ജാലകം നിത്യജീവൻ: ശുദ്ധീകരണസ്ഥലം

nithyajeevan

nithyajeevan

Tuesday, September 28, 2010

ശുദ്ധീകരണസ്ഥലം

    ശുദ്ധീകരണസ്ഥലം ഉണ്ടോ ഇല്ലയോ എന്നത് ക്രിസ്ത്യാനികളുടെയിടയിൽത്തന്നെ തർക്കവിഷയമാണ്. എന്നാൽ കത്തോലിക്കാ മതവിശ്വാസപ്രകാരം ശുദ്ധീകരണസ്ഥലം എന്നത് ഒരു യാഥാർത്ഥ്യമാണ്. കത്തോലിക്കാസഭയിലെ ഒട്ടേറെ വിശുദ്ധർക്ക് ശുദ്ധീകരണസ്ഥലത്തിന്റെ ദർശനങ്ങൾ പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഇപ്പോഴും പരിശുദ്ധഅമ്മയുടെ ദർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന "മെജുഗോറെ" യിലെ ദർശകർക്കും ശുദ്ധീകരണസ്ഥലദർശനങ്ങൾ (ഒപ്പം സ്വർഗ്ഗ നരകദർശനങ്ങളും) ലഭിച്ചിട്ടുണ്ട്.
       കത്തോലിക്കാ മതവിശ്വാസപ്രകാരം, വരപ്രസാദാവസ്ഥയിൽ മരണമടഞ്ഞവരും ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ തങ്ങളുടെ പാപങ്ങൾക്ക് പൂർണ്ണമായി പരിഹാരം ചെയ്തിട്ടില്ലാത്തവരുമായവരുടെ ആത്മാക്കൾ സ്വർഗ്ഗപ്രാപ്തിക്കായി ശുദ്ധീകരിക്കപ്പെടുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. ഇത് ഒരു അവസ്ഥയാണ്. ഇവിടെ ആത്മാക്കൾ ദൈവത്തിനായി ദാഹിക്കുന്നു.

       ഈശോ മരിയ സഹോദരിക്കു നൽകിയ ദർശനങ്ങളിൽ ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഇപ്രകാരം പഠിപ്പിക്കുന്നു.




