ജാലകം നിത്യജീവൻ: പരിശുദ്ധ മറിയം ഏലീശ്വാഅമ്മയെ സന്ദർശിക്കുന്നു

nithyajeevan

nithyajeevan

Thursday, September 30, 2010

പരിശുദ്ധ മറിയം ഏലീശ്വാഅമ്മയെ സന്ദർശിക്കുന്നു


             തന്റെ ബന്ധുവായ എലിസബത്ത് (ഏലീശ്വാഅമ്മ) വാർദ്ധക്യത്തിൽ ഗർഭിണിയായിരിക്കുന്നു എന്ന് ദൈവദൂതനിൽ നിന്നു ഗ്രഹിച്ച മേരി, അവളെ ശുശ്രൂഷിക്കാനായി ഹെബ്രോണിലുള്ള സക്കറിയാസിന്റെ ഭവനത്തിലെത്തുന്നു. എലിസബത്ത് അത്ഭുതത്തോടെയും അതിയായ സന്തോഷത്തോടെയും മേരിയെ സ്വീകരിക്കുന്നു. മേരിയെക്കണ്ട സന്തോഷാധിക്യത്താൽ എലിസബത്ത് കരയുന്നു. മേരി എലിസബത്തിനെ ആശ്ളേഷിക്കുന്നു.

പെട്ടെന്ന് എലിസബത്ത് മേരിയിൽനിന്നും വിട്ടുനിന്ന് ഹാ ! എന്നുപറഞ്ഞുകൊണ്ട് സ്വന്തം കരങ്ങൾ അവളുടെ വികസിച്ചു വലുതായ ഉദരത്തിൽ വയ്ക്കുന്നു. അവൾ മുഖം കുനിച്ചു നിൽക്കുകയും വിളറിവിവർണ്ണയാവുകയും ചെയ്യുന്നു. സുഖമില്ലാത്തതുപോലെ ആടി ചരിഞ്ഞു വീഴാൻ പോകുന്നു. മേരിയും അപ്പോൾ അവിടേക്കു കടന്നുവന്ന വേലക്കാരിയും ചേർന്ന് അവളെ താങ്ങുന്നു. എലിസബത്ത് മുഖം ഉയർത്തി മേരിയെ നോക്കുന്നു. അവളുടെ മുഖം ഇപ്പോൾ പ്രകാശമാനമായി. ഒരു ദൈവദൂതനെ കണ്ടാലെന്നപോലെയുള്ള വണക്കത്തോടുകൂടി അവൾ മേരിയെ നോക്കുന്നു. വളരെ താഴ്ന്നു വണങ്ങിക്കൊണ്ട് അവൾ പറയുന്നു: "നീ എല്ലാ സ്ത്രീകളിലും വച്ച് അനുഗൃഹീതയാണ്. നിന്റെ ഉദരഫലം അനുഗൃഹീതമാകുന്നു. എന്റെ കർത്താവിന്റെ അമ്മ നിന്റെ ദാസിയായ എന്റെപക്കൽ വരുവാൻ എനിക്ക് എന്തർഹതയാണുള്ളത്? ഇതാ, നിന്റെ സ്വരം കേട്ട സമയത്ത് ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. നീ എന്നെ ആലിംഗനം ചെയ്തപ്പോൾ കർത്താവിന്റെ അരൂപി ആഴമേറിയ സത്യങ്ങൾ എന്റെ ഹൃദയത്തിൽ മന്ത്രിച്ചു. നീ ഭാഗ്യവതിയാണ്. കാരണം മനുഷ്യബുദ്ധിക്ക് അസാദ്ധ്യമെന്നു തോന്നുന്നവയും ദൈവത്തിന് സാദ്ധ്യമെന്ന് നീ വിശ്വസിച്ചു. നീ ഭാഗ്യവതിയാണ്. കാരണം നമ്മുടെ ഈ കാലങ്ങളെക്കുറിച്ച് പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞവയും കർത്താവ് നിന്നോടറിയിച്ചവയും നിന്റെ വിശ്വാസത്താൽ നീ നിറവേറ്റും. നീ ഭാഗ്യവതിയാണ്. കാരണം യാക്കോബിന്റെ ഭവനത്തിനു നീ രക്ഷ കൊണ്ടുവന്നിരിക്കുന്നു. നീ ഭാഗ്യവതിയാണ്. കാരണം, എന്റെ ശിശുവിനു നീ വിശുദ്ധി കൊണ്ടുവന്നിരിക്കുന്നു. ഒരാട്ടിൻകുട്ടിയെപ്പോലെ അവൻ എന്റെ ഉദരത്തിൽ സന്തോഷത്താൽ തുള്ളിച്ചാടുന്നു. എന്തെന്നാൽ പാപത്തിന്റെ ഭാരത്തിൽനിന്നും അവൻ സ്വതന്ത്രനായിരിക്കുന്നു. രക്ഷകന്റെ മുൻഗാമിയാകുവാൻ അവൻ വിളിക്കപ്പെട്ടിരിക്കുന്നു. നിന്നിൽ വളരുന്ന പരിശുദ്ധനായവൻ അവനെ വിശുദ്ധീകരിച്ചിരിക്കുന്നു."

മേരിയുടെ കണ്ണുകളിൽനിന്ന് തിളങ്ങുന്ന മുത്തുകൾ പോലെ രണ്ടുതുള്ളിക്കണ്ണീർ ഒഴുകി പുഞ്ചിരിയ്ക്കുന്ന അവളുടെ അധരങ്ങളിലേക്കു വീഴുന്നു.
മുഖവും കൈകളും സ്വർഗ്ഗത്തിലേക്കുയർത്തി അവൾ വിളിച്ചുപറയുന്നു; "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു......" ആ ഗീതം നമുക്കു ലഭിച്ചിട്ടുള്ള വിധത്തിൽത്തന്നെ അവൾ പാടുന്നു. അവസാനം തന്റെ ദാസനായ ഇസ്രായേലിന്റെ സഹായത്തിനായി അവൻ വന്നു എന്ന ഭാഗം പാടുമ്പോൾ അവൾ കൈകൾ നെഞ്ചത്തുവച്ചു മുട്ടുകുത്തി താണുകുമ്പിട്ട് ദൈവത്തെ ആരാധിക്കുന്നു.

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)