്കു  കൊണ്ടുപോയി പാവപ്പെട്ടവർക്കു വേണ്ടിയുള്ള സംഭാവന നൽകുന്നു. ഒരു  വലിയ സഞ്ചിയിൽ  തോമസ് ആ പണമെല്ലാം കൂടി വാരിയിട്ടു് ഈശോയുടെ അടുക്കൽ കൊണ്ടുവന്നു പറയുന്നു; " ഗുരോ സന്തോഷിച്ചാലും, ഇന്ന് പാവങ്ങൾക്കു കൊടുക്കാൻ വേണ്ടത്രയുണ്ട്."
 ഈശോ പുഞ്ചിരിച്ചു. അവിടുന്ന്പറഞ്ഞു; "എങ്കിൽ നമുക്ക് ഉടനെ ആരംഭിക്കാം. ദുഃഖിതരായി വന്നിട്ടുള്ളവർ എത്രയുംവേഗം സന്തോഷിക്കട്ടെ. നീയു കൂട്ടുകാരും കൂടി പാവപ്പെട്ടവരേയും രോഗികളെയും കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരിക."
      പറഞ്ഞതുപോലെ തോമസ് ചെയ്തു. ഈശോ  രോഗികളെ സുഖപ്പെടുത്താൻ തുടങ്ങി. ഓരോ അത്ഭുതം നടക്കുമ്പോഴും ജനങ്ങൾ ഓശാനാ പാടി.
    പൂർണ്ണമായും നിരാശയിലാണ്ട  ഒരു സ്ത്രീ ആൻഡ്രൂവിനോടു സംസാരിച്ചുകൊണ്ടിരുന്ന ജോണിന്റെ കുപ്പായത്തിൽ പിടിച്ചുവലിച്ചു. ജോൺ അവരോട്ചോദിച്ചു, "സ്ത്രീയേ, നിനക്കെന്താണു വേണ്ടത് ?'
"എനിക്കു ഗുരുവിനോടു സംസാരിക്കണം."
"നീ രോഗിയാണോ ?'
"ഞാൻ രോഗിയല്ല. ദരിദ്രയുമല്ല. എങ്കിലും എനിക്കു് ഗുരുവിനെക്കൊണ്ട് ആവശ്യമുണ്ട്. എന്തെന്നാൽ യാതൊരു രോഗലക്ഷണവുമില്ലാത്ത പാപങ്ങളും ദാരിദ്ര്യമല്ലാത്ത കഷ്ടതകളുമുണ്ട്.  എന്റേത് .....എന്റേത് .....അതാണ്." അവൾ കരയുകയാണ്.
" ആൻഡ്രൂ, ഈ സ്ത്രീ ഹൃദയം തകർന്നവളാണ്. ഗുരുവിനോടു സംസാരിക്കുവാൻ ഇവൾ ആഗ്രഹിക്കുന്നു. നാമെന്താണു ചെയ്യുക ?'
ആൻഡ്രൂ   പറഞ്ഞു, "കരയാതിരിക്കൂ, ജോൺ, നീ ഇവളെ നമ്മുടെ കൂടാരത്തിനടുത്തേക്കു കൊണ്ടുപോവുക. ഞാൻ  ഗുരുവിനെ അവിടെ കൂട്ടിക്കൊണ്ടുവരാം."
ജനങ്ങളുടെ തിക്കിനും തിരക്കിനുമിടയിലൂടെ ജോൺ കടന്നുപോയി. ആൻഡ്രൂ എതിർദിശയിൽ
 ഈശോയുടെ അടുത്തേക്കുംപോയി.  ഈശോ ഈസമയത്ത് ഒരു മുടന്തനെ
 സുഖപ്പെടുത്തുകയായിരുന്നു.   വിജയിയായ ഒരാൾ  ട്രോഫികൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതുപോലെ അയാൾ തന്റെ താങ്ങുവടികൾ ഉയർത്തിപ്പിടിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. സാവധാനം അടുത്തുചെന്ന ആൻഡ്രൂ മന്ത്രിച്ചു; "ഗുരോ, നമ്മുടെ കൂടാരത്തിനു പിന്നിൽ ഒരു  സ്ത്രീ കരഞ്ഞുകൊണ്ടു കാത്തുനിൽക്കുന്നു. ഹൃദയവേദനയോടെ നിൽക്കുന്ന അവൾ, തന്റെ ദുഃഖം പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല."