          19-ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബനഡിക്ടൻ സന്യാസിനിക്ക്, ഏതാനും വർഷങ്ങൾക്കുമുമ്പ് മരണമടഞ്ഞ ഒരു സഹ സന്യാസിനിയുടെ ആത്മാവ് ഏതാണ്ട് 16 വർഷത്തോളം (1874-1890 ) സന്തത സഹചാരിയായി കൂടെയുണ്ടായിരുന്നതായും ശുദ്ധീകരണ സ്ഥലത്തെപ്പറ്റി പല വെളിപ്പെടുത്തലുകളും നൽകിയതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മരണമടഞ്ഞ സന്യാസിനിയുടെ ആത്മാവിന്റെ ശുദ്ധീകരണത്തിനായി ദൈവം ഏർപ്പെടുത്തിയ ക്രമീകരണമായിരുന്നു ഇത് എന്നും ജീവിച്ചിരുന്നപ്പോൾ ആരുടെ ഉപദേശങ്ങൾക്കു താൻ ചെവികൊടുക്കാതിരുന്നുവോ ആ വ്യക്തിയുടെ വിശുദ്ധജീവിതവും പ്രാർത്ഥനയുംവഴിയായി താൻ ശുദ്ധീകരിക്കപ്പെടണം എന്നാണ് ദൈവകൽപ്പന എന്നും മരണമടഞ്ഞ സന്യാസിനി വെളിപ്പെടുത്തി. ആ ആത്മാവിന്റെ മറ്റു ചില വെളിപ്പെടുത്തലുകൾ ഇതാ :-
              അല്ല, ഞാൻ പിശാചല്ല. ഞാൻ സിസ്റ്റർ ------------- ആണ്. ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഉവ്വ്, ഇപ്പോഴും എനിക്കു പ്രാർത്ഥിക്കാനാവും. എല്ലാ ദിവസവും ഞാനതു ചെയ്യുന്നുമുണ്ട്. ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾ നന്ദിഹീനരല്ല എന്നു നിങ്ങൾക്കങ്ങനെ മനസ്സിലാക്കാനാവും.
              ഓ ! ഞാൻ എത്രമാത്രം സഹിക്കുന്നുവെന്ന് നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ ! ഓ ! ദൈവമേ, അങ്ങെത്ര കാരുണ്യവാൻ ! ശുദ്ധീകരണസ്ഥലം എങ്ങിനെയുള്ളതാണെന്ന് ഊഹിക്കാൻ പോലും ആർക്കുമാവില്ല. അവിടെയള്ള പാവപ്പെട്ട ആത്മാക്കളോട് കരുണയുള്ളവരാവുക. 'കുരിശിന്റെ വഴി' ഒരിക്കലും അവഗണിക്കരുത്. ഭൂമിയിലായിരിക്കുമ്പോൾ മിക്കപ്പോഴും നിങ്ങൾക്കു് ശാരീരികമോ ആത്മിയമോ ആയ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
                 സ്വർഗ്ഗം അത്യന്തം മനോഹരമാണ്. വളരെ ചുരുക്കമായി സ്വർഗ്ഗസൗഭാഗ്യത്തിന്റെ ഒരു ദൂരക്കാഴ്ച ഞങ്ങൾക്കു കിട്ടാറുണ്ട്. അത് മിക്കപ്പോഴും ഒരു ശിക്ഷയായിത്തീരാറുമുണ്ട്. കാരണം ദൈവത്തിനായുള്ള ഞങ്ങളുടെ ദാഹം അതു വർദ്ധിപ്പിക്കുന്നു. സ്വർഗ്ഗം പ്രകാശമയമാണ്. ശുദ്ധീകരണസ്ഥലമോ, ഇരുൾ നിറഞ്ഞതും.
               -------- അച്ചൻ ശുദ്ധീകരണസ്ഥലത്താണ്. കാരണം അദ്ദേഹത്തിന് ഇടവകജനത്തിന്റെ ആത്മീയകാര്യങ്ങൾ അന്വേഷിക്കുന്നതിനേക്കാൾ താൽപ്പര്യം ധ്യാനങ്ങളും പ്രഭാഷണങ്ങളും നടത്താനായിരുന്നു.
                 വളരെയധികം പാപം ചെയ്ത ആത്മാക്കൾക്ക് പരിശുദ്ധഅമ്മയുടെ ദർശനം കിട്ടുകയില്ല.
                        ശുദ്ധീകരണസ്ഥലത്തുള്ള ഒരാത്മാവിനെ ഭൂമിയിലുള്ള ഒരാൾ പ്രാർത്ഥനയും സൽകൃത്യങ്ങളും വഴി മോചിപ്പിക്കുമ്പോൾ ദൈവം അത്യധികം ആനന്ദിക്കുന്നു.
                വിശുദ്ധ മിഖായേലിനോട് പ്രാർത്ഥിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്നതും വളരെ നല്ലതാണ്. ഏതെങ്കിലും വിശുദ്ധരോടോ മാലാഖമാരോടോ പ്രത്യേകഭക്തിയുണ്ടായിരുന്നവർക്ക് അവരുടെ മരണനേരത്ത് ആ വിശുദ്ധരുടെ സംരക്ഷണം വാസ്തവമായും ലഭിക്കും. ആ ഭയാനകമായ മണിക്കൂർ അവരങ്ങനെ സന്തോഷപൂർവം തരണം ചെയ്യും.
               ശുദ്ധീകരണസ്ഥലത്തിന് പല തലങ്ങൾ- ഘട്ടങ്ങൾ ഉണ്ട്. ഏറ്റവും താഴത്തെ തലമാണ് ഏറ്റവും വേദനാജനകം. അവിടെയുള്ള ആത്മാക്കൾ ഏറ്റവും കഠിനമായ ശുദ്ധീകരണത്തിനു വിധേയരാക്കപ്പെടുന്നു. ജീവിച്ചിരിക്കുമ്പോൾ വളരെയധികം പാപങ്ങൾ ചെയ്തുകൂട്ടിയവരും അപ്രതീക്ഷിതമായി മരണത്തെ നേരിടേണ്ടി വന്നവരുമായ ആത്മാക്കളാണിവർ. പലർക്കും ഒന്നു കുമ്പസാരിക്കാനുള്ള സമയമോ സാവകാശമോ കിട്ടിയിട്ടുണ്ടാവില്ല. മിക്കപ്പോഴും ഇവർ നരകത്തിൽ നിപതിക്കാതെ രക്ഷപ്പെടുന്നത് വിശുദ്ധരായ മാതാപിതാക്കളുടെയോ ബന്ധുമിത്രാദികളുടെയോ പ്രാർത്ഥന കൊണ്ടുമാത്രമായിരിക്കും. അവർ നിത്യനാശത്തിലകപ്പെട്ടു എന്നുതന്നെ ബന്ധുക്കൾ കരുതും. എന്നാൽ ദൈവം തന്റെ അനന്തകാരുണ്യത്താൽ അവസാന നിമിഷത്തിൽ, ചെയ്ത പാപങ്ങളെപ്പറ്റിയള്ള യഥാർത്ഥമായ അനുതാപം ആ ആത്മാവിൽ ഉളവാക്കുകയും അങ്ങനെ അതിന്റെ നിത്യരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഇക്കൂട്ടർ ശുദ്ധീകരണസ്ഥലത്തിന്റെ ഏറ്റവും താഴത്തെ തലത്തിൽ അതികഠിനമായ ശുദ്ധീകരണത്തിന് വിധേയരാക്കപ്പെടുന്നു. ഏതാണ്ടൊരു താൽക്കാലിക നരകം തന്നെയാണിത്. ഒരു വ്യത്യാസം മാത്രം; നരകത്തിൽ ആത്മാക്കൾ എപ്പോഴും ദൈവത്തെ ശപിക്കുന്നു. എന്നാൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ, തങ്ങളെ നരകത്തിൽ തള്ളിക്കളയാതിരുന്നതിന് ദൈവത്തെ വാഴ്ത്തുകയും നന്ദിപറയുകയും ചെയ്യുന്നു.

      ശുദ്ധീകരണസ്ഥലത്തു നിന്ന് ഏറ്റവും കൂടുതൽ ആത്മാക്കൾ മോചിപ്പിക്കപ്പെടുന്നത് ക്രിസ്തുമസ്സ് ദിനത്തിലാണ്.

   ശുദ്ധീകരാത്മാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന.

           നിത്യപിതാവേ, ഇന്നു ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ അങ്ങേയ്ക്കു സമർപ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം, ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കൾക്കും ലോകത്തിലെ എല്ലാ പാപികൾക്കും സാർവത്രികസഭയിലെയും എന്റെ ഭവനത്തിലെയും കുടുംബത്തിലെയും എല്ലാ പാപികൾക്കും വേണ്ടി ഞാൻ കാഴ്ച വയ്ക്കുന്നു,
ആമേൻ.