"ശരി, ഈ പെൺകുട്ടിയെയും ഈ സ്ത്രീയേയും കൂടി സുഖപ്പെടുത്താനുണ്ട്. അതിനുശേഷം ഞാൻ വരാം. അവരോട് വിശ്വാസമുള്ളവരായിരിക്കുവാൻ ചെന്നുപറയുക."
രോഗികളല്ലാം സുഖം പ്രാപിച്ചു. "ദാവീദിന്റെ പുത്രന് സ്തോത്രം, ദാവീദിന്റെ പുത്രന് സ്തോത്രം" എന്നിങ്ങനെ അവർ ആർത്തുവിളിച്ചു.
ഈശോ കൂടാരത്തിന്റെ അടുത്തേക്കു പോയി.
കരഞ്ഞുകൊണ്ടുനിൽക്കുന്ന സ്ത്രീയോടു പറഞ്ഞു, " സ്ത്രീയേ, ഭയം കൂടാതെ എല്ലാം തുറന്നുപറയുക."
"എന്റെ കർത്താവേ, ഒരു  വേശ്യയോടുള്ള ഇഷ്ടംകൊണ്ട് എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചുകളയാൻ ആഗ്രഹിക്കുന്നു. എനിക്ക് അഞ്ചു കുട്ടികളുണ്ട്. അവരുടെ കാര്യം ഓർത്താണു ഞാൻ  ദുഃഖിക്കുന്നത്. അദ്ദേഹം കുഞ്ഞുങ്ങളെ വിട്ടുതരുമോ എന്നെനിക്കു നിശ്ചയമില്ല.  കുട്ടികൾ എന്നെയും അവരുടെ പിതാവിനെയുംപറ്റി എന്തുവിചാരിക്കും ? ഞങ്ങളിൽ ആരെങ്കിലും ഒരാൾ പാപിയാണെന്ന് അവർ കരുതും. തങ്ങളുടെ പിതാവിനെതിരെ അവർ വിധികൽപ്പിക്കാൻ ഇടയാകരുതെന്നാണ് എന്റെ ആഗ്രഹം."
"കരയാതിരിക്കൂ, ഞാൻ  ജീവന്റെയും മരണത്തിന്റെയുംനാഥനാണ്. നിന്റെ ഭർത്താവ് ആ സ്ത്രീയെ വിവാഹം കഴിക്കുകയില്ല. സമാധാനത്തോടുകൂടി പോവുക. നല്ലവളായി തുടർന്നും ജീവിക്കുക."
"എന്നാലും .........എന്റെ കർത്താവേ,  അവിടുന്ന് അദ്ദേഹത്തെ കൊന്നുകളയരുതേ...
ഞാൻ  അദ്ദേഹത്തെ സ്നേഹിക്കുന്നു."
"ഈശോ പുഞ്ചിരിച്ചു. " ഞാൻ ആരേയും കൊല്ലുകയില്ല. എന്നാൽ ഓരോരുത്തരും അവനവന്റെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സാത്താൻ ദൈവത്തെക്കാൾ വലിയവനല്ല എന്നു നീ മനസ്സിലാക്കണം. നീ പട്ടണത്തിൽ തിരിയെ ചെല്ലുമ്പോഴേക്കും ആരോ ഒരാൾ ആ ദുഷ്ടജീവിയെ - വേശ്യയെ കൊന്നുകളഞ്ഞിരിക്കും. അപ്പോൾ നിന്റെ ഭർത്താവിന് തന്റെ തെറ്റു മനസ്സിലാകും. പൂർവാധികം സ്നേഹത്തോടെ അയാൾ നിന്നെ സ്വീകരിക്കും."
അവൾ ഈശോയുടെ കൈ മുത്തിയശേഷം അതു ശിരസ്സിൽവച്ചു. പിന്നീട് അവൾ പോയി.
ഈശോ  ജനക്കൂട്ടത്തിന്റെ അടുത്തേക്കു തിരിയെപ്പോയി. ദരിദ്രർക്കു സംഭാവനകൾ നൽകി. അങ്ങനെ എല്ലാവരും സന്തുഷ്ടരായപ്പോൾ ഈശോ പ്രസംഗം ആരംഭിച്ചു